Gentle Dew Drop

ഡിസംബർ 19, 2020

ഹൃദയഫലങ്ങൾ അനുഗ്രഹീതം

ആദിയിൽ ദൈവം സൃഷ്ടിക്കാൻ ഒരുങ്ങിയപ്പോൾ സകലതും ക്രമരഹിതവും ശൂന്യവുമായിരുന്നു.
ദൈവം പറഞ്ഞു: "ഹൃദയമുണ്ടാകട്ടെ." ഹൃദയമുണ്ടായി, പിന്നീട് ഉദരമുണ്ടായി.

"അവർക്കു മക്കളില്ല,"
വായടച്ച് മറ്റൊരാളോട് അടക്കം പറഞ്ഞതാണ്.
എങ്കിലും അവർക്കത് വായിച്ചെടുക്കാമായിരുന്നു,
സാറാ, ഹന്നാ, മനോവയുടെ ഭാര്യ, എലിസബെത്ത് ...
പരസ്പരം അവർ തങ്ങൾക്കില്ലാത്ത കുഞ്ഞുങ്ങളായി,
മറ്റു കുഞ്ഞുങ്ങൾ നിശബ്ദമായി അവരുടേതായി
ചിലപ്പോൾ അത് പരിഭവങ്ങളായി.

എല്ലാവരുടെയും അരികിൽ വാഗ്ദാനവുമായി മാലാഖ വന്നില്ല -
ഒന്നും പകർന്നു നല്കാനില്ലാതെ കടന്നു പോകുന്നവർ, ഓഫീസിൽ, വീടുകളിൽ, സ്കൂളുകളിൽ...
ഒന്നുമാകാനാവാത്തവർ, ഒന്നും നേടാനാവാതെ കടന്നു പോകേണ്ടി വരുന്നവർ
ജീവിക്കാൻ അർഹത നിഷേധിക്കപ്പെട്ടവർ, അലയുമ്പോഴും അടിച്ചമർത്തപ്പെടുന്നവർ,
മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്തു ഉയരാൻ കഴിയാത്തവർ...

എങ്കിലും, നന്മയുടെ, സ്നേഹത്തിന്റെ കനിവുകളുടെ നിമിഷങ്ങളാണ് അവരെ ഫലദായകമാക്കിയത് ...
കൂടെ നടക്കാൻ, തിരുത്താൻ, കരുത്ത് നൽകാൻ...
ഉത്തരവാദിത്തങ്ങൾക്കപ്പുറത്തുള്ള നന്മയ്ക്കും സ്നേഹത്തിനും
കാരണമില്ലാതുള്ള ത്യാഗങ്ങൾക്കും കനിവിനുമൊക്കെയാണ് അഗാപ്പെ എന്ന് പറയുന്നത്.
അങ്ങനെയാണ് ജീവൻ ഉണ്ടാകുന്നത്.
നിങ്ങളുടെ ഹൃദയഫലങ്ങൾ അനുഗ്രഹീതം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ