അധരങ്ങൾ സത്യം പ്രഘോഷിക്കുകയും ഹൃദയം നീതിയാൽ ജ്വലിക്കുകയും ചെയ്യുന്ന ആളുകൾ വചനം സമീപസ്ഥമായി അറിഞ്ഞവരാണ്. അലിവ്, സത്യം, കരുണ, നീതി, എന്നിവയൊക്ക ഒന്നുചേരുന്ന സമരായക്കാരനാണ് പുരോഹിതനെയോ ലേവായനെയോക്കാൾ ദൈവമുഖം ഉൾക്കൊണ്ടിട്ടുള്ളത്.
വഴിയിൽ ആക്രമിക്കപ്പെട്ടു മുറിവേറ്റവരാണ് നമ്മോടു കൂടെ യാത്രചെയ്യുന്നവർ ഓരോരുത്തരും. പല സംസ്കാരങ്ങളിലും വിശ്വാസങ്ങളിലും വഴികളിലും ഉള്ളവരാണവർ. വെറുമൊരു സഹതാപമോ, പരോപകാരമോ ആയല്ല, ദൈവാരാധനയോടു തുല്യത നൽകിക്കൊണ്ടാണ് അപരരെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടതിനെ ക്രിസ്തു മുൻപോട്ടു വെച്ചത്. നല്ല സമരായക്കാരനാവുന്നതുപോലെതന്നെ നമുക്കും നല്ല സമരായക്കാരുടെ ആവശ്യമുണ്ട്. ഇവ രണ്ടുമുള്ളപ്പോഴാണ് അത് വലിയ ഒരു ദൈവാനുഭവമായി വളരുന്നത്. അങ്ങനെ ഒരു കൂദാശാമാനം കൂടിയുണ്ട് ഈ സമീപനത്തിൽ.
ദൈവനിയമം നമ്മിൽനിന്ന് എന്താഗ്രഹിക്കുന്നു എന്നതിന്റെ ചുരുക്കമാണ് ഈ വാക്കുകളിൽ: "അടുത്തുചെന്നു എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വെച്ച് കെട്ടി തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ട് ചെന്ന് പരിചരിച്ചു." അരികെ ചെല്ലാൻ പോലും കഴിയാത്ത വിധം അതിരുകൾ തീർക്കുന്ന തരം 'ദൈവചിന്തകൾ' നമ്മെ അപരരിൽ നിന്ന് അകറ്റി നിർത്തുമ്പോൾ, ദൈവവചനം ഹൃദയത്തിലും അധരത്തിലും ഉണ്ടാവണം എന്ന ഓർമ്മപ്പെടുത്തൽകൂടിയാണത്.
നിയമങ്ങളും, സിദ്ധാന്തങ്ങളും, പാരമ്പര്യങ്ങളും ദൈവത്തിലേക്കുള്ള വഴികളാവണം. അവ തന്നെ ദൈവങ്ങളായിത്തീരുന്ന ദൗർഭാഗ്യം നമുക്കുണ്ട്. അങ്ങനെ ദൗർഭാഗ്യരായവരാണ് പുരോഹിതനും ദേവാലയശുശ്രൂഷകനും. അഗ്രാഹ്യവും ആഴമുള്ളതുമായ വേദസത്തയെക്കുറിച്ചല്ല അധരത്തിലും ഹൃദയത്തിലുമുള്ള വചനത്തെ ധ്യാനിക്കുവാനാണ് ക്ഷണം. രാജത്വം, പടയോട്ടം, മേധാവിത്വം തുടങ്ങിയ രൂപകങ്ങളിൽ നിന്ന് വിശ്വാസത്തെ ശുദ്ധീകരിക്കുന്നതുവരെ നല്ല സമരായക്കാരനെയും ക്രിസ്തുവിനെത്തന്നെയും മനസിലാക്കാനാവില്ല.
ഒഴിവാക്കപ്പെടേണ്ടവരെ, ശപിച്ചും നിരാലംബരാക്കിയും ശുദ്ധിയുടെയും വിശ്വാസത്തിന്റെയും പേരിൽ തള്ളിക്കളയുമ്പോൾ ആ ശുശ്രൂഷക്കു ധൂപമർപ്പിക്കുന്നതുകൊണ്ട് ദേവാലയത്തിൽ ലഭിക്കുന്ന പ്രഥമസ്ഥാനങ്ങൾക്ക് ക്രിസ്തുവിന്റെ പരിമളമില്ല. സമരായക്കാരന്റെ ശുശ്രൂഷ, 'സകല മനുഷ്യർക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത' പ്രാവർത്തികമാക്കുന്നതാണ്. ഒരു കൂട്ടർക്കായി മാത്രം ലഭിക്കുന്ന പ്രത്യേക പരിഗണനയോ പരിരക്ഷയോ നീതിക്കെതിരായതുകൊണ്ടും, പ്രത്യക്ഷത്തിൽ സദ്വാർത്തയായത് സകല മനുഷ്യർക്കും സദ്വാർത്തയാകാത്തതുകൊണ്ടും ലഭിക്കാവുന്ന പരിരക്ഷ ഉപേക്ഷിച്ചും അവഗണിക്കപ്പെട്ട മുറിവേറ്റ അപരനെ നീതിയിൽ ചേർത്ത് നിർത്തുന്നതാണ് സമരായക്കാരന്റെ മനോഭാവം, ക്രിസ്തുഹൃദയവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ