Gentle Dew Drop

ജൂലൈ 07, 2021

ക്രിസ്തീയ ചെറുത്തുനിൽപ്പ്

 ദേശദ്രോഹമായിരുന്നു സ്റ്റാൻ സ്വാമിയിൽ രാജ്യം ആരോപിച്ച കുറ്റം. വിമോചന ദൈവശാസ്ത്രത്തിന്റെ സഭാവിരുദ്ധതയാണ് സഭയെ സംരക്ഷിക്കുന്ന ചിലർ സ്റ്റാൻ സ്വാമിയിൽ വച്ചുകൊടുക്കുന്നത്.

ഒരു ബൗദ്ധികമായ ഘടന വന്നു ചേരുന്നതിനും മുമ്പേ നിലനില്പിനായുള്ള ചെറുത്തു നിൽപ്പായാണ് വിമോചനദൈവശാസ്ത്രം രൂപപ്പെട്ടത്. വിമോചന ദൈവശാസ്ത്രത്തിനു ആധാരം മനുഷ്യാന്തസ്സും സുവിശേഷ മൂല്യങ്ങളുമായിരുന്നു. അവരിൽ ചിലർ കമ്യൂണിസ്റ് ചായ്‌വുള്ളവരായിരുന്നെങ്കിൽ, അത് ആ ചരിത്ര പശ്ചാത്തലത്തിൽ അവരുടെ നിലപാടുകളെ എന്തുകൊണ്ട് ആകർഷിച്ചു എന്നും ചിന്തിക്കുന്നത് നല്ലതാണ്.
കോളനിവത്കരണം തദ്ദേശീയവാസികളെ നശിപ്പിച്ചത് അവരുടെ സമ്പത്തു ചൂഷണം ചെയ്തത് കൊണ്ടുമാത്രമല്ല. അവരെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ഇറക്കി വിട്ടു. പറിച്ചു നടൽ എന്നത് അവരെ അവർ അല്ലാതാക്കുന്ന പ്രക്രിയയാണ്. കാരണം അവരെ അവർ ആക്കി തീർക്കുന്നത് അവരുടെ വാസസ്ഥലം തന്നെയാണ്. സഭാധികാരികളിൽ ചിലരും കോളനിശക്തികളെ പിന്താങ്ങിയിരുന്നു കൊണ്ടാണ് തദ്ദേശീയരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയവരെ സഭക്കെതിരായും കമ്മ്യൂണിസ്റുകാരായും മുദ്രകുത്തപ്പെട്ടത്. തദ്ദേശീയരിൽ മാമോദീസ സ്വീകരിച്ചവരിൽ പോലും സഭാതനയരെ കാണാൻ സംസ്കാരികളായ കോളനി ക്രിസ്ത്യാനികൾക്ക് കഴിഞ്ഞില്ല.
തദ്ദേശീയരുടെ ജീവനും അന്തസ്സിനും വേണ്ടി ഒന്നും ചെയ്യേണ്ടതില്ല, സ്ഥാപനപരമായ ഘടനകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കാം എന്ന് കരുതി കണ്ണടച്ച വിഭാഗമുണ്ട്. ക്രിസ്തു മാർഗത്തിൽനിന്നകന്ന്, അക്രമസ്വഭാവത്തിലേക്കു കടന്നവരുമുണ്ട്. ഇവ രണ്ടും, സഭയുടെ ആത്മാവിന്റേതായിരുന്നില്ല. ഔദ്യോഗികം എന്നത് എപ്പോഴും അധികാരം കൈയിലുള്ളവരുടേതായതുകൊണ്ട് കോളനിശക്തികളുടെ പ്രതിനിധികളുടെ നിലപാടുകളായി ഔദ്യോഗിക സഭയുടെ നിലപാടുകൾ. പാടെയുണ്ടായിരുന്ന കമ്യൂണിസ്റ് വിരുദ്ധത വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചും സ്വീകരിക്കപ്പെട്ടു.
കോളനിവൽക്കരണം ഒരു നാശവും തദ്ദേശവാസികൾക്കു വരുത്തിയിട്ടില്ലെന്നു വാദിക്കുന്നവർ ഇന്നുമുണ്ട്. അവർ തേടുന്ന ലാഭങ്ങളെ അവർക്ക് ഉപേക്ഷിക്കാനാവില്ലല്ലോ.
വിമോചനദൈവശാസ്ത്രമെന്നു പറയുന്നത് എല്ലാവരെയും മനുഷ്യരായി കാണാനും, ഓരോരുത്തർക്കും അർഹമായ അന്തസ് ഉറപ്പു വരുത്താനായി പ്രവർത്തിക്കുകയെന്നുമാണ്. അത് സുവിശേഷത്തിൽ അധിഷ്ഠിതമാണ്. അത് സഭയുടെ താൽപര്യങ്ങൾക്കു വെല്ലുവിളിയാകുന്നുണ്ടെങ്കിൽ മാറേണ്ടത് സഭയും അതിന്റെ കാഴ്ചപ്പാടുകളുമാണ്. ലോകമാകമാനം ഇരയാക്കപ്പെടുന്നവരാണ് തദ്ദേശവാസികൾ. പീഡനങ്ങളും കുടിയൊഴിപ്പിക്കലും അവകാശങ്ങളുടെ നിഷേധവും അവർ നിസ്സഹായരാക്കപ്പെടുന്ന സാഹചര്യങ്ങളാണ്. പാവങ്ങൾക്ക് വേണ്ടി നിലപാടെടുക്കാൻ സഭ പഠിച്ചത് സുവിശേഷത്തിൽ നിന്നാണ്. സുവിശേഷത്തെയും പാവങ്ങളുടെ അന്തസിനു വേണ്ടിയുള്ള പ്രവൃത്തികളെയും സഭയുടെ ഔദ്യോഗിക സ്ഥാപനഘടനയിൽ നിന്ന് മാറ്റി നിർത്തുന്ന സഭാസംരക്ഷകർ സഭയെ സത്യത്തിൽ നിർജ്ജീവമാക്കുകയാണ്. ക്രിസ്തീയത ചെറുത്തുനിൽപ്പ് പ്രോത്സാഹിപ്പിക്കുന്നത് ഭരണകൂടങ്ങൾക്കെതിരായല്ല, അനീതിക്കെതിരായാണ്. സഭയുടെ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയ നിലപാടും അധികാരം പിടിച്ചെടുക്കാനായല്ല, മനുഷ്യരുടെ നന്മക്കും അവരുടെ ന്യായമായ അവകാശങ്ങൾക്കും വേണ്ടിയാണ്. അത് സ്വയം ബോധ്യപ്പെടുത്തേണ്ടത് സഭ തന്നെയാണ്. അവിടെയാണ് വിമോചന ദൈവശാസ്ത്രം വെല്ലുവിളിയാകുന്നതും, കാരണം അത് നമ്മുടെ തന്നെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ആണ് ആദ്യം തുടക്കമിടേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ