Gentle Dew Drop

ഏപ്രിൽ 14, 2023

പൈതൃകം തേടേണ്ടത്

ഹിന്ദു ജൈന ബുദ്ധ വിശ്വാസങ്ങളോ അവ ഇഴുകിച്ചേർന്ന പാരമ്പര്യങ്ങളോ ആയിരുന്നിരിക്കാം കേരളത്തിലെ ക്രിസ്ത്യാനികൾ ജീവിച്ച അതിപുരാതന സംസ്കാരം. പുരാതനമായ തമിഴ് കൃതികളായിരിക്കാം കൂടുതൽ വിശ്വസനീമായ ഉറവിടങ്ങൾ. അവ ഏതുമാവട്ടെ, കൂടുതൽ ആഴമുള്ള വിചിന്തനങ്ങളിലേക്ക് ഇത്തരം വാദഗതികൾ ക്ഷണിക്കുന്നുണ്ട്. ഹൈന്ദവ പാരമ്പര്യങ്ങളുടെ ആത്മീയആഴങ്ങളിലേക്കു നോക്കും മുമ്പ് ക്രിസ്ത്യാനികൾ സ്വന്തമെന്നു കരുതുന്നത് ശൈവപാരമ്പര്യമോ വൈഷ്ണവപാരമ്പര്യമോ എന്നും, ജാതിയിൽ ഏതായിരുന്നിരിക്കാം എന്ന് കൂടി ഉറപ്പാക്കണം. 

ഉറവിടങ്ങളെക്കുറിച്ചുള്ള അവബോധം സ്വത്വബോധമായി മാറുമ്പോൾ അവയുടെ സത്ത എന്തുകൊണ്ട് ജീവിത ശൈലിയിലും ആത്മീയതയിലും ചെറുക്കപ്പെടുന്നു. ശൈവ പാരമ്പര്യത്തിലെ നിഷ്ഠകളും പരിത്യാഗ മൂല്യങ്ങളും മൗനചിന്തനവും ധ്യാനനിഷ്ഠയും മാതൃകയാക്കാൻ ശ്രമിക്കാത്തതെന്താണ്? വൈഷ്ണവ പാരമ്പര്യത്തിലെ തീർത്തും ഗാർഹികമാകുന്ന ദൈവ സൗഹൃദങ്ങളും, ഭക്തി മാർഗ്ഗങ്ങളും ജീവിതശൈലിയാക്കാത്തതെന്താണ്. യോഗ പോലുള്ള നിഷ്ഠാകർമ്മങ്ങൾ ഒന്നാം പ്രമാണവിരുദ്ധമായത് എന്തുകൊണ്ടാണ്? ഭരതനാട്യത്തിന് തിന്മയുടെ കുറി അണിയിച്ച ധ്യാനഗുരുക്കളില്ലേ? ഏതൊക്കെയോ ആശ്രമങ്ങളിൽ മാത്രം പരീക്ഷിക്കപ്പെടേണ്ടതെന്നു കരുതി മാറ്റി നിർത്തപ്പെടുന്ന പഞ്ചാബി ഗുജറാത്തി ഭോജ്‌പുരി കീർത്തന ശൈലി കേരളത്തിലെ വരേണ്യ ക്രിസ്ത്യാനികൾക്ക് വർജ്യമായി മാറിയത് ആരുടെ പ്രബോധനങ്ങളുടെ പ്രേരണയാലാണ്. അത്തരം സാംസ്‌കാരിക അനുരൂപണങ്ങളോട് വ്യക്തിപരമായി തനിക്ക് താല്പര്യമില്ല എന്ന് പറയുന്ന എത്രയോ പേർ നേതൃത്വത്തിൽ തന്നെയുണ്ട്. 

പൈതൃകത്തിന്റെ അവകാശവാദങ്ങളിൽ ഹിന്ദുപൈതൃകം, ദൈവാരാധനാക്രമത്തിന്റെ ഉറവിടങ്ങൾ സിറിയൻ അന്ത്യോക്യൻ പാരമ്പര്യങ്ങൾ. ആത്മസാക്ഷാത്കാരത്തിന്റെ ആത്മീയമൂല്യങ്ങളുടെ ഉറവിടങ്ങൾ എവിടെയാണ് തിരയേണ്ടത്? ഹിന്ദുപാരമ്പര്യത്തിലെ സത്യം, ധർമ്മം, ശാന്തി എന്നിവയെയൊക്കെ ജീവിതശൈലിയാക്കാൻ ശ്രമങ്ങളുണ്ടോ? ജ്ഞാനവും കർമ്മവും ഭക്തിയും സമഗ്രമായി ചേർത്തുവയ്ക്കാവുന്ന ഒരു വിശ്വാസജീവിതശൈലി പരിശീലിക്കുവാൻ നേതൃത്വത്തിലുള്ളരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അറിവിന്റെയും സത്യത്തിന്റെയും വിശാലമാനം കാണാൻ ശ്രമിക്കാതെ സങ്കുചിതമായ കാഴ്ചപ്പാടുകളെ ബോധ്യങ്ങളായി നിലപാടുകളെടുക്കുന്ന മാർഗം അജ്ഞതയുടെയും മായയുടെയുമാണ്. വൈകാരികമാക്കുകയും വാണിജ്യപരവുമാക്കപ്പെടുന്ന ഭക്തി ജ്ഞാനത്താൽ നയിക്കപ്പെടുന്നതോ  ധർമ്മഫലം ചെയ്യുന്ന കർമ്മങ്ങളിലേക്കു നയിക്കുന്നതോ അല്ല. കർമ്മങ്ങളിൽ സേവനവും കരുണയുമല്ലാതെ മാനേജ്‌മെന്റ് ശൈലികൾ കറുത്ത് നേടുമ്പോൾ അതിൽ ജ്ഞാനത്തിന്റെ വെളിച്ചമോ ഭക്തിയുടെ ലാവണ്യമോ ഇല്ല. 

ഹൈന്ദവ മൂല്യങ്ങളും പുണ്യങ്ങളും പുൽകാൻ ആത്മാർത്ഥമായ ശ്രമമുണ്ടായിരുന്നെങ്കിൽ എത്രയോ ആഴമുള്ള കാഴ്ചപ്പാടുകൾ ക്രിസ്തീയവിശ്വാസത്തിനു ലഭിക്കുമായിരുന്നു. ഓരോ പ്രദേശത്തിനും ജനതക്കുമുള്ള ഭക്തിശീലങ്ങളും ബൗദ്ധിക കാഴ്ചപ്പാടുകളും ഗ്രഹിക്കുന്നതിനു പകരം അദ്വൈതസിദ്ധാന്തത്തെ  ഒരേയൊരു ഹിന്ദുതത്വസംഹിതയായിക്കരുത്തി ദൈവശാസ്ത്ര രൂപീകരണങ്ങൾക്കു ശ്രമിച്ചതാണ് ആദ്യത്തെ പരാജയം.  രണ്ടാം വത്തിക്കാൻ കൗൺസിലിനു വിരുദ്ധരായിരുന്ന യാഥാസ്ഥിതികരുടെ സ്വാധീനം, മറ്റു മതങ്ങളിൽ തിരിച്ചറിയപ്പെടേണ്ട രക്ഷാകരമൂല്യങ്ങളെക്കുറിച്ചു  കൗൺസിൽ പഠിപ്പിച്ചതും പ്രോത്സാഹിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അതെ നമുക്കിടയിലെ പാരമ്പര്യവാദികൾക്കും ഊർജ്ജം പകർന്നു എന്ന് വേണം കരുതാൻ. വേറൊരു തരത്തിൽ,  മറ്റു മതങ്ങളോടും സംസ്കാരങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന വൈറ്റ് ക്രിസ്ത്യൻ ഇവന്ജലിസ്റ് സ്വാധീനം ഒന്നാം പ്രമാണത്തോടുള്ള വിശ്വസ്തത എന്ന പേരിൽ പല വിധത്തിൽ നമ്മുടെ ഇടയിൽ പ്രചരിച്ചു. സാമൂഹികമായ ആഘോഷങ്ങളും സൗഹൃദങ്ങളും പോലും വിഗ്രഹാരാധനയായി. അവരാൽ പിശാചുക്കളെന്നു വിളിക്കപ്പെട്ട ഹിന്ദു ദൈവങ്ങൾ ഈ അടുത്തായി നിഷേധിക്കപ്പെട്ടു കേൾക്കുന്നില്ല. പകരം മുസ്ലിം ദൈവം തിന്മയുടെ ദൈവമായി. 

സാംസ്‌കാരിക മൂല്യങ്ങൾക്കോ ദൈവികസങ്കല്പങ്ങളിലെ ആത്മീയ ദർശനങ്ങൾക്കോ ക്രിസ്തു എതിരാവില്ല. ക്രിസ്തുവിനു നന്മയുടെ തുറവിയുണ്ടായിരുന്നു. വചനമെന്ന സത്യം ക്രിസ്തുവിൽ കാണാൻ കഴിഞ്ഞാൽ അവയെല്ലാം അവനിൽ സംക്ഷിപ്തവുമാണ്. ആദിശബ്ദം ധർമ്മവും ശാന്തിയും ഉറപ്പാക്കും. ഹിന്ദു പൈതൃകമാവകാശപ്പെടുന്ന  ക്രിസ്ത്യാനി ആദ്യമന്വേഷിക്കേണ്ടത് അവരുടെ ജ്ഞാനവും ഭക്തിയും കർമ്മവും നിലപാടുകളും ധർമ്മവും ശാന്തിയും ഉറപ്പിക്കുന്നുണ്ടോ എന്നതാണ്. ബുദ്ധദീക്ഷയോ ജൈനമാർഗമോ ആണ് പൈതൃകമായി തിരിച്ചറിയുന്നതെങ്കിലോ? അഷ്ടാംഗമാർഗ ചക്രമായി ജീവിതം പരിശീലിക്കണം, നല്ല കാഴ്ച്ചപ്പാടും നല്ല വാക്കുകളും നല്ല കർമ്മങ്ങളുമുള്ള  തീർത്ഥങ്കരനായി മാറണം. 

ആഴങ്ങൾ ആഴങ്ങളെ തേടുന്നു. എന്നാൽ കപടത വിശ്വാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും പേരിൽ തന്ത്രങ്ങൾ മെനയുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ