സ്നേഹിക്കണമെങ്കിൽ അതിനു പറ്റിയ സാഹചര്യം വേണം, സ്നേഹിക്കാൻ അതിനു യോഗ്യരായവർ വേണം, സ്വന്തം നിലനില്പില്ലാതെ സ്നേഹം സാധ്യമല്ല തുടങ്ങിയവ നമ്മുടെ ചിന്തകളിലേക്ക് കടന്നു വരുന്നെങ്കിൽ അത് ക്രിസ്തു നൽകിയ എല്ലാ ധാർമ്മികമൂല്യങ്ങളെയും പുച്ഛിക്കുന്നതാണ്. അത് ക്രിസ്തുവിനു തന്നെ പുതിയ വാർപ്പുരൂപങ്ങൾ സൃഷ്ടിക്കുകയാണ്.
കുതിരപ്പുറത്തു പോയി പടനയിക്കുന്നതല്ല വീര്യവും ധീരതയും. ഒറ്റയായാലും, വിഷമഘട്ടമായാലും ക്രിസ്തു ചൈതന്യം നഷ്ടമാകാതിരിക്കാനാണ് ധീരത എന്ന വരദാനം. അതുകൊണ്ട്, ധൈര്യം പകർന്നു നൽകുന്ന ആദ്യ ഫലം സ്ഥൈര്യമാണ്; 'ക്രിസ്തുവിൽ ആയിരിക്കുക'യാണ് ജീവൻ എന്ന ഉറച്ച ബോധ്യം. ക്രിസ്തുവിന്റെ സമീപനങ്ങളൊക്കെയും ജീവദായകമായിരുന്നു എന്നതാണ് ഓരോ പ്രതികരണത്തിലും സമീപനത്തിലും നമ്മൾ ആദ്യം നമ്മോടുതന്നെ പറയേണ്ടത്. ഈ ദാനങ്ങളൊക്കെയും ഫലദായകമായിത്തീരുന്നത് ക്രിസ്തു എന്ന വ്യക്തിയോട് താദാത്മ്യപ്പെടുവാനുള്ള ആത്മാർത്ഥമായ ആഗ്രഹവും പ്രയത്നവും ഉണ്ടാകുമ്പോഴാണ്. നമ്മൾ നമ്മളല്ലാതായിത്തീർന്നു മരിക്കുന്നതാണ് ഏറ്റവും ദയനീയം. ക്രിസ്തു പരിപൂര്ണസ്നേഹത്തോടെയും ജീവദായകമായും മരിച്ചത് ക്രിസ്തു ക്രിസ്തുവായിത്തന്നെ അവസാനം വരെ ജീവിച്ചു മരിച്ചതുകൊണ്ടാണ്. സഭയെക്കുറിച്ചും, ക്രിസ്തുവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നിലനില്പും മരണവും സ്വയം നഷ്ടപ്പെടുത്തലാണ്.
നമ്മിലാരും തന്നെ പരിപൂർണ്ണമായ സ്നേഹം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമ്മൾ കൃപയിലാശ്രയിക്കുന്നതും, വളർച്ചയുടെ പ്രക്രിയയിൽ, മേല്പറഞ്ഞ ധീരതയോടെയും ക്ഷമയോടെയും മുന്നോട്ടു പോകുന്നതും. എന്നാൽ വെറുപ്പും സംശയവും പകയും മനഃപൂർവം സൃഷ്ടിച്ചു താലോലിക്കുന്നതും അതിനെ ആത്മീയവത്കരിക്കുന്നവിധം നിർവചനം നൽകുന്നതും സത്താപരമായിത്തന്നെ ക്രിസ്തുവിന്റെ സ്വഭാവത്തിന് എതിരാണ്. ക്രിസ്തുവിന്റെ വിളിയെന്നത് ക്രിസ്തുവിനെപ്പോലെയാകുവാനാണ്; ആ വിളിയോടുള്ള വിശ്വസ്തത എന്നത് ക്രിസ്ത്വാനുകരണമാണ്. ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കാത്ത സമീപനരീതികളെ എന്തിന്റെ പേരിലാണ് ക്രിസ്തുവിനോടുള്ള വിശ്വസ്തതയായി നമുക്ക് കാണാൻ കഴിയുന്നത്? ക്രിസ്തീയ പൗരോഹിത്യത്തിന്റെ വിളിയും അപരതക്കു കാരണമാകുന്ന മതരൂപീകരണത്തിനും സംരക്ഷണത്തിനുമല്ല, തന്നിലും സമൂഹത്തിലുമുള്ള ക്രിസ്തുരൂപീകരണത്തിനുള്ളതാണ് ആ വിളി.
ദൈവത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള മതരൂപീകരണങ്ങൾ അത് സംവിധാനം ചെയ്യുന്ന നിര്മാതാക്കൾക്കേ ലാഭമുണ്ടാക്കൂ. ക്രിസ്തു ആഗ്രഹിച്ച സഭയാകുവാനും അങ്ങനെ ലോകത്തിനു സാക്ഷ്യമാകുവാനുമാണ് സഭയുടെ വിളി. നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ചു ഭാവന ചെയ്യാവുന്ന സഭയിൽ ക്രിസ്തു ആഗ്രഹിച്ചതെന്തോ അത് പൂർത്തീകരിക്കപ്പെടുന്നില്ലെങ്കിൽ അത് സഭയേ അല്ല. അതിനേൽക്കുന്ന മുറിവുകൾ ജീവദായകമാകില്ല, അത് വിഷം വമിപ്പിക്കുന്ന വൃണങ്ങൾ സൃഷ്ടിക്കും. ക്രിസ്തുസ്വഭാവമില്ലാത്ത സഭയെ സ്നേഹിക്കുകയെന്നോ അതിനോട് വിശ്വസ്തത കാണിക്കുകയെന്നോ പറയുന്നതിൽ അർത്ഥശൂന്യത മാത്രമല്ല ജീവശൂന്യതയാണ്.
സമരായക്കാരൻ വഴിയിൽ കണ്ട മൃതപ്രായനായവനേപ്പോലെ ഇന്ന് സഭക്ക് ആവശ്യമായ സൗഖ്യശുശ്രൂഷക്ക് സ്വയം നൽകുകയെന്നത് കൃപയോടുള്ള സഹകരണമാണ്. അതിന് നമ്മളോരോരുത്തരുമാണ് ക്രിസ്തുവിന്റെ മനോഭാവങ്ങൾ ധരിക്കുവാൻ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടത്. അപ്പോഴേ അത് യഥാർത്ഥ സഭാസ്നേഹമാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ