Gentle Dew Drop

ജൂലൈ 03, 2021

പ്രവാചകന്റെ അടയാളം

 നീതിയുടെ പ്രവർത്തികളിലേക്കു നയിക്കുകയും സത്യത്തെ ആധാരമാക്കുകയും ചെയ്യുന്ന നിർമല മനഃസാക്ഷിയാണ് പ്രവാചകന്റെ അടയാളം.


"ഈജിപ്തിൽ നിന്ന് നിങ്ങളെ രക്ഷിച്ചു കൊണ്ടുവന്ന ദൈവമായ കർത്താവ്" എന്നതിൽ നിന്ന് വ്യത്യസ്തമായി "ഈ കാര്യങ്ങൾ സംഭവിക്കുമ്പോൾ ഞാനാണ് കർത്താവു എന്ന് നിങ്ങൾ അറിയും" എന്ന പുതിയൊരു സന്നിധ്യാവബോധം എസെക്കിയേൽ പരിചയപ്പെടുത്തുന്നു. ദൈവത്തെ അറിയുന്നതിലൂടെയേ സത്യവും നീതിയും സാന്മാര്ഗികതയും അറിയാനാകൂ എന്നതായിരുന്നു എസെക്കിയേലിന്റെ പ്രധാന സന്ദേശം. ദൈവത്തിന്റെ ജീവസാന്നിധ്യം ഓരോരുത്തരും ജീവിക്കുന്നിടത്ത് തന്നെ ലഭ്യവുമാണ്. അവിടുത്തെ ഉടമ്പടി ഓരോ ദിവസവും ഹൃദയത്തിൽ നവീകരിക്കുന്നതും പുതുജീവൻ നൽകുന്നതുമാണ്. ദേവാലയത്തിലെ ബലിപീഠത്തിലല്ല, നിര്മലമനസാക്ഷിയുടെ ബലിപീഠത്തിൽ, പരസ്പര ബന്ധങ്ങളിൽ.

ജീവന്റെ സമൃദ്ധിയെ തിരഞ്ഞെടുക്കേണമോ വേണ്ടെന്നു വെക്കണമോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. ദേശത്തിന്റെയും, ദേവാലയത്തിന്റെയും, ബലിപീഠത്തിന്റെയും, ബലികളുടെയും പുനരുദ്ധാരണത്തെക്കുറിച്ച് എസെക്കിയേൽ പറയുന്നു. എന്നാൽ അത് പുതിയൊരു രീതിയിലാണ്. പുരോഹിതർ ഇടയരെപ്പോലെ ആടുകൾക്ക് വേണ്ടി കരുതാത്തതുകൊണ്ടും വേണ്ടവിധം ഭോജനം നല്കാത്തതുകൊണ്ടും, പ്രവാചകർ വ്യാജം പ്രസംഗിച്ചതുകൊണ്ടും ദൈവം തന്നെ ജനത്തോടു സംസാരിക്കുകയും, നയിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. ഹൃദയത്തിൽ എഴുതപ്പെടുന്ന ഒരു പുതിയ ഉടമ്പടിയിലേക്കു ദൈവം പ്രവേശിക്കുകയാണ്. ജെറെമിയ നേരത്തേതന്നെ അത്തരമൊരു ഉടമ്പടിയുടെ അനിവാര്യതയെക്കുറിച്ചു പറഞ്ഞിരുന്നു. എസെക്കിയേൽ വീണ്ടും അത് ഊന്നിപ്പറയുന്നു. പുതിയ ഉടമ്പടി പ്രകാരം പുണ്യമോ തിന്മയോ പൂർവികരുടെ പ്രവൃത്തികളുടെ ഫലമല്ല ജെറെ 31/29, എസെ 18/2. ഇന്നുകളുടെ അനുഗ്രഹ നിമിഷങ്ങളിൽ പ്രവർത്തിക്കുന്ന ദൈവം പഴമയുടെ ഭാരങ്ങൾ നമ്മുടെ തലയിൽ വച്ച് തരുന്നില്ല എന്ന് പ്രവാചകൻ ഉറപ്പിച്ചു പറയുന്നു. ജീവനും മരണവും നിങ്ങൾക്ക് മുമ്പിലാണ്, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്നത് വ്യക്തിപരമായ ഉത്തരവാദിത്തമായി പ്രവാസകാലംധ്യാനിച്ചു തുടങ്ങുന്നു.

സൗഖ്യവും സാന്ത്വനവും പകരുന്ന ദൈവരാജ്യം നിങ്ങളുടെയുള്ളിലാണെന്നും, നിങ്ങൾക്കിടയിലാണെന്നും പ്രസംഗിച്ചുകൊണ്ടു ക്രിസ്തു വന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിന്റെ ആനന്ദത്തിലേക്ക് അവിടുന്ന് എല്ലാവരെയും ക്ഷണിച്ചു. പ്രമാണിമാർക്കും, നിഷ്ഠകളുടെ കർക്കശമായ പാലനം നൽകിയ വിശുദ്ധി അവകാശമാക്കിയിരുന്നവർക്കും പാപികൾക്കും, വിജാതീയർക്കും ശത്രുക്കളായി കാണപ്പെട്ടവർക്കും ദൈവദൃഷ്ടിയിൽ ഒരേ സ്ഥാനമാണെന്നു അവൻ പഠിപ്പിച്ചു. അവന്റെ സന്ദേശങ്ങൾ സ്വീകാര്യമായിരുന്നില്ല.

പ്രവാചകൻ മനഃസാക്ഷിയോട് സംസാരിക്കുന്നു, ഒരു സമൂഹം വളരുന്ന കാലത്തോട് സംസാരിക്കുന്നു. തന്റെ തന്നെ ഉള്ളിൽ ആത്മാവ് പകരുന്ന ചലനങ്ങളാണ് പ്രവാചകൻ കൈമാറുന്നത്. കേൾവിക്കാരെല്ലാം ഒരുപോലെയല്ല. ചിലർ ഉന്നതിയും വികസനവും അനുഗ്രഹങ്ങളും അത്ഭുതങ്ങളും കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റു ചിലരാവട്ടെ ദുരന്തങ്ങളും, ശിക്ഷയും നാശവും മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്വയം പ്രവാചകരാകുന്ന പലരും ഇത്തരത്തിലുള്ള ഇഷ്ടങ്ങളെ അറിഞ്ഞു കേൾവിക്കാരെ തൃപ്തിപ്പെടുത്തുന്നവരാണ്. അവക്ക് മനഃസാക്ഷിക്ക് മാർഗദർശനം നൽകാനാവില്ല, കാരണം അതിനു സത്യവുമായി ബന്ധമില്ല.

ജനപ്രിയതയോ, അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങളോ, പ്രതിഫലമോ പ്രവാചകസ്വരത്തെ വഴിതിരിക്കുകയോ നിശ്ശബ്ദമാക്കുകയോ ഇല്ല. ദൈവത്തെ കേൾക്കാനും, അവിടുത്തെ സന്ദേശം ആത്മാർത്ഥതയോടെ പകർന്നു നൽകാനും ഉള്ളിൽ കൃപയുടെ സമൃദ്ധിയുണ്ടാവണം. അപ്പോഴേ ജീവനിലേക്കും നന്മയിലേക്കും വളരാനാവും വിധം മനഃസാക്ഷിയെ രൂപീകരിക്കാൻ നമുക്ക് കഴിയൂ. നീതിയുടെ പ്രവർത്തികളിലേക്കു നയിക്കുകയും സത്യത്തെ ആധാരമാക്കുകയും ചെയ്യുന്ന നിർമല മനഃസാക്ഷിയാണ് പ്രവാചകന്റെ അടയാളം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ