Gentle Dew Drop

ഒക്‌ടോബർ 08, 2023

കാട്ടുമുന്തിരിയുടെ ഫലം

തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് സ്വയം ഗണിക്കുമ്പോൾ ആരു തെരഞ്ഞെടുത്തു, ആ തെരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യം എന്താണ് എന്ന് സാരമായ ധ്യാനത്തിന്റെ ആവശ്യമുണ്ട്. ആ ധ്യാനം ആന്തരികചൈതന്യമായി അനസ്യൂതം ഒഴുകുന്നില്ലെങ്കിൽ, തിരഞ്ഞെടുത്തു നടപ്പെട്ട മുന്തിരിച്ചെടി കാട്ടുമുന്തിരിയുടെ ഫലം പുറപ്പെടുവിക്കും. 

തിരഞ്ഞെടുക്കപ്പെട്ട ജനത്തിൽ നിന്ന് ദൈവജനത്തിലേക്ക്  വികാസമുണ്ടെന്ന് കരുതാം. ആദ്യത്തേത് ഒരു പ്രത്യേക ജനമെന്ന്  പറയാൻ ശ്രമിക്കുമ്പോൾ രണ്ടാമത്തേത് ഒരു ദൈവബന്ധം ചേർത്തുവയ്ക്കുന്നു. ഇവിടെ ധ്യാനത്തിന്റെ അനിവാര്യത  ദൈവത്തിന്റെ ജനമാകുന്നത് ആര്, എങ്ങനെ എന്നതാണ്. 

നീ എന്റെ കല്പനകൾ പാലിച്ചാൽ നീ എന്റെ ജനമായിരിക്കും, നീ ജീവിക്കും, ഞാൻ നിന്നിൽ വസിക്കും അങ്ങനെ വിവിധരീതിയിൽ മുന്തിരിച്ചെടിയെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. വഴിപിഴച്ചത് "നീ എന്റെ കല്പനകൾ പാലിച്ചാൽ" എന്നതിൽത്തന്നെയാണ്. സ്വയം ഗ്രഹിച്ച കല്പനാപാലനം, നിർദ്ദേശിക്കപ്പെട്ട വ്യാഖ്യാനിക്കപ്പെട്ട കല്പനാപാലനം, ദൈവം ആഗ്രഹിച്ച കല്പനാപാലനം ഇവയിൽ വലിയ അന്തരങ്ങളുണ്ടായി. ഏതാനം സമ്പ്രദായങ്ങളും സംവിധാനങ്ങളും കണിശമായി നിലനിർത്തുകയെന്നാണ് 'കല്പനയുടെ പാലന'മെന്ന്  പ്രമാണികൾ തീരുമാനിച്ചു. അതിനെ സംരക്ഷിക്കുന്ന ശീലങ്ങളും വിശ്വാസങ്ങളുമുണ്ടാക്കി. ദൈവം ആഗ്രഹിച്ചത് അവർ അന്വേഷിച്ചില്ല. പ്രവാചകർ ശ്രദ്ധ ക്ഷണിച്ചത് മുഴുവനും ഈ വഴിതെറ്റി നടന്നതിനെക്കുറിച്ചാണ്.

ദൈവജനമെങ്കിൽ, എല്ലാവര്ക്കും ദൈവജനത്തിന്റെ സ്വാതന്ത്ര്യവും ആനന്ദവും ആശ്വാസവും തേടുകയും ഉറപ്പാക്കുകയും ചെയ്യുക എന്നത് ദൈവജനത്തിന്റെ ഹൃദയദാഹമാണ്. ദേവാലയത്തിൽ അടക്കപ്പെടുകയും പൂജകളിൽ  അന്ധനാക്കപ്പെടുകയും ചെയ്യുന്ന ദൈവം, ദൈവത്തെ തേടാത്ത  'പുരോഹിത'സമൂഹത്തിന്റെ സൃഷ്ടിയാണ്. "നീതിക്കു വേണ്ടി കാത്തിരുന്നു, പകരം രക്തച്ചൊരിച്ചിൽ മാത്രം, ധർമ്മനിഷ്ഠക്കു വേണ്ടി കാത്തിരുന്നു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി" അതാണ് ഫലം. 'തിരഞ്ഞെടുക്കപ്പെട്ടവർ' എങ്കിൽ എന്ത് കൊണ്ട് ആ തിരഞ്ഞെടുപ്പ് ഏതാനം പേരുടെ സ്വകാര്യലാഭത്തിലേക്കു ചുരുങ്ങി? 

'തിരഞ്ഞെടുപ്പിന്റെയും' 'ദൈവജന' സ്വഭാവത്തിന്റെയും തിരസ്കരണം തോട്ടത്തിന്റെ ചുമതല ഏറ്റവരുടെ  സമീപനരീതികളിലുണ്ട്. മുന്തിരിച്ചെടി അവരുടെ സ്വകാര്യസ്വത്തായി അവർ കരുതി എന്നതാണ് യജമാനനോടുള്ള അവരുടെ കടപ്പാടിൽ നിന്നും അവരെ സ്വയം ഒഴിവാക്കിയത്. യജമാനപുത്രനെപ്പോലും കൊന്നു തള്ളാനുള്ള മനസ്ഥിതി അവർക്കു നൽകിയതും  അത് തന്നെയാണ്. ദൈവജനത്തിനു അർഹമായ പോഷണം അവർ എങ്ങനെ നൽകും. ആട്ടിൻപറ്റത്തെക്കുറിച്ചു എസെക്കിയേൽ അസ്വസ്ഥനാകുന്നത് അതുകൊണ്ടാണ്.  

ഏതെങ്കിലും അതിരുകൾക്കുള്ളിൽ ബന്ധിക്കാവുന്നതല്ല ദൈവത്തിന്റെ മുന്തിരിത്തോപ്പ്‌. തോട്ടത്തിന്റെ ചുമതല ഏറ്റവരുടെ സ്വന്തമല്ല അത്. "പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കുന്നവരാണ്" മുന്തിരിത്തോട്ടത്തിന്റെ അവകാശികൾ. അവരാണ് യഥാർത്ഥ ഫലം നൽകുന്ന മുന്തിരിച്ചെടികൾ; നീതിയും സമാധാനവും അന്വേഷിക്കുന്നവർ. 

'തിരഞ്ഞെടുക്കുന്നവരെ' നിശ്ചയിക്കുന്നത് പ്രമാണികളുടെ വിശുദ്ധിയുടെ മുൻവിധികളായിരുന്നു  പലപ്പോഴും. ആരാണ് ദൈവജനമെന്നു വരയിട്ടുറപ്പിച്ചവരും അവരാണ്.  അവരുടെ അധികാരങ്ങളെ ശക്തമാക്കിനിർത്തുന്ന അതിർവരമ്പുകൾ തന്നെയാണ് കാട്ടുമുന്തിരി നല്കുമാറ് ദൈവികചൈതന്യം വറ്റിച്ചു കളഞ്ഞതും. വിശ്വാസത്തിന്റെയും ദേശത്തിന്റെയും ദൈവത്തിന്റെയും പേരിൽ രക്തച്ചൊരിച്ചിൽ തുടരുന്നത് അതുകൊണ്ടാണ്.

ദൈവഹിതം തേടുന്ന സകല ജനതയെയും ഉൾക്കൊള്ളുന്നതാണ് ദൈവജനം. 'ഇതാണ് ദൈവഹിതമെന്ന്' തിരിച്ചറിയേണ്ടത് 'ചിലർ' അല്ല. ദൈവജനം ഒരുമിച്ചാണ്. നമ്മളാണ്, അവരല്ല ദൈവജനമെന്ന ചിന്തപോലും ദൈവജനസ്വഭാവത്തിനെതിരാണ്. നിയമവ്യവസ്ഥിതമായ ദൈവജനനിർവ്വചനങ്ങൾ ദൈവജനത്തിലേക്കു വളരാൻ കഴിയാത്ത സങ്കുചിതാവസ്ഥയാണ് കാണിക്കുന്നത്. കേൾക്കാനും സ്വാഗതം ചെയ്യാനും കരുണ അനുവദിക്കാനും എനിക്ക് കഴിയാത്തപ്പോൾ 'ഞാൻ' ദൈവത്തിന്റെയും മനുഷ്യന്റെയും സ്വഭാവം എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നു. ദൈവം എങ്ങനെ സൃഷ്ടികർമ്മം നടത്തണമെന്ന് പോലും 'ഞാൻ' തീരുമാനിക്കുന്നു. 

മുന്തിരിത്തോട്ടം സ്വകാര്യസ്വത്താക്കുന്ന ഇരുമ്പു മതിലുകൾ തകർക്കുവാൻതക്ക നന്മയോടുള്ള ഭയമാണ് സിനഡൽ പ്രക്രിയയെക്കുറിച്ച് കേൾക്കുന്ന അപായവിലാപങ്ങളൊക്കെയും. എല്ലാവരുടേതുമല്ലെങ്കിൽ ദൈവജനത്തിനു കാതോലികസ്വഭാവമില്ല, സിനഡൽ ആവാതെ കാതോലികമാകാനും കഴിയില്ല. പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടേ യഥാർത്ഥ മുന്തിരിഫലം പുറപ്പെടുവിക്കാനാകൂ. അല്ലെങ്കിൽ പുത്രന്റെ സാന്നിധ്യം നമ്മുടെ അധികാരസുഖങ്ങളെ അസ്വസ്ഥമാക്കുമെന്ന ഭീതിയിൽ മുന്തിരിത്തോട്ടം നശിപ്പിക്കാനാണ് അവൻ വരുന്നതെന്ന് പുത്രനെതിരെ  ആരോപണമുന്നയിക്കാം. 

പിതാവ്  'സന്മനസുള്ളവർ'ക്കായി വേലികൾ പൊളിച്ച് മുന്തിരിത്തോട്ടം തുറന്നിടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ