Gentle Dew Drop

ഫെബ്രുവരി 25, 2019

കല്ലെടുക്കുന്ന തുമ്പിയും വിശ്വാസികളും

അത്ഭുതസാക്ഷ്യങ്ങളുടെ നിരവധി video shares നമ്മൾ കാണാറുണ്ട്. അവരുടെ വിശ്വാസത്തെയും ഭക്തിയെയും ബഹുമാനിക്കുന്നു. അതിന്റെ കൂടെ ഇക്കാര്യം കൂടെ മനസ്സിൽ വെക്കുന്നത് നന്നായിരിക്കും. Video യിൽ പറയുന്നതൊക്കെയും അത്ഭുതങ്ങളാണ്, അവ മഹനീയമാണ്. ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു, സത്യം. എന്നാൽ ഇതേ videos വേദനിപ്പിക്കുക മാത്രമല്ല പ്രകോപിപ്പിക്കുക കൂടെ ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്നത് മനസിലാക്കാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ. അത്ഭുതങ്ങൾ എന്തുകൊണ്ട് അവർക്കു മാത്രം അന്യമാണ് എന്ന ചോദ്യം അവർക്കുണ്ട്. അപ്പോൾ, പാപം മൂലമെന്നോ, അനുചിതമായ നിയോഗമെന്നോ, ഇനിയും കാത്തിരിക്കണമെന്നോ ഉള്ള കാരണങ്ങൾ മുമ്പോട്ട് വെക്കാനായേക്കും. എന്നാൽ എത്രയോ ഒരുക്കം നടത്തിച്ചും, രണ്ടു counsellors ന്റെ മാർഗ്ഗനിര്ദേശങ്ങളനുസരിച്ചും ആണ് ചില സ്ഥലങ്ങളിൽ അവർ പ്രാർത്ഥിക്കുന്നത്. നിസ്സഹായാവസ്ഥയിൽ അവർ അർപ്പിക്കുന്ന പ്രതീക്ഷകൾ സാധിക്കാതാവുമ്പോൾ പിന്നീട് കുർബാനയിലോ കൂദാശകളിലോ വിശ്വാസമില്ലാത്തവരായി മാറുന്നവരെ കുറ്റം പറയാനാകുമോ? ആരാണ് അതിനു ഉത്തരവാദികളാകുക? അത്തരത്തിലുള്ള കുട്ടികളുടെ മാതാപിതാക്കളെ ആര് ആശ്വസിപ്പിക്കും? ഇതു വെറും ചോദ്യങ്ങളല്ല, ഇങ്ങനെയുള്ള ആളുകളെ കേട്ടിട്ടുള്ളതുകൊണ്ടാണ്. ഇത്തരത്തിലുള്ള സാക്ഷ്യങ്ങൾ (?) നൽകുന്ന വലിയ ആശയിൽ അവസാന അത്താണിക്കായി അവർ വന്നിട്ടും, അവിടെയും വെറും കൈയോടെ മടങ്ങുന്നവരുടെ വേദനക്ക് മുമ്പിൽ ഇത്തരം സാക്ഷ്യങ്ങൾ എതിർസാക്ഷ്യമാകുന്നുണ്ട്. കഷ്ടപ്പാടും വേദനകളുമേറുമ്പോൾ ഒരിറ്റു ആശ്വാസത്തിന് വേണ്ടി വഴി തേടുന്നവരുടെ നിസഹായത, പരിഹാരങ്ങൾക്കുള്ള വിചിത്രമായ നടപടിക്രമങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ പരിഹസിക്കപ്പെടുകയാണ്. Share ചെയ്യപ്പെടുന്ന videos നു ചുവട്ടിൽ കാണുന്ന പ്രാർത്ഥനാപേക്ഷകൾ ഏതുവിധേനയാണ് ക്രിസ്തീയ വിശ്വാസം ഇന്ന് വ്യാഖാനിക്കപ്പെടുന്നതെന്ന് കാണിച്ചു തരുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ ഇങ്ങനെയുള്ള അനുഗ്രഹങ്ങൾ, ഏറ്റവും വേഗം ഇത് സാധിക്കാൻ സൂത്രവിദ്യകൾ തുടങ്ങിയ പ്രയോഗങ്ങൾ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന പരസ്യവാചകങ്ങൾ ആണ്.

സാക്ഷ്യങ്ങൾ വെറും വീരകഥകളും, അത്ഭുതങ്ങളും മാത്രം ആവരുത്, ഇന്ന് സ്വന്തം ജീവിതത്തിൽ ബുദ്ധിമുട്ടുകളിൽ എപ്രകാരം ദൈവത്തോടൊത്തു നടക്കുന്നു എന്നതുകൂടെ ഉൾപ്പെട്ടെങ്കിലേ അത് സാക്ഷ്യമാകൂ. അത്ഭുതങ്ങളിൽ മാത്രം ഉള്ള ദൈവം, കൂടെനടക്കുന്ന വിശ്വസ്തനാണോ എന്ന് സംശയം ഉണ്ട്. അത്തരം ഒരു ദൈവത്തെ നമ്മൾ സൃഷ്ടിച്ചെടുക്കുകയാണ് ജീർണ്ണതകളും കുറവുകളും പാപഫലമാണെന്ന് ആവർത്തിച്ച് പഠിപ്പിക്കപ്പെട്ട നമ്മൾ, ജീവിതത്തിന്റെ പരിമിതികൾ സ്വാഭാവികമാണെന്ന് അംഗീകരിക്കുവാൻ ഒരിക്കലും തയ്യാറല്ല. അപ്പോൾ ദൈവത്തെ ദൈവം ആക്കണമെങ്കിൽ അത്ഭുതം പ്രവർത്തിപ്പിച്ചല്ലേ മതിയാകൂ.

തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുന്ന കൗതുകം ചിലപ്പോൾ ക്രൂരതയാകുമ്പോൾ ചിറകടർന്ന് അവർക്ക് വേദനിക്കാറുണ്ട്. ആ മാതാവ്, ഈ മാതാവ്, ഇവിടെ നടത്തുന്ന ആരാധന, ഇവിടുത്തെ കുരിശ്, ഇവിടെ ഒഴിച്ച എണ്ണ, ഇവിടെ ജപിച്ച ഉപ്പ്, നിർദ്ദിഷ്ടകാര്യങ്ങൾക്കുവേണ്ടി ദേഹത്ത് കെട്ടേണ്ട ചരട് ഇവയൊക്കെയും ചിറകടർത്തുന്ന ഭാരങ്ങൾ തന്നെയാണ്. ഭക്തിയുടെയും വിശ്വാസത്തിന്റെയും ബാഹ്യരൂപങ്ങൾ ഉണ്ടെങ്കിലും ഇത്തരം പ്രവണതകളോട് ബന്ധപ്പെട്ടു വൈകാരികമായി എത്രയോ ചൂഷിതരാകുന്നുണ്ട് ആളുകൾ. വെഞ്ചരിക്കപ്പെട്ട വസ്തുക്കൾ ദൈവകൃപയുടെ ചാലകങ്ങളാണ്. എന്നാൽ അത്ഭുതപ്രതീതിയും മാന്ത്രികഭാവവും നൽകപ്പെടുമ്പോഴെല്ലാം പാവം ജനം ചൂഷിതരാകുന്നുണ്ട്, സാമ്പത്തികമായിപ്പോലും. മതവിശ്വാസങ്ങൾക്ക് പലതലങ്ങളുണ്ട്. ആത്മീയതലം എന്നത് വൈകാരികഭാവങ്ങളിൽ ഒതുങ്ങുകയും, ബൗദ്ധികവും സാംസ്കാരികവും സാമൂഹികവുമായ തലങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുമ്പോഴാണ് വിശ്വാസത്തിനുള്ളിൽ ചൂഷണം കടന്നു കൂടുന്നത്. തങ്ങൾ കേൾക്കുന്നതും, വിശ്വസിക്കുന്നതും വിമർശനവിധേയമാക്കുന്നത് ബുദ്ധിയുടെ പ്രവർത്തനമാണെന്നും അത് തെറ്റാണെന്നും പഠിപ്പിക്കപ്പെട്ടവരുടെ ആന്തരികാവസ്ഥകൾ ഞെരുക്കപ്പെടുന്നുണ്ട്. വളർച്ചയെന്നത് ഏതെങ്കിലും ധ്യാനകേന്ദ്രത്തോടും പ്രസംഗകനോടും തോന്നുന്ന ഭവ്യതയല്ല. നിർഭാഗ്യവശാൽ ചിലരെങ്കിലും അത് അങ്ങനെ ആക്കിത്തീർത്തിട്ടുണ്ട്. വിശ്വാസത്തിൽ വളർന്ന പ്രഘോഷകന് തന്റേതായ വെളിപാടുകളും ദൈവശാസ്ത്രവും ഉണ്ടായിരിക്കാം. ആളുകൾ ഏതുവിധത്തിൽ അവ മനസിലാക്കുന്നു എന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. തങ്ങളുടെ കാഴ്ചപ്പാടുകൾ വിമർശന വിധേയമാകുമ്പോൾ, വ്യത്യസ്തമായ വാക്കുകളെയൊക്കെയും ബുദ്ധിയിൽ അന്ധകാരം നിറഞ്ഞ ലൗകികരുടെ സിദ്ധാന്തങ്ങളാണെന്നു ആളുകളെ ധരിപ്പിക്കാൻ അവരുടെ സ്വാധീനത്തിനു കഴിഞ്ഞു.

വർഷങ്ങളായി, സഭാദർശനങ്ങൾ എന്ന വിശ്വാസത്തിൽ ആളുകൾ കേട്ടത് മുഴുവൻ ഈ പ്രസംഗകരെയാണ്. അരുതായ്മകളും വീഴ്ചകളുമല്ലാതെ എന്തിനെക്കുറിച്ചാണ് അവരിൽ നിന്ന് ആളുകൾ കേട്ടത്? സുപ്രധാനമായ രേഖകൾ അതും അത്യാവശ്യഘട്ടങ്ങളുണ്ടായിരുന്നാൽ മാത്രമാണ് സഭയുടെ കാലോചിതമായ പഠനങ്ങൾ ഇടവകകളിൽ ജനങ്ങൾക്ക് മുമ്പിലെത്തിയത്. മറ്റു വിശ്വാസങ്ങളോടും, സഭാവിഭാഗങ്ങളോടുമുള്ള സമീപനം, സാമൂഹിക പ്രതിബദ്ധത, പ്രകൃതിയോടുള്ള ബന്ധം തുടങ്ങിയവ എത്രമാത്രം ധ്യാനവിഷയമാകുന്നുണ്ട്? മറിച്ച്, മറ്റുള്ളവരെ കുറ്റം വിധിച്ചും, സ്വയം ഒറ്റപ്പെട്ട സമൂഹമാക്കി മാറ്റിനിർത്തിയും സഭക്ക് ഏതു മുഖമാണ് ഈ അടുത്ത കാലത്ത് നൽകപ്പെട്ടത്. ആഗോളതലത്തിൽ സഭയുടെ വിചിന്തനങ്ങളും, കാലത്തിന്റെ മാറ്റങ്ങളോടുള്ള ഔദ്യോഗിക പ്രതികരണങ്ങളും ജനങ്ങൾക്ക് വിശ്വാസദർശനമാകുന്ന രീതിയിൽ ആത്മീയതയുടെ ഭാഗമായി അവതരിപ്പിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്.

സ്ഥിരമായൊരു ഇടമില്ലാതെ അലഞ്ഞു നടന്ന ഇസ്രയേലിന്റെ ലോകദർശനവും, ലേവായപൗരോഹിത്യം നിർണ്ണയിച്ച നിയമാവലികളും, നമ്മുടെ വിശ്വാസവും വിശ്വസ്തതയും അളക്കുന്ന തോതുകളായി ഇന്ന് നല്കപ്പെടുമ്പോൾ ഔചിത്യബോധം ഇല്ലാതെപോവുകയും, പ്രചോദനതലം അവഗണിച്ചുകളയുകയും ചെയ്യുന്നുണ്ട്. ജീവിതത്തിന്റെ സങ്കീർണതകളിൽ അതിജീവനത്തിന്റെ ബലമായി വിശ്വാസം മാറണം. ശാപവും പിശാചുബാധയുമൊക്കെ നല്കപ്പെടാൻ കഴിയുന്ന എളുപ്പമുള്ള ഉത്തരങ്ങളാണ്. അത്തരം വിവരണങ്ങളല്ല പ്രാഥമികവ്യാഖ്യാനങ്ങളാകേണ്ടത്. വിശ്വാസവും പഠനങ്ങളും, സങ്കീർണതകളുമായി സംവദിക്കാൻ തയ്യാറായില്ലെങ്കിൽ വിശ്വാസം മുൻപോട്ടു വയ്ക്കുന്ന ജീവിതമാതൃകകൾ അസ്ഥാനത്താണെന്ന് തിരിച്ചറിയാൻ ആളുകൾക്കു താമസമുണ്ടാകില്ല. ധ്യാനകേന്ദ്രങ്ങളിലും ഇടവകകളിലും എത്തുന്ന ആളുകളുടെ നിഷ്കളങ്കതയും, നിസ്സഹായാവസ്ഥയും, വിധേയത്വവും വിലക്കെടുക്കപ്പെടുകയാണെങ്കിൽ അത് അനീതിയാണ്. അതുപോലെതന്നെ, അത്രമാത്രം വിധേയത്വം ഇല്ലാതെ മാറിനിൽക്കുന്ന, എന്നാൽ ആത്മാർത്ഥതയോടെ തന്നെ കാലോചിതവും ക്രിസ്തീയവുമായ പ്രതികരണങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വലിയ ഒരുകൂട്ടം ആളുകൾ അവഗണിക്കപ്പെടുന്നുണ്ട്. അവർ സഭാവിരോധികളല്ല, പ്രതീക്ഷയോടെ നോക്കുന്നവരാണ്. ആ പ്രതീക്ഷകളിൽ പ്രചോദനങ്ങളുണ്ട്. അവരെ ലൗകികരെന്നു വിളിച്ചപമാനിക്കുമ്പോൾ, കാലഘട്ടത്തിനു വചനം നൽകുന്ന പ്രചോദനങ്ങൾ തന്നെയാണ് തിരസ്കരിക്കപ്പെടുന്നത്. വിശ്വാസം ആധികാരികമാക്കാൻ അവർ പരിശ്രമിക്കുന്നതുകൊണ്ടാണ് അവർ വിശദീകരണം തേടുന്നത്. ആ പ്രതീക്ഷകൾ മൂല്യമുള്ളവയും എന്നാൽ ഉത്കണ്ഠയുൾക്കൊള്ളുന്നവയും ആണ്. അവയെ പരിഗണനയിലെടുക്കാതെ, സഭാവക്താക്കളായി വാചാലരാകുന്നവർ അനേകം ഉത്തരങ്ങൾ നൽകുന്നുണ്ട്, എന്നാൽ ആരുടെ അല്ലെങ്കിൽ ഏത് ചോദ്യങ്ങൾക്കാണ് അവർ ഉത്തരം നൽകുന്നത്?

നിങ്ങൾ അവരെ നിരീശ്വരവാദികൾ എന്ന് വിളിച്ചുകൊള്ളൂ ...
(മതങ്ങളുടെയും, സംസ്‌കാരണങ്ങളുടെയും, സമൂഹങ്ങളുടെയും) ചരിത്രകാരന്മാരും, ശാസ്ത്രരംഗത്തും ആതുരരംഗത്തും ജോലിചെയ്യുന്നവരും, സാഹിത്യപണ്ഡിതരും ഒക്കെയുണ്ടതിൽ.

മതവും ആത്മീയവ്യാഖ്യാനങ്ങളും അവരുടെ ഗവേഷണമേഖലകളെക്കുറിച്ച് തെറ്റുകൾ പഠിപ്പിക്കുമ്പോൾ, ശരികളെ തുറന്നു വയ്ക്കുന്നത് അവരുടെ ധാർമികമായ കടമയാണ്. അവരുടെ ശരികളെ കേൾക്കുക എന്നത് വിനയത്തിന്റെ ഭാഷയാണ്.

നിങ്ങൾ അവരെ നിരീശ്വരവാദികൾ എന്ന് വിളിച്ചുകൊള്ളൂ ...
നന്നായി പ്രാർത്ഥിക്കുന്നവരുണ്ടതിൽ.
നിരീശ്വരവാദിയുടെ പ്രാർത്ഥനക്ക് ഒരുപക്ഷെ അല്പം വ്യക്തത കൂടുതൽ കണ്ടേക്കാം.
ആരോ രൂപപ്പെടുത്തിയ അച്ചിലല്ല അവർ ദൈവത്തെ കാണുന്നത്
മറിച്ച്, അവരുടെ ഹൃദയപരാമർത്ഥതയിലാണ്.

പ്രാർത്ഥനകൾക്കും ബൈബിൾ വാക്യങ്ങൾക്കും മന്ത്രതുല്യമായ മൂല്യങ്ങളും ശക്തികളും, പ്രത്യേക ആവശ്യങ്ങൾക്കുള്ള പ്രത്യേക പ്രാർത്ഥനകളുമൊക്കെ വിശ്വാസത്തിലെ മൂല്യത്തകർച്ചയുടെ അടയാളങ്ങളാണ്. ബൈബിൾ അരമണിക്കൂറും കൂടുതലും വായിച്ചാൽ ഉണ്ടാകുന്ന വിശേഷ ശക്തികളെക്കുറിച്ചു പറയാൻ സമയവും ഊർജ്ജവും ഉള്ളവർ ബൈബിൾ എങ്ങനെ വായിക്കണമെന്നാണ് സഭ പഠിപ്പിക്കുന്നതെന്നു എന്ന് മുതൽ പഠിപ്പിക്കും.

കർത്താവെന്നോടു പറഞ്ഞതെന്നു പ്രസംഗിക്കപ്പെടുന്ന വിചിത്രമായ വെളിപാടുകളാണ് ഇന്ന് പലരും പാലിക്കുന്ന ദൈവവചനം. പ്രബോധനതലത്തിൽ ശുഷ്‌കാന്തി കാണിക്കേണ്ട സഭാനേതൃത്വം ഇനിയും മൗനം പാലിക്കുന്നെങ്കിൽ അത് അപകടകരമായ സൂചന നൽകുന്നുണ്ട്.

ധ്യാനകേന്ദ്രങ്ങളിലെ വചന-വിശ്വാസ വിശദീകരണങ്ങൾക്കും വെളിപാടുകൾക്കും അംഗീകാരം നൽകപ്പെട്ടിട്ടുണ്ടോ? പ്രസംഗവേദികളിൽ പലതു കേൾക്കുന്ന വിശ്വാസികൾ എന്താണ് വിശ്വസിക്കേണ്ടത്?

അയൽസൗഹൃദത്തിന്റെ പേരിൽ സുഹൃത്തുക്കൾ നൽകുന്ന മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒന്നാം പ്രമാണത്തിന് വിരുദ്ധമാകുന്നത് എങ്ങനെയാണ് ? പ്രത്യേകിച്ച് ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ജോലിചെയ്യുന്നവർ ആണെങ്കിൽ അവർക്കെന്തെങ്കിലും അസുഖം വന്നാൽ അത് ഇങ്ങനെ എന്തെങ്കിലും കഴിച്ചതുകൊണ്ടാണെന്നു വ്യാഖ്യാനിക്കുന്നതിലെ വിശ്വാസപരമായ അടിസ്ഥാനം എന്താണ്? വളയും പാദസരവും ഒന്നാം പ്രമാണത്തിനു വിരുദ്ധമാകുന്നത് എങ്ങനെയാണ്?

ഇത് ഒരു പുതിയ കാര്യമല്ലെന്ന് അറിയാം, എങ്കിലും ഔദ്യോഗികമായ എന്ത് നിലപാടാണ് സഭാനേതൃത്വം നൽകുന്നത്? വിശ്വാസവും സംസ്കാരവും വേർതിരിച്ചു കാണാനും സാംസ്കാരികവൈവിധ്യങ്ങളെ അംഗീകരിക്കുവാനുമുള്ള അജപാലന വിവേകം പരിശീലിക്കപ്പെടാത്തതു എന്തുകൊണ്ടാണ്?

യുവതീയുവാക്കളുടെ സ്നേഹബന്ധങ്ങൾ വഴിവിട്ടു പോകുന്നെങ്കിൽ അതിന്റെ യഥാർത്ഥ കാരണങ്ങളെ കണ്ടെത്തുവാനും പരിഹരിക്കുവാനും കഴിയേണ്ടതിനു പകരം സ്‌നേഹബന്ധങ്ങളെല്ലാം പാപമാണെന്നും ദൈവനിയമത്തിനെതിരാണെന്നും പഠിപ്പിക്കുന്നത് വിശ്വാസത്തിനു യോജിക്കുന്നതാണോ?

വിവേകമില്ലാത്ത സങ്കല്പികധാരണകൾ സാന്മാര്ഗികബോധമായി വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കുന്ന കൗൺസിലർമാർക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? നിഷ്കളങ്കമായി വിശ്വസിക്കപ്പെടുന്ന ഇത്തരം ഉപദേശങ്ങൾ ഒരു സ്വാഭാവികജീവിതം ജീവിക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ ആളുകളെ വലിയ സന്ദേഹത്തിലാക്കുന്നുമുണ്ട്. പാപത്തിന്റെ നിർവചനങ്ങൾക്ക് അതിവിശാലമായ വ്യാപ്തി കൊടുത്ത് സകലതിനും പാപമയം നൽകുന്നത് വിശ്വാസികളെ കുറ്റബോധത്തിൽ ബന്ധിക്കുന്നില്ലേ? കുളിക്കുമ്പോൾ സുഖം തോന്നിയാൽ അത് ശരീരത്തിനെതിരെയുള്ള തെറ്റാണെന്ന ഉപദേശം കേട്ട 'ആത്മീയ വ്യക്തി' പിന്നീട് സ്വസ്ഥമായി കുളിക്കുന്നതെങ്ങനെയാകും?

ഏതു ബുദ്ധിമുട്ടുകളിലും ശാപങ്ങളും പിശാചുക്കളും കാരണമാണെന്ന വ്യാഖ്യാനങ്ങൾ സഭ അംഗീകരിക്കുന്നുണ്ടോ?

മാന്ത്രിക സ്വഭാവം നൽകി പ്രചരിപ്പിക്കപ്പെടുന്ന ഭക്തികൾക്കും, ഉടമ്പടികൾക്കും സഭയുടെ അംഗീകാരം നല്കപ്പെട്ടിട്ടുണ്ടോ? വൈകാരികമായും സാമ്പത്തികമായും ആളുകൾ ചൂഷിതരാകുന്നുവെന്ന സത്യം കാണുന്നില്ലെന്നാണോ?

കുഴലൂത്തുകാർ കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് നിലയില്ലാക്കയത്തിലേക്കാണ്. കുഴലൂത്ത് കേട്ടിരിക്കാം, പക്ഷെ ഓർക്കണം ശ്വാസമില്ലാതെ കുഞ്ഞുങ്ങൾ പിടയുന്നുണ്ട്.

ഫെബ്രുവരി 18, 2019

വചനപാരായണം

അനുദിനജീവിതം വചനത്തിനു നൽകുന്ന പരിഭാഷയാണ് വചനപാരായണം. ജീവിക്കുന്ന വചനം, വായിക്കുന്ന വാക്കുകളിൽ അല്ല, മറിച്ച് ജീവിതം അതിനു നൽകുന്ന അർത്ഥത്തിലാണ്. വായനയും ആവർത്തനവും വിചിന്തനമില്ലാതെ പോവുകയും, കാര്യസാധ്യത്തിനു വേണ്ടി ഉപദേശിക്കപ്പെടുകയും ചെയ്യുമ്പോൾ പുസ്തകത്തിലൊതുങ്ങിനിൽക്കുന്ന വെറും വാക്കുകളാണവ. അപ്പോൾ അവയിൽ തന്നെയുള്ളതും, നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതുമായ പ്രചോദനതലങ്ങൾ അവഗണിക്കപ്പെടുന്നുണ്ട്. ദൈവം ചെയ്യുന്നതും നമ്മൾ ചെയ്യേണ്ടതും പരിഭാഷ ചെയ്യുന്നത് ജീവിതങ്ങൾ തന്നെയാണ്.

സ്വന്തം ജീവിതദർശനത്തിലൂടെയാണ് ക്രിസ്തു വേദഗ്രന്ഥം വായിച്ചെടുത്തത്. ചുരുളുകളിൽ എഴുതപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട് അത് പാലിക്കപ്പെടേണ്ട ദൈവനിയമമായി ക്രിസ്തു കരുതിയില്ല. ക്രിസ്ത്യാനി പഴയനിയമം വായിക്കുന്നത് ക്രിസ്തുദർശനത്തോടെയാവണം.

"ക്രിസ്തു എങ്ങനെ ഈ വചനഭാഗത്തെ, ഈ നിയമത്തെ മനസിലാക്കി?
ഇന്ന് ഈ വചനഭാഗത്തെ, ഈ നിയമത്തെ ക്രിസ്തു എങ്ങനെ നമ്മുടെ കാലഘട്ടത്തിനുവേണ്ടി വ്യാഖ്യാനിച്ചു തരുന്നു?"

സകലരും ദൈവമക്കളാണെന്നും, അനുഗ്രഹപാത്രമാണെന്നുമാണ് ക്രിസ്തു മനസിലാക്കിയത്. ക്രിസ്തുദർശനത്തിന്റെ വിശാലത അവിടെയാണ്. കാരുണ്യം, ദയ, അലിവ് സ്നേഹം അനുകമ്പ തുടങ്ങിയവയിലാണ് കപടത വളർത്തുന്ന മതാചാരങ്ങളെക്കാളും ചൂഷിതശക്തിയുള്ള നിയമവ്യവസ്ഥയെക്കാളും ദൈവമഹിമ വെളിപ്പെടുന്നത് എന്ന് ക്രിസ്തു കരുതി.

ചരിത്രപരവും സാംസ്‌കാരികവും, ഭാഷാപരവും സാഹിത്യപരവുമായ പശ്ചാത്തലങ്ങളെ മനസ്സിലാക്കിയാണ് വായന തുടരേണ്ടത്. ഇത് ചെയ്യുന്നത് വചനത്തിന്റെ യാഥാർത്ഥ്യത്തോടുള്ള തുറവിയാണ്, അല്ലാതെ 'ബുദ്ധിയിൽ അന്ധകാരം' നിറഞ്ഞതുകൊണ്ടല്ല.'ബുദ്ധിയിൽ അന്ധകാരം' എന്ന പ്രയോഗത്തിന് അടുത്ത കാലത്തു നൽകപ്പെട്ട അർത്ഥം തന്നെ വചനവ്യാഖ്യാനത്തിന്റെ തെറ്റായ രീതിക്ക് ഉദാഹരണമാണ്.

കീഴ്‌പ്പെടുത്തുക, ബന്ദിയാക്കുക, മോചനദ്രവ്യം നൽകി വിമോചിപ്പിക്കുക തുടങ്ങിയവ പ്രാചീനസമൂഹങ്ങളിലെ സാധാരണ വ്യവസ്ഥിതികളായിരുന്നു. അത്തരം പശ്ചാത്തലങ്ങളിൽ രൂപപ്പെട്ടവയാണ്  യഹൂദമതസങ്കല്പങ്ങളും. മതഗ്രന്ഥങ്ങളിലെ അർത്ഥവ്യാപ്തി മനസിലാക്കേണ്ടതിന് ഭാഷയിൽ പ്രകടമാകുന്ന ഇത്തരം സാമൂഹികസാംസ്കാരിക പശ്ചാത്തലങ്ങൾ  ആ കാലഘട്ടത്തിൽ മനസിലാക്കിയേ തീരൂ. ഉപയോഗിക്കപ്പെട്ടിരിക്കുന്ന രൂപകങ്ങളെക്കാൾ അവ നൽകുന്ന അർത്ഥമാണ് ഇന്ന് നമ്മളോടും നമ്മുടെ വിശ്വാസത്തോടും സംവദിക്കേണ്ടത്. അങ്ങനെയേ വചനം പ്രചോദനം നൽകുകയുള്ളൂ. അല്ലെങ്കിൽ അക്കാലത്തു അവർ ഉപയോഗിച്ച വിവരണശൈലിയിലെ പദപ്രയോഗങ്ങളിൽ നമ്മൾ കുടുങ്ങിപ്പോവുകയാണ്. നമ്മുടെ കാലത്തോടും സംസ്കാരത്തോടും സംസാരിക്കുന്ന വിവരണശൈലി നമുക്കാവശ്യമാണ്. ഉടമ്പടി, നിയമം, അനുസരണം, പാപം, തിന്മ, വിമോചനം, അടിമത്തം തുടങ്ങിയ രൂപകങ്ങൾ അന്ന് ഒരു സമൂഹത്തിന് എങ്ങനെ ഒരു ദിശാബോധം നൽകി നയിച്ചുവെന്നും, ഇന്ന് മനുഷ്യനും സമൂഹത്തിനും സ്വയാവബോധത്തിലെ രൂപാന്തരങ്ങൾക്കനുസരിച്ച് പുതിയ രൂപകങ്ങൾ രൂപപ്പെടുത്തുന്നുവെന്നും മനസിലാക്കാൻ കഴിഞ്ഞെങ്കിലേ നമുക്ക് ശ്രവണം സാധ്യമാകൂ.

മനുഷ്യരായി പരസ്പരം മനസിലാക്കാനും, നന്മകൾ തേടാനും, അപരന്റെ ഉൾക്കാഴ്ചകൾ പ്രചോദനങ്ങൾ ആയിത്തന്നെ കാണാനും പ്രേരിപ്പിക്കുന്ന വചനാംശങ്ങളെ പ്രേരിതമെന്നും, എന്നാൽ സ്വന്തം തനിമയിലൂന്നി സ്വയം മാറ്റി നിർത്തുന്ന, വ്യത്യസ്‌തകളെ കാണുന്നവയെ സാംസ്കാരികഘടകങ്ങളായി മാത്രമായും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. സുവിശേഷത്തിന്റെ കാതൽ തന്നെ നന്മയാണല്ലോ.
____________________________
ബൈബിൾ പണ്ഡിതരും ദൈവശാസ്ത്രം പഠിപ്പിക്കുന്നവരും 'സത്യം പഠിപ്പിക്കാത്തതിനാൽ' സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുത്തു ബൈബിൾ സ്റ്റഡി ക്ലാസ് നടത്തുന്നവരും അവരിൽ നിന്ന് പഠിക്കുന്നവരും താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ വയ്ക്കുന്നത് നന്നായിരിക്കും.

"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നതല്ല ആദ്യമായി എഴുതപ്പെട്ടതോ വാമൊഴിയായി നല്കപ്പെട്ടതോ ആയ ബൈബിൾ വചനം എന്നതിൽ തുടങ്ങാം. ഉൽപത്തി മുതൽ വെളിപാട് വരെ തുടർച്ചയായി എഴുതപ്പെട്ട ഒരു ഗ്രന്ഥമല്ല ബൈബിൾ. അവയിൽ തന്നെ ഓരോപുസ്തകത്തിലെയും ഒന്നാം അധ്യായമാണ് ആദ്യം എഴുതപ്പെട്ടതും എന്നും അർത്ഥമില്ല. ഒരു പുസ്തകമായി നമ്മുടെ മുമ്പിലുള്ള അധ്യായങ്ങളിൽ പലതും പല സമയത്തായി കൂട്ടിച്ചേർക്കപ്പെടുകയോ ചിലവ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

പല കാലഘട്ടങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളവ ആയതിനാൽ ആ കാലഘട്ടത്തിന്റെ പ്രത്യേകതകൾ കൂടി മനസിലാക്കി വേണം ഓരോ പുസ്തകവും വായിക്കാൻ. പരാമർശിക്കപ്പെടുന്ന ഒരു സംഭവം പ്രതിപാദിക്കപ്പെടുന്ന സമയത്തേക്കാൾ എഴുതപ്പെട്ട സമയത്തെ ഉദ്ദേശ്യം എന്തെന്ന് വെച്ചുവേണം വായിച്ചെടുക്കാൻ. നടന്നുകഴിഞ്ഞു എന്നോ വരാനിരിക്കുന്നു എന്നോ അവരുടെ ശൈലിയിൽ പ്രതിപാദിക്കപ്പെടുന്നത് യഥാർത്ഥത്തിൽ എന്താണെന്ന് അന്വേഷണവിധേയമാക്കണം.

വ്യത്യസ്ത സാഹിത്യശൈലികളിലാണ് ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് (പദ്യം, ഗദ്യം, ചരിത്രം [ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് മതാത്മക ചരിത്രമാണ്], പ്രവചനം, അന്ത്യകാലദർശനശൈലി, ഉപമ, രൂപകം, കാല്പനികത ...). ആ ശൈലികളെ മനസിലാക്കാതെ അക്ഷരംപ്രതി വായിച്ചെടുക്കുന്നത് ഉചിതമല്ല. ഒരു പുസ്തകമെടുക്കുമ്പോൾ അതിന്റെ തന്നെ ഘടനയെയും പരിഗണിക്കേണ്ടത് ആവശ്യമാണ്. വിവിധങ്ങളായ പ്രതിപാദ്യവിഷയങ്ങൾ വിവിധഘടനകൾക്കുള്ളിൽ ക്രമീകരിച്ചിട്ടുണ്ടാകും. അവയ്ക്കുള്ളിലുള്ള ബന്ധവും, അവയ്ക്കിടയിലുള്ള പരസ്പരബന്ധവും വ്യത്യസ്തതകളും പരിഗണിക്കപ്പെടേണ്ടതുണ്ട്. സാധ്യമാകുവോളം മൂലഗ്രന്ഥത്തിലെ വാക്കുകളും ആ വാക്കുകൾക്ക് ആ സമയത്തുണ്ടായിരുന്ന അർത്ഥവും അറിയാൻ ശ്രമിക്കുന്നത് കൂടുതൽ സഹായകരമാകും.

എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലങ്ങൾ വാക്കുകളിൽ ഉൾച്ചേർന്നിട്ടുണ്ട്. അവയെയും ദിവ്യപ്രചോദനങ്ങളെയും വേറിട്ട് കാണുവാൻ നമുക്ക് കഴിയണം. അതിനു കഴിയുന്നില്ലെങ്കിൽ ഇന്നത്തെ പശ്ചാത്തലത്തിലേക്ക് വചനം വ്യാഖാനം ചെയ്യുമ്പോൾ വലിയ തെറ്റ് വരാം. അത് നമുക്ക് സംഭവിക്കുന്നുണ്ട്.
______________
ദൈവത്തിന്റെ പല പേരുകളോ സ്വഭാവങ്ങളോ ആയി പറയപ്പെട്ടിട്ടുള്ളവ പ്രാചീന മധ്യപൂർവേഷ്യയിലെ വ്യത്യസ്തങ്ങളായ കുലദൈവങ്ങളുടെ പേരുകളാണ്. ഉദാ: സാധാരണ ഉപയോഗിക്കാറുള്ള ദൈവമായ കർത്താവ് എന്ന പ്രയോഗത്തിലെ ദൈവം (യാഹ്‌വെ), കർത്താവ് (എലോഹിം) എന്നിവ രണ്ടു ദൈവസങ്കല്പങ്ങളായിരുന്നു. കാനാൻകാരുടെ ദൈവമായിരുന്ന ഏൽ നീണ്ട താടിയും വലിയ ചിറകുകളുള്ള വയോധികശ്രേഷ്ഠനെപ്പോലെ കാണപ്പെട്ടു. അവരുടെ ദേവലോകത്തെ തലവനായിരുന്ന ഏൽ സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും പിതാവും അഷേറാ ദേവിയുടെ ഭർത്താവുമായിരുന്നു. മഹനീയത സൂചിപ്പിക്കാൻ സ്വയം വിശേഷിപ്പിക്കുമ്പോൾ നാം, നമ്മൾ എന്ന പ്രയോഗങ്ങൾ സാധാരണം. ആ ദേവഗണത്തിലെ അംഗമായിരുന്ന യാഹ്‌വെയുടെ ചുമതലയാണ് സൃഷ്ടികർമ്മം. ഉണ്മയിലേക്കു വരുന്ന സകലതിനും അസ്തിത്വം നൽകുകയാണ് യാഹ്‌വെ ചെയ്യുന്നത്. യാഹ്‌വെക്ക് കാളയുടെ തലയുണ്ടായിരുന്നതിനാൽ യാഹ്‌വെയുടെ പുരോഹിതരും കൊമ്പുകളുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. ഏൽന്റെ മക്കൾ മൊത്തത്തിൽ വിളിക്കപ്പെട്ടതു എലോഹിം എന്നാണ്. ഏകവചനത്തിൽ എടുത്താൽ അവരും ഏൽ അല്ലെങ്കിൽ എലോവാം എന്നാവും. ഇവ കാറ്റിന്റെയോ, ജലത്തിന്റെയോ അഗ്നിയുടെയോ ശക്തിയെ സൂചിപ്പിക്കുന്നതും ആകാം. നിരീക്ഷിക്കുകയും കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന, ഈജിപ്തിലെ മരുഭൂദൈവമാണ് ഏൽ റോയ്. ഏൽ ഷദ്ദായി സർവശക്തൻ എന്നർത്ഥമുള്ള അക്കാദിയൻ ദൈവമാണ്. ശക്തിയെ സൂചിപ്പിക്കുന്നതായി പർവ്വതങ്ങളുടെ ദൈവമെന്നോ പർവ്വതങ്ങളിൽ വസിക്കുന്ന ദൈവമെന്നോ വിശേഷിപ്പിച്ചിരുന്നു. അതെ വാക്കുകളിൽ കരുതലും പരിപാലനവും സൂചിപ്പിച്ചുകൊണ്ട് സ്തനങ്ങളുള്ള ദൈവമെന്നും അർത്ഥമുണ്ട്. അതേ മലദൈവത്തെ കാനാൻ കാർ ബാൽ ഹദദ് എന്ന് വിളിച്ചു. ഈ ദൈവം കൊടുങ്കാറ്റിന്റെ ദൈവവുമായിരുന്നു. പൂർവ്വപിതാക്കന്മാരുടെ സങ്കല്പങ്ങളിൽ അക്കാദിയൻ ഷദ്ദായിയും കാനാൻ കാരുടെ ഏൽ ഉം കൂടിച്ചേർന്ന സങ്കൽപ്പമായിരുന്നിരിക്കണം. അദോനായ് യും ഏലോ സബാവോത് ഉം ഫിനീഷ്യയിലെ സൈന്യങ്ങളുടെ ദൈവങ്ങളായിരുന്നു.

സൃഷ്ടിക്കുകയും, മേഘങ്ങളിലും കാറ്റിലും സഞ്ചരിക്കുകയും, കൊടുങ്കാറ്റിൽ പ്രത്യക്ഷപ്പെടുകയും, ചിറകുകളിൽ വഹിക്കുകയും ചെയ്യുന്ന, സൈന്യങ്ങളുടെ കർത്താവും പർവ്വതങ്ങളിൽ വസിക്കുകയും ഭൂമിയെ ഇളക്കുകയും എന്നാൽ മാറിടത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വാക്യങ്ങൾ ഓർത്തു നോക്കാം. പല സംസ്കാരങ്ങളിലെ സങ്കല്പങ്ങളിൽനിന്ന് ചേർക്കപ്പെട്ടവയാണവ. ദൈവങ്ങളുടെ വെറും ഗുണങ്ങൾ മാത്രമല്ല അവ, മറിച്ച്, അവ കാനാൻകാരുടെയും, ഹിത്യരുടെയും, അമോര്യരുടെയും ഈജിപ്തുകാരുടെയും ഫിനിഷ്യക്കാരുടെയും സിറിയക്കാരുടെയും ദൈവങ്ങൾ തന്നെയായിരുന്നു.

അങ്ങനെ മനസിലാക്കുന്നതുകൊണ്ട് ദൈവത്തിന്റെ രൂപത്തിനോ സ്വഭാവത്തിനോ, നമ്മുടെ വിശ്വാസത്തിനോ കുറവ് വരുന്നില്ല. എന്നാൽ ദൈവസങ്കല്പത്തിൽ പോലും മറ്റനേകം വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും സാധീനം ഉൾച്ചേർന്നിട്ടുണ്ട് എന്ന് മനസിലാക്കുന്നത് നമ്മുടെ ഇടുങ്ങിയ മനോഭാവങ്ങൾ തുറന്നേക്കും. വെളിപ്പെടുത്തപ്പെട്ടവ എന്നത് കൊണ്ട്, മറച്ചുവയ്ക്കപ്പെട്ടത് എന്തെങ്കിലും തുറക്കപ്പെടുന്നു എന്ന രീതിയിലല്ല, മറിച്ച് വേണ്ടരീതിയിൽ ദൈവപ്രചോദിതമായി തിരിച്ചറിയപ്പെടുന്നു എന്നതാണ് അർത്ഥമാക്കുന്നത്.
Please See also

Pope Leo XIII Encyclical Letter Providentissimus Deus, (November 18, 1893)
Pope Pius XII Encyclical Letter Divino Afflante Spiritu (September 30, 1943)
Second Vatican Council Dei verbum, Dogmatic Constitution on Divine Revelation, promulgated by               Pope Paul VI (November 18, 1965)
Pontifical Biblical Commission "The Interpretation of the Bible in the Church" (April 23, 1993)
Pope Benedict XVI General Audience (November 14, 2007)
Pope Benedict XVI Address To The Pontifical Biblical Commission (April 23, 2009)
Pope Benedict XVI Verbum Domini Post synodal Apostolic Exhortation September 30, 2010