മതവിശ്വാസമെന്ന പേരിൽ നിലനിർത്തപ്പെടുന്ന കൾട്ട് നിർമ്മിതിയുടെ എല്ലാ ഘടകങ്ങളും കേരളസഭയിലുണ്ട്. അത് സഭാസംവിധാനങ്ങളിലും നേതൃത്വശൈലിയിലും ഭക്തിരൂപങ്ങളിലും സുവിശേഷപ്രഘോഷണവും സഭാസംരക്ഷണവും ഉറപ്പാക്കുന്ന മാധ്യമരംഗത്തും വളരെ പ്രബലവുമാണ്. നവീകരണത്തിന് ആത്മാർത്ഥമായ ശ്രമം എവിടെയെങ്കിലുമുണ്ടെങ്കിൽ ഈ ഘടകങ്ങൾക്ക് സവിശേഷമായ ശ്രദ്ധ നൽകേണ്ട സമയം ഇതിനകം തന്നെ വൈകിയിരിക്കുന്നു.
ഭക്തിയോ നിലപാടുകളോ പ്രസ്താവനകളോ ആഹ്വാനങ്ങളോ ആവട്ടെ കൾട്ട് നിർമ്മിതികൾ ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക നിലകൾക്കനുസരിച്ചു ക്രമങ്ങൾ ഉയർത്തി വെക്കാറുണ്ട്. പരസ്പരമുള്ള ആക്ഷേപങ്ങളും മത്സരങ്ങളും അധികാരമോഹങ്ങളും നീതീകരിക്കപ്പെടുന്നത് ഈ ക്രമങ്ങളുടെ ആസ്വാദ്യതയിൽ നിന്നാണ്. ദൈവവും ക്രിസ്തുവും സഭയുമൊക്കെ മാറ്റിനിർത്തപ്പെടുകയും, അവ ഈ ക്രമങ്ങൾക്കുള്ളിൽ ചേർക്കപ്പെടുന്ന അലങ്കാരങ്ങൾ മാത്രമാവുകയും ചെയ്യും. ഈ ക്രമങ്ങൾ സ്വകാര്യ അഹങ്കാരങ്ങളാവുകയും പരസ്പരം മത്സരിപ്പിക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചോ വംശത്തെക്കുറിച്ചോ ഒരു സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചോ ഉള്ള ഹുങ്കുകൾ, സാമ്പത്തികമായ ഉയർച്ചതാഴ്ചകൾ രൂപപ്പെടുത്തുന്ന സംഘർഷങ്ങൾ, അധികാര ധ്രുവീകരണം, എന്ത് വിശ്വസിക്കണമെന്നു ഈ ക്രമങ്ങൾ ആഗ്രഹിക്കുന്നുവോ അവയെ നിലനിർത്തുന്ന പ്രത്യയശാസ്ത്രങ്ങൾ, ഈ സംവിധാനങ്ങളെ സംരക്ഷിക്കാൻ ഉപയോഗിക്കപ്പെടാവുന്ന ആളുകൾ, അവരെ നിയന്ത്രിക്കാനുള്ള വഴികൾ ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. എന്നാൽ ഇവയൊന്നും ഒരു സാമൂഹ്യവ്യവസ്ഥിതിയായി നമുക്ക് അനുഭവപ്പെടാറില്ല. പരിചിതമായ, പരിശുദ്ധമായ വിശ്വാസ ക്രമങ്ങളായാണ് അവ ശീലിച്ചു പോരുന്നത്.
സങ്കീർണ്ണങ്ങളാണെങ്കിലും, ഈ മേഖലകളിൽ നിലനിർത്തപ്പെടുന്ന രൂക്ഷവും അശ്‌ളീലവുമായ സമ്മർദ്ദങ്ങളെ തുറന്നു പറച്ചിലിന് വിധേയമാക്കണം. സഭയുടെ നവീകരണം ആഗ്രഹിക്കുന്ന ധ്യാനപ്രസംഗകർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ സഭയുടെ സത്യസന്ധമായ ഏറ്റുപറച്ചിലിനു ആഹ്വാനം ചെയ്യണം. ഇത്തരം സംഘർഷണങ്ങളുടെ യാഥാർത്ഥ്യങ്ങൾ അനുവദനീയമായി പാലിച്ചു പോരുന്ന കേരള സഭയിൽ ഇവയെ തിരുത്തേണ്ടത് ആവശ്യമാണെന്ന് ഏതെങ്കിലും സഭാധ്യക്ഷനോ ധ്യാനഗുരുവിനോ തോന്നാത്തത് എന്തുകൊണ്ടാണ്? റീത്തുകൾക്കിടയിലും രൂപതകൾക്കിടയിലും, സമൂഹങ്ങൾക്കിടയിലും (ധ്യാനകേന്ദ്ര ഭക്തർ / അനുയായികൾ ഉൾപ്പെടെ) ഉള്ള അധിക്ഷേപവും മാത്സര്യവും സഭയുടെ ജീർണതയുടെ ആഴങ്ങൾ കാണിക്കുന്നതാണ്. സാരമായതിനെ ചൂണ്ടിക്കാണിക്കുവാൻ ആവശ്യമായ സത്യത്തിന്റെ പ്രവാചക ധീരത നമുക്ക് നഷ്ടമായിക്കഴിഞ്ഞു. ഈ അപജയങ്ങളെ പതിറ്റാണ്ടുകളായി അലങ്കാരമായി കൊണ്ട് നടക്കുന്ന നമ്മൾ ഏകീകരണവും ഐക്യരൂപവും കൊണ്ടുവന്ന് ദൈവത്തെത്തന്നെ പുച്ഛിക്കുകയാണ്.
ലത്തീൻ-മലങ്കര-സീറോമലബാർ രൂപതകൾ, അതിലെ ആളുകൾ എങ്ങനെ പരസ്പരം കാണുന്നു? നമ്മൾ ഉൾകൊള്ളുന്ന മുൻവിധികളും ആക്ഷേപങ്ങളും പരാതികളും എന്തൊക്കെയാണ്? മേൽക്കോയ്മയുടെയും, മേന്മയുടെയും, പരിശുദ്ധിയുടെയും അവകാശവാദങ്ങൾ നമ്മെ സഭയാക്കുന്നുണ്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ