Gentle Dew Drop

ഓഗസ്റ്റ് 03, 2021

ഒരുക്കത്തിന്റെ സമയമാവേണ്ട ഈ കാലം ...

അനുരഞ്ജനത്തിലേക്കു വിളിക്കുന്ന ഇടയരെയോ പ്രവാചകരെയോ കാണാനില്ല. ഏതൊക്കെയോ ചീത്തവിളികൾ അവരെ താങ്ങിനിർത്തുന്നതുകൊണ്ടാവാം അവരുടെ മൗനാനുവാദവും പ്രോത്സാഹനവും! ക്രൂശിതനെ കുരിശിനോട് ചേർത്ത് നിർത്തിയത് ധൂപത്തിന്റെ സുഗന്ധവും ആരാധനാഗീതികളുമായിരുന്നില്ല, അന്ത്യത്താഴസമയത്ത് അവൻ പറഞ്ഞത് ജീവിതശൈലിയെക്കുറിച്ചായിരുന്നു ആരാധനാരീതിയെക്കുറിച്ചായിരുന്നില്ല.

ഒരുക്കത്തിന്റെ സമയമാവേണ്ട ഈ കാലം ദൈവത്തിന്റെ പേരിൽ ആരാധനാരീതികളെ ആരാധിക്കുവാൻ മർക്കടമുഷ്ടിയുടെ ബാധ കേറിയ കാലം. രീതികളും ബലികളും വിട്ട് ഇന്നുള്ള ദയനീയ അവസ്ഥയിൽ സേവനങ്ങളിൽ ദൈവത്തെ അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാവങ്ങൾ കടന്ന് നന്മയാവാം മനുഷ്യസമൂഹത്തെ ഇനി നയിക്കേണ്ടത് (നന്മയിൽ സത്യവും സൗന്ദര്യവയും ഉൾച്ചേരുന്നതാണ്. പരസ്പരം മാറ്റി നിർത്താനാവില്ലെങ്കിലും പ്രകടമായ ഒരു സാമൂഹികസമീപനരീതിയായി ഓരോ കാലഘട്ടത്തിലും ഇതിലൊന്ന് കൂടുതൽ പ്രബലവും അഭിലഷണീയമാകാറുണ്ട്).
കോവിഡും അത് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പശ്ചാത്തലവും വരും കാലത്തെ മനുഷ്യജീവിതത്തെ നന്മകളുടെ ആന്തരികനിധികൾ തുറക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. നന്മകൾ സഹവർത്തിത്വവും പങ്കുവയ്ക്കലും ഉൾകൊള്ളുന്നതുകൊണ്ട് അത്തരം സമീപനരീതികളെ ക്രിയാത്മകമായി പൊതുവായ ജീവിതധാരയാക്കുകയാണ് മതങ്ങളുടെ സമകാലീന പ്രസക്തി. പൊള്ളലേറ്റു മരണാസന്നമായ ഒരാളുടെ ശരീരം ഏറ്റവും ചെറിയ സ്പർശനത്താൽ പോലും വേദനിക്കും. എന്നാൽ, കാട്ടുതീയെരിയിച്ചു കളഞ്ഞ വനത്തിൽ പോലും ജീവന്റെ പുതുനാമ്പുകൾ മുളച്ചു വരുന്നത് ആന്തരികജീവൻ നശിപ്പിച്ചു കളയാത്തതു കൊണ്ടാണ്. മാത്രമല്ല സ്വയം രൂപാന്തരപ്പെടുത്തേണ്ടത് സാധ്യമാക്കിക്കൊണ്ടുകൂടിയാണ് അത് യാഥാർത്ഥ്യമാകുന്നത്. തൊട്ടാൽ വേദനിക്കുന്ന മതത്തിനു മനുഷ്യനെ ചേർത്തുപിടിക്കാനാവില്ല. മതം ജീവിക്കുന്നതിന്റെ അടയാളം കാണിക്കുന്നെങ്കിൽ അത് ചില്ലുകൂടിലിട്ട ഭൂതകാല അടയാളങ്ങളാവില്ല, സമയത്തിനൊത്ത് ഹൃദയങ്ങളെ ചേർത്തുനിർത്തുകയും ജീവനിലേക്കു വളരുകയും ചെയ്യുകയാണ് ജീവിക്കുന്ന മതം.
ഭക്ഷണദൗർലഭ്യം, സാമ്പത്തികത്തകർച്ച, കാലാവസ്ഥാ ദുരിതം, പുതിയ വൈറസുകളുടെ വളർച്ച തുടങ്ങിയവ പ്രവചനാതീതമാം വിധം അടിയന്തരാവസ്ഥകൾ സൃഷ്ടിക്കുകയാണ്. കടന്നുപോകേണ്ട ഈ കാലത്തെ വ്യത്യസ്തമായ സാഹചര്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് നന്മകളുടെ ഒരു ജീവിതക്രിയ രൂപപ്പെടുത്തുകയാണ് മതങ്ങൾ ചെയ്യേണ്ടത്. മനുഷ്യകുലം മുഴുവൻ ഇല്ലാതാകുന്ന ഒരു അവസ്ഥ വന്നു ചേർന്നാലും പരസ്പരം ആശ്വസിപ്പിച്ചും സമാധാനത്തിലും ആ അവസാനകാലങ്ങൾ ജീവിക്കാമല്ലോ.
ചെങ്കടൽ കടക്കുന്ന സമയത്താണ്, വരും കാലങ്ങളിൽ എങ്ങനെയാണു പെസഹാ ഭക്ഷിക്കേണ്ടതെന്നു ആലോചിച്ചു തീരുമാനിക്കണമെന്നും ചിലർക്ക് തോന്നിയത്.
ഒരു വെറൈറ്റി വേണ്ടേ? ഐക്യവും ഒരുമയും കൂട്ടാൻ മൂന്നുമണി മുതൽ അത്താഴം വരെ ചീത്തവിളി, ചെളിവാരിയെറിയൽ, ഉന്തുംതള്ളലും മുതലായവ ഉണ്ടായിരിക്കും...
ഈ ന്യൂ ജൻ പിള്ളേരുടെ ഒരു കാര്യം; തലമൂത്തവരൊക്കെ കണ്ടുനിന്നു രസിച്ചു. തങ്ങളുടെ പേരുകളും ഇടയ്ക്കു വരുമ്പോൾ അത് ചെറുക്കാൻ പരമ്പരാഗതമായ ചീത്തകൾ നാലഞ്ചെണ്ണം പറഞ്ഞു കൊടുക്കുകയും ചെയ്തു. നാല് മണി പോലുമായില്ല, മുഖങ്ങൾ വികൃതമായി, പല്ലുകൾ നഷ്ടമായി. അത്താഴത്തിന്റെ മേശ ഒരുക്കാൻ പോലും ആളില്ല.

അഭിപ്രായങ്ങൾ കൊണ്ട് രൂപപ്പെടുന്ന ഒരു കളിമൺരൂപമല്ല ക്രിസ്തു. അത്തരം കളിമൺ ക്രിസ്തുവിനാണ് സംരക്ഷണം ആവശ്യമുള്ളത്. കയ്യപ്പാസും പീലാത്തോസും ഹേറോദേസും കൂടിയ കൂട്ടുകമ്പനിയാണ് സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹേറോദേസിന്റെ അരമനയിലെ വിരുന്നിനു ശേഷം വന്ന കല്പന സ്നാപകന്റെ ശിരസ്സറുക്കുകയെന്നായിരുന്നു. രാജാക്കൾ ഒത്തു കൂടിയ വിരുന്നു മേശയിൽ സാധാരണക്കാർക്കിടമില്ലായിരുന്നു. ക്രൂശിതന്റെ ബലിമേശ അങ്ങനെയല്ലല്ലോ. ആ ബലിയനുസ്മരണവും അങ്ങനെയാവരുത്.

ജീവൻ പകരേണ്ടവയെ തന്നെ നാശകാരകമായി മാറ്റുന്നതിനെ poisonous chalice എന്ന് പറയാറുണ്ട്. ഈ പാനപാത്രമുയർത്തിയാണ് "നിങ്ങൾ ഇത് വാങ്ങി കുടിക്കുക" എന്ന് ഇന്ന് പറയപ്പെടുന്നത്. വിഷമിറങ്ങി മരണം വ്യാപിച്ചു കഴിഞ്ഞു. വെറുപ്പ് കൊണ്ടും ചീത്തവിളികൾ കൊണ്ടും തുറക്കപ്പെടുന്ന കല്ലറയേതാണ്? അതിൽ നിന്നുയിർക്കുന്ന ക്രിസ്തു ആരാണ്? തീർത്ഥജലം നിറച്ചിരുന്ന കൽത്തൊട്ടികളിൽ അഴുക്കു നിറഞ്ഞിരിക്കുന്നു എന്ന് കുറേപ്പേരെങ്കിലും അറിയുന്നു. അത് മാറ്റിയേ തീരൂ എന്ന് അവർക്കറിയാം. അവർക്കനുവദനീയമല്ലാത്തതിനാൽ നിരാശരായി അവർ അകന്നു പോകുമ്പോൾ ഇടയൻ ശാന്തമായ ജലാശയത്തിങ്കലേക്ക് പച്ചപ്പുൽത്തകിടികളിലേക്ക് അവരെ നയിക്കുന്നു. അവിടെ അവർ തൃപ്തരാക്കപ്പെടും. കനിവിന്റെ കണ്ണുകളിലേക്കു നോക്കി പങ്കുവയ്ക്കുന്ന അഞ്ചപ്പങ്ങൾ പുതിയ ആരാധനാരീതിയായിക്കഴിഞ്ഞു.

കേരളസഭയിലെ പ്രതിസന്ധികൾ വിശ്വാസികളെ അതിദയനീയമായി ഉലക്കുന്നുണ്ട്. രക്തച്ചൊരിച്ചിലിന്റെ കാലത്തു കുറേപ്പേർ വനാന്തരങ്ങളിലേക്കു പിന്മാറി എന്ന് പറയുന്നത് പോലെ പരിപൂർണ്ണ ക്രിസ്ത്യാനിയാകാൻ മുന്നോട്ടു വയ്ക്കപ്പെട്ട ശക്തമായ ആത്മീയതയിൽ നിന്ന് മാറി തികച്ചും സാധാരണത്തങ്ങളിലേക്കു മടങ്ങി ആത്മാർത്ഥവും ലളിതവുമായ ആത്മീയരീതികളും, സാധിക്കുന്ന നന്മകളും സൗഹൃദങ്ങളും സ്വർഗ്ഗമുറപ്പാക്കുന്ന ക്രിസ്തുമാർഗമാണെന്ന് വിശ്വസിച്ചുതുടങ്ങിയ അനേകരെ ഇന്ന് കാണാം. ചീത്തവിളിയും, വെറുപ്പും ക്രിസ്തുവിന്റെ വഴിയല്ലെന്നു പറയാൻ ഒരു ഇടയനും പ്രവാചകനും തയ്യാറാവാത്തത് അവരെ കൂടുതൽ വേദനിപ്പിക്കുന്നു.

കേരളസഭയിലെ പ്രതിസന്ധികൾ, എന്നാൽ, വളരെ കൊച്ചു കാര്യമാണ് എന്നു തോന്നുന്നു. ആഗോളതലത്തിൽ കത്തോലിക്കാ സഭയെ വലിയ പ്രതിസന്ധിയിലാക്കിയേക്കാവുന്ന പ്രവണതയാണ് American Catholicism. അത് അമേരിക്കയിലെ കാത്തോലിക്കാ വിശ്വാസികളെക്കുറിച്ചല്ല, അവരുടെ പൊതുവെയുള്ള വിശ്വാസത്തെക്കുറിച്ചുമല്ല. മറിച്ച്, ആഗോള കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽനിന്നും വ്യത്യസ്തമായി യാഥാസ്ഥിതികവും വിഭാഗീയവും അസഹിഷ്ണവുമായ നിലപാടുകൾ സ്വീകരിക്കുന്ന സമൂഹങ്ങൾ രൂപപ്പെടുത്തുന്ന 'കത്തോലിക്കാ' വിശ്വാസം ആണത്. അവസാനകാല വെളിപാടുകൾ, മരിയൻ ദർശനങ്ങൾ തുടങ്ങി വളരെ വിശ്വസനീയമായ മതരൂപങ്ങളിലൂടെ  അവരുടെ ഇടുങ്ങിയ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിൽ അവർ വിജയിക്കുന്നുണ്ട്. സംഭാഷണങ്ങളും സംവാദങ്ങളും അവർ സ്വാഗതം ചെയ്തേക്കില്ല. വിശ്വാസം അവർക്കു ആദർശമാണ്, തത്വങ്ങളാണ്. സഭ രാജകീയമായി ഭരിച്ച കാലങ്ങളിലെ പ്രൗഢിയിൽ പൗരോഹിത്യവും അതിന്റെ മാസ്മരികതയും തുടരുകയും, സഭയുടെ സർവ്വാധികാരം കുറെ സംവിധാനങ്ങളിലെങ്കിലും കാണപ്പെടുകയും ചെയ്യണം എന്ന് കരുതുന്നവരാണിവർ. ആധുനിക ലോകത്തെ മനുഷ്യനും സംസ്കാരവുമായി വിശ്വാസം ഏതു തരത്തിൽ സംസാരിക്കുന്നു എന്നത് തീർത്തും അകറ്റി നിർത്തുവാൻ ശ്രമിക്കുകയാണ് അവർ. സങ്കീർണമായ ഒരു ലോകക്രമത്തിൽ വിശദാംശങ്ങൾ വിശദീകരിച്ചു പറഞ്ഞു സമൂഹങ്ങളെയോ സംസ്കാരങ്ങളെയോ നയിക്കാൻ ഒറ്റയുത്തരങ്ങൾ നമുക്കില്ല. പരിശുദ്ധാത്മാവ് ഓരോ കാലഘട്ടത്തിനും നൽകുന്ന ജീവസാന്നിധ്യത്തെ തിരിച്ചറിഞ്ഞേ നമുക്കു മുന്നോട്ടു നടക്കാനാകൂ.

വിശദമായ വിശകലനം സാധിക്കുന്നവർക്ക് ഇത്തരം പ്രവണതകൾ എങ്ങനെ നമ്മുടെ വിശ്വാസത്തെയും നമ്മൾ വിശ്വസിക്കുന്ന സന്ദേശങ്ങളെയും സ്വാധീനിക്കുന്നു എന്ന് മനസിലാക്കാം. ഉറവിടങ്ങളും വികസനരീതികളൂം മനസിലാക്കാം. തല്പരലക്ഷ്യങ്ങളുള്ള ദർശനങ്ങൾ പ്രചോദനങ്ങളോ വെളിപാടുകളോ അല്ല. അത്തരത്തിൽ ആഴത്തിൽ പോവുകയെന്നത് എല്ലാവരെയും സംബന്ധിച്ച് അത്യാവശ്യമല്ല. വിശ്വാസത്തിന്റെ പേരിൽ പിളർപ്പുകളും സംഘർഷങ്ങളും വളരുകയും കൂടുതൽ പ്രബലമാവുകയും ചെയ്യുന്ന നാളുകളിൽ ക്രിസ്‌തുവിനെ തിരിച്ചറിയേണ്ടത് ഹൃദയത്തിന്റെ നൈർമല്യത്തിലാണ്. പരസ്പരം സ്നേഹിക്കാനും, നന്മ ചെയ്യാനും, കരുണ കാണിക്കാനും പഠിപ്പിച്ച ക്രിസ്തുവിനെ കാണാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ എത്ര വലിയ ഭക്തിയും ആരാധനയും, ജ്വലിക്കുന്ന പ്രവാചകനും, വഴി പറയുന്ന ഇടയരും ഉപേക്ഷിക്കപ്പെടണം. ക്രിസ്തുവിന്റെ പിന്നാലെ നടക്കുക. ആരും ഒറ്റയാവില്ല, അവന്റെ ഹൃദയമറിഞ്ഞ ഏതെങ്കിലും മഗ്ദലേനക്കാരിയും ദൈവം സ്നേഹം മാത്രമെന്ന് തൊട്ടറിഞ്ഞ ഒരു യോഹന്നാനുമൊക്കെയുണ്ടാകും. 

ഒരു കാലചക്രം കടന്നു തിരികെയെത്തിയാൽ, ഇന്നത്തെ ഗ്രീക്ക് ദേവാലയങ്ങൾ പോലെ അവശേഷിക്കുന്ന ബലിപീഠങ്ങളും അടച്ചിട്ട ദേവാലയ വാതിലുകളും കണ്ടേക്കാം.  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ