Gentle Dew Drop

ഡിസംബർ 22, 2020

അവിടുത്തെ ഉപകാരങ്ങൾക്കു പകരം

"കർത്താവ് എന്റെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു പകരമായി ഞാൻ എന്ത് നൽകും" 
ലെക്കു കെട്ടെന്നു തോന്നിക്കുമാറ് ദൈവസന്നിധിയിൽ കരഞ്ഞവളാണ് ഹന്നാ
പ്രാർത്ഥനക്കു ലഭിച്ച ഉത്തരം ദൈവത്തിനായിത്തന്നെ നൽകുകയാണവൾ ...
കൃതജ്ഞതയിൽ നിന്നേ ഉദാരത ജനിക്കൂ!
നല്കപ്പെടുന്നതൊക്കെയും നല്കുവാനായാണ്.

ലോകത്തിനു ജീവൻ പകരുവാനായി മകനെ നൽകുന്ന മറ്റൊരമ്മ, മറിയം...
അവനു ലഭിച്ച തിരക്സ്കരണത്തിലും ദുഷ്‌പേരിലും മരണത്തിലും  അമ്മയുടെ  ഉദാരതയുണ്ട്.
"ശക്തനായവൻ വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു."

ആര് നല്കിയെന്നറിയാത്ത, എങ്ങനെ വന്നുചേർന്നെന്നറിയാത്ത, തിരിച്ചറിയപ്പെടാത്ത
എത്രയോ നന്മകളാണ് നമ്മെ ചേർത്തുപിടിക്കുന്നത്!
സ്വീകരിക്കപ്പെട്ടവയാണ് അവയൊക്കെയും എന്ന ബോധ്യത്തിലാണ് ഉദാരത ജനിക്കുന്നത്.
"വിശക്കുന്നവരെ അവിടുന്ന് വിശിഷ്ട വിഭവങ്ങൾ കൊണ്ട് തൃപ്തരാക്കുന്നു"

വാങ്ങിച്ചെടുക്കാവുന്നതാണ് സകലതും എന്ന മിഥ്യാവബോധത്തിലാണ് വികസനത്വരയിലുള്ള ലോകം.
"ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിക്കുന്നു"
"സമ്പന്നരെ വെറും കയ്യോടെ പറഞ്ഞയക്കുന്നു"

ദൈവസന്നിധിയിലെ നിലവിളിക്കു ലഭിച്ച ഫലം പോലും ഉദാരമായി നൽകുവാനുള്ള ഹൃദയം 
"ഇതാ ഇപ്പോൾമുതൽ തലമുറകൾ എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും"
അങ്ങനെ, അവിടുത്തെ നാമം എപ്പോഴും പൂജിതമാവട്ടെ!  

ഭൂമിയിലൂടെ ദൈവം കനിവാർന്നു നൽകിയ സകലത്തെയും ഓർത്തു താഴ്മയോടെ നടക്കും,
അവിടുന്ന് ആ താഴ്മയെ കടാക്ഷിക്കും.
സ്വീകരിച്ചിട്ടുള്ളവ മാത്രമല്ല, തന്നെത്തന്നെയും ദൈവത്തിനു നൽകും,  
എന്റെ ചുറ്റുപാടുകളിൽ പവിത്രതയും രക്ഷയും ഞാൻ അനുഭവിക്കും,
വാക്കിലും പ്രവൃത്തികളിലും വിചാരങ്ങളിലും സത്യവും നന്മയും നിറച്ചു ദൈവമഹത്വം പ്രഘോഷിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ