Gentle Dew Drop

ജൂലൈ 03, 2018

തോമസ്, എന്റെ മുറിവുകൾ നീ കാണുക

ദൈവികവെളിപാടിന്റെയും മനുഷ്യന്റെ തിരിച്ചറിവിന്റെയും ഒരു യാത്രയാണ് വിശ്വാസം. വിശ്വാസത്തിന്റെ വഴിയേ ബോധ്യപ്പെടുന്ന സത്യമാണ് "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു" എന്നത്. മറ്റു സുവിശേഷങ്ങളിൽ കാലിത്തൊഴുത്തിൽ നമ്മൾ കാണുന്ന മിശിഹാ, യോഹന്നാന്റെ സുവിശേഷത്തിൽ ദൈവകുഞ്ഞാടായി അവതരിപ്പിക്കപ്പെട്ടശേഷം തന്റെ അമ്മയോടും ശിഷ്യന്മാരുമൊപ്പം  അയൽക്കാരന്റെ വീട്ടിലെ വിവാഹാഘോഷത്തിനിടയിലാണ് കാണപ്പെടുന്നത്.
ആ യാത്രയിൽ അവനോടൊത്തു നടക്കാൻ കൂടെ കൂടുന്നവരുണ്ട്, അവരിൽ ചിലർ മറ്റാളുകളെ  അവന്റെ അടുത്തേക്കു ചേർത്തുനിർത്തുന്നവരും ഉണ്ട്. 
ആത്മാവിലും സത്യത്തിലും ആരാധിക്കാൻ പ്രാപ്തമാക്കുന്ന സ്നേഹഉടമ്പടിയുടെ അടയാളമെന്നവണ്ണം ദേവാലയശുദ്ധീകരണത്തോടെയാണ് ഈ യാത്രക്ക് വഴി തുറക്കുന്നത്. "നമുക്കും അവനോടുകൂടി പോകാം, അവനോടൊപ്പം മരിക്കാൻ" (11: 16) എന്ന തോമസിന്റെ വാക്കുകൾ ജീവദായകമായ ഈ യാത്രക്കു ജീവന്റെ വില ഉണ്ട് എന്ന് കൂടി അർത്ഥം നൽകുന്നു. നമുക്ക് പോകാം എന്ന് പറഞ്ഞ തോമസ് തന്നെ പിന്നീട് ചോദിക്കുന്നു, "നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും?" (14:5). യേശു അവനോടു പറഞ്ഞു, "വഴിയും, സത്യവും, ജീവനും ഞാനാകുന്നു" (v. 6). 
യാത്രയിലെ അന്വേഷണങ്ങളുടെയും, സന്ദേഹങ്ങളുടെയും, പരിവേദനങ്ങളുടെയും അർത്ഥവും പൂർണതയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ഈ വചനം. സത്യത്തിൽ ജീവനിലേക്കു നടക്കുന്ന ഈ വഴിയുടെ പര്യവസാനം എവിടെയെന്നു തോമസിന്റെ അനുഭവം നമ്മെ കാണിക്കുന്നു.
യേശു വന്നപ്പോൾ തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാർ അവനോടു പറഞ്ഞു, ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ അവൻ പറഞ്ഞു, അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല (20: 25). എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും യേശു വന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു.യേശു അവനോടു പറഞ്ഞു, "നിന്റെ വിരൽ ഇവിടെ കൊണ്ട് വരിക എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക" (v. 27). തോമസ് പറഞ്ഞു, "എന്റെ കർത്താവെ, എന്റെ ദൈവമേ!"
വചനം മാംസമായി, മനുഷ്യന്റെ വേദനകൾ അവൻ സ്വന്തമാക്കി.സത്യത്തിൽ നമ്മിൽത്തന്നെയുള്ള ശൂന്യതകളാണവ, സ്നേഹത്തിന്റെയും, നന്മയുടെയും, ജീവന്റെയും ശൂന്യത. അവന്റെ മുറിവുകളിൽ കൈവച്ച് അവനെ അറിയാൻ അവൻ വിളിക്കുമ്പോൾ അത് നമ്മുടെ തന്നെ ക്ഷതങ്ങളും മുറിവികളുമല്ലാതെ മറ്റെന്താണ്?
മിശിഹാ തൻ്റെ മുറിവുകളിലേക്കു നമ്മെ ക്ഷണിക്കുമ്പോൾ നമ്മുടെ വിങ്ങലുകൾ മടിയില്ലാതെ തുറക്കാൻ നമുക്കാകും. ആ തിരിച്ചറിവിലാണ് നമ്മൾ പറയുന്നത്, "എന്റെ കർത്താവെ എന്റെ ദൈവമേ."
അപമാനവും കണ്ണുനീരും ബാക്കിവച്ച കാനായിലെ ശൂന്യമായ കൽഭരണികളും, മിശിഹായെക്കുറിച്ചു സംശയങ്ങൾ ബാക്കിവച്ച നഥാനയേലും നിക്കോദേമോസും, തിരസ്കരണം സഹിച്ച, നീ എന്റെ സ്വന്തമെന്നു പറയാൻ ആരുമില്ലാതിരുന്ന സമരിയക്കാരി സ്ത്രീയും, കുളത്തിലെ വെള്ളമിളക്കുന്ന മാലാഖയുടെ സമയവും ആരുടെയോ കരുണയും കാത്തിരുന്ന  തളർവാതരോഗിയും, പൂർവ്വജരുടെ പാപഭാരമെന്ന സാമൂഹികവിധി സഹിച്ചു ജന്മം മുതൽ അന്ധതയിൽ തപ്പിത്തടഞ്ഞവനും ഇടറിയും എഴുന്നേറ്റും  ഇതേ വഴിയേ നടക്കുകയാണ്. അവരെല്ലാം ഈ വിളി കേൾക്കുന്നുണ്ട്, "നിന്റെ ഭാരങ്ങൾ ഇവിടെ കൊണ്ടുവരിക." ക്രിസ്തുസാന്നിധ്യം പുറമെയെവിടെയോ അല്ല, അത് നമ്മിലും നമുക്കിടയിലുമാണ്, അവിടുത്തെ ശരീരം രൂപീകരിച്ചുകൊണ്ട്. അവിടെ ക്രിസ്തുവിന്റെ മുറിവുകൾ എവിടെയാണ്? യേശുസാന്നിധ്യം ശിഷ്യസമൂഹത്തിൽ അനുഭവവേദ്യമായപ്പോൾ തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല എന്നതുതന്നെ ഒരു മുറിവാണ്. മുറിവുകൾ നമ്മുടേതുതന്നെ ആകാം, സഭയുടേതാകാം, മനുഷ്യവംശം മുഴുവന്റെയുമാകാം, പ്രകൃതിയുടേത് തന്നെയാകാം. മുറിവുകളെ എളുപ്പത്തിൽ നമുക്ക് വിധിക്കാനാകും, എന്നാൽ അവിടെയൊക്കെയും ക്രിസ്തുവിന്റെ വിളിയുണ്ട്, നിന്റെ കരങ്ങൾ ഇവിടെ വയ്ക്കുക.  നമ്മുടെ പ്രത്യുത്തരം നമ്മുടെതന്നെ സൗഖ്യത്തിനു കാരണമാണ്, സാന്ത്വനത്തിന്റെയും, സ്നേഹിക്കപ്പെടുന്നതിന്റെയും വിലമതിക്കപ്പെടുന്നതിന്റെയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ