Gentle Dew Drop

ഓഗസ്റ്റ് 09, 2021

കാലത്തിനു വിളക്കാവുന്ന മതം

ജീവിക്കുന്ന മതം ഒരു കാലത്തിനു ഉൾകാഴ്ചയാവേണ്ടതാണ്. ഇന്നുകളെ രൂപപ്പെടുത്തുന്ന ഇന്നലെകളും നാളെകളെ രൂപപ്പെടുത്തുന്ന ഇന്നുകളും ഈ ഉൾകാഴ്ചയാൽ ധന്യമാകേണ്ടതാണ്. മനുഷ്യൻ ചരിത്രനിർമ്മാതാവാണെങ്കിലും ഇന്നുകളെ നിർമിക്കുന്നതിൽ നമ്മെക്കാൾ വലിയ പ്രവർത്തനമാണ് പ്രപഞ്ചം  നടത്തുന്നത്. സംസ്കാരവും ജീവപ്രകൃതിയുമുൾക്കൊള്ളുന്ന ആ കാഴ്ച ദീർഘദർശനം കൂടിയാകുമ്പോഴേ ഒരു മതമെന്നത് ഈശ്വരചൈതന്യത്താൽ നയിക്കപ്പെടുന്നതാണെന്ന് കരുതാനാകൂ. സകലവിശദാംശങ്ങളും മനസ്സിലാക്കിക്കൊണ്ട് ഭാവിയിലേക്ക് നടക്കുകയെന്നല്ല ഇതിനർത്ഥം. മുൻകൂട്ടി കാണാൻ കഴിയുന്ന പ്രവണതകളെ കണ്ടുകൊണ്ട് നന്മയിലേക്ക് നയിക്കേണ്ട വഴിയൊരുക്കുക എന്നതാണ് പ്രധാനം. അത്തരം പ്രവണതകളെ  സംബന്ധിച്ചുണ്ടായേക്കാവുന്ന പ്രതികരണങ്ങളും സംഘർഷങ്ങളും ഇന്ന് രൂപം നൽകുന്ന  സാംസ്കാരികഘടകങ്ങൾക്ക് ആ കാലത്തിലേക്ക് ജീവനോടെ നടക്കുവാൻ വേണ്ട ഉൾകാഴ്‌ച/ഉൾസ്വരം പകർന്നു കൊടുക്കുവാൻ കഴിയുന്നു എന്നതാണ് ആ ഒരുക്കത്തിന്റെ അർത്ഥം.

സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ തകർച്ച മാനവികവും സാംസ്കാരികവുമായ തകർച്ചയിലേക്കും സംഘർഷങ്ങളിലേക്കും നയിച്ചേക്കാവുന്ന ഒരു കാലത്തേക്ക് പതിയെ നമ്മൾ നടന്നടുക്കുകയാണ്. സമൂഹത്തെ ബാധിച്ചു തുടങ്ങിയെങ്കിലും മതം അതിന്റെ നിലവിലുള്ള നിഷ്ഠകളിൽ ഉറപ്പു കാണുകയാണ്. സമൂഹത്തിന്റെ യഥാർത്ഥ അവസ്‌ഥയെ കാണാൻ കണ്ണില്ലാത്ത മതങ്ങളെ സമയം തൂത്തെറിയും. പരസ്യകലയിലൂടെ ലാഭമുറപ്പാക്കുന്ന വ്യാപാരമേഖലപോലെ മതങ്ങളും വ്യാപാരത്തിലേർപ്പെട്ടിരിക്കുകയാണ്. ജനപ്രിയമേറുന്ന പ്രവണതകൾക്കനുസരിച്ചു മതവിഭവങ്ങൾ വിളമ്പുന്ന  പുതിയ തന്ത്രങ്ങൾ നാളേക്ക് വിളക്കാവുന്നവയല്ല. പ്രേക്ഷകരെ/ശ്രോതാക്കളെ ആസ്വദിപ്പിക്കുന്ന/രസിപ്പിക്കുന്നവയാണ് മതഉത്പന്നങ്ങളും.  ചിരിപ്പിക്കുക എന്നതല്ല രസിപ്പിക്കുന്നതിലെ കാര്യം,  പങ്കെടുപ്പിക്കുക എന്നതാണ്. അത് ചെയ്യപ്പെടുന്ന വഴികളെ വേണ്ടവിധം ഓരോ കാലവും വിശകലനം ചെയ്യേണ്ടത് കാഴ്ചയുടെ തെളിമക്ക് ആവശ്യമാണ്. 

സാങ്കേതികവിദ്യകളുടെ വികാസം, ആഗോളതലത്തിൽ നടക്കപ്പെടുന്ന ആശയവിനിമയം, താരാരാധന, ഫാഷൻ, സിനിമ, ചെറുതും വലുതുമായ കൃതികൾ, TV,  മ്യൂസിക് എന്നിവയൊക്കെ ദൈവങ്ങളെ വാഴ്ത്തുക മാത്രമല്ല രൂപപ്പെടുത്തുകയും ചെയ്തു. പ്രബലമായ മതങ്ങൾ എന്ന് സ്വയം വിളിക്കുന്ന സംവിധാനങ്ങൾ ഈ ദൈവങ്ങൾക്ക് പിന്നിലെ മനുഷ്യാവസ്ഥകളോട് സംഭാഷണത്തിലേർപ്പെടുന്നത് എപ്രകാരമാണ്? ആ ദൈവങ്ങൾക്ക് മതത്തിനുള്ളിൽ ഇടം ലഭിക്കുമ്പോൾ സംഭവിക്കുന്നതെന്താണ്? അതിന് ഇടം കൊടുക്കുന്നത് ആരാണ്?  

"What to do when nothing to do?" വളരെ ഗൗരവമുള്ള ഒരു മനുഷ്യാവസ്ഥയായി വളരുകയാണ്. ചെയ്യാൻ കഴിയുന്ന ഒരേ ഒരു പ്രവൃത്തി സ്വയം പ്രതിരോധിക്കുകയും അർത്ഥം തേടുകയുമെന്നതാണ്. അതിന് മതത്തിന്റെയോ വിശ്വാസങ്ങളുടെയോയൊക്കെ ഭാഷ പകരാം. വിശ്വസ്തതയെന്നും പാരമ്പര്യമെന്നും വിളിക്കപ്പെടുന്ന യാഥാസ്ഥിതികത യഥാർത്ഥത്തിൽ വിശ്വാസത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ പോലുമല്ല  രാഷ്ട്രീയമായ ചെറുത്തുനിൽപ്പാണത്. ഓരോരുത്തരുടെയും ദൈവങ്ങളും മതങ്ങളും ശരികളായി പല്ലിളിച്ചു കാണിക്കും, ക്രൂരമായി വേട്ടയാടും. അത് കണ്ടിട്ടും തുച്ഛമായ ലാഭത്തിനു വേണ്ടി മൗനമായിരിക്കുന്ന മതനേതാക്കളെ ഒരു കാലഘട്ടത്തിന്റെ നോക്കുകുത്തികളായി സമയം വിലയിരുത്തും.

കാലത്തിനു വിളക്കാവുന്ന മതം ജീവിക്കുന്നത് അടയാളങ്ങളിലല്ല, ഭൂതകാലത്തിന്റെ ഏതെങ്കിലും ക്രമരീതികളിലുമല്ല, മനുഷ്യവംശത്തെയും ജീവസമൂഹത്തെയും ഒന്നായി മുന്നോട്ടു നയിക്കാനാവുന്ന ജീവിതശൈലികളിലേക്കു നയിച്ചുകൊണ്ടാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ