തെരുവുകളിൽ സ്നാപകനാകാൻ കഴിയുന്ന നമുക്ക് ചുറ്റുമുള്ളവർക്കു ക്രിസ്തുവാകാൻ കഴിയാത്തതെന്തുകൊണ്ടാണ്? മൂകരും ശോഷിച്ചവനും മരിച്ചവനും ആയതുകൊണ്ടല്ല കഴിയാതെ പോകുന്നത്, ചെയ്യാത്തത് കൊണ്ടാണ്  അങ്ങനെയാവുന്നത്. 
സ്നാപകൻ വന്നത് വഴിയൊരുക്കുവാൻ. ദൈവത്തിന്റെ കുഞ്ഞാട് ഇതാ ... 
പാപങ്ങൾ വഹിക്കുന്നവൻ, കൃപാശൂന്യത മൂലം വന്നുചേരുന്ന വേദനകൾക്ക് സൗഖ്യതൈലമാണ്. സ്നേഹം വഴി, കരുണവഴി, നീതിവഴി  ശൂന്യതകൾ നീക്കി കൃപ നിറക്കുന്നു. അഗ്നിസ്നാനം!
ദൈവാത്മാവിന്റെ ആ ഫലങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലാണ് ഒരാളിൽ ക്രിസ്തുരൂപം ഉള്ളത്. 
ഉപദേശം, പ്രസംഗം, തുടങ്ങിയവയിലൂടെ ഒരാൾക്ക് മറ്റൊരാളുടെ ഉള്ളിലെ സ്നേഹം, കരുണ, നീതിബോധം, ധീരത തുടങ്ങിയവയെ ചൂണ്ടിക്കാണിച്ചു കൊടുക്കാനായേക്കും. പുറമെയുള്ള സ്നാനമേ അത് നൽകുന്നുള്ളൂ. എന്നാൽ സ്നേഹം നൽകപ്പെടുമ്പോൾ, കരുണ പകരുമ്പോൾ, ധീരതയോടെ നീതിക്കുവേണ്ടി നിലകൊള്ളുമ്പോൾ അവ അഗ്നിയുടെ സ്നാനം നൽകും.
ഉള്ളിലുള്ള  ഫലങ്ങളെ പ്രകടമായി പകർന്നുനൽകുക എന്നതിലാണ് അഭിഷേകത്തിന്റെ സ്പർശം. അതേനിമിഷങ്ങളാണ് മറ്റുള്ളവരിലെ അഗ്നിയെ ജ്വലിപ്പിക്കുക. കൊടുങ്കാറ്റിന്റെ ആരവവും, ജലത്തിന്റെ ഇരമ്പലും മറ്റും അടയാളങ്ങളാണ്. മന്ത്രശക്തിയായോ, വികാരത്തിരത്തള്ളലായോ അല്ല കൃപയും അഭിഷേകവും കടന്നു വരുന്നത്. ക്രിസ്തുവിനെപ്പോലെ സംസാരിക്കാൻ, സമീപിക്കാൻ, പ്രതികരിക്കാൻ, സ്വീകരിക്കാൻ, സ്നേഹിക്കാൻ ധീരതയോടെ സ്വയം തുറന്നു നൽകാൻ തയ്യാറാവുന്ന നിമിഷമാണ് അഭിഷേകം.  അതില്ലാത്ത അഭിഷേക അനുഭൂതികൾ മായയാണ്. ക്രിസ്തുവിന്റെ മാമോദീസയും പിന്നീടുള്ള പ്രലോഭനങ്ങളും, ആ ഉറച്ച ഒരുക്കവും അതിന്റെ വെല്ലുവിളികളുമാണ്. നന്മ ചെയ്തു തുടങ്ങുമ്പോഴാണ് നന്മയുടെ അഭിഷേകം അറിയുകയും നന്മയുടെ അഗ്നി മറ്റൊരാളിലേക്ക് പകരപ്പെടുകയും ചെയ്യുന്നത്,. സ്നേഹം, സമാധാനം, കരുണ, ഉദാരത തുടങ്ങിയവയും അങ്ങനെതന്നെ. 
പാപങ്ങൾ ക്ഷമിക്കുകയും ചുങ്കക്കാരനെയും സമരിയക്കാരനെയും സ്നേഹിക്കുകയും കുഷ്ഠരോഗിയെ ചേർത്തുപിടിക്കുകയും  ജീവൻ പകർന്നു നൽകുകയും ചെയ്ത് അഗ്നിയുടെ സ്നാനം നൽകിയത് ക്രിസ്തുവാണ്. ക്രിസ്തുവിൽ നിന്ന് കണ്ടതും അറിഞ്ഞതും ഒരു മാതൃക മാത്രമായിരുന്നു അന്ന് വരെ. ക്രിസ്തുവിനെപ്പോലെ ജീവിച്ച്, അനേകർക്ക് ക്രിസ്തുസ്വഭാവം പകർന്നുനൽകാമെന്ന ഉറപ്പിന്റെ ആദ്യപടിയായിരുന്നു പന്തക്കുസ്താ.  
നീയും പോയി അതുപോലെ ചെയ്യുക. 

 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ