Gentle Dew Drop

ഡിസംബർ 27, 2020

നീതിക്കു വേണ്ടിയുള്ള ദാഹം

കാരിമാറ്റത്തിലച്ചന്റെ ബൈബിൾ ചിത്രകഥകളിൽ എന്നെ ഏറ്റവും അസ്വസ്ഥനാക്കിയത് 'മിക്കാ' ആയിരുന്നു. വീടും നാടും വിട്ട് ഓടിപ്പോകേണ്ടി വന്നാൽ എങ്ങോട്ട് പോകും എന്ന ചിന്തയായിരുന്നു ആ കുഞ്ഞുമനസിന്റെ ആശങ്ക. തെരുവിൽ അലയുന്ന വീട്ടുകാരെയും അയൽക്കാരെയും സങ്കൽപ്പിക്കാൻ തന്നെ ഭയമായിരുന്നു. പള്ളിയിലേക്കുള്ള വഴിയിൽ പോലും പലരും നട്ടുനനയ്കുന്ന തെങ്ങും വാഴയുമൊക്കെ ഒരുദിവസം വെട്ടിനശിപ്പിച്ചാൽ എങ്ങനെയാവും എന്ന ആകുലതയുണ്ടായിരുന്നു.

കർഷകസമരത്തിൽ മരിച്ചുകൊണ്ടിരിക്കുന്നവർ, ആത്മഹത്യ ചെയ്യുന്നവർ, അവരെക്കുറിച്ചോർക്കുന്ന കുടുംബങ്ങൾ ഇവയൊക്കെയും അവരുടെ സ്വകാര്യ ദുഃഖങ്ങൾ മാത്രമായി മാറുന്നു എന്നത് വേദനാജനകമാണ്. "ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നെങ്കിൽ, എന്നെത്തന്നെ വിസ്മരിച്ച് ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു." എന്നിട്ടോ? വിസ്മരിച്ചുകൊണ്ടല്ല, നമ്മുടെ സ്ഥിതി ഓർത്തുകൊണ്ടുതന്നെയാണ് അവരുടെ ദുഃഖങ്ങളിൽ പങ്കുചേരേണ്ടത്‌.
പാലിച്ചു നട്ടുവളർത്തുന്ന, ഓരോന്നിലും അവയുടെ വേരുകൾക്ക് നൽകപ്പെടുന്നത് കർഷകരുടെ ജീവരക്തം തന്നെയാണ്. അതുകൊണ്ടാണ് കാർഷികമേഖലയിലുള്ള ചൂഷണങ്ങളിൽ കർഷകരുടെ ജീവൻ പിടക്കുന്നത്. രാജാവിന് ഉദ്യാനം ആസ്വാദ്യതയാണ്. നാബോത്തിന്റെ രക്തം അവന്റെ മുന്തിരിത്തോപ്പിന്റെ ജീവനായിരുന്നു. അതുതന്നെയാണ് ആവർത്തിക്കപ്പെടുന്നത്. സൃഷ്ടിക്കപ്പെടുന്ന കാട്ടുതീകളും കുടിയിറക്കുകളും ആസ്വാദ്യത, വികസനം നന്മ എന്നൊക്കെയുള്ള പേരുകളിലാണ്. ആര് ഇതിനു അർഹരായിത്തീരുന്നു എന്നതാണ് വലിയ ശ്രദ്ധയർഹിക്കുന്ന ചോദ്യം. ലാഭം സാമ്പത്തികതാല്പര്യമാണ്. എന്നാൽ മണ്ണ്, വിള വളർച്ച സ്വപ്‌നങ്ങൾ എന്നിവ കർഷകന്റെ ജീവിതത്തിന്റെ അർത്ഥമാണ്. നടീൽ, വിളവെടുപ്പ്, വിതരണാധികാരം തുടങ്ങിയവ ഏറ്റവും ചുരുങ്ങിയ ഏതാനം ശക്തികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് ക്രൂരമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയുടെ ശൈലിയാണ്. അവിടെ ഇരയാക്കപ്പെടുന്നത് കർഷകർ മാത്രമല്ല എന്ന് തിരിച്ചറിയപ്പെടുന്നിടത്തേ സ്വാഭാവികമായും ഉണ്ടാകേണ്ട നടുക്കം ശരിക്കും അനുഭവപ്പെടൂ.
അധികാരം, പണം, സ്വാധീനം വച്ചുകൊണ്ടു ഭൂമാഫിയ പാവങ്ങളുടെ കഴുത്തു ഞെരിച്ച് ഇറക്കിയോടിച്ചപ്പോൾ അത് അന്യായമായിരുന്നു. എന്നാൽ തീർത്തും നിയമപരമായിത്തന്നെ കർഷകരുടെ മേൽ നടത്താവുന്ന കടന്നുകയറ്റത്തോട് എങ്ങനെ പ്രതികരിക്കാനാവും. വൻശക്തികളുടെ ചൂഷണശ്രമങ്ങൾക്ക് നിയമസാധുത നൽകുന്ന നീക്കങ്ങളെ കരുതലോടെ സമീപിച്ചില്ലെങ്കിൽ, അറിഞ്ഞുകൊണ്ടുതന്നെ ആ അനീതിയെ നമ്മളും അനുവദിക്കുകയല്ലേ?
'ആമോസ്' ചിത്രകഥയിലെ സംഭാഷണശകലം എന്നും ഓർമ്മയിൽ മുഴങ്ങുന്നവയായിരുന്നു. "പാവങ്ങളെ കൊളുത്തിലിട്ടു വലിക്കുന്ന കൊലക്കത്തിയാണ് നിങ്ങളുടെ നിയമം, " "നിങ്ങൾ തല്ലിക്കൊന്നു കുഴിച്ചുമൂടിയ പാവങ്ങളുടെ അസ്ഥികൂടങ്ങൾ നിങ്ങൾക്കെതിരെ വരും."
"നീതി ജലം പോലെയൊഴുകട്ടെ, ന്യായവിധി വറ്റാത്ത നീർച്ചാൽ പോലെയും!" ആ
നീതിക്കു വേണ്ടിയുള്ള ദാഹം ഒരു വേദനയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ