Gentle Dew Drop

ഒക്‌ടോബർ 29, 2023

സ്ത്രീകൾക്ക് നിവർന്നു നടക്കാനാവാത്തത്

യേശുവിന്റെ കാലത്തും ഇന്നും, സ്ത്രീകൾക്ക് നിവർന്നു നടക്കാനാവാത്തത് ശാരീരികാസ്വാസ്ഥ്യം കൊണ്ട് മാത്രമല്ല. നിയമവും സംസ്കാരവും തീർക്കുന്ന സംവിധാനങ്ങളിൽ അവർക്ക് നിവർന്നു നിൽക്കാനോ സ്വന്തം ശബ്ദം പ്രകടിപ്പിക്കാനോ കഴിയാറില്ല. ദൈവം അങ്ങനെ നിശ്ചയിച്ചു എന്ന് പുരുഷർ സമർത്ഥിച്ചതിനെ ദൈവനിവേശിതമെന്നു വിശ്വസിക്കുന്ന സ്ത്രീ സമൂഹത്തിനു സ്വന്തമാക്കാൻ ഇനിയും കഴിയാത്തത് സ്ത്രീത്വത്തിന്റെ അന്തസ് തന്നെയാണ്. 

സ്ത്രീയുടെ തനിമയെന്താണ്? പുരുഷന് സ്വന്തമാക്കാവുന്ന വസ്തുക്കളിൽ ഒന്നാണ് സുന്ദരിയും സ്വഭാവശുദ്ധിയുമുള്ളതുമായ ഒരു സ്ത്രീ എന്നത് ഒരു വിശ്വാസമാണ്. അതിൽ സ്ത്രീക്ക് അമൂല്യമായ വില നൽകുന്നെന്നു എത്ര വാദിച്ചാലും മനുഷ്യ വ്യക്തിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള യഥാർത്ഥ മൂല്യം നല്കപ്പെടുന്നില്ല. പുരുഷന് തോഴിയും സഹകാരിയും, പങ്കാളിയും ആണ് സ്ത്രീയെന്നു, ഏകനായിരുന്ന ആദത്തിനു തുണയായി ഹവ്വയെ നൽകിയതിനെ ഉദ്ധരിച്ചുകൊണ്ട് ചിലർ സ്ത്രീയെ നിർവ്വചിക്കാറുണ്ട്. സ്ത്രീയുടെ യഥാർത്ഥ അന്തസ്സിനെ അതും പ്രകടമാക്കുന്നില്ല. എന്നാൽ മേല്പറഞ്ഞ എല്ലാ അർത്ഥങ്ങളും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീ തന്റെമേൽ വഹിക്കുന്നു എന്നതാണ് സത്യം. സമൂഹത്തിലും മതത്തിലും ഭക്തിയിലുമൊക്കെ സ്ത്രീയുടെ സ്ഥാനവും പങ്കുമെല്ലാം ചർച്ചയാവുകയും വിവരിക്കുകയും നിര്വചിക്കുകയും ചെയ്യുമ്പോൾ മേല്പറഞ്ഞ വികല ധാരണകൾ അവയിലെ അടിസ്ഥാന ഘടകങ്ങളായി നിലനിൽക്കുന്നത് കാണാം. 

ക്രിസ്തുവിന്റെ കാഴ്ചപ്പാടിൽ സകലരും ദൈവമക്കളാണ്. തന്റെ ശരീരത്തിൽ അംഗങ്ങളാകുന്ന ആരും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആത്മാവിന്റെ ചൈതന്യത്തിൽ വളരുന്നത് ആ ശരീരത്തിലെ ഉയർന്നു പ്രകാശിക്കുന്ന വെളിച്ചമാണ്. നിശ്ശബ്ദയാവേണ്ട, തോഴിയാവേണ്ട സ്ത്രീ, ദാമ്പത്യത്തിലോ സന്യാസത്തിലോ ക്രിസ്തുവിന്റെ മനസ്സറിയുന്ന മണവാട്ടിയെയോ, സഭയുടെ മാതൃത്വത്തെയോ പ്രതിനിതീകരിക്കുന്നില്ല.

സ്ത്രീകളുടെ പൗരോഹിത്യം കൂടെക്കൂടെ ചർച്ചയാകാറുണ്ട്. കത്തോലിക്കാപൗരോഹിത്യത്തിന് സ്ത്രീകളിൽ സ്വാഭാവികമായും ദൈവശാസ്ത്രപരമായുമുള്ള കഴിവില്ലായ്മ, അനുചിതത്വം, അയോഗ്യത തുടങ്ങിയവ എടുത്തു കാണിക്കപ്പെടുന്നു. അവയിൽ ഒന്നുപോലും, വ്യക്‌തിപരമായി, എന്തെങ്കിലും അടിസ്ഥാനമുള്ളതായോ യുക്തിസഹമായോ തോന്നിയിട്ടില്ല. പൗരോഹിത്യത്തെക്കാൾ മൂല്യമേറിയ പങ്കും സ്ഥാനവും അവർ സഭയിൽ നിർവഹിക്കുന്നു എന്നതൊക്കെ കപടമായ വാചിക അലങ്കാരങ്ങൾ മാത്രമാണ്. എങ്കിലും, യഥാർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും സഭയിൽ അവരുടെ അന്തസിനെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചുമാണ്. സഭയിൽ എന്നതുകൊണ്ട്, പള്ളിക്കാര്യങ്ങളിൽ മാത്രമല്ല, കുടുംബങ്ങളിലും സന്യസ്ത ഭവനങ്ങളിലും സമൂഹത്തിലും ഏതൊക്കെ തലങ്ങളിൽ അവരുണ്ടോ അവയെല്ലാം ഉൾപ്പെടുന്നു.  ആധിപത്യ സ്വഭാവമുള്ള പൗരോഹിത്യം സ്വയം വികലമാവുകയും എന്നാൽ ആകർഷകമാവുകയും ചെയ്യുന്നത് കൊണ്ടുകൂടിയാണ് സ്ത്രീസമത്വത്തോട് ചേർത്തുവെച്ചുകൊണ്ട് പൗരോഹിത്യം ചർച്ചയാകുന്നത്. യഥാർത്ഥ തിരുത്തൽ ഉണ്ടാവേണ്ടത് പൗരോഹിത്യം ശുശ്രൂഷയുടെ  സ്വഭാവം കണ്ടെത്തുക എന്നതിലാണ്. മാതൃത്വം പൗരോഹിത്യതോടൊപ്പം തന്നെ വിശുദ്ധിയും മഹിമയുമുള്ളതാണെന്ന് ബോധ്യമുള്ള ഒരു സാംസ്‌കാരിക അന്തരീക്ഷത്തിലേ സ്ത്രീകളിൽ സ്വാഭാവികഗുണങ്ങളായ ശുശ്രൂഷ സ്വയംപ്രേരിതജ്ഞാനം ഭക്തി തുടങ്ങിയവ അമൂല്യമായ വരങ്ങളാണെന്ന് തിരിച്ചറിയപ്പെടൂ. ആധിപത്യ പൗരോഹിത്യം സഭക്ക് അന്യമാക്കുന്നതും ഈ ഗുണങ്ങളാണ്. 

സ്ത്രീ കുനിഞ്ഞു നടക്കേണ്ടവളാണ് എന്നത് നിയമവും സമ്പ്രദായവും ദൈവിക കല്പനയുമാക്കുന്ന വിശ്വാസം സ്വപ്നങ്ങളുള്ള ഒരു പുതുതലമുറയെ ഉദരത്തിൽ വഹിക്കാനോ ജന്മം നൽകാനോ കഴിവില്ലാത്തതാണ്. 'വിധേയപ്പെടുന്ന സ്ത്രീയുടെ' മഹിമ പാടുന്ന മതസംഹിതകൾ ഏതു സമാധാനത്തെയും ആരുടെ സമാധാനത്തെയും കുറിച്ചാണ് പുകഴ്ത്തുന്നത്? പുരുഷന്റെ സംതൃപ്തികൾക്കൊത്തവിധം താല്പര്യങ്ങൾ ഉണ്ടാക്കിയെടുക്കേണ്ട തയ്യാറാവേണ്ട സ്ത്രീധർമ്മം കുടുംബ പരിശീലകരുടെ പുതിയ പാഠങ്ങളാണ്.  വിധേയപ്പെടുക മാത്രം ചെയ്യേണ്ട ലൈംഗിക ബന്ധങ്ങളിലെ സന്മാർഗികതയിൽ സ്ത്രീയുടെ 'നിർവൃതി'യെക്കുറിച്ചു വേണ്ട ശ്രദ്ധ നൽകാൻ പ്രബോധനങ്ങൾ നടക്കേണ്ടത് ആവശ്യമല്ലേ? മനുഷ്യന്തസിനൊത്ത ജീവിത നിർവൃതിയിലേക്കു തുറന്നിടുന്ന അന്തരീക്ഷം സന്യസ്ത ഭവനങ്ങളിൽ രൂപപ്പെടുന്നുണ്ടോ? പുരുഷന്റെ ആജ്ഞാനുവർത്തികളായി 'തങ്ങൾ അടിമയല്ലെന്നു' മുദ്രാവാക്യം വിളിക്കുന്ന സ്ത്രീത്വം ദൈവമഹത്വത്തിലേക്കു വളരുന്നില്ല. 'വർഷങ്ങളോളം കെട്ടിയിടപ്പെട്ട  അവൾ സ്വതന്ത്രയാകേണ്ടതല്ലേ' എന്ന ക്രിസ്‌തുശബ്ദം എല്ലാക്കാലത്തും പ്രസക്തമാണ്. സുവിശേഷത്തിന്റെ സ്വാതന്ത്ര്യം മറിയം മദ്ഗലേനയെ ഉയിർപ്പിന്റെ ആദ്യപ്രഘോഷകയാക്കി. അപ്പസ്തോലരുടെ അപ്പസ്തോലിക എന്ന് വിളിക്കപ്പെടുന്നു. സ്ത്രീ, തുണയും ഇണയുമാണോ? അതെ. പുരുഷന് കീഴ്പെടുന്ന തുണ എന്നതിനേക്കാൾ ദൈവത്തിന് ഇണയാകുന്ന രൂപകം ഏറെ ചിന്തനീയമാണ്. ക്രിസ്തുവിനു പ്രേയസിയാകുന്ന സ്ത്രീത്വം മാതൃത്വത്തോടൊപ്പം ധ്യാനിക്കപ്പെടണം. ഇവ വിസ്മരിക്കപ്പെടുകയും എന്നാൽ പൗരോഹിത്യം വാനോളമുയർത്തപ്പെടുകയും ചെയ്യുന്നിടത്തോളം  കാലം കുനിവിന്റെ നിശബ്ദ വിലാപം തുടർന്നു കൊണ്ടിരിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ