ഒരു കുടുംബം രൂപപ്പെടുത്തുന്നതിലേക്ക് വ്യക്തികളെ തയ്യാറാക്കുവാൻ മൂന്നു ഘട്ടങ്ങളായുള്ള തയ്യാറെടുപ്പുകൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിർദ്ദേശിച്ചു (remote, proximate, immediate). കുടുംബത്തിന്റെ മൂല്യങ്ങളും, സ്ത്രീപുരുഷ ബന്ധങ്ങളിലെ നിർമ്മലതയും കുട്ടിക്കാലം മുതലേ വിലനൽകുവാൻ വ്യക്തികൾക്ക് അവസരമൊരുങ്ങണം (സ്വാഭാവികമായ വികാരങ്ങളെപ്പോലും പാപങ്ങളുടെ വിഭാഗത്തിലേക്കു ചേർത്ത് അവതരിപ്പിക്കുന്ന അന്തരീക്ഷങ്ങളിൽ അത് എത്രമാത്രം സാധ്യമാണെന്നത് സംശയമാണ്). പ്രായത്തിനനുസരിച്ചുള്ള പക്വതയിൽ ശരീരത്തെക്കുറിച്ച് പൊതുവായും, ലൈംഗികതയെക്കുറിച്ചും ആവശ്യമായ ജീവശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പരിജ്ഞാനം അവർക്കു ലഭിക്കണം. അത് ഒരു നല്ല കുടുംബത്തെ വിവേകത്തോടെ രൂപീകരിക്കുവാൻ പ്രാപ്തമാക്കുന്നതാവണം. Responsible parenting എന്നാണ് ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. സ്വാർത്ഥതാല്പര്യങ്ങളും സുഖേച്ഛയും മൂലം മക്കൾ വേണ്ടെന്നു വയ്ക്കുന്നത് തെറ്റാണ്. എന്നാൽ കുടുംബത്തിന്റെ വലിപ്പം അതിന്റെ പൊതുനന്മകൂടി ചേർത്തുകാണേണ്ടതു കൊണ്ടാണ് അത് വിവേകപൂർവ്വവും ഉത്തരവാദിത്തപൂർവ്വവും ചെയ്യേണ്ടത്. വിചിത്രമായ ഉപദേശങ്ങളും, വിശദീകരണങ്ങളും, സ്വയം രൂപപ്പെടുത്തുന്ന ലൈംഗിക ധാർമികതയും ചിലർ പകർന്നു നൽകാറുണ്ട്. ആത്മീയം-ഭൗതികം എന്ന വികലമായ വിഭജനം കാഴ്ചപ്പാടുകളിൽ കാത്തുസൂക്ഷിക്കുന്നതുപോലെതന്നെ, ദൈവികം-മാനുഷികം എന്നതിനെ രണ്ടു വിദൂരയാഥാർത്ഥ്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത് തെറ്റായ സമീപനമാണ്. ദൈവപ്രചോദനകളും പദ്ധതികളും പ്രവർത്തിക്കുന്നതും യാഥാർത്ഥ്യമാകുന്നതും കൃപയിലൂടെയാണ്. കൃപയുടെ വഴികളിൽ, മനുഷ്യന് നൽകപ്പെട്ടിരിക്കുന്ന വിവേകവും മറ്റു നൈസർഗികമായ കഴിവുകളും കുടുംബരൂപീകരണത്തിലും ദൈവഹിതകരമായിത്തന്നെ അവയുടേതായ പങ്കു വഹിക്കുന്നുമുണ്ട്. ചില പ്രസംഗങ്ങളനുസരിച്ച്, 'ശരീരത്തിന്റെ പ്രവൃത്തി'യായതുകൊണ്ട് പ്രാർത്ഥനയോടെയും, സൂക്ഷ്മതയോടെയും മാത്രം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതും, ആത്മീയമല്ലാത്ത എന്തെങ്കിലും 'തോന്നിയാൽ' പാപമായി മാറുകയും ചെയ്യുന്നതിനാൽ പരമാവധി നിയന്ത്രണങ്ങൾ ആവശ്യമുള്ളതുമാണ് ലൈംഗികബന്ധങ്ങൾ എന്നത് ഒരു വശത്തു നിൽകുമ്പോൾ, പരമാവധി മക്കളെ ജനിപ്പിക്കുക എന്നത് ഒരുമിച്ചു കൊണ്ട് പോകുന്ന ദൈവാസൂത്രണം ദൈവത്തിന്റേതല്ല.
pro-life - pro-choice ഡിബേറ്റ്കൾ വർഷങ്ങളായി നടന്നു വരുന്നതാണ്. അതിന്റെ രാഷ്ട്രീയ വശങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. Pro-choice, gender politics ന്റെ കൂടി ഭാഗമാണ്. prolife പൊളിറ്റിക്‌സും ഉണ്ട്. നമുക്കറിയാവുന്ന വാതിലുകളിൽ കൂടി തന്നെയാണ് അവയുടെ സങ്കുചിത രൂപങ്ങൾ സഭയുടെ കാഴ്ചപ്പാടിനും മീതെ സ്വാധീനം നേടി പ്രബലപ്പെട്ടത്. anti contraceptive movements, rights of the unborn എന്നിവ ഒരുമിച്ചു പോയിരുന്നെങ്കിൽ ഇന്ന് പല pro-lifers ഉം rights of the unborn ലേക്ക് ഊന്നൽ കൊടുക്കുന്നു. ചരിത്രത്തിലെ ഈ വഴിമാറ്റം മനസിലാക്കാതെ പോകുന്നെന്ന പരാജയവും നമുക്ക് സംഭവിക്കുന്നുണ്ട്. എന്ന് വെച്ചാൽ ഒരിടത്ത് രാഷ്ട്രീയ പ്രാധാന്യത്തോടെ എടുത്തുപയോഗിക്കുന്ന ആശയങ്ങൾ നമ്മൾ വിശ്വാസത്തിന്റെ രൂപത്തിൽ ഏറ്റെടുത്ത് അർഹമല്ലാത്ത വ്യാഖ്യാനങ്ങൾ നൽകി പരിപോഷിപ്പിക്കുന്നു. 'എണ്ണം' പരിഗണിക്കുകയാണെങ്കിൽ അത് pro life ആശയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. അതിന്റെ സാഹചര്യം വംശീയ രാഷ്ട്രീയമാണ്. അതും ഇന്ന് വിശ്വാസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെടുകയാണ്.
ജീവന്റെ മൂല്യത്തിന് ഒരു സാമൂഹിക മാനം കൂടിയുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. വേണ്ട പോഷകാഹാരം ലഭിക്കാതെ ഉദരത്തിൽ മരിക്കുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. അവരുടെ ജീവൻ നിലനിർത്തുവാൻ വേണ്ട താല്പര്യം എത്രമാത്രം നമുക്കുണ്ട്. ജീവന്റെ പരിപോഷണം സ്വന്തം മക്കളുണ്ടായി അവരുടെ വളർച്ച ഉറപ്പാക്കുന്നത് മാത്രമല്ല, ഒരു കുഞ്ഞിനെ ദത്തെടുത്തു ജീവിതം നൽകാനോ, ചുറ്റുപാടുകളിലുള്ള കുഞ്ഞുങ്ങൾ ആഹാരത്തിനോ വിദ്യാഭാസത്തിനോ വഴിയില്ലാത്തവരോ ആണെങ്കിൽ ആ 'ജീവൻ' കരുതപ്പെടുവാനോ വേണ്ടിയുള്ള താല്പര്യവും ദൈവികപദ്ധതിയാണ്. അതാണ് സത്യത്തിൽ ദൈവാസൂത്രണം.
സമൂഹത്തിന്റെ സാന്മാർഗിക വളർച്ചയാണ് ലക്‌ഷ്യം വയ്ക്കുന്നതെങ്കിൽ, 'അസാന്മാർഗിക' അവസ്ഥകളിലെ സങ്കീർണതകൾ മനസിലാക്കാൻ പരിശ്രമിക്കുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ, വിധിക്കുന്നതിനും, സാമാന്യവത്കരിക്കുന്നതിനും പകരം അത്തരം ഘടകങ്ങളെ പക്വമായ തരത്തിൽ അഭിമുഖീകരിക്കുവാൻ കഴിയുന്നതാണെങ്കിൽ അത്തരം വഴികൾ നിർദ്ദേശിക്കുവാൻ കഴിഞ്ഞേക്കും. സമൂഹവും സംസ്കാരവും സ്വീകരിക്കുന്ന സമീപന രീതികൾ, അവയുടെ കാലഘട്ടതിനനുസരിച്ചു മനസിലാക്കാക്കുവാനും കരുതലുള്ള പ്രഘോഷകന് കഴിയണം. അതിനു തയ്യാറാവാത്തത് വലിയ വീഴ്ചകൾ സൃഷ്ടിക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ സങ്കീർണതകളെ മുഴുവൻ തങ്ങളുടെ ശുഷ്ക്കമായ കാഴ്ചപ്പാടിൽ ചുരുക്കിക്കൊണ്ട് അങ്ങനെയാണ് എല്ലാവരും കരുതേണ്ടതെന്ന് നേതൃത്വം ആവർത്തിച്ചുറപ്പിക്കുകയാണ്.
സമൂഹവും അതിലെ സാംസ്‌കാരികഘടകങ്ങളും മാറുന്നതനുസരിച്ച് സമൂഹത്തിന് ആവശ്യമായ വിചിന്തനങ്ങളിലേക്കും വളർച്ചയിലേക്കും നയിക്കാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് അവിടെയുള്ള പരാജയം.
ചില ചാനലുകളിലേക്കും, പ്രസംഗകേന്ദ്രങ്ങളിലേക്കും സഭയുടെ ആധികാരിക പ്രബോധനങ്ങൾ അവരോധിക്കപ്പെട്ടപ്പോൾ അവർ യഥാർത്ഥത്തിൽ സഭയുടെ പ്രബോധനങ്ങളാണോ തങ്ങളുടെ സമീപനങ്ങളാക്കുന്നത് എന്നത് നോക്കിക്കാണുവാൻ ആരും ഇല്ലാതെ പോയില്ലേ. ചിലവ American evangelical sect കളുടെ നേർപ്പകർപ്പായി കാണപ്പെടുന്നു. വാച്യാർത്ഥത്തിലുള്ള ബൈബിൾ വായന, പ്രവചനങ്ങളുടെ പൂർത്തീകരണം എന്ന നിലയിൽ സമീപകാലസംഭവങ്ങളെ സമീപിക്കൽ, ഉന്നതിയുടെ സുവിശേഷം, തുടങ്ങിയവ തീർത്തും വ്യക്തമാണ്. World Trade Centre വീണതിന് ശേഷം അവിടെ രൂപപ്പെട്ട രാഷ്ട്രീയ വംശീയ വിദ്വേഷം ഇവിടെ വിശ്വാസത്തിന്റെ ഭാഗമായും പകർത്തപ്പെടുന്നു. എങ്കിലും അവർക്ക് എന്ത് കൊണ്ടോ അനുവദിക്കപ്പെടുന്ന പ്രതീതി മൂലം അവർ പറയുന്നതാണ് സഭയുടെ സമീപനം എന്ന് വിശ്വാസികളും കരുതുന്നു. തിരിച്ചു വരവുകൾ ആഘോഷമാക്കപ്പെടുമ്പോൾ അവരുടെ സന്ദേശങ്ങളിലെ സത്യവിശ്വാസം കൂടി പരിഗണിക്കണം. ആരാധനയും, മരിയഭക്തിയും, ജപമാലയും പുറമോടിയാക്കി തന്നിഷ്ടം പഠിപ്പിക്കുന്ന പ്രസംഗങ്ങൾ കൂടിവരുന്നു. ബൈബിൾ കൈയിൽ പിടിച്ചത് കൊണ്ടോ, ജ്വലിക്കുന്ന തീക്ഷ്ണതയിൽ ബൈബിൾ ഉദ്ധരിച്ചത് കൊണ്ടോ അത് സുവിശേഷപ്രസംഗമാകുന്നില്ല. അത് ഒരു കാരിസം ആണ്. ജനപ്രിയത എന്ന ഒറ്റ കാരണം, ശൈലിയിലും ഉള്ളടക്കത്തിലും 'തീക്ഷ്ണത' ഉൾക്കൊള്ളിക്കാൻ അനേകരെ പ്രേരിപ്പിക്കുന്നുണ്ടാകാം. അത് മാത്രമാണ് സുവിശേഷ പ്രഘോഷണമെന്ന് ഏതാനം ചിലർ ആളുകളെ പഠിപ്പിച്ചിട്ടുമുണ്ട്. കാരിസം ഇല്ലെങ്കിലും പ്രസംഗത്തിലേക്കു തിരിയുന്ന അനേകരെ ഇന്ന് കാണാം.
കൃപാസനം പത്രത്തോടുള്ള ഭക്തി ഒരു പ്രധാന ഭക്തിരൂപമായി കേരളത്തിൽ വ്യാപിച്ചപ്പോഴും, T B Joshua യുടെ 'spirit of death' ഒരു പ്രശസ്ത പ്രസംഗകന്റെ പ്രധാന പ്രസംഗവിഷയമായി വിശ്വാസികളെ വളരെയധികം സ്വാധീനിച്ചപ്പോഴും, ബൈബിൾ വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്ന രീതിയിലേക്ക് പോയപ്പോഴും (ആരോഗ്യപരമായ സ്വതന്ത്രമായ വ്യാഖ്യാനം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്), ഒന്നാം പ്രമാണത്തിന്റെ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും, വസ്ത്രധാരണവും ദൈവകോപവും കൂട്ടിച്ചേർക്കപ്പെടുന്നതിനെക്കുറിച്ചും, തിരുത്തുകയും വിശദീകരിക്കുകയും ചെയ്യേണ്ടിയിരുന്നവരിൽ നിന്നും മൗനമായിരുന്നു പൊതുവായ സമീപനം. അങ്ങനെ സംജാതമായ സ്ഥിതിവിശേഷമാണ് ബൈബിളിനെക്കുറിച്ചോ, സഭാപ്രബോധനത്തെക്കുറിച്ചോ നിയമത്തെക്കുറിച്ചോ ആധികാരികമായി സംസാരിച്ചാൽ പോലും 'നീ നിന്റെ പാട് നോക്കി പോകൂ' എന്ന് ജനം വിളിച്ചു പറയുന്നത്.
... വിവേകം, കരുണ, യാഥാർത്ഥ്യങ്ങളുമായുള്ള ബന്ധം എന്നിവയില്ലാതെയുള്ള പ്രസംഗങ്ങൾ ആദ്യമായല്ല നമ്മൾ കേൾക്കുന്നത്. ശമ്പളം കിട്ടാത്തതിന്റെയും പാസ്പോര്ട്ട് പിടിച്ചു വയ്ക്കപ്പെടുന്നതിന്റെയുമൊക്കെ കാരണം കല്പനകൾ ലംഘിച്ചിട്ടുള്ളതാണെന്ന പ്രസംഗം മറ്റൊരു പ്രസിദ്ധ പ്രസംഗകനിൽ നിന്നും കേട്ടിട്ടുണ്ട്. പ്രണയത്തിന്റെ കാരണം മനുഷ്യരിലുള്ള പിശാചുക്കളുടെ പരസ്പര ലീലാവിലാസങ്ങളാണെന്ന ഉപദേശം, മിശ്രവിവാഹം (dispensation for the disparity of cult ഉണ്ടെങ്കിൽകൂടെയും) വഴിയുണ്ടാകുന്ന കുട്ടികൾ കുട്ടിപ്പിശാചുക്കളാണെന്നും മറ്റുമുള്ള പരാമർശങ്ങൾ ... അങ്ങനെ പലതരത്തിലുള്ള ആശയങ്ങൾ സൃഷ്ടിക്കുന്ന വികലമായ മനുഷ്യ-ദൈവ സങ്കൽപ്പങ്ങൾ വിശ്വാസത്തെയും വികലമാക്കുന്നില്ലേ? (മേല്പറഞ്ഞ ആശയങ്ങളുമായി സംവദിക്കാൻ ശ്രമിച്ചിരുന്നു. മനുഷ്യന്റെ ആത്മാവിൽ അനേകം മാലാഖമാരും പിശാചുക്കളും വസിക്കുന്നു എന്നാണ് അവരുടെ വാദം. പിശാചുക്കളിൽ നിന്ന് ജനിക്കുന്നത് പിശാച് എന്നതാണ് അടിസ്ഥാന യുക്തി. ഈ പഠനങ്ങളുടെ ഉറവിടം വ്യക്തമല്ല). ഇത്തരം കാഴ്ചപ്പാടുകളാണ് വിശ്വാസികളുടെ മനഃസാക്ഷി രൂപപ്പെടുത്തുന്നത് എന്നത് ആശങ്കയുണർത്തേണ്ട കാര്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ