Gentle Dew Drop

ഓഗസ്റ്റ് 23, 2021

പൂർണ്ണതയിലേക്കുള്ള തുറവി

നമ്മെത്തന്നെ പൂർണ്ണമായി അറിയണമെങ്കിൽ നമ്മുടെ അപൂര്ണതകളെക്കുറിച്ചു കൂടി അറിയേണ്ടതുണ്ട്, പറയേണ്ടതുണ്ട്. അപരത കല്പിക്കപ്പെട്ടിട്ടുള്ള എവിടെയോ ആണ് ഈ അപൂർണ്ണതകൾ കൃപയാൽ പൂർണ്ണമാക്കപ്പെടുന്നത്. സമൂഹവും സഭയും പൂർണ്ണമാക്കപ്പെടുന്നതും അങ്ങനെ തന്നെ.

സാർവ്വത്രികത എന്നത് പൂർണ്ണതയിലേക്കുള്ള തുറവിയാണ്. 'പുറത്ത്' എന്ന് കാണപ്പെടുന്നവയിൽ പ്രകാശിക്കുന്ന കൃപയുടെ വെളിച്ചത്തിൽ ആനന്ദിക്കാനുള്ള എളിമയുണ്ടെങ്കിലേ അവയെ സ്വീകരിക്കാനാകൂ. ആ സാർവ്വത്രിക മാനം (catholicity) ഹൃദ്യമാക്കിയാൽ മനുഷ്യത്വരഹിതമായ സമീപനങ്ങൾ ഒഴിച്ച് മറ്റെല്ലാം സ്വീകാര്യമായി കാണുവാൻ കഴിയും; സംസ്കാരങ്ങളും വിശ്വാസങ്ങളും എല്ലാം. അന്യതാവത്കരണത്തിന് അർഹമാകുന്നത് 'അവിശ്വാസികൾ' എന്ന ഗണമല്ല, ജീവനും നന്മക്കും വിഘാതമാകുന്ന സമീപനങ്ങളാണ്.

തികച്ചും സാധാരണക്കാരായവരുടെ ഹൃദയസ്പന്ദനങ്ങളിലാണ് ഒരു സമൂഹമനഃസാക്ഷിയുടെ യഥാർത്ഥ ശബ്ദം. സാർവത്രികതയുടെ അടിസ്ഥാനം ഈ ശബ്ദത്തോട് സമൂഹം മൊത്തത്തിൽ എങ്ങനെ ചെവികൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാവും. അപൂർണ്ണതതകളെക്കുറിച്ച് ഏറ്റവും നിഷ്കളങ്കമായി പ്രതികരിക്കാനാവുന്നതും അവർക്കാണ്. അതുകൊണ്ട് ശക്തമായ കോട്ട എന്ന് സ്വയം പറയുമ്പോഴും എവിടെയൊക്കെ പൊളിച്ചുപണി വേണമെന്ന് വിശദമായല്ലെങ്കിലും തിരിച്ചറിയാൻ കഴിയുന്നതും അവർക്കാണ്.

ആധുനികത ഞെക്കിഞെരുക്കിയ മനുഷ്യാവസ്ഥയെ തുറന്നു കാട്ടിയ താത്വികവും സാമൂഹികവുമായ വിലാപങ്ങൾക്കുനേരെ പുറംതിരിച്ചുനിന്ന ഏതാനം വർഷങ്ങളാണ് സഭയെ ഒരു കാലഘട്ടത്തിലേക്കെങ്കിലും കാലഹരണപ്പെട്ടതാക്കിയത്. മാറിയ മനുഷ്യാവസ്ഥയിലും സാമൂഹികക്രമത്തിലും റോമൻ ചക്രവർത്തിയും, ഭരണരീതിയും, നിയമങ്ങളും അസ്പർശനീയമായിരിക്കുമെന്നു കരുതിയ സമീപനങ്ങളെയാണ് ബിഷപ്പ് ക്രിസ്റ്റഫർ ബട്ട്ലർ ശാശ്വതമായ/സ്മരണീയമായ അസംബന്ധം (Monumental Irrelevance) എന്ന് വിളിച്ചത്.

തറവാട് പ്രൗഢിയും, കാരണവരുടെ വാഴ്ചയും, നിശ്ശബ്ദരാവേണ്ട അടിയാനുമാണ് പൈതൃകമായ സഭാസംവിധാനമായി നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ അതിലേർപ്പെട്ടിരിക്കുന്നവർ ഈ കാലഘട്ടത്തെ വീണ്ടും സ്മരണീയമായ അസംബന്ധമാക്കുകയാണ്. ഉത്തരങ്ങളില്ലാത്ത സങ്കീര്ണതകളിൽ കാലം മനുഷ്യന് കുരുക്കിടുമ്പോൾ മതം അവർക്ക് അർത്ഥമായെങ്കിലേ മതത്തിൽ സത്യവും ജീവനും കാണപ്പെടൂ. പകരം, 'ഞങ്ങളുടെ ശരി'കളാണ് എല്ലാവര്ക്കും എക്കാലവും ശരികളാവേണ്ടത് എന്ന് നിർബന്ധിച്ചു പറയുമ്പോൾ അത് ബലപ്രയോഗമാണ്, സത്യത്തോടുള്ള കൂറല്ല. വിദഗ്‌ദരായവർ പുറത്തും അകത്തുമുള്ളപ്പോഴും കേഴ്വിയാണ് അന്യമാകുന്നത്. സ്തുതിപാഠകരും കുഴലൂത്തുകാരും തങ്ങൾക്കു വേണ്ടി കുറച്ചു ആൾബലമുണ്ടാക്കുന്നതിനാൽ അവർ കേൾക്കപ്പെടുകയും ചെയ്യുന്നു.

തകർന്ന കോട്ടഭിത്തികൾ പുനർനിർമ്മിക്കുകയല്ല ആവശ്യം, കോട്ട വിട്ട് പുറത്തിറങ്ങുകയാണ്. കേൾക്കാനും പഠിക്കാനും. സ്വയം തീർത്ത സുരക്ഷയിലുള്ള ശൂന്യതയുടെ ശാശ്വതമായ ഓർമ്മയാവട്ടെ നിലവിലുള്ള കോട്ടകൾ. ഒരു കാലത്ത് സാമൂഹികവും താത്വികവുമായ വെല്ലുവിളികളായിരുന്നെങ്കിൽ ഇന്ന് പാരിസ്ഥിതികവും സംഘർഷപൂർണവുമായ വെല്ലുവിളികളുണ്ട്. പാർപ്പിടം, ഭക്ഷണം തൊഴിൽ എന്നിവ പറയപ്പെടാതെയാണെങ്കിലും മനുഷ്യാവസ്ഥയിലെ ദയനീയഭാവമായിത്തീർന്നു കഴിഞ്ഞു. അസ്പർശനീയമാകുവാൻ നമുക്കാവില്ല. വ്യത്യസ്തമായി പറയുന്നവർ ശത്രുക്കളാവണമെന്നില്ല എന്നത് അറിയേണ്ടതുണ്ട്. വ്യക്തമായ ധാരണയില്ലെങ്കിലും പലതലങ്ങളിൽ നിന്ന് വിദഗ്ദമായ പഠനങ്ങളെ കേൾക്കാൻ നമുക്കാവണം. അവരിലൂടെ സത്യം നമ്മുടെ കാതുകളിലേക്കു വരട്ടെ. സത്യം നമ്മെ സ്വതന്ത്രരാക്കുകയും കൃപ നയിക്കുകയും ചെയ്യുമ്പോൾ ഗതിയില്ലാതെ അലയുന്നവരാവില്ല നമ്മൾ. ഗതികെട്ട (directionless) ഒരു കാലത്തിനു ദിശ നൽകാൻ കഴിയുന്നവരാണ് ഒരു കാലഘട്ടത്തിനുള്ള വെളിച്ചം കണ്ടു മുന്നോട്ടു നയിക്കുന്നത്. പൂർണ്ണതയിലേക്ക് വളരുന്നത് ഒരു പ്രക്രിയയാണ്. ആ പ്രക്രിയയിൽ നിറവ് നൽകുന്നതിൽ 'അപരർ'ക്കു വലിയ പങ്കാണുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ