സൈബർ കമ്മ്യൂണിറ്റി ഒരു പ്രാഥമിക വിദ്യാഭാസകാലം പോലെയുള്ള പരിശീലനമാണ് നൽകുന്നത്. ഒരേ ചട്ടക്കൂടിനും, ഒരേ ഇഷ്ടങ്ങൾക്കും മൂല്യങ്ങൾക്കും പരസ്പരമായാ ബലപ്പെടുത്തലുകൾ നല്കിപ്പോരുന്ന ആ കുമിളക്കുള്ളിൽ സംഭവിക്കുന്ന സാന്ദ്രീകരണം വ്യക്തിസ്വഭാവങ്ങളെയും സ്വാധീനിക്കുന്നു. കൂടുതൽ പേർ എന്ത് ചിന്തിക്കുകയും പറയുകയും ചെയ്യുന്നോ അതാണ് കൂടുതൽ ശരിയായി ഒരാൾക്ക് തോന്നിത്തുടങ്ങുക. വ്യത്യസ്തമായ ഒരു സമൂഹത്തിലെ വ്യക്തികളുമായി മുഖാഭിമുഖ സംഭാഷണങ്ങൾക്കുള്ള പ്രാധാന്യം കുറച്ചു കാണുകകൂടി ചെയ്യുമ്പോൾ കാഴ്ചപ്പാടുകളും തീർത്തും ഇടുങ്ങിയതാകുന്നു.
കുഞ്ഞുകുട്ടികളെപ്പോലെ, ശണ്ഠയും സംഘർഷങ്ങളും, തർക്കങ്ങളും പിണക്കങ്ങളും നോവലുകളും സൈബർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കുമുണ്ടാകും. വീട്ടിലെത്തുന്ന കുഞ്ഞിന്റെ വൈകാരികഭാവങ്ങളെ ഒരു കണ്ണാടിയിലെന്നപോലെ ഉൾക്കൊള്ളുവാനും, ആ വികാരങ്ങളെ വേണ്ടതുപോലെ മനസിലാക്കിക്കൊടുക്കുവാനും പക്വതയിലേക്കു നയിക്കുവാനും കഴിയേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പകരം ആ വികാരങ്ങളെ താലോലിക്കുവാനും, ന്യായീകരിക്കുവാനും ശ്രമിക്കുന്ന മാതാപിതാക്കൾ കുഞ്ഞിന്റെ ആന്തരികതെയെ കൂടുതൽ മൃദുലമാക്കുകയും മുറിവേൽക്കുവാനും കൂടുതൽ വേദനിക്കുവാനും കാരണമാക്കുകയുമാണ് ചെയ്യുന്നത്.
സമൂഹങ്ങൾ സൈബർ കമ്മ്യൂണിറ്റികളായി തിരിയുമ്പോൾ കുഞ്ഞിനുവേണ്ടി മാതാപിതാക്കൾക്കുള്ള പങ്കാണ് സമൂഹത്തിലെ നേതാക്കൾക്കുള്ളത്. അവിടെ നടക്കുന്ന ആശയപ്പകർച്ചകൾ അടുത്തറിയുവാൻ അവർക്കു കഴിയണം. അവയുടെ മൃദുലതകളിൽ നിന്ന് ലാഭമുണ്ടാക്കാൻ നോക്കുന്നത് സമൂഹത്തിന്റെ തകർച്ചയിലേക്കുള്ള വഴിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ