Gentle Dew Drop

ജൂലൈ 15, 2021

ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്

ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഏതാണെളുപ്പം?  ബലി തന്നെ! പണച്ചിലവുണ്ടെങ്കിലും വേദനയുള്ളതാണെങ്കിലും അത് തന്നെയാണെളുപ്പം. നമ്മുടെ സുഗമമായ ജീവിതക്രമത്തെയും സൗകര്യങ്ങളെയും സ്പർശിക്കാത്തിടത്തോളം എന്തും ചെയ്യുവാൻ നമുക്ക് മടിയില്ല.

ബലികളും കാഴ്ചകളും ഭക്തിക്രിയകളും നിവർത്തിച്ചുകൊണ്ടു നമ്മിൽ രൂപാന്തരമുണ്ടാക്കുന്ന കാര്യങ്ങളിൽ  നിന്ന് നമ്മൾ സൗകര്യപൂർവം രക്ഷപ്പെടുകയാണ്. 

ദൈവവുമായുള്ള ബന്ധത്തെ ഒരു പ്രതിഫലസംവിധാനത്തിലേക്കു ചേർത്തുവയ്ക്കുമ്പോൾ അതിന്റെ സ്വഭാവം തെന്നെ അടിമുടി മാറുന്നതായി കാണാം. അളവുകളും എണ്ണങ്ങളുമാണ് അതിൽ പ്രധാനം. 

നിശ്ചിത അളവും എണ്ണവും നമ്മൾ പൂർത്തിയാക്കുന്നു, അപ്പോൾ ദൈവം നമ്മൾ ആവശ്യപ്പെടുന്നു നടത്തിത്തരാൻ ബാധ്യസ്ഥനാണ്.  ഒരു ശമ്പളവ്യവസ്ഥയിലാണ് ദൈവം അനുഗ്രഹം തരുന്നതെന്നു കരുതരുത്. ഞാനിതൊക്കെ ചെയ്‌താൽ ദൈവം ഇതൊക്കെ തരും എന്ന് ആരൊക്കെയോ പറഞ്ഞത് വിശ്വസിച്ചു ചെയ്തുകൊണ്ടിരിക്കുന്നതിൽ നിന്നും ദൈവത്തിന്റെ ഹൃദയം സത്യത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാൻ ശ്രമിക്കണം.

കാഴ്ചകളും, ആചാരനിഷ്ഠയും, നേർച്ചകളും നിവർത്തിച്ചുകൊണ്ടു നമ്മൾ ദൈവത്തിനുമുമ്പിൽ വളരെയധികം ഭക്തിയും വിശ്വസ്തതയുമുള്ളവരായി അവതരിപ്പിക്കുന്നു, അസ്വാഭാവികമായ ഇടപെടലുകളും അത്ഭുതങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ കൂടെയുള്ള ദൈവത്തെ അറിയാതെ ചുറ്റിത്തിരിഞ്ഞു അവശരായി മാറുന്നു. ഒരുക്കത്തിന്റേതായും പരിഹാരത്തിന്റേതായും നടത്തപ്പെടുന്ന ഏതു പ്രാർത്ഥനായജ്ഞമാണ് നാടകീയമായ പ്രതീക്ഷകളുടെ അവതരണമില്ലാതെ നടത്തപ്പെടുന്നത്? അത്ഭുതം നടത്താത്ത ദൈവത്തെ ആർക്കു വേണം? 

ദൈവത്തെ തേടാത്ത കാഴ്ചകളും ഭക്തി നിഷ്ഠകളും ദൈവത്തിനു മുൻപിൽ മ്ലേച്ഛതയാണ്, അത് ദൈവത്തെ ഭാരപ്പെടുത്തുന്നു എന്ന് ഏശയ്യാ പറയുന്നു. കാഴ്ചകൾക്ക് പ്രസക്തിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ഹൃദയരാഹിത്യം ബലികളെ ശൂന്യമാക്കുന്നു. 

ആരാധനയെക്കുറിച്ചുള്ള ക്രമങ്ങളും കണിശതയും ദൈവത്തെത്തന്നെ ഭാരപ്പെടുത്തുമ്പോൾ യഥാർത്ഥ കാണിക്കയും ബലിയും എന്താവണമെന്ന് ദൈവം പറഞ്ഞു തരുന്നു. തിന്മയുപേക്ഷിച്ചു നന്മ പ്രവർത്തിക്കുക, നീതിയന്വേഷിക്കുക, മർദ്ദനങ്ങൾ ഇല്ലാതാക്കുക, അനാഥരെയും വിധവകളെയും സംരക്ഷിക്കുക.

Is 1: 13, 14, 17 ഇരകളാക്കപ്പെടുന്നവരൊക്കെ പാപികളാണെന്ന വിശ്വാസങ്ങൾ ഉറപ്പിച്ചു നിർത്തുന്ന സംവിധാനത്തിൽ നിന്ന് കൊണ്ടാണ് യഥാർത്ഥ ബലിയെക്കുറിച്ച് ഇപ്രകാരം ധ്യാനിക്കപ്പെടുന്നത് എന്ന് കൂടി ഓർക്കണം. എന്താവണം ഉപവാസം എന്ന് പറയുന്നതും ഇതിനു സമാനമാണ്. അനീതിയുടെ ചങ്ങലകൾ അഴിച്ചു കളയുന്നതും, മർദ്ദിതരെ മോചിപ്പിക്കുന്നതും, വിശക്കുന്നവർക്ക് ആഹാരം നൽകുന്നതും, ഭാവനരഹിതർക്കിടം കൊടുക്കുന്നതും, നഗ്നരെ ഉടുപ്പിക്കുന്നതുമാണ് ഉപവാസം. Is 58: 6, 7  ആര്  ഇതിനൊക്കെ മെനക്കെടാൻ പോണു? മതാനുഷ്ഠാനങ്ങൾ നിർദ്ദേശിക്കുന്നവയൊക്കെ സന്തോഷത്തോടെ ചെയ്യാൻ നമ്മൾ ഒരുക്കമാണ്. ബാക്കിയൊക്കെ ദൈവത്തിന്റെ പണിയാണ്. കൃതജ്ഞതയാവട്ടെ ദൈവത്തിനുള്ള നിങ്ങളുടെ ബലി സങ്കീർത്തനം പറയുന്നു Ps 50: 14 നുറുങ്ങിയതും വിനീതവുമായ ഹൃദയം ബലികളെക്കാൾ ദൈവത്തിനു സ്വീകാര്യമാണ്. Ps 51:17 Daniel 3:39-42

എല്ലാ സ്നേഹത്തിനും യോഗ്യനാണ് ദൈവം എന്ന ബോധ്യത്തിൽ നിന്നാണ് ആരാധന പിറക്കേണ്ടത്, ദൈവത്തെക്കൊണ്ട് ഉപകാരമുണ്ട് എന്ന് കണ്ടുകൊണ്ടല്ല. ദൈവത്തിന്റെ സ്നേഹത്തിലും അവിടുത്തെ ഒരിക്കലും അകലാത്ത സാന്നിധ്യത്തിലുമുള്ള ഉറപ്പാണ് നമ്മുടെ ഭക്തിക്കും വിശ്വസ്തതക്കും ആധാരമാകേണ്ടത്. പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ബന്ധം അവിടെയുണ്ട്. ഇത് നമ്മുടെ ആഴങ്ങളിൽ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതേ വിശ്വസ്തമായ ഭക്തി നമ്മുടെ പരസ്പരമുള്ള ഇടപെടലുകളിലെ വാക്കുകളിലും മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും ഉണ്ടാകും.  ജീവിച്ചിരിക്കുന്നവരെയും  മരിച്ചവരെയും  കരുണയോടും ദയയോടും കൂടി കാണുവാനും കഴിയും. അവരോടുള്ള കൃതജ്ഞതയും സ്നേഹവുമാവണം അവർക്കുവേണ്ടി കരുതലുള്ളവരാകാൻ നമ്മെ പ്രേരിപ്പിക്കുന്നത്, നമുക്ക് എന്തെങ്കിലും ആപത്തു വന്നാലോ എന്ന ഭയമല്ല.  അപ്പോൾ ദൈവത്തിന്റെ കരുണയും ദയയും അനുഭവിക്കാനും പ്രകടിപ്പിക്കാനും നമുക്ക് കഴിയും എന്നു മാത്രമല്ല ദൈവത്തിന്റെ യഥാർത്ഥ ശക്തി നമുക്കിടയിൽ പ്രവർത്തിക്കുന്നതും നമുക്ക് കാണാം.  

ദൈവം ആഗ്രഹിക്കുന്ന കരുണ യഥാർത്ഥ ബലിയായി ജീവിക്കപ്പെട്ടിരുന്നെങ്കിൽ നമ്മൾ നിഷ്കളങ്കരെ കരുണയില്ലാതെ വിധിക്കുകയില്ലായിരുന്നു, ദൈവപ്രവൃത്തികൾക്കു തടസം നില്കുകയുമില്ലായിരുന്നു. 

__________________ 

1 ആവർത്തനവും എണ്ണവുമല്ല ഇവിടെ പ്രശ്നം, കൃപ 'ഉത്പാദിപ്പിക്കാവുന്ന' ഭക്തിരൂപങ്ങളായി അവ  മാറ്റപ്പെട്ടതാണ് പ്രശ്നം. "ഇത്ര എണ്ണം ചൊല്ലിയാൽ ഈ അനുഗ്രഹം," "ഇത് ചെയ്തു നോക്കൂ എന്ത് സംഭവിക്കുമെന്ന് കാണാം"... യൂട്യൂബ് ഭക്തിയും ആരാധനാക്രമവുമാണ്. ചിത്രങ്ങളുടെ ഷെയർ, ലൈക്, ബൈബിൾ ഭാഗങ്ങളുടെ ആവർത്തനം, പകർത്തിയെഴുത്ത് അങ്ങനെ പലതും. 

2 ഭക്തിയിൽ ഒളിത്താവളങ്ങൾ തേടുന്നവർ അവർ എന്തിൽ നിന്ന് ഒളിക്കുന്നു എന്നത് പലപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല എന്നതാണ് മാനസികമായും, ജീവിതക്രമത്തിലെയും, വിശ്വാസത്തേയും പരാജയമായി മാറുന്ന അവസ്ഥ. 

3 അനുദിനജീവിതത്തിൽ ആവശ്യമായിട്ടുള്ള ചില രൂപാന്തരങ്ങൾക്ക് മനസാവാത്തത് അനാരോഗ്യകരവും അപകടവുമാണ്. ആശീർവദിച്ചു വിട്ടാൽ എല്ലാം ശരിയാകും എന്ന് കരുതിന്നടത്തു ഒരു പക്ഷെ കൂടുതൽ മോശമാവുകയാവും ചെയ്യുക. അച്ചടക്കം, ഉത്സാഹം, ക്ഷമ, വിവേകം തുടങ്ങിയവ പരിശീലിക്കുക ശ്രമകരമാണ്, എങ്കിലും ഇവയൊക്കെ കൂടാതെ മാന്ത്രികമായി മാനസാന്തരവും സ്ഥായിയായ നവീകരണവും പ്രതീക്ഷിക്കുന്നത് ഉചിതമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ