സ്വന്തം വീടുകളിൽ തന്നെ ദൈവവും ഒരു അംഗമോ അതിഥിയോ ആതിഥേയനോ ആയ കുടുംബങ്ങളെ രക്ഷാകരചരിത്രത്തിലുടനീളം കാണാം. ക്രിസ്തുവും അത്തരം കുടുംബാന്തരീക്ഷങ്ങളിൽ സ്വയം പങ്കുചേർക്കുന്നതായി കാണാം. നമ്മുടെ കുടുംബങ്ങളിലും അത്തരം അവസരങ്ങളുണ്ട്. ഇതിനു വേണ്ടി ഒരു പുതിയ ആത്മീയത രൂപപ്പെടുത്തേണ്ടതില്ല, നമ്മൾ ജീവിക്കുന്ന ഭവനാന്തരീക്ഷങ്ങളിൽ ഉള്ള കൃപാസാന്നിധ്യം തിരിച്ചറിയുക എന്നതാണ് ആ ആത്മീയത. സഭ വിശ്വാസികളുടെ സമൂഹമാണെന്നും ആ സമൂഹം ക്രിസ്തുവിന്റെ ശരീരമാണെന്നും നമുക്കറിയാം. നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളും ക്രിസ്തുശരീരമാണെന്ന രഹസ്യം അനുഭവവേദ്യമാക്കുമ്പോഴാണ് കുടുംബം ഒരു ഗാർഹികസഭയായിത്തീരുന്നത്. ഒരു ആശയരൂപീകരണം കൊണ്ട് മാത്രം ജീവിക്കാവുന്നതല്ല ഈ രഹസ്യം, മറിച്ച് കൂദാശകളിലൂടെ ഒരു കുടുംബരൂപീകരണത്തിനു ദൈവം നൽകിയിരിക്കുന്ന കൃപയനുസരിച്ച് ഓരോരുത്തരുടെയും ജീവിതാവസ്ഥകളിൽ ഇത് സാധ്യമാക്കുവാൻ നമുക്ക് കഴിയും.
തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന ചില മനോഭാവങ്ങളെ പുതുജീവൻ നൽകി ഉണർത്താൻ കഴിഞ്ഞാൽ ക്രിസ്തുവിലേക്കുള്ള വളർച്ചയിലെ അടിസ്ഥാനപടിയായ സ്നേഹബന്ധങ്ങൾ ഉറപ്പിക്കാൻ നമുക്കായേക്കും. ആത്മീയം എന്നത് ആചാരങ്ങളിലുള്ള കണിശതയിലും എല്ലാം ഭക്തിമയമാക്കുന്നതിലുമാണെന്ന തെറ്റിദ്ധാരണ പ്രബലമായുണ്ട്. പരസ്പരസ്നേഹത്തിലുള്ള ഒരു ആത്മീയത ജീവിക്കുവാൻ പ്രയത്നിക്കുക എന്നതാണ് മർമ്മപ്രധാനമായ ഘടകം.
കാര്യമായെടുക്കാത്ത ഇഷ്ടാനിഷ്ടങ്ങളും, ക്ഷീണവും കൊച്ചു വേദനകളും കാണാനും, നമ്മെത്തന്നെ മറച്ചു വയ്ക്കാതെ കാണപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നത് ആദ്യ ആത്മീയതലം തന്നെയാണ്. ആ ജീവിതാവസ്ഥകളിൽ ക്രിസ്തുരഹസ്യങ്ങൾ കാണുവാൻ കഴിഞ്ഞെങ്കിൽ പങ്കുവയ്ക്കലിന്റെ മാനം നൽകാനും നല്കപ്പെടാനും നമ്മെ പ്രാപ്തരാക്കും. അങ്ങനെ ഒരു ക്രിസ്തു ചൈതന്യത്തിലേക്കു കുടുംബത്തെയും, ക്രിസ്തുരൂപത്തിലേക്ക് കുടുംബാംഗങ്ങളോരോരുത്തരെയും പരസ്പരം വളർത്തുകയെന്നതാണ് ഗാർഹികസഭയായി കുടുംബം ചെയ്യുന്നത്.
ഒരുമിച്ചു പ്രാത്ഥിക്കുന്ന കുടുംബം എന്നതുപോലെ തന്നെ, പ്രാർത്ഥന ഒരു ജീവിത ശൈലിയാക്കാനും, ജീവിതനിമിഷങ്ങളെ പ്രാർത്ഥനയിലേക്കു കൊണ്ടുവരുവാനും ഗാർഹികാന്തരീക്ഷത്തിൽ പരിശീലിക്കുവാൻ നമുക്ക് കഴിയും. പ്രവൃത്തികളും വാക്കുകളും എന്നതിനേക്കാൾ മനോഭാവങ്ങളായി പരിശീലിക്കേണ്ടതാണിവ. വാങ്ങി ഭക്ഷിക്കുക എന്നതിലെ നൽകലും സ്വീകാര്യതയും പോലെ ഓരോ നിമിഷങ്ങളെയും പൂജനീയമായ പരസ്പരസാന്നിധ്യത്തിലെ കൃപ കൊണ്ട് നിറക്കാൻ നമുക്കാവും. പഠനത്തിലും ജോലികളിലും, വീട്ടുജോലികളിലും രോഗത്തിലും വാർധ്യക്യത്തിലും പ്രണയത്തിലും മൈഥുനത്തിലും മരണത്തിലും പോലും ദൈവാശ്രയബോധവും കൃതജ്ഞതയും നിറക്കാൻ കഴിഞ്ഞെങ്കിൽ ആ കുടുംബം ക്രിസ്തു സ്നേഹിക്കുകയും ജീവൻ പകർന്നു നൽകുകയും ചെയ്ത സഭയുടെ ജീവിക്കുന്ന രൂപം തന്നെയാണ്.
ജീവിതത്തിലെ നിമിഷങ്ങളിലുള്ള ചെറിയ കാര്യങ്ങളിലെ ആഴങ്ങൾ തിരിച്ചറിയുക എന്നതാണ് മറ്റൊരു തലം. ഒരു ഗ്ലാസ് വെള്ളത്തെക്കുറിച്ചാണെങ്കിലും ഭക്ഷണത്തെക്കുറിച്ചാണെങ്കിലും ധന്യത വളർത്തുവാൻ കഴിയേണ്ടതുണ്ട്. ഭൂമിയിലെങ്ങോ ഇവയൊക്കെയും അന്യമായവരെക്കുറിച്ചു കരുതൽ സൂക്ഷിക്കുന്നതും പ്രകൃതിയുടെ ജീവൽപ്രക്രിയകളെ കാത്തുസൂക്ഷിക്കുന്നതും ക്രിസ്തുശരീരത്തിന്റെ പവിത്രത തന്നെയാണെന്ന ബോധ്യത്തിലേക്കു വളരാൻ കഴിയുന്നതും ഭവനാന്തരീക്ഷത്തിലാണ്. ഒരു തുണ്ടു പേപ്പറിന്റെ വില നമ്മൾ നൽകുന്ന പണം മാത്രമല്ല എന്നൊക്കെ തിരിച്ചറിയുന്നതും അത്തരം ഉൾക്കാഴ്ച്ചകളിലൂടെയാവും. സ്വന്തം ജീവിതത്തിന്റെ സാധാരണ അവസ്ഥകൾ തന്നെയാണ് ഇവിടെ കൃപയുടെ നിമിഷങ്ങളായി തിരിച്ചറിയപ്പെടുന്നത്. ഇത്തരം ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ് ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നമ്മെ ഒരു കുടുംബമായി വളർത്തുന്നത്. ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ ആത്മീയ ആഴം ഓരോ ‘കരിസ്മാ’ ആയിത്തന്നെ അറിഞ്ഞു കൊണ്ട് ആത്മാഭിമാനത്തോടും കൂടുതൽ ദൈവാശ്രയത്തോടും കൂടി മുന്നോട്ടു പോകണം. അത് ക്ലുടുംബത്തെ ഭൂമിയിൽ ദൈവം വസിക്കുന്ന ആലയമാക്കും. മുൻപ് സൂചിപ്പിച്ചതുപോലെ കാണുകയും കാണപ്പെടുകയും, അറിയുകയും അറിയപ്പെടുകയും ചെയ്യുക എന്നതും അവ സാധ്യമാക്കാൻ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് ശ്രമിക്കുകയും ചെയ്യുക എന്നത് ഇവിടെ പ്രധാനമാണ്.
ഓരോ ഭോജനവും വാഴ്ത്തി ഭക്ഷിക്കപ്പെടേണ്ടതാണ്. അവിടെ ഓർമ്മിക്കപ്പെടേണ്ടതായ ഒട്ടനേകം നിമിഷങ്ങൾ പകർന്നുനൽകുന്ന കൃതജ്ഞത ആന്തരിക നന്മയും ഉദാരതയുമായി വളരും. വല്ലപ്പോഴും സ്വന്തം ഇല്ലാതാകലിനെക്കുറിച്ചും പരസ്പരം പറയുവാൻ കഴിഞ്ഞെങ്കിൽ പരസ്പരസ്നേഹത്തെ പലമടങ്ങു ആഴപ്പെടുത്തും. അങ്ങനെ വളരുന്ന കുടുംബത്തിന്റെ അന്തരാത്മാവ്, ശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ശക്തിപ്പടുത്തുകയും പൂർണ്ണരാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് തന്നെയാണെന്നതിൽ സംശയമില്ല.
തിരക്കുകളോ ജാള്യതയോ മൂലം ഇത്തരം ചെറുകാര്യങ്ങളെ അവഗണിച്ചു കളയുകയാണ് പതിവ്. എന്നാൽ നമ്മുടെ കൊച്ചുകുടുംബത്തിൽ പരിശീലിക്കപ്പെടുന്ന ഇത്തരം എളിയ 'ആത്മീയ' മനോഭാവങ്ങൾ നമ്മെ സമൂഹത്തിലും ക്രിസ്തുസാദൃശ്യം ഉള്ളവരാക്കിത്തീർക്കും. ചുറ്റുമുള്ള നന്മകളെ കാണാനും പ്രശംസിക്കാനും മാതൃകയാക്കി പരിശീലിക്കാനുമുള്ള വേദികൂടിയാണ് കുടുംബം. സമൂഹത്തിന്റെ ആഘോഷങ്ങളിലും വിലാപങ്ങളിലും ഹൃദയത്തോടെ പങ്കുചേരാൻ നമുക്കാകും. ഈ വളർച്ച സാമൂഹിക പ്രതിബദ്ധതയിലേക്കും നമ്മെ നയിക്കും. ബൗദ്ധികമോ, സാമ്പത്തികമോ സാമൂഹികമോ ആയ പരസ്പരസഹായം ക്രിസ്‌തുശരീരത്തിന്റെ വളർച്ചയാണെന്ന ബോധ്യം നമ്മിൽ വളർന്നിട്ടുണ്ടാവണം. വേർതിരിക്കുന്ന മതിലുകൾക്കപ്പുറത്തേക്ക് ഒരു പവിത്രഹൃദയമായി നമ്മെത്തന്നെ തുറന്നു വയ്ക്കുവാൻ അപ്പോഴേ നമുക്ക് കഴിയൂ
വീടുകളിലേക്ക് ഇടുങ്ങപ്പെട്ട സാഹചര്യമാണ് കോവിഡ് സൃഷ്ടിച്ചതെങ്കിൽ അത് ഭവനങ്ങളെ കുറേക്കൂടി വിശാലമായിക്കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികമോ ബൗദ്ധികമോ ആയ മേൽക്കോയ്മ കൊണ്ടോ വാക്‌സിൻ കൊണ്ടോ ഈ വ്യാധിയെ നീക്കിക്കളയാനാവില്ല എന്നും ഒത്തൊരുമയും പങ്കുവയ്കലും കൊണ്ടേ നമുക്ക് പിടിച്ചു നിൽക്കാനാവൂ എന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചു പറയുന്നു. ഈ സാഹചര്യത്തിൽ സമൂഹം തന്നെ ഒരു കുടുംബമായി പരസ്പരം പരിപോഷിപ്പിക്കേണ്ടതാണ്. ഗാർഹികസഭയിൽ തെളിഞ്ഞു കിട്ടുന്ന ചൈതന്യം സ്നേഹത്തിലും സഹോദര്യത്തിലും സമൂഹത്തിൽ പ്രകടമാക്കാൻ നമുക്ക് കഴിയട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ