നമ്മൾ ജീവന്റെ നിറവിൽത്തന്നെ ജീവിക്കുകയെന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ ജീവന്റെ പ്രവൃത്തികളെ സുഗമമാക്കേണ്ടതായ സംവിധാനങ്ങൾ അവയെ തടഞ്ഞു നിർത്തിയിരിക്കയാണെങ്കിലോ?
ഇടയനില്ലാത്ത ആടുകളെപ്പോലെ പരിക്ഷീണരും പരിഭ്രാന്തരുമായ ജനത്തെക്കുറിച്ച് ദൈവം അനുകമ്പ പ്രകടിപ്പിക്കുന്ന പല അവസരങ്ങളുണ്ട്. ഇടയന്മാർ അവർക്കുവേണ്ടി കരുതിയില്ല എന്ന ഒരു വിലാപവും അതിന്റെ കൂടെയുണ്ട്.
ഇസ്രയേലിനെ നയിക്കാൻ രാജാക്കന്മാരുണ്ടായിരുന്നു. ചിലർ ദൈവത്തിന്റെ ഹിതപ്രകാരം ജനക്ഷേമത്തിനായി പ്രവർത്തിച്ചു. ചിലർ അതിശക്തരായിരുന്നെങ്കിലും ദൈവമായ കർത്താവിന്റെ കണ്ണുകളിൽ ദുഷ്ടത പ്രവർത്തിക്കുന്നവരായിരുന്നു. അവർക്കു സ്തുതിപാഠകരായിരുന്ന തൊഴിലാളി പ്രവാചകർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി കൊട്ടാരങ്ങളിൽ സുഖകരമായവ പ്രവചിച്ചുപോന്നു. ദൈവം അയച്ച പ്രവാചകരെ അവർ കേട്ടില്ല. പുരോഹിതരാവട്ടെ എണ്ണയൊഴിക്കുക, തിരിതെളിക്കുക, ധൂപമർപ്പിക്കുക, കാഴ്ചയർപ്പിക്കുക, ശുദ്ധത കാക്കുക എന്നിങ്ങനെ 'തങ്ങളോട് കല്പിക്കപ്പെട്ടതു മാത്രം' അന്വേഷിക്കുന്ന ദേവാലയപൂജകരായി കഴിഞ്ഞു. കമനീയമായ ദേവാലയം നിർമ്മിക്കപ്പെട്ടെങ്കിലും അതും വേഗം തന്നെ സാമ്പത്തികരാഷ്ട്രീയ ചൂഷണങ്ങൾ മതവൽക്കരിക്കപ്പെടാവുന്ന താവളമായി. നീതിയും സമാധാനവും അന്യമായ പാവങ്ങൾക്കിടയിൽ ദൈവവും പരിക്ഷീണനായി ചുറ്റിത്തിരിഞ്ഞു. ചില പ്രവാചക സന്ദേശങ്ങളിൽ ദൈവം ദേവാലയം വിട്ട് ഇറങ്ങിപ്പോകുന്നതായ അനുഭവം വരെയുണ്ട് . വംശശുദ്ധിക്ക് പ്രാധാന്യം നൽകി നവീകരണത്തിനു ശ്രമിച്ചവരും, തീവ്രവാദികളും ദൈവത്തിന്റെ ഹൃദയം തേടിയ ഇടയരായിരുന്നില്ല.
ജീവിതത്തിന്റെ നിർവൃതിയെന്നത് സ്വയംപര്യാപ്തത കൊണ്ട് നേടാവുന്നതല്ല. "കർത്താവേ ഞാൻ അങ്ങയെ തേടുന്നു" എന്നത് സങ്കീർത്തനങ്ങളുടെ ഹൃദയമെന്നു പറയാവുന്നതാണ്. ആ ഹൃദയാഭിലാഷമാണ് ജീവിക്കുന്ന പ്രാർത്ഥനയായി നമ്മിൽ ജീവൻ നിറക്കേണ്ടത്.
നിങ്ങളിന്നതൊക്കെ ചെയ്യാൻ ബാധ്യസ്ഥരാണ് എന്ന് വ്യവസ്ഥ വയ്ക്കുന്ന ഒരു നിയമകരാർ ആയിരുന്നില്ല ദൈവത്തിന്റെ ഉടമ്പടി. അതൊരു ഹൃദയബന്ധത്തിനായുള്ള ആഗ്രഹമായിരുന്നു. ജ്ഞാനി തന്റെ ജ്ഞാനത്തിലോ ബലവാൻ തന്റെ ബലത്തിലോ സമ്പന്നൻ തന്റെ സമ്പത്തിലോ അല്ല 'കരുണയും ന്യായവും നീതിയും പുലർത്തുന്ന കർത്താവാണ് ഞാൻ' എന്ന അറിവിലാണ് ഒരുവൻ ജീവിതത്തിന്റെ നിറവ് കണ്ടെത്തേണ്ടത് (Jer 9:23). ദൈവത്തെക്കുറിച്ചുള്ള ആ അറിവ് ഹൃദയത്തിനു വികാസവും, പ്രവൃത്തികളിൽ നീതിയും ഭക്തിക്ക് നൈർമല്യവും നൽകും. അപ്പോൾ ദൈവസാന്നിധ്യവും പ്രവൃത്തികളും ദേവാലയത്തിൽ മാത്രമോ മതപരമായ ചട്ടങ്ങളിലോ അല്ല. മതാനുഷ്ഠാനങ്ങൾ ചില ചിട്ടകളോടെ നിർദ്ദേശിക്കുന്നവയിൽ മാത്രം ഈ ദൈവാന്വേഷണത്തെ തളച്ചിടുകയെന്നതാണ് എക്കാലത്തെയും ദുരന്തം. വലിയ ചൂഷണത്തിന് അത് പശ്ചാത്തലമൊരുക്കുന്നു. മതത്തെ സേവിക്കുവാനും ആചാരങ്ങൾ സംരക്ഷിക്കുവാനും എളുപ്പമാണ്. എന്നാൽ "കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമായ" (Ex 34:6; Ps 86:5,15, 103: 8, 145:8; Jonah 4:2) ദൈവത്തെ ജീവിതത്തിലെ അനുദിന ആചരണങ്ങളിൽ അനുഭവവേദ്യമാക്കാൻ ശ്രമിക്കാറില്ലെന്നതല്ല, അവ പ്രാധാന്യം നല്കപ്പെടാതെ മാറ്റിനിർത്തപ്പെടുന്നു എന്നതാണ് സത്യം.
ക്രിസ്തു ജീവിച്ച സമൂഹവും ഈ നിസ്സഹായതയിൽ ജീവിക്കുന്നവരായിരുന്നു. റോമിന്റെ നിയമങ്ങളും ഫരിസേയരുടെ നിയമം അവരുടെ മേൽ വെച്ചുകെട്ടിയ പാപികൾ എന്ന വിധിയുടെയും ഭാരം ചെറുതായിരുന്നില്ല. അവർക്കു ഇടയനായിരിക്കുക എന്നാൽ എന്തെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തുറന്നു കാട്ടുന്നു: ദരിദ്രർക്ക് ശുഭവാർത്ത, അന്ധർക്കു കാഴ്ച, ബന്ധിതർക്കു മോചനം, അങ്ങനെ കർത്താവിനു സ്വീകാര്യമായ സമയം ഒരുക്കിക്കൊടുക്കുക (Luke 4:14-22). അവരുടെ ഹൃദയങ്ങളെ ദൈവത്തിന്റെ ജീവനിലേക്കു തുറക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. ആ ജീവന്റെ അനുഭവത്തെത്തന്നെയാണ് ക്രിസ്തു ദൈവരാജ്യമെന്നു വിശേഷിപ്പിച്ചത്. ക്രിസ്തുവിന് അതൊരു സാധ്യത മാത്രമായിരുന്നില്ല, ദൈവജീവന്റെ ഉറപ്പായിരുന്നു. അതു കൊണ്ടാണ് 'നിങ്ങളെ ഞാൻ ആശ്വസിപ്പിക്കാം' എന്ന് അവൻ പറഞ്ഞത്. കൂടെ, 'നിങ്ങൾതന്നെ അവർക്കു അപ്പം നൽകുവിൻ' എന്ന് അവൻ പറഞ്ഞത് കൂടി നമുക്ക് ഓർക്കാം.
നമുക്ക് വേണ്ടിത്തന്നെയും സമൂഹത്തിനുവേണ്ടിയും, കണ്ണുകളും ഹൃദയവും ശബ്ദവും നമുക്ക് നൽകപ്പെട്ടിരിക്കുന്നു. സമൂഹത്തിലും സംസ്കാരത്തിലും ചരിത്രത്തിലും ഈ ദൈവസ്വഭാവം തിരിച്ചറിയാനും ഉറപ്പാക്കാനും പരസ്പരം പരിപോഷിപ്പിക്കുന്ന സമൂഹമാകാൻ നമുക്കാകും. അതാണ് ക്രിസ്തുസ്വഭാവമുള്ള സമൂഹം. നീതിയും സമാധാനവും ജീവിതശൈലിയാകുമ്പോൾ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാകും, സകലരും ഭക്ഷിച്ചു തൃപ്തരാകും (Ps 22:26). അപ്പോഴേ, കർത്താവാണ് ഞങ്ങളുടെ നീതി എന്ന് ആത്മാർഥതയോടെയും ധൈര്യത്തോടെയും നമുക്ക് പറയാനാകൂ (Jer 23:6).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ