Gentle Dew Drop

ഒക്‌ടോബർ 26, 2023

മതം ചരിത്രം സംസ്കാരം ദൈവം

ചില ദൈവികമനുഷ്യർക്ക് ദൈവം നേരിട്ട് നൽകുന്ന വെളിപാടുകൾ ഉടനടി പകർത്തി എഴുതിയതാണ് തിരുവെഴുത്തുകൾ എന്ന് കരുതിപ്പോന്ന ഒരു സമയമുണ്ടായിരുന്നു. എഴുതിയ ആളിന്റെ ചിന്തകളും ധ്യാനവും ലക്ഷ്യങ്ങളും സംസ്കാരവും എഴുതപ്പെട്ടവയെ സ്വാധീനിച്ചിട്ടുണ്ട് എന്നത് കാര്യമായെടുക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞത് ഏറെക്കഴിഞ്ഞാണ്. ഈ യാഥാർത്ഥ്യത്തെ വേണ്ടവിധം മനസിലാക്കാത്തതിനാൽ ബൈബിൾ വായനയും തെറ്റായ രീതിയിൽ നടക്കുകയാണ്. സമ്പ്രദായങ്ങൾ, ആചാരരീതികൾ, പ്രാദേശിക വിശ്വാസങ്ങൾ തുടങ്ങിയവ ബൈബിൾ ഗ്രന്ഥങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മതഗ്രന്ഥത്തിലുള്ള  'ചരിത്രം' ആ മതത്തിന്റെ കാഴ്ചപ്പാടുകളിലുള്ള ചരിത്രമാണ്. യഥാർത്ഥ  ചരിത്രസംഭവങ്ങളിലേക്കുള്ള സൂചനകൾ നൽകാൻ അതിനു കഴിഞ്ഞേക്കും, എന്നാൽ ചരിത്രമായി അതിനെ ഉദ്ധരിക്കുന്നത് നീതിയല്ല. അവയിലെ ശാസ്ത്രീയ കൃത്യത കണ്ടെത്താൻ ഉപയോഗിക്കപ്പെടുന്ന ശാസ്ത്രവും pseudo science വിഭാഗത്തിലുള്ളതാണെന്ന് തിരിച്ചറിയണം. ആ ചരിത്രത്തിനു ചരിത്രപരതയെക്കാൾ മതാഖ്യാനമാണുള്ളത്.

അതുപോലെതന്നെ, സ്വന്തം വിശ്വാസങ്ങളെ മുൻപിൽ വെച്ചുകൊണ്ട് മറ്റു മതഗ്രന്ഥങ്ങളെ വായിച്ചെടുക്കുകയും  അത് തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചാണെന്നു അവകാശവാദമുയർത്തുകയും ചെയ്യുന്നത് ആ മതപരമ്പര്യങ്ങളോട് ചെയ്യുന്ന അനീതിയാണ്. ആ ഗ്രന്ഥങ്ങളെ അവയുടെ വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും അനുസരിച്ചു വ്യാഖ്യാനിക്കുകയും പഠിക്കുകയുമാണ് വേണ്ടത്.  മനുഷ്യന്റെ ആന്തരികതയിൽ ഉണർന്ന പ്രചോദനങ്ങൾക്ക് സമാനത കാണുവാൻ കഴിഞ്ഞേക്കാം. എന്നാൽ അത് പ്രാദേശികസംസ്കാരങ്ങൾ രൂപപ്പെടുത്തിയ ദൈവസങ്കല്പങ്ങളെക്കുറിച്ചുള്ള സാർവ്വത്രികതയല്ല. വേദങ്ങളും ഉപനിഷത്തുകളും പറയുന്ന ഒരേ ഒരു ദൈവം ക്രിസ്തുവാണ് എന്ന വാദത്തിലെ സമീപനരീതി ശരിയായതല്ല. യവന-റോമൻ-യഹൂദ സങ്കല്പങ്ങൾക്കുള്ളിൽ രൂപപ്പെട്ട മിശിഹാ വേദപാരമ്പര്യങ്ങളിലില്ല. 

സകലവും സൃഷ്ടിക്കപ്പെടുകയും നിലനിർത്തപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നത് ഏത് തത്വം മൂലമാണോ ആ ജ്ഞാനത്തെ വചനമെന്നോ ആദിശബ്ദമെന്നോ നാദമെന്നോ വിളിക്കാമെങ്കിൽ അത് സകല സംസ്കാരങ്ങളിലും കാലങ്ങളിലും വിശ്വാസങ്ങളിലുമുണ്ട്. അതിനെക്കുറിച്ചു പറയുന്നതും വിവരിക്കുന്നതും വ്യത്യസ്തമായിരിക്കും. അത് വെളിപാടായി, പ്രചോദനമായി അംഗീകരിക്കാൻ യവന-റോമൻ-യഹൂദ പൈതൃക വെളിപാട് മേൽക്കോയ്മ തയ്യാറാവുകയുമില്ല. ഹൈന്ദവവേദങ്ങളിലുള്ള ദൈവം ക്രിസ്തുവാണെന്നും ആ ക്രിസ്തു യവന-റോമൻ-യഹൂദ സങ്കല്പങ്ങൾക്കനുസരിച്ചുള്ളതാണെന്നുമുള്ള അപഹരണപ്രക്രിയ ദൈവികപ്രചോദനങ്ങൾക്ക് വിരുദ്ധമായി നില്കുന്നു. 

എതിർത്തും പ്രീതിപ്പെടുത്തിയും വേർപെട്ടും ഒത്തുചേർന്നും വിറ്റും ലാഭമെടുത്തും ഏറ്റെടുക്കുന്ന അധികാരമോഹങ്ങൾക്കും അത്യാഗ്രഹത്തിനും കൊഴുപ്പേകുന്ന എളുപ്പമാർഗ്ഗമാണ് കൾട്ടുകൾ. മതത്തിന്റെയും വിശ്വാസത്തിന്റെയും ജീർണ്ണത, സമൂഹത്തിന്റെ ആന്തരികമായുള്ള അസ്വസ്ഥതകൾ, ചൂഷണ സാധ്യതയെ അംഗീകരിക്കുന്ന വ്യവസ്ഥിതികൾ ഇവയൊക്കെ അത്തരം കൾട്ടുകൾ വളരാൻ ഇടം കൊടുക്കുകയും ചെയ്യുന്നു. 

എല്ലാറ്റിനും ഒരു കാലമുണ്ട് എന്ന് പറയുന്നതുപോലെ ബൈബിൾ പണ്ഡിതരുടെ മൗനകാലമാണിത്. പ്രബോധകരുടെ വേഷമണിയുന്ന ജനപ്രിയനായകർ ജനത്തെ ആവേശം കൊള്ളിക്കുന്ന കഥകൾ സുവിശേഷങ്ങളാക്കുന്നു. അത് പുതിയ രക്ഷയാവുകയും ചെയ്യുന്നു.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ