വിവാഹത്തിലേക്ക് പ്രവേശിക്കുന്നവർ, ഇനി മേൽ ജീവിക്കേണ്ട ഒരു നിയമപ്പട്ടിക പരസ്പരം അംഗീകരിച്ചു ഒപ്പുവെച്ചുകൊണ്ടല്ല തങ്ങളുടെ ജീവിതം ആരംഭിക്കുന്നത്. പരസ്പരം അറിഞ്ഞുകൊണ്ട് ഒരു ജീവിതക്രമം രൂപപ്പെടുകയാണ്. ആ ഹൃദയബന്ധമില്ലാതെ എന്തൊക്കെ ചെയ്താലും അവ ജീവിതത്തിന് ലാവണ്യം പകരില്ല.
ഞാൻ നിങ്ങളുടെ ദൈവമായ കർത്താവാണ് എന്നതാണ് നിയമത്തിനുള്ള അടിസ്ഥാനം. മറ്റൊരു ദൈവം നിങ്ങൾക്കുണ്ടാകരുത് എന്ന് പറയുന്നതിന്റെ കാരണവും "നിങ്ങളുടെ ദൈവവും നാഥനും സൃഷ്ടാവും ഭർത്താവും ആയവനാണ് ഞാൻ" എന്നതുകൊണ്ടാണ് (Is 54: 5). നിയമത്തിന്റെ കണിശമായ പാലനയോ, അനുഷ്ഠാനങ്ങളിലെ നിഷ്ഠയോ, നേർച്ചകാഴ്ചകളോ, ഏതെങ്കിലും രൂപങ്ങളോ നിർവചനങ്ങളോ ആ ഹൃദയബന്ധത്തിനു പകരമാകില്ല. സങ്കല്പങ്ങളെ നമുക്ക് ആരാധിക്കാനാവില്ല, ബോധ്യങ്ങൾക്കോ നിയമപാലനകൾക്കോ കൃപ പകരാനുമാകില്ല.
സ്നേഹമാണ് പുതിയ നിയമം. അത് മറ്റെല്ലാ മൂല്യങ്ങളെയും നിയമസംവിധാനങ്ങളെയും ഉൾകൊള്ളുന്നു. മോശയുടെ നിയമം നല്കപ്പെടുന്നതിനു മുമ്പേ മോശ ജനത്തെ ഒരുക്കി വിശുദ്ധീകരിച്ചിരുന്നു. വലിയ മേഘാവലിയും, ഇടിമുഴക്കത്തിന്റെയും, ഇടിമിന്നലിന്റെയും അകമ്പടിയും നിയമം നൽകപ്പെട്ട പശ്ചാത്തലത്തിലുണ്ട്. ദൈവം നിയമം അരുളിചെയ്യുന്നതിനെക്കുറിച്ച് പുറപ്പാട് ഗ്രന്ഥകാരൻ ഇരുപതാം അധ്യായം മുതൽ മുപ്പത്തൊന്നാം അധ്യായം വരെ ദീർഘമായ അവതരണമാണ് നൽകുന്നത്. എന്നിരുന്നാലും മോശ മലയിലേക്ക് കയറിപ്പോകുമ്പോഴേക്കും താഴ്വാരത്തിൽ കാളക്കുട്ടിയെ ആരാധിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു എന്നത് തള്ളിക്കളയപ്പെടുന്ന ഒരു ഹൃദയബന്ധത്തിന്റെ വേദന നമ്മിലുമുണ്ടാക്കണം. നിയമാവർത്തനപ്പുസ്തകത്തിന്റെ രചന നടക്കുമ്പോഴേക്കും, നിയമം ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ ഹൃദയത്തിന്റെ പരിച്ഛേദനമാണ് ആവശ്യമായുള്ളത് എന്ന് അവർ ധ്യാനിച്ചു തുടങ്ങിയിരുന്നു (Dt 10: 16). പശ്ചാത്താപത്തിന്റെ അടയാളമായി വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത് എന്ന് ജോയേലും (Joel 2:13) ഉപവാസവും ബലികളും ഹൃദയത്തിന്റെ ഭാഷയിൽ കൂടുതൽ ആഴത്തിലുള്ള ഒരു പുനർവിചിന്തനത്തിനു വിധേയമാക്കണമെന്ന് മറ്റു പ്രവാചകരും പറയുന്നു .
നിയമം ദൈവമായാലുള്ള അപകടം നമ്മൾ തിരിച്ചറിയണം. വിശ്വസിക്കുകയാണെന്നു ധരിച്ചു കൊണ്ട് ഏതാനം വിശ്വാസസംവിധാനങ്ങളെ പൂജിക്കുന്നവരായി നമ്മൾ മാറിയേക്കാം. ശാഠ്യവും കടുംപിടുത്തവും വഴി 'നമ്മുടെ സത്യങ്ങൾ' കൊണ്ട് അനേകരെ പ്രഹരിക്കുവാനും, വിശ്വാസധാരണകളുടെ വിജയം ഉറപ്പിക്കുവാനും പരിശ്രമിക്കുകയാണ് നമ്മൾ. അങ്ങനെ വിശ്വാസവും സാന്മാര്ഗികതയും ആദര്ശവത്കരിക്കപ്പെടുമ്പോൾ നമ്മൾ നമ്മെത്തന്നെ നഷ്ടപ്പെടുത്തുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്തേക്കാം. നിയമം ദൈവമാകുമ്പോൾ, നിർഭാഗ്യവശാൽ അത് സേവിക്കുന്നത് ആ നിയമത്തെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുവാനും വളച്ചൊടിക്കുവാനും കഴിയുന്നവരെയാണ്.
പുതിയനിയമം, സ്നേഹപ്രമാണം ഒരു നിയമാവലിയല്ല, ക്രിസ്തുവെന്ന വ്യക്തിയാണ്. ക്രിസ്തുവിൽ നമുക്ക് കൃതിമത്വം കാണിക്കാനാവില്ല. നിയമം സൃഷ്ടിക്കുന്ന മതിലുകളല്ല ദൈവാത്മാവിന്റെ സ്വാതന്ത്ര്യമാണ് ക്രിസ്തുവെന്ന നിയമം. ക്രിസ്തുവിന്റെ മനോഭാവങ്ങളെയും സമീപനങ്ങളെയും സ്വന്തമാക്കുകയെന്നതാണ് പുതിയ നിയമം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ