Gentle Dew Drop

ഓഗസ്റ്റ് 01, 2021

ബലിമേശയിൽ

ജീവന്റെ അപ്പമായ ക്രിസ്തുവിനെ സ്വന്തം ശരീരത്തിലും സഭയെന്ന ശരീരത്തിലും അറിയാതെ, ശരീരമായിത്തീർന്ന  അപ്പത്തെ മനസ്സിലാക്കാനാവില്ല. ജീവന്റെ അപ്പത്തെ അറിയേണ്ടത് അനുരഞ്ജനവും ഐക്യവുമുള്ള സമൂഹത്തിലാണ്. അപ്പോഴേ വാഴ്ത്തി വിഭജിച്ച അപ്പത്തിലെ ജീവസാന്നിധ്യം അനുഭവിക്കാനാകൂ.

ദൈവത്തിന്റെ ഹൃദയത്തിലേക്ക് ഉയർത്തേണ്ട ഹൃദയങ്ങളിൽ നിറയുന്ന വികാരം അസഭ്യവും ആക്രോശവുമാണെങ്കിൽ അർപ്പിക്കപ്പെടുന്ന ബലികൾ ദൈവജീവനെ നിരസിക്കുന്നവയാണ്, മരണത്തെ സ്വയം പുൽകുന്നതാണ്. നമ്മിൽ മരണം വസിക്കുന്നതിന്റെയും ജീർണതയുടെ അവസ്ഥകൾ കൂടുന്നതിന്റെയും കാരണം ഇതാവാം. അപ്പത്തിൽ വസിക്കുന്ന ക്രിസ്തുവിനെ ആരാധിക്കുന്നെന്നു നടിക്കുകയും പരസ്പരം ദ്വേഷിക്കുകയും ചെയ്യുന്നതിൽ ക്രിസ്തുവിനോട് കാണിക്കുന്ന ആക്ഷേപം കൂടിയുണ്ട്.

സ്വയം വിവേചിച്ചു നോക്കാതെ അപ്പം ഭക്ഷിക്കുന്നവർക്ക് ക്രിസ്തുവിൽ ഭാഗഭാഗിത്തമില്ല. ബലിമേശക്കു ചുറ്റും, ജീവൻ നൽകുന്ന അപ്പത്തിനു ചുറ്റും തിങ്ങിക്കൂടുന്ന അണികളും സ്തുതിപാഠകരുമല്ല ക്രിസ്തീയത വെളിപ്പെടുത്തുന്നത്, മറിച്ച്, ക്രിസ്തുവിന്റെ കൂടെ ബലിമേശയിൽ സന്നിഹിതരാകാൻ ഒരുക്കമുള്ളവരാണ്. അനീതിയാൽ വിശപ്പും ദാഹവും സഹിക്കുന്നവരുടെ ഒട്ടിയ വയറുകൾ ദിവ്യകാരുണ്യത്തിന്റെ മേശയും സക്രാരിയുമാവേണ്ടതാണ്. ആ ബലിമേശ വിശാലവും അരികില്ലാത്തതുമാണ്, എന്നാൽ അവിടേക്കു വരാനുള്ള വാതിൽ ഇടുങ്ങിയതാണ്. മാംസളഹൃദയമുള്ളവർക്കേ അകത്തുകടക്കാനാകൂ.

ബലിവേദി അഹന്തയുടെ സ്ഥാപനത്തിനുള്ള ഇടമാക്കപ്പെടുമ്പോൾ, വിഭജിക്കപ്പെടുന്ന അപ്പത്തിന്റെ സാന്നിധ്യമായി തെരുവീഥികളിലും രോഗിക്കിടക്കക്കരികിലും സ്നേഹപ്രകാശനവുമായി സ്വയം കൂദാശയാകുന്ന ആളുകൾ കൂടി വരുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ