തങ്ങളെത്തന്നെ വ്യത്യസ്തരാക്കി നിർത്തുന്ന ദൈവികപരിവേഷത്തിലേക്ക് മാറിനിൽക്കുകയാണ് ദൈവികപുരുഷർ ചെയ്യാറുള്ളത്. മനുഷ്യപുത്രൻ കുടുംബങ്ങളിൽ സുഹൃത്തായി ഒരുമിച്ചിരുന്നു, കൂടെ നൃത്തം ചെയ്തു, ഭക്ഷണം കഴിച്ചു, അവരുടെ വേർപാടിൽ വേദനിച്ചു. ലാസറിന്റെയും മാർത്തയുടെയും മേരിയുടെയും സ്നേഹപാത്രമായി. അഗ്രാഹ്യതയിലേക്കു ചേർത്ത് വയ്ക്കുന്ന സങ്കീർണതക്ക് ഉദാഹരണമാണ് മാർത്തായുടെ 'അന്ത്യദിനത്തിലെ പുനരുത്ഥാനം.' എന്നാൽ, എല്ലാം ആ സൗഹൃദത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ആത്മീയതയുടെയും ദൈവാരാധനയുടെയും സത്ത സമാനമായ സൗഹൃദമാണ്.
ഹോഫ്നിയും ഫിനെഹാസും ജനത്തെ കൊള്ള ചെയ്തത് ദൈവം പ്രസാദിക്കുന്ന അർച്ചനയുടെ പേരിലാണ്. സോളമൻ ദേവാലയത്തിൽ പുതിയ ആചാരങ്ങൾ കൊണ്ടുവന്നത് വരുമാനത്തിന് വേണ്ടിയാണ്. നിസ്സഹായതയിൽ, നിർബന്ധിതമായ അത്യാഗ്രഹങ്ങളെ പൂജയായിക്കാണേണ്ടി വന്ന ജനം.
ദൈവം മുകളിലേക്കുയർത്തപ്പെടും തോറും ഭൂമിയും മനുഷ്യനുമെല്ലാം ദൈവരഹിതമായി മാറും. സൃഷ്ടികളോടുകൂടെത്തന്നെ നിവസിക്കുന്നവനാണ് ദൈവം. അത് അനുഭവമാകുമ്പോൾ ഭൂമിയോ ശരീരമോ അശുദ്ധിയായി കാണപ്പെടില്ല. അത്യാഗ്രഹങ്ങൾ രൂപപ്പെടുത്തുന്ന പൂജാവിധികൾക്കിരയാകേണ്ടിയും വരില്ല. ദൈവത്തിന്റെ സൗഹൃദം സ്വാതന്ത്ര്യം പകരുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ