Gentle Dew Drop

ജൂലൈ 07, 2021

ദൈവരാജ്യവും സാമ്പത്തികനയവും

“The time has come for a new and deeper reflection on the nature of the economy and its purposes” John Paul II
യേശു ഒരു നാട്ടുവൈദ്യനോ ജാലവിദ്യക്കാരനോ ആയിരുന്നില്ല. യേശു നൽകിയ സൗഖ്യവും ചെയ്ത അത്ഭുതങ്ങളും ഒരിക്കലും ആരെയും അസ്വസ്ഥപ്പെടുത്തുമായിരുന്നില്ല, മറിച്ച് സ്വീകാര്യത വർദ്ധിപ്പിക്കുമായിരുന്നു. എന്നാൽ, ജീവൻ സമൃദ്ധമായി നമ്മിൽ വസിക്കണമെന്നു കണ്ട് ദൈവമക്കളാകുവാൻ അവൻ കൃപ നൽകി. പാപികൾ എന്നത് തെറ്റ് ചെയ്തവരെയെല്ലാം കൂടി പൊതുവായി വിളിച്ചിരുന്നതല്ല. അധഃകൃതനും, രോഗികളും, അന്ധരും, യാചകരും കുഷ്ഠരോഗികളും എല്ലാം 'പാപികളുടെ' ഗണത്തിലാണ്. അവരെയാണ് ആലിംഗനം ചെയ്ത് അവർ ദൈവമക്കളെന്നും സ്വർഗ്ഗരാജ്യത്തിനർഹരെന്നും ക്രിസ്തു പറഞ്ഞത്. നീതിക്കും കാരുണ്യത്തിനും അർഹരല്ലാതിരുന്ന ആ 'നശിച്ചവർക്കാണ് ' നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് യേശു ഉറപ്പു കൊടുത്തത്. യേശു തുറന്നു കൊടുത്ത ദൈവരാജ്യം മതപരമായതും കാലങ്ങൾക്കപ്പുറം യാഥാർത്ഥ്യമാകേണ്ടതുമായ ഒരു സങ്കല്പമായിരുന്നില്ല. ദൈവമക്കളെന്ന നിലയിൽ മനുഷ്യരാകുവാനുള്ള അവകാശവും അർഹതയുമാണത്. അങ്ങനെയാണ് സന്മനസുകൾക്കുള്ള സമാധാനം സ്ഥാപിതമാകുന്നത്. നന്മ എന്നത് പകരപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും വികസിക്കുകയും ചെയ്യുമ്പോൾ അത് തീർച്ചയായും നീതി ആവശ്യപ്പെടും. സത്യാവസ്ഥകൾ തുറന്നു വയ്ക്കപ്പെടുമ്പോൾ അധര്മങ്ങളുടെ ഘടനകൾ വെല്ലുവിളിക്കപ്പെടും. സ്വാഭാവികമായും യേശു വരേണ്യർക്കു പ്രിയങ്കരനായ ഒരുവനാവില്ല. സുവിശേഷത്തിന്റെ സമഗ്രമായ മൂല്യം ഉൾകൊള്ളാൻ കഴിയുമ്പോഴേ യേശു കണ്ട ദൈവരാജ്യത്തിന്റെ യഥാർത്ഥമാനം നമുക്കറിയാനാകൂ.
ക്രിസ്തുവിന് ഒരു സാമൂഹിക സാമ്പത്തിക നയം ഉണ്ടായിരുന്നില്ലല്ലോ? ഒരു ചൂഷണവ്യവസ്ഥിതിയുടെ കെട്ടുകൾ അഴിച്ചു കളഞ്ഞുകൊണ്ട് അതിനിരയാക്കപ്പെട്ടവരുടെ അടഞ്ഞ ബോധതലങ്ങളിൽ നിന്ന് അവർ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും പ്രവേശിക്കുന്ന അനുഭവങ്ങളാണ് ഓരോ സൗഖ്യവിവരണവും. അങ്ങനെയല്ലെങ്കിൽ അവ സൗഖ്യമല്ല, ജീവന്റെ പൂര്ണതയിലേക്കുള്ള തുറവി അത്തരം സൗഖ്യങ്ങളിൽ ഇല്ല. ദുശീലങ്ങളുടെ ഉപേക്ഷയോ, രോഗസൗഖ്യമോ, തിന്മയിൽനിന്നുള്ള മോചനമോ ക്രിസ്തുവിന്റെ സ്നേഹാനുഭാവത്തിന്റെ അടയാളങ്ങളാണ്. ആ അനുഭവം ക്ഷണിക്കുന്ന വിശ്വാസം എന്നത് സത്യം നീതി, നന്മ, സാഹോദര്യം തുടങ്ങിയ ദൈവരാജ്യപുണ്യങ്ങളിൽ ഉറച്ച ജീവിതക്രിയയാണ്. ഈ ദൈവരാജ്യമൂല്യങ്ങളെ ഉറപ്പാക്കുന്നതിൽ മനുഷ്യന്റെ അന്തസ്സിനർഹമായ സാമ്പത്തിക സുരക്ഷ വലിയ പങ്കു വഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ് സാമ്പത്തികമായ അസമത്വങ്ങളെയും ചൂഷണത്തെയും അനുവദിക്കാനാവാത്തത്. എല്ലാവരും ധനികരാവണം എന്നതല്ല സഭയുടെ ലക്‌ഷ്യം. വിശുദ്ധരുടെ ഉദാഹരണങ്ങളിലും, അവർ നൽകാൻ ശ്രമിച്ചത് ഭക്ഷണവും പണവും മാത്രമായിരുന്നില്ല. ക്രിസ്തു അവരോടു കാണിക്കുമായിരുന്ന കരുതലോടെ തന്നെയായിരുന്നു അവർ സേവനം ചെയ്തതെന്ന് എത്രയോ വിശുദ്ധരുടെ ജീവിതങ്ങൾ കാണിക്കുന്നു.
സുവിശേഷമൂല്യങ്ങളനുസരിച്ചു ജീവിക്കുക മാത്രമല്ല ക്രിസ്തീയ ജീവിതമായി നമ്മൾ പാലിച്ചു പോന്നത്. മനുഷ്യരായിരിക്കുന്നതിന്റെ അർത്ഥം എന്താണ്, ആ മാനവികതക്കനുസരിച്ചു ഒരുമിച്ചു ജീവിക്കേണ്ടതെങ്ങനെയാണ്, മനുഷ്യന്റെ അർത്ഥത്തിന്റെ പൂർണതയിലേക്ക് വളരാനും സമാധാനപൂർണമായതും നീതിപൂർണമായതുമായ ഒരു സമൂഹം സൃഷ്ടിക്കുവാനും എങ്ങനെ കഴിയും തുടങ്ങിയ ചോദ്യങ്ങൾക്ക് ഈ സുവിശേഷമൂല്യങ്ങൾ എന്ത് മാർഗദർശനം നൽകുന്നു എന്നതും ക്രിസ്തീയ ജീവിതത്തിന്റെ തുടർച്ചയായ അന്വേഷണമാണ്. വിശ്വസനീയമായ സാമൂഹിക സാമ്പത്തികശാസ്ത്രങ്ങൾ ഉപയോഗിച്ച് യഥാർത്ഥ അവസ്ഥ മനസിലാക്കാനും, ആ ഉൾക്കാഴ്ചകളും സുവിശേഷമൂല്യങ്ങളും ചേർത്തുവെച്ചുകൊണ്ട് ആത്മാർത്ഥമായ വിശകലനം ചെയ്യുവാനും ശ്രമിച്ചുകൊണ്ട് ആ സാഹചര്യങ്ങളിൽ സുവിശേഷമൂല്യങ്ങൾ ഉറപ്പു വരുത്താനുള്ള ഉറച്ച നിലപാടും നടപടിയും സ്വീകരിക്കുകയും ചെയ്യുന്നു.
ദൈവരാജ്യവും സഭയും ആളെക്കൂട്ടുന്നതോ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതോ സ്വയം സംരക്ഷിക്കുന്നതോ അല്ല, നന്മയും ജീവനും ഉറപ്പാക്കുകയാണ്. അതിനു ആദ്യം വേണ്ടത് എല്ലാവരും ഒരേപോലെ ദൈവമക്കളാണെന്ന് അംഗീകരിക്കാൻ കഴിയുകയെന്നതാണ്. അതിനു കഴിഞ്ഞാൽ നിസ്സഹായരായവർക്കുവേണ്ടിയുള്ള നിലപാടുകളും പ്രവൃത്തികളും നമ്മുടെ ഔദാര്യമല്ല അവരുടെ അവകാശമാണ് എന്ന് ബോധ്യപ്പെടും. അപ്പോഴേ ദളിതരും ആദിവാസികളുമൊക്കെ രണ്ടാം തരക്കാരാവുന്ന മനോഭാവങ്ങളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ടാകൂ.
'ഞങ്ങളും,' 'ഞങ്ങളുടെ വിശ്വാസപരമ്പര്യങ്ങളും', ശ്രേഷ്ഠവും കുലീനവും, എന്നാൽ മറ്റുള്ളവർ, അവർ മുക്കുവരാവട്ടെ, അഭയാർത്ഥികളാവട്ടെ, അന്യസംസ്ഥാന തൊഴിലാളികളാവട്ടെ, സംസ്കാരവും വിശ്വാസവും ഇല്ലാത്തവരും പാപികളുമാക്കപ്പെടുന്നിടത്തോളം കാലം, വിദേശികളെല്ലാം ലൗകികരും അസന്മാര്ഗികളുമാണെന്നു കരുതുന്നിടത്തോളം കാലം, ദൈവരാജ്യത്തിന്റെ രഹസ്യം നമ്മിൽനിന്ന് മറഞ്ഞുതന്നെയിരിക്കും. പ്രാഥമികമായി, എല്ലാവരെയും ദൈവമക്കളായി കാണാൻ കഴിഞ്ഞെങ്കിലെ പരസ്പരമുള്ള പണിതുയർത്തലാണ് ദൈവരാജ്യവും സഭയുമെന്നു നമുക്ക് ഗ്രഹിക്കാൻ കഴിയൂ. പരമ്പരാഗത കുടുംബങ്ങളിൽ കൂടുതൽ മക്കളായി ക്രിസ്തീയ സമുദായം വളർന്നാൽ മതി, മറ്റാരെയും സുവിശേഷബോധനം നടത്തേണ്ടതില്ല എന്ന് വരെ ക്രിസ്തുവിനും സഭക്കും തീർത്തും അപരിചിതമായ ‘പുതിയ മിസ്സിയോളോജികൾ’ വിവരിച്ചു ബോധ്യപ്പെടുത്താൻ ആവതു ശ്രമിക്കുന്നുണ്ട്. ദൈവരാജ്യം ക്രിസ്ത്യാനികളുടേതു മാത്രമല്ല. വരേണ്യതയിൽ അഹങ്കരിക്കുന്ന ക്രിസ്തീയത തന്നെയാണ് ദൈവരാജ്യത്തിന് ഏറ്റവും എതിരുനിൽക്കുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്. നമ്മുടെ സുരക്ഷ, നമ്മുടെ വളർച്ച, നമ്മുടെ നിലനില്പ്, എന്നതിലപ്പുറം പൊതുനന്മയാണ്‌ ദൈവരാജ്യാസ്വാദനത്തിന്റെ അടയാളം.
ദൈവരാജ്യത്തിന്റെ താക്കോലുകൾ കുഴിച്ചിട്ടു ഭദ്രതയിൽ സൂക്ഷിക്കാനുള്ളതല്ല, മതത്തിന്റെ അലങ്കാരങ്ങളിൽ പൂജിക്കപ്പെടാനുള്ളതുമല്ല. അനേകർക്കായി ആ വാതിൽ തുറന്നു കൊടുക്കാനുള്ളതാണ്. സമൃദ്ധിയുള്ള സമൂഹങ്ങളിൽ പോലും, വിശ്വാസം ശൂന്യമായ ഭക്തിയിലും പാരമ്പര്യങ്ങളിലും അടക്കപ്പെടുന്നതുകൊണ്ടാണ് ദൈവരാജ്യം മുമ്പോട്ട് വയ്ക്കുന്ന സമഗ്രതയിലുള്ള സഭാവളർച്ച നമുക്ക് അന്യമാകുന്നത്. കല്പനകളെ വർണ്ണിച്ചു വ്യാഖ്യാനിച്ചു രൂപപ്പെടുത്തുന്ന അസംഖ്യം ആചാരങ്ങളിൽ ദൈവരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നവ എത്രമാത്രമുണ്ട്?
പ്രതിഫലദൈവശാസ്ത്രത്തിലൂന്നിയ ഉപഭോഗശൈലിയുള്ള ഭക്തി പ്രവണതകൾ ദൈവത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും വികലമായ ധാരണകൾ വളർത്തുന്നു എന്നു മാത്രമല്ല, അനീതികളെ ന്യായീകരിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതവും ലോകവുമായി ഒരു സ്പര്ശവുമില്ലാത്ത അവസ്ഥയല്ല, ദൈവരാജ്യം. നന്മ, ദയ നീതി, സമാധാനം, അനുരഞ്ജനം എന്നിവയൊക്കെയാണ് അതിലെ സത്യവും വെല്ലുവിളിയും. നീതി പ്രവർത്തിക്കുവാനും, അർഹമായവ നിഷേധിക്കപ്പെടുന്നവർക്കു വേണ്ടി അതിരുതീർക്കാതെ നിലകൊള്ളുവാനും പ്രോത്സാഹിപ്പിക്കുന്ന പ്രവാചകരുണ്ടാകുമോ? ദൈവരാജ്യം വിളിക്കുന്ന മാനസാന്തരമെന്നത് കാലത്തിന്റേതായ വെല്ലുവിളികളും ഉയർത്തും. മാനസാന്തരം, ദൈവരാജ്യം എന്നിവ മുന്നോട്ടു വയ്ക്കുന്നവരിൽ, ഇന്ന് സാമൂഹികവും സഭാപരവുമായ അസ്ഥിരതയും വിഭാഗീയതയും സൃഷ്ടിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാട്ടി സമാധാനമാര്ഗങ്ങളിലേക്കു നയിക്കുന്നവരുണ്ടെങ്കിൽ, ഭക്തിയുടെ കരിമഷിയിൽ ദൈവത്തെ അന്ധമാക്കാനാവില്ലെന്നു പറഞ്ഞു കൊടുക്കുന്നവരുണ്ടെങ്കിൽ, സാമ്പത്തിക കൈമാറ്റങ്ങളിലെ ഓരോ തീരുമാനവും ഒരു സാന്മാർഗിക തെരഞ്ഞെടുപ്പാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നെങ്കിൽ, ചൂഷണവ്യവസ്ഥിതികളെയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഘടനകളെയും ചെറുക്കുകയും നീതി ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ദൈവാരാജ്യാനുഭവത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ടെങ്കിൽ അവരാണ് സുവിശേഷവും ദൈവരാജ്യവും കാണിച്ചു തരുന്നത്. കുന്തുരുക്കത്തിന്റെ പുകയിലും പുകഴ്ത്തുപാട്ടിലുമല്ല ക്രിസ്തുവും വിശുദ്ധരും ആഹ്ലാദിക്കുന്നത്, ക്രിസ്തുരൂപം സത്യത്തിലും ആത്മാവിലും ജീവിക്കാൻ കഴിയുന്ന ദൈവരാജ്യാനുഭവമുള്ള ഒരു സമൂഹത്തിലാണ് അവരുടെ ആനന്ദം.
കൂടുതൽ വായനക്ക്:
Pontifical Commission for Justice and Peace, The Compendium of the Social Doctrine of the Church 2005
Charles M. A. Clark, The Contribution of Catholic Social Thought to Economic Policy, https://www.socialjustice.ie/.../catholic.../chapter1.pdf
D. Paul Sullins (ed), Catholic Social Thought 2008
David J. O’Brien; Thomas A Shannon (eds) Daniel Finn (ed), The True Wealth of Nations: Catholic Social Thought and Economic Life 2010
Catholic Social Thought: Encyclicals and Documents from Pope Leo XIII to Pope Francis 2016
Johan Leemans, Brian J. Matz, Johan Verstraeten (eds) Reading Patristic Texts on Social Ethics: Issues and Challenges for Twenty-First-Century Christian Social Thought 2011
Jürgen Backhaus, Günther Chaloupek, Hans A. Frambach (eds.) On the Economic Significance of the Catholic Social Doctrine: 125 Years of Rerum Novarum 2017
Michael P. Hornsby-Smith An Introduction to Catholic Social Thought 2006
Pryor, F. L. (1993). The Roman Catholic Church and the Economic System: A Review Essay. Journal of Comparative Economics, 17(1), 129–150.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ