മുള്ളുകൾക്കിടയിൽ വീണു ഞെരുക്കപ്പെടുന്ന വിത്തിനെക്കുറിച്ചു പറയുമ്പോൾ സൂചിപ്പിക്കപ്പെടുന്ന ഒന്നാണ് ലൗകിക വ്യഗ്രത (Mk 4: 19). മുള്ളുകൾക്കിടയിൽ വചനം ഞെരുക്കപ്പെടുകയും ഫലശൂന്യമാക്കപ്പെടുകയും ചെയ്യുന്നു എന്നാണ് വചനസാരം.
ചിലർ ലൗകിക കാര്യങ്ങളിലെന്നപോലെ തന്നെ ആത്മീയകാര്യങ്ങളിൽ വ്യഗ്രത കൊണ്ടുനടക്കുന്നവരാണ്. യാഥാർത്ഥ താല്പര്യത്തിലും വളർച്ചയിലുമുപരി അവരുടെ ശ്രദ്ധാകേന്ദ്രം മുഴുവൻ ചെയ്തുകൂട്ടുന്ന എന്തൊക്കെയോ പ്രവൃത്തികളാകാറുണ്ട്. എന്ത് പ്രാർത്ഥന ചൊല്ലണം, എത്ര തവണ ചൊല്ലണം, 'ഇതിനു വേണ്ടി ഏതു പ്രാർത്ഥന' ചൊല്ലണം, ഈ പ്രാർത്ഥന ഏതു സമയത്തു ചൊല്ലിയാൽ 'കൂടുതൽ ശക്തി ഉണ്ടാകും' തുടങ്ങിയവ ക്രിസ്തുവിന്റെ ആത്മീയതയുമായി യാതൊരുബന്ധവും ഇല്ലാത്തതാണ്. ദൈവികബന്ധവും ആന്തരികസമാധാനവും അവിടെ കണക്കാക്കപ്പെടുന്നില്ല, പകരം പ്രവൃത്തികളുടെയും പ്രാർത്ഥനയുടെയും എണ്ണം സ്വയം ആത്മീയരാണെന്നു കരുതാനുള്ള ഒരു മിഥ്യാബോധം രൂപപ്പെടുത്തുന്നു. ഈ ആത്മീയവ്യഗ്രത മൂലം 'ചെയ്യപ്പെടേണ്ട' ആത്മീയ പ്രവൃത്തികൾ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്നു. അത് അവരുടെ അവസ്ഥകൾ മനസ്സിലാക്കാതെ കൂടിയുമാകുമ്പോൾ അത് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. എല്ലാം ആത്മീയതയുടെയും ഭക്തിയുടെയും പേരിൽത്തന്നെ. നിർദ്ദേശിക്കപ്പെടുകയും, നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന പുത്തൻ പ്രാർത്ഥനാശൈലികളും ആത്മീയതയും സ്വകാര്യഗ്രൂപ്പുകളിലും മറ്റും സുലഭമാണ്.
സ്വന്തം സംതൃപ്തിക്ക് വേണ്ടി ചെയ്യപ്പെടുന്ന കാര്യങ്ങളിലെ അമിതതാല്പര്യം, ആത്മീയതീക്ഷ്ണതയായി തെറ്റിദ്ധരിക്കുന്നത് വലിയ തെറ്റുതന്നെയാണ്. അത് സ്വയം ഉപയോഗിക്കപ്പെടാനും, മറ്റുള്ളവരെ വഞ്ചിക്കാനും കാരണമായേക്കാം.
ഇവിടെ, വളരുന്നതിന് പകരം ഞെരുക്കപ്പെടുകയാണ്. അവിടെയൊക്കെ ഉള്ളിൽ വിതക്കപ്പെട്ട വചനം ഫലശൂന്യമായിത്തീരുന്നുമുണ്ട്. ദൈവകൃപയെ തടസപ്പെടുത്തുന്ന എന്തും പാപമായി കരുതാമെങ്കിൽ ഇവയും പാപങ്ങൾ തന്നെയാണ്, ആത്മീയതയുടെ എത്രയോതന്നെ പരിവേഷങ്ങൾ അവയ്ക്കുണ്ടായിരുന്നാലും. വിശ്വാസം, ഭക്തി, പ്രാർത്ഥന തുടങ്ങിയവ ഏതാനം 'പ്രകടനപരത'യിലേക്ക് ചുരുക്കപ്പെടുമ്പോൾ ദൈവകൃപയെ നഷ്ടപ്പെടുത്തുകയും എന്നാൽ കപടമായ പുറംമോടിയുടെ കട്ടികൂടുകയും വർണങ്ങൾ ഏറുകയും ചെയ്യും. വിശ്വാസത്തിന്റെ പ്രതീകങ്ങളും, ഭക്തിപ്രവൃത്തികളും പ്രദര്ശനങ്ങളാക്കപ്പെടുകയും അത് സാക്ഷ്യമായും പ്രാർത്ഥനയായും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാറുണ്ട്. ലോലമായ ചില ആദർശവാക്യങ്ങൾ അവയിലെ ശുഷ്കത മനസിലാക്കപ്പെടാതെ 'വിശ്വാസത്തിന്റെ' അടിസ്ഥാനതത്വങ്ങളാകുന്നതിനു കാരണവും ഇതുതന്നെയാണ്.
ആശങ്കകൾ, പരാതികൾ, പ്രലോഭനങ്ങൾ, ഭീതികൾ കുറ്റബോധം നിരാശകൾ അങ്ങനെ പലതും കൂടെക്കൂടെ നമ്മുടെ ശ്രദ്ധ നേടുന്നവയാണ്. അവയേക്കാളേറെ കൃപ നമ്മിൽ സന്നിഹിതമാണെങ്കിലും തിരിച്ചറിയാതെ പോകുന്നു. നമ്മിലെ ഉണർവിനെക്കാൾ തളർച്ചയെക്കുറിച്ച് പരാതിപ്പെട്ട് വളർച്ച മുരടിപ്പിക്കുന്നു. ഉള്ളിൽ ഭീതി നിറയുന്നതുകൊണ്ടാണ് പലവഴികൾ തേടി പരക്കം പായുന്നത്, ഇനങ്ങളനുസരിച്ചുള്ള പ്രാർത്ഥനകൾ കണ്ടെത്തുന്നത്.
ഫലത്തിൽ സംഭവിക്കുന്നത് കൃപയുടെ അഭാവമാണ്. വ്യക്തിയായും സമൂഹമായും നമ്മിലുണ്ടാവേണ്ടിയിരുന്ന കൃപ ഇല്ലെന്നു തന്നെയാണ് യാഥാർത്ഥ്യം. കൃപയുടെ അഭാവമേതും പാപത്തിന്റെ അവസ്ഥയാണ്. "പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല" എന്ന് അന്ധനോട് പറയുന്ന യഹൂദപ്രമാണി നിഷ്ഠകളിൽ കണിശക്കാരനായിരുന്നെങ്കിലും ഉള്ളിൽ കൃപയുണ്ടായിരുന്നില്ല. യേശുവിന്റെ കാലുകഴുകി തുടച്ചവളുടെ വിശുദ്ധിയെ വിധിക്കുന്ന ശിമയോനും പാപത്തിലായിരുന്നു എന്ന് പറയാം.
രണ്ടുപേർ പ്രാർത്ഥിക്കുവാൻ ദേവാലയത്തിൽ വന്നു. ഒരാൾ പ്രാർത്ഥിച്ചു: "ഓടിനടന്നു പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്ഥിപ്പിക്കുകയും ചെയ്യുന്നവനാണ് ഞാൻ. ജോലിത്തിരക്കിന്റെയും ഉത്തരവാദിത്തങ്ങളുടെയും കണക്കുപറഞ്ഞു ഒഴിയാൻ ശ്രമിക്കുമ്പോൾ ലൗകികരായ അവരെ ഞാൻ നിർബന്ധിച്ചു പ്രാർത്ഥിപ്പിക്കാറുമുണ്ട്. ദൈവമേ, എന്നെ അറിയാമല്ലോ അക്കൗണ്ടിൽ ശമ്പളം വരുമ്പോഴേ ദശാംശം transfer ചെയ്യുന്നവനാണ് ഞാൻ. ഈ നിൽക്കുന്ന ഭൗതികനായ മനുഷ്യനെപ്പോലെയും അല്ല ഞാൻ." രണ്ടാമൻ പ്രാർത്ഥിച്ചു: "നല്ല ദൈവമേ, അങ്ങേ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും എന്റെ ജോലികളെയും നീ നയിക്കണമേ." ഈ രണ്ടുപേരിൽ ആരാണ് സമാധാനത്തോടെ ജീവിക്കുന്നത്?
ആദ്യത്തെ ആൾക്കു പ്രാർത്ഥനയും മതവും ആണ് ദൈവം. അവന്റെ ചെയ്തികൾ മുഴുവൻ പ്രാർത്ഥന എന്ന 'ജോലി' ചെയ്യാനും അതിൽ മറ്റുള്ളവരെ ഉൾപ്പെടുത്താനുമാണ്. രണ്ടാമൻ ജീവിതത്തിലെപ്പോഴോ ഒരു നിമിഷം ദൈവത്തിലാശ്രയിക്കാൻ പഠിച്ചിരിക്കുന്നു. പിന്നീട്, അവൻ തകരുന്നതിലും നേടുന്നതിലുമെല്ലാം അവൻ കണ്ടത് ഒരു കരുതലാണ്. അവൻ സമാധാനത്തോടെ ജീവിക്കുന്നു.
പ്രാർത്ഥിക്കുന്നവരെല്ലാം ആത്മീയരാവണമെന്നില്ല. 'ചെയ്തുകൂട്ടുന്ന' പ്രാർത്ഥനകളും ആത്മീയമല്ല.
ആത്മീയത വെറും മതപരമായ കാര്യങ്ങളിൽ മാത്രമല്ല. തിരുനാളുകൾ, ഉത്സവങ്ങൾ, പൂജകൾ, നേർച്ചകാഴ്ചകൾ വഴിപാടുകൾ ഉപവാസം തുടങ്ങിയവയിൽ ആത്മീയതയെ ഒതുക്കിനിർത്തുമ്പോൾ അത് ഫലദായകമോ അർത്ഥപൂർണ്ണമോ ആകുന്നില്ല. മതകാര്യങ്ങൾ നിഷ്ഠാപൂർവ്വം ചെയ്യുന്നതുകൊണ്ട് ആരെങ്കിലും ആത്മീയരാവണമെന്നും ഇല്ല. ഗാർഹികവും സാമൂഹികവും കലാപരവും രാഷ്ട്രീയവും സാങ്കേതികവുമായ മേഖലകളും ആത്മീയതയിൽ ഉൾച്ചേരണം (ആത്മീയതയുടെ ആന്തരികഭാവം രാഷ്ട്രീയഇടപെടലുകളിൽ അടിസ്ഥാനബോധ്യമായി കൊണ്ടുവരുന്നതും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി വിശ്വാസവും മതവും വളച്ചൊടിച്ച് ഉപയോഗിക്കുന്നതും രണ്ടാണ്). ഇത്തരത്തിലുള്ള എല്ലാ തലങ്ങളും ഒരുമിച്ചാണ് ആന്തരിക രൂപവത്‌കരണം നടക്കുന്നത്. നിരാശകളും ദുഃഖങ്ങളും സന്തോഷങ്ങളും പരാജയങ്ങളും തകർച്ചകളും ആത്മാർത്ഥതയോടെ തുറന്നു വെയ്ക്കാൻ കഴിയുന്നുണ്ടോ എന്നതാണ് വലിയകാര്യം.
ആത്മീയതയുടെയും വിശുദ്ധിയുടെയും അടയാളം ഈ തുറവിയാണ്. അമ്മ കുഞ്ഞിനെ പാടിയുറക്കുന്നതിലും പുരോഹിതൻ ബലിയർപ്പിക്കുന്നതിലും ഒരേ വിശുദ്ധി ബോധ്യപ്പെടുമ്പോഴേ ആത്മീയതയുടെ പിരമിഡ് സങ്കൽപ്പങ്ങൾ വഴിമാറുകയുള്ളു.