"മിശിഹായുടെ നക്ഷത്രം ഹേറോദേസിന്റെ കൊട്ടാരമുകളിൽ" വലിയ തലക്കെട്ടായിരുന്നു അത്.
കാലങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് മിശിഹായുടെ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. രാത്രിവൈകിയും തിരുഗ്രന്ഥം പഠിച്ചുകൊണ്ടിരുന്ന ഏതാനം പുരോഹിതരാണ് ആദ്യം നക്ഷത്രം കണ്ടത്. പിന്നീട്, അത് മിശിഹായുടെ നക്ഷത്രം തന്നെയാണെന്ന് നിയമജ്ഞരും സ്ഥിരീകരിച്ചു. ചില അത്ഭുതസംഭവങ്ങളും ഇതോടൊപ്പം നടന്നതായി നാട്ടുകാർ പറയുന്നു. ആകാശത്തുനിന്ന് ഗാനമാലപിക്കുന്ന സ്വരം ചിലർ കേട്ടു, മറ്റുചിലർ മാലാഖമാരെയും കണ്ടു. ദാവീദിന്റെ സിംഹാസനത്തിൽ ഭരണം നടത്തേണ്ടവൻ ഹേറോദേസുതന്നെയാണെന്ന് മാലാഖമാർ പറഞ്ഞെന്ന് അവർ പറയുന്നു. സന്ദർശനങ്ങൾക്കും ആഘോഷങ്ങൾക്കും ആവശ്യമായ ഒരുക്കങ്ങൾ നടത്തിവരുന്നതായി കൊട്ടാരവൃത്തങ്ങൾ അറിയിക്കുന്നു.
ഒരു പ്രശ്നവുമില്ലാതെ കാര്യങ്ങൾ നടന്നു. പതിനഞ്ചു ദിവസത്തേക്ക് സന്ദർശനം സൗജന്യം. മുന്തിയ വീഞ്ഞും ഭക്ഷണവും നൽകപ്പെടും... രാജാക്കന്മാർ അതിർത്തികടക്കുന്നതിനു മുമ്പേ അവർ കൊട്ടാരത്തിലേക്കോടുന്ന ആളുകളെ കണ്ടു, കൂടാതെ ബാനറുകൾ, പോസ്റ്റുകൾ, പാട്ടുകൾ ... തങ്ങൾക്കു തെറ്റിപ്പോയി എന്നവർക്ക് തോന്നി. പൊന്നും മീറയും കുന്തിരിക്കവും തിരിച്ചെടുക്കുവാനായി അവർ തിരികെ നടന്നു. അധികാരത്തിലും രാജ്യവിസ്തൃതിയിലും ഹേറോദേസ് വളർന്നു. രക്ഷകനായ മിശിഹായായി. താൻ കബളിപ്പിക്കപ്പെട്ടെന്ന് കണ്ട ഹേറോദേസ് PR വകുപ്പിനെക്കൊണ്ട് തൂക്കിയിടീച്ച LED സ്റ്റാർ യഥാർത്ഥ നക്ഷത്രത്തെ നിഷ്‌പ്രഭമാക്കി.
സമാന്തരസത്യങ്ങൾ 'സൃഷ്ടിക്കപ്പെടുന്നവ'യാണ്, അവക്ക് ശരീരമെടുക്കുക സാധ്യമല്ല. ജനത്തിനു സംതൃപ്തമാകുന്നത് എന്താണോ അതാണ് സത്യമായി നൽകപ്പെടുന്നത്. ക്രിസ്തുവിനു പോലും സമാന്തരസത്യങ്ങൾ രൂപപ്പെടുത്തപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മൾ. കൂടുതൽ ആളുകൾ തേടുന്ന ക്രിസ്തുരൂപങ്ങൾ നല്കപ്പെടാറുണ്ടെങ്കിലും അവ അവതരിക്കാറില്ല. സ്ഥാപിതതാല്പര്യങ്ങളില്ലാതെ പച്ചമനുഷ്യനെ ഉൾകൊള്ളാൻ അവക്ക് കഴിയില്ല എന്നതുകൊണ്ട് തന്നെ.
സമാന്തരക്രിസ്തുമാരും സമാന്തരവചനങ്ങളും പിടിമുറുക്കുന്ന കാലത്ത് ക്രിസ്തുവിനെ കണ്ടെത്തുവാനും വചനം ഉള്ളിൽ കേൾക്കുവാനും ഹൃദയങ്ങൾ ഒരുക്കാൻ നമുക്ക് കഴിയട്ടെ. കൂടെയുള്ള ക്രിസ്തുവിനെ അറിയുവാനും, സത്യത്തെ തിരിച്ചറിയുവാനും മതബോധനത്തിലും, മറ്റു പരിശീലനങ്ങളിലും സന്യാസ-പൗരോഹിത്യ പരിശീലനസമയത്തും ഈ തലമുറയ്ക്ക് അവസരങ്ങൾ ഒരുങ്ങേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ഉണ്ണിയേശു സ്നേഹിക്കപ്പെടില്ല, ആട്ടിടയർക്കു സമാധാനഗീതം കേൾക്കാനാവില്ല. ക്രിസ്തു ഗിരിപ്രഭാഷണം നൽകുമ്പോൾ കൊട്ടാരത്തിന്റെ ബ്രാൻഡ്‌കേന്ദ്രങ്ങളിൽ സമാന്തരസുവിശേഷങ്ങൾ ആളുകളെ കുടിപ്പിച്ചുകൊണ്ടിരിക്കും.
ക്രിസ്തുരഹസ്യം എന്നത് നമ്മൾ രൂപവത്കരിക്കുന്ന ക്രിസ്തുസങ്കല്പത്തെക്കാൾ ബൃഹത്താണ്. അതുകൊണ്ടാണ് അറിയുമെന്ന് കരുതുമ്പോഴും ഇനിയും ഹൃദയം തുറന്നിടേണ്ടതിന്റെ ആവശ്യകത. നിർവചനങ്ങളിൽ ക്രിസ്തു പൂർണ്ണമായി കാണപ്പെടില്ല, കാരണം സകലത്തെയും സമന്വയിപ്പിച്ചു ചേർത്തുനിർത്തുന്ന ആ വലിയ രഹസ്യമാണ് വചനം. അതിന്റെ മനുഷ്യരൂപമാണ് ക്രിസ്തു. മനുഷ്യനായി പിറന്നെന്നാലും, നമ്മിൽനിന്ന് പുറത്തു നിൽക്കുന്നവനല്ല ക്രിസ്തു. മനുഷ്യൻ നേരിൽ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ നമ്മിൽ ഓരോരുത്തരിലും ജീവിച്ചുതുടങ്ങുകയാണ് തിരുപ്പിറവിയുടെ വിശാലമായ മാനം. ക്രിസ്തുവിനെ ജീവിച്ചു തുടങ്ങുന്ന ഓരോരുത്തരും പ്രവേശിക്കുകയും തുറന്നുനല്കുകയും ചെയ്യുന്ന ദൈവരാജ്യം. എന്നെന്നേക്കുമായി ഒരിക്കൽ വന്നുചേരുന്ന അവസ്ഥയല്ല അത്. അതൊരു പ്രക്രിയയാണ്. ദൈവരാജ്യത്തിന്റെ വലിയ ഞെരുക്കമാണത്. മനുഷ്യാവതാരം ചെയ്ത വചനരൂപം പോലെ ആയിത്തീരാൻ ബലഹീനരായ നമ്മൾ ഓരോരുത്തരും ദൈവത്തിലർപ്പിക്കുന്ന ആശ്രയമാണ് വിശ്വാസം. "ബെത്‌ലെഹെമിൽ ആയിരം തവണ ക്രിസ്തു ജനിച്ചാലും, ക്രിസ്തു നിന്നിൽത്തന്നെ ജനിക്കുന്നില്ലെങ്കിൽ നിനക്ക് അത് നഷ്ടമാണ്" എന്ന് Angelus Silesius പറഞ്ഞത് ഓർമ്മിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ