Gentle Dew Drop

ഒക്‌ടോബർ 26, 2023

കാഴ്ച

നിയമം മരണകാരണമായി എന്ന് വി. പൗലോസ് ഊന്നിപ്പറഞ്ഞത് അതിലെ കൃപാശൂന്യതയെ കണ്ടുകൊണ്ടാണ്. ഉപഭോക്തൃസംസ്കാര ശൈലി സ്വീകരിച്ച ഭക്തിരൂപങ്ങളും സെക്കുലർ മൂല്യങ്ങൾ പാലിച്ചുപോരുന്ന ആഘോഷങ്ങളും ഇവന്റുകളും  നമ്മുടെ തിരുനാളുകളെയും ആഘോഷങ്ങളെയും കൃപാശൂന്യമാക്കുകയും ജീവരഹിതമാക്കുകയും ചെയ്യുകയാണ്. 

കൂദാശയാവട്ടെ, ഏതൊരു കാഴ്ചയും അർച്ചനയുമാവട്ടെ, മനുഷ്യന്റെ മനഃസ്ഥിതിയെയും ഹൃദയാഭിലാഷങ്ങളെയും ചേർത്തുവെക്കാൻ  കഴിയുന്നതിലാണ് അത് ദൈവമനുഷ്യ സമ്പർക്കത്തിന്റെ ഉപാധിയാകുന്നത്. ഒരു കാഴ്ച (എണ്ണ, പൂവ്, വെള്ളരിക്ക, പാൽ, പഴം) മനുഷ്യന്റെ അധ്വാനമായോ ജീവിതമായോ, കാഴ്ചയുടെ സ്വഭാവവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഗുണവുമായോ ചേർന്ന് നിൽക്കുന്നു.  സ്വാഭാവികത നഷ്ടപ്പെടുത്തിയാൽ ഭക്തിയും വിശ്വാസവും ഹൃദയം നഷ്ടപ്പെട്ടു ശൂന്യമാകും. സ്വർണ്ണത്തിന്റെയോ രത്നത്തിന്റെയോ പൂവോ പഴമോ കാഴ്ചയുടെ ആന്തരിക അർത്ഥം ഉൾക്കൊള്ളുന്നതല്ല. സ്വർണ്ണം അർപ്പിക്കേണ്ടവർ സ്വർണ്ണം എന്തിനുപയോഗിക്കുന്നോ ആ രീതികളിൽ അർപ്പിക്കട്ടെ. സ്വർണ്ണമോ രത്നമോ ആയതു കൊണ്ട് ദൈവം കൂടുതൽ അനുഗ്രഹം  തരുമെന്ന് പ്രതീക്ഷിക്കുകയുമരുത്. ദൈവമോ വിശുദ്ധരോ ഏതെങ്കിലും പ്രത്യേക കാഴ്‌ച ഇഷ്ടപ്പെടുന്നു എന്ന ഒരു വിശ്വാസവും ക്രിസ്തീയതയിലില്ല. അങ്ങനെയുള്ള ഒരു കാഴ്ച 'വണക്കയോഗ്യ'മാണെന്നു കരുതുന്നത് തീർത്തും അസ്വീകാര്യമാണ്.

നിരവധി ഉദാഹരണങ്ങൾ കൺമുമ്പിലുണ്ട്. കൃപാസനം പത്രത്തിന്റെ ശക്തി, നിയോഗമാതാവ്, പല സ്ഥലങ്ങളിലായി ശക്തി കൂടുതലും കുറവുമുള്ള ഉണ്ണീശോ, സെഹിയോനിലെ അഭിഷേകമുള്ള മണ്ണ്, അവിടുത്തെ കുരിശിന്റെ ഫോട്ടോ ഷെയർ ചെയ്യുന്നതുകൊണ്ടുള്ള അത്ഭുതങ്ങൾ അങ്ങനെ നിരവധി. അവയിലെ ന്യൂന്യതകളെ കണ്ടിട്ടും എല്ലാം വിശ്വാസമായും ഭക്തിയായും വാഴ്ത്തിയ നമ്മൾത്തന്നെ ഒരു നിമിഷം സത്യവിശ്വാസവും ശുദ്ധവിശ്വാസവും  ആഗ്രഹിക്കുന്നത് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയല്ല. എന്റെ തെറ്റ് മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ന്യായീകരിക്കാനാവില്ല എന്നതുപോലെ തന്നെ, എന്റെ തെറ്റുകളെ പൂജനീയമാക്കിക്കൊണ്ട് മറ്റുള്ളവരുടെ തെറ്റുകളെ എതിർക്കാനുമാവില്ല. രണ്ടിലും വിശ്വാസത്തിന്റെ നവീകരണമല്ല.

ലക്ഷങ്ങൾ കത്തിത്തീരുന്ന കരിമരുന്നു കലാപ്രകടനങ്ങൾ, സംഗീതവിരുന്നുകൾ, സ്വീകരണങ്ങൾക്കായി കിലോമീറ്ററുകൾ നീളുന്ന ഫ്ളക്സ് പ്രദർശങ്ങൾ  എന്നിവയിലെല്ലാം, വിശുദ്ധീകരിക്കപ്പെട്ട ലൗകികതയാണ്. സെക്കുലറിസമെന്നും കൺസ്യൂമേറിസമെന്നും വിളിക്കപ്പെടുന്നവ മതവ്യാപാരങ്ങളിൽ കാണുമ്പോൾ എല്ലാം ശുദ്ധമാണ്. എല്ലാം ദൈവത്തിനു വേണ്ടിയുള്ളതാണല്ലോ. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ