ക്രിസ്തീയ വിശ്വാസത്തിന്റെയും ധാർമികതയുടെയും പ്രാർത്ഥനയുടെയും അടിസ്ഥാനം നമ്മൾ ദൈവത്തിന്റെ മക്കളാണെന്നതാണ്. ആ ബോധ്യത്തിൽ നിന്നേ യേശു പഠിപ്പിച്ച പ്രാർത്ഥന നമുക്കും മനോഭാവമാക്കാൻ കഴിയൂ. ഒരു കൂട്ടരെ താണജാതിക്കാരെന്നോ പുറംജാതിക്കാരെന്നോ അപരരെന്നോ കണ്ടുകൊണ്ട് ഒരാൾക്ക് ക്രിസ്ത്യാനിയായിരിക്കാനോ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന് വിളിക്കാനോ ആകില്ല.
സകല സൃഷ്ടികളും ഒന്ന് ചേർന്ന് നിന്നാണ് ദൈവമക്കൾ എന്നത് അനുഭവിക്കുന്നത്. അത്തരത്തിൽ കാണാൻ കഴിഞ്ഞെങ്കിലേ സകല സൃഷ്ടികളും ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണുവാനും ദൈവനാമം പൂജിതമാണെന്ന് ഗ്രഹിക്കാൻ തക്കവിധം കൃതജ്ഞതയും ഉദാരതയും ഉള്ളിൽ നിറയൂ. സൃഷ്ടികൾ ഒന്ന് ചേർന്ന് തന്നെയാണ് അന്നന്ന് വേണ്ട അപ്പത്തിന് വേണ്ടി പിതാവിന്റെ പരിപാലനക്കു മുമ്പിൽ നില്കുന്നത്. ഓരോന്നും ജീവന്റെ സമൃദ്ധിയിലേക്കുയരുന്നതിനു തടസം നിൽക്കുന്ന അനീതികൾ ക്ഷമിക്കപ്പെടട്ടെ. സ്വയം പേറിയ വേദനകളെക്കുറിച്ച് ക്ഷമിക്കാൻ കഴിയുകയും ചെയ്യട്ടെ. പിതാവിന്റെ തിരുമനസ്സ് നിറവേറുമ്പോൾ ഏറ്റുപറഞ്ഞതും അല്ലാത്തതുമായ എല്ലാ പ്രാർത്ഥനകളും നിവർത്തിയാക്കപ്പെട്ടു കഴിഞ്ഞു.
മനോഹരമായ ഈ സങ്കൽപ്പം യാഥാർത്ഥ്യത്തിന് അകലെയായിരിക്കാം. അതുകൊണ്ടു തന്നെയാണ് നമ്മൾ ദൈവത്തിന്റെ മക്കളാണെന്നത് പ്രാർഥനക്കും ജീവിതത്തിനു തന്നെയും അടിസ്ഥാനമാക്കേണ്ടത്. ദൈവരാജ്യം പരസ്പരം ഉറപ്പാക്കേണ്ടതിനായുള്ള ഊർജ്ജം കൂടിയാണ് അന്നന്നത്തെ അപ്പത്തിലുള്ളത്. മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ നമുക്ക് അറിയാമെങ്കിൽ, ഇവയൊക്കെ യാഥാർത്ഥ്യമാക്കാൻ ശക്തി പകരുന്ന പരിശുദ്ധാത്മാവിനെ എത്രയോ അധികമായി ദൈവം നമുക്ക് നൽകും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ