Gentle Dew Drop

സെപ്റ്റംബർ 16, 2018

അന്ത്യങ്ങൾക്ക് ഒരു അന്തമുണ്ടാവുമോ? ലോകാവസാനചിന്തകളുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും

ലോകാവസാനത്തെക്കുറിച്ച്  വിഷമിക്കുന്നവരും, അതിനായി ഒരുങ്ങുന്നവരും ഉണ്ട്. ഒരുങ്ങുന്നത് നല്ലതാണ്, അന്ത്യം അടുത്ത നിമിഷത്തിലാണെങ്കിൽ അങ്ങനെയാവട്ടെ.

അവസാനകാല പ്രവചനങ്ങൾ ഇതാദ്യമായല്ല ചരിത്രത്തിൽ ഉണ്ടാകുന്നത്. അവസാനകാലത്തിന്റെ അടയാളങ്ങൾ കണ്ടവരും, സ്വയം മിശിഹാ ആയി ആളുകളെ വിശ്വസിപ്പിച്ചവരും ഉണ്ട്. അവരുടെയും, അവരെ വിശ്വസിച്ചവരുടെയും സ്ഥിതി പരിതാപകരമായിരുന്നു എന്നതാണ് വസ്തുത.

വിശ്വാസത്തകർച്ച, മൂല്യച്യുതികൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയാണ് അന്ത്യകാല പ്രവചനങ്ങളുടെ പശ്ചാത്തലം. ഒരുതരത്തിൽ, നവീകരണം തന്നെയാണ് താക്കീതിന്റെ രൂപത്തിലാണെങ്കിലും ലക്ഷ്യമിടുന്നത്. പലവിധത്തിലുള്ള രൂപകങ്ങളും ഉപമകളും അതിന്റെ ഭാഷാശൈലിയിൽ ഉപയോഗിക്കപ്പെടാറുണ്ട്. അവയെ അക്ഷരാർത്ഥത്തിലെടുക്കുകയല്ല അവയുടെ ഉപയോഗത്തിന്റെ ഉദ്ദേശ്യം. ഇവിടെ, വരാനിരിക്കുന്നു എന്ന് അവതരിപ്പിക്കപ്പെടുന്ന സംഭവങ്ങളോ പ്രത്യേക പ്രതിഭാസങ്ങളോ, സത്യത്തിൽ നേർക്കുനേർ അഭീമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെയാണ്. വരിക, പോവുക, കാണുക തുടങ്ങിയ വാക്കുകൾ, വെളിപ്പെടുക, ഗ്രാഹ്യമാവുക എന്നുവേണം മനസിലാക്കാൻ. കൂടാതെ ഇത്തരം പ്രവചനങ്ങൾ നടത്തുന്ന ആളുകളുടെ വ്യക്‌തിസ്വഭാവവും കാഴ്ചപ്പാടുകളുംകൂടി കണക്കിലെടുത്തുകൊണ്ടുവേണം അവയെ മനസ്സിലാക്കാൻ.

നമ്മുടെ ഇന്നത്തെ സാഹചര്യത്തിൽ, ഗോളാന്തരതലത്തിൽ പലസംസ്കാരങ്ങളുടെ സമാഗമം നമുക്ക് നേർക്കാഴ്ചയാണ്. അവിടെ വിശ്വാസങ്ങളും, സാംസ്‌കാരികമൂല്യങ്ങളും, മതപാരമ്പര്യങ്ങളും, സാമൂഹികഘടനകളും കണ്ടുമുട്ടുമ്പോൾ, പരസ്പരം ഇഴചേരുന്നതുപോലെതന്നെ പലതലങ്ങളിൽ വൈരുധ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. യാഥാസ്ഥിതികമായ ചട്ടക്കൂടുകൾക്കു രൂപമാറ്റം (രൂപഭംഗം എന്ന് വിളിക്കാതിരിക്കുന്നതാണ് ഭംഗി) ഉണ്ടാകുമ്പോൾ എല്ലാം തകരുന്നു എന്ന ചിന്ത വരുന്നത് സ്വാഭാവികം. വ്യാഖ്യാനങ്ങൾ അവയെ സാമാന്യവല്കരിക്കുമ്പോൾ കൂടുതൽ 'അടയാളങ്ങൾ' കാണാനാകും, അന്ത്യം അടുത്തെത്തിയെന്നു ഉറപ്പാക്കാനുമാകും.

ചരിത്രസംഭവങ്ങളെ ആലങ്കാരികമായി എടുത്തുകൊണ്ട് ആത്മീയപാഠം സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ  ഇവയിൽ ആലങ്കാരികമായാണ് അർത്ഥം നല്കിയിരിക്കുന്നതെന്നും, അവയെ അങ്ങനെയേ കാണാവൂ എന്നും നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ട വിവേകം നമുക്കാവശ്യമാണ്. എല്ലാറ്റിനും ആത്മീയകാരണങ്ങൾ കാണുന്നത് ശരിയല്ല. സാമൂഹിക രാഷ്ട്രീയ ഘടകങ്ങളെ മാറ്റിനിർത്തികൊണ്ടു, സമൂഹത്തിലെ മാറ്റങ്ങൾ, പ്രസ്ഥാനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയെ വിലയിരുത്തുന്നതിന്  ആത്മീയമായ അളവുകോലുകൾ ഉപയോഗിക്കുന്നത് വിവേകരഹിതമാണ്. സങ്കീർണതകൾക്കു  നടുവിൽ അർത്ഥം തേടുക മാനുഷികമാണ്, ഉത്തരം കിട്ടാതെ വരുമ്പോൾ യുഗാന്ത്യ പ്രവചനശൈലി ഉപയോഗിക്കപ്പെടുകയും ചെയ്തേക്കാം, അതിനിടയിൽ സ്വീകാര്യമായ ഉത്തരമായി പിശാചും.

പ്രകൃതിയുടെ പ്രതിഭാസങ്ങളെ പ്രകൃതിയിലെ മാറ്റക്രമങ്ങളുടെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. ഭൂചലനങ്ങളും, അഗ്നിപർവ്വതസ്ഫോടനങ്ങളും കൊടുങ്കാറ്റും വെള്ളപ്പൊക്കവും, പ്രകൃതിയുടെ ഭാഗമാണ്. എത്രയോ ലക്ഷം വർഷങ്ങളായി  ഭൂമിയുടെ രൂപഘടന മാറിക്കൊണ്ടിരിക്കുന്നു! ഭൂപ്രകൃതിയുടെ മാറ്റം, വിള്ളലുകൾ, തെളിഞ്ഞുവരുന്ന കര, കടൽ വിഴുങ്ങുന്ന കരഭാഗങ്ങൾ, ഒന്നും പുതുതല്ല. നമ്മുടെ കാലത്തു സംഭവിക്കുമ്പോൾ നമുക്ക് ആശങ്കയുണർത്തുമെന്നു തീർച്ച.

അപക്വമായ വ്യാഖാനങ്ങളിലേക്കു പോകുന്നതിനു മുമ്പ്, ആദ്യപടിയായി പ്രപഞ്ചം, സംസ്കാരം, മതം എന്നിവയിലെ ചരിത്രപരമായ മാറ്റങ്ങളെ നിരീക്ഷിക്കുക എന്നതാണ് ഉചിതം. വിശ്വാസത്തോടെയും പ്രാർത്ഥനയോടെയുമുള്ള  സമീപനം നമുക്ക് പ്രതീക്ഷ നൽകും, അതിജീവനത്തിനു കരുത്തേകും. എന്നിരുന്നാലും ബുദ്ധിയും പഠനവും പൈശാചികമാണെന്നും, എല്ലാം ആത്മീയമായി വ്യാഖ്യാനിക്കണമെന്നും കരുതുന്ന ശൈലി വികലമായ വിശ്വാസസമീപനമായേ കരുതാനാകൂ.

അന്ത്യകാല പ്രവചനങ്ങൾക്കും ചരിത്രമുണ്ട്, മാത്രമല്ല അത്തരം പ്രവചനകൾക്ക് ഉദ്ദേശ്യങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആത്മീയ ഉദ്ദേശ്യങ്ങളേക്കാൾ രാഷ്ട്രീയപരമായിരുന്നു അവ എന്നതാണ് സത്യം. അവയെക്കുറിച്ചു വിശദീകരിക്കാൻ ഈ കുറിപ്പിൽ ഇടമില്ല. താഴെപ്പറയുന്ന പുസ്തകങ്ങൾ അതിനു സഹായിച്ചേക്കും:
Paula Clifford, A Brief History of End Time: Prophecy and Apocalypse, Then and Now
Arthur H. Williamson, Apocalypse Then: Prophecy and the Making of the Modern World
Martha Himmelfarb, The Apocalypse: A Brief History

വിശ്വാസപരമായി കാണുമ്പോൾ, ക്രിസ്തു എല്ലാവരിലും എല്ലാറ്റിലും വെളിപ്പെടുമ്പോൾ സൃഷ്ടിയുടെ ലക്‌ഷ്യം പൂർത്തിയാകും. അതുകൊണ്ട് തീർച്ചയായും നമ്മിലെ ക്രിസ്തുരൂപത്തെക്കുറിച്ചും, സമൂഹത്തിന്റെ മൂല്യബോധത്തെക്കുറിച്ചും കൂടെക്കൂടെ വിലയിരുത്തലും കാലത്തിനൊത്ത നവീകരണവും ഉണ്ടാകണം. സ്വന്തം ഭാവനകളോ, സ്ഥാപിതതാല്പര്യങ്ങളോ, മതസംരക്ഷണം പോലുമോ ആകരുത് അത്തരം മാറ്റങ്ങളുടെ ലക്‌ഷ്യം.

വ്യക്തിയുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും മൂല്യബോധവുമാണ് ഒരു സാംസ്കാരികശൈലിയായി പതിയെ രൂപപ്പെടുന്നത്. കാലത്തിന്റെ യഥാർത്ഥ സൂചകങ്ങൾ അവയാണ്. പരമ്പരാഗത രീതികളിൽനിന്ന്  അവ മാറിയിട്ടുണ്ടെങ്കിൽ അതിനനർത്ഥം അതിനു പിറകിൽ പിശാചാണ് എന്നല്ല. അവയിൽ ചേർത്തുവയ്ക്കുന്ന വചനാംശം  കാണാൻ നമുക്ക് കഴിയണം. ഇത്തരം വെളിപാടുകളിലേക്കുള്ള കടന്നുപോകലാണ് യഥാർത്ഥ നവീകരണം. നവീകരണം എന്നത് തിരിഞ്ഞുനടക്കലാണെന്നത്  തെറ്റിദ്ധാരണയാണ്. പഴമയിലെവിടെയോ ഒളിച്ചുവച്ചിരിക്കുന്നതല്ല വിശ്വാസവും വചനവും പാരമ്പര്യവും. ഇന്നിന്റെ അടയാളങ്ങളിൽ അവയെ തിരിച്ചറിയുകയും കൂടെനടക്കുകയും ആണ് പ്രധാനം.

എത്രമാത്രം ക്രിസ്തുസ്വരൂപമായി മാറാൻ കഴിയുന്നു എന്നതാണ് യഥാർത്ഥ ഒരുക്കം. ദുരന്തങ്ങൾ കാണുന്നതുകൊണ്ടല്ല ഈ അവബോധമുണ്ടാകേണ്ടത്, ക്രിസ്തുവുമായി ബന്ധമുള്ള ഏതൊരുവരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണത്. ജീവിതക്രമങ്ങളിൽനിന്നു ഓടിയൊളിക്കുന്നതല്ല ആത്മീയതയും, ഒരുക്കവും. ഭക്തിപാരവശ്യവുമല്ല ഈ ഒരുക്കം. പ്രതിബദ്ധതയോടെയും സമർപ്പണബോധത്തോടെയും ചെയ്യുന്ന ദിനചര്യകളിലും തൊഴിലുകളിലും, മതാനുഷ്ഠാനങ്ങൾ നൽകുന്നതിനേക്കാൾ ദൈവസംപ്രീതിയും വിശുദ്ധിയും ഉണ്ടെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. ശാരീരികാധ്വാനവും വേദനകളും, (ഓഫീസുകളിലെയും കമ്പ്യൂട്ടർ ജോലികളിലെയും മാനസിക അധ്വാനം ഉൾപ്പെടെ), സ്വീകാര്യമായ പ്രാർത്ഥനയാണെന്നറിഞ്ഞെങ്കിലെ ആത്മീയതക്ക് സൗന്ദര്യമുണ്ടാകൂ. നിഷ്ഠാചര്യയോടെ ചെയ്യുന്ന പ്രായശ്ചിത്തം, പരിഹാരപ്രവൃത്തികൾ, തുടങ്ങിയവയെക്കാൾ അവക്ക് ആഴങ്ങളുണ്ട്. കാരണം, ലോകവും ശരീരവും നമ്മിൽ പറ്റിപ്പിടിച്ച അഴുക്കുകളല്ല, കൗദാശികമായ അടയാളങ്ങളാണ്,  ദൈവപ്രവൃത്തികളുടെ കാണപ്പെടുന്ന സാന്നിധ്യമാണ്

English version of this note is at Is the End near?

സെപ്റ്റംബർ 14, 2018

ശത്രുവുണ്ടെങ്കിൽ.....

ഏറ്റ മുറിവുകൾ അകലാതിരിക്കെയാണ് അവയിൽ വേദനയേറുന്നത്.
അപമാനമോ വഞ്ചനയോ ഉൾച്ചേർന്ന വേദനയാകുമ്പോൾ വെറുപ്പായും ശത്രുതയായും മാറാം.
അറിയാതെയാണെങ്കിലും, അപ്പോഴേക്കും വേദനകളോടുതന്നെ അകലാനാവാത്ത അടുപ്പം മനസ്സ് കോർത്തിണക്കും.
പകയും കൊലയും പോലും ഉൾത്തളങ്ങളിൽ ന്യായീകരിക്കപ്പെട്ടേക്കാം.

സ്വീകരിക്കാനാവാത്ത സ്വഭാവമുള്ളവരെ നമ്മൾ മാറ്റിനിർത്തിയേക്കാം, നമ്മൾ അസ്സൂയപ്പെടുന്നവരെയൊക്കെയും  അപകർഷതയും  അസുരക്ഷാവബോധവും ചേർത്ത് ശത്രുക്കളായി കണ്ടുതുടങ്ങിയേക്കാം.

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആരുടെയൊക്കെ തകർച്ചയും വീഴ്ചയും നമ്മൾ ആഗ്രഹിക്കുന്നോ അവരെയും നമ്മൾ ശത്രുക്കളായി കണ്ടേക്കാം.

നമുക്കുമേൽ സമ്മർദ്ദമേൽപ്പിക്കുന്ന ശക്തിയോ അധികാരമോ ശത്രുവായി തോന്നിയേക്കാം.

വിലയില്ലാത്തവരായി നമ്മൾ പുച്ഛിക്കുന്നവരെയും ശത്രുക്കളായി നമ്മൾ കണ്ടെന്നിരിക്കാം.

തെറ്റ് തിരുത്താൻ എളിമയില്ലെങ്കിൽ, ഉള്ളിലെ കുറവ് കാണാനുള്ള ധൈര്യം ഇല്ലെങ്കിൽ, തെറ്റ് ചൂണ്ടിക്കാണിക്കുന്നവർ ശത്രുക്കളായേക്കാം.

ശത്രുക്കളില്ല എന്നതുകൊണ്ടായില്ല, സ്വയം ഒരു അനുഗ്രഹവും പ്രാർത്ഥനയും ആയിത്തീരുന്നുണ്ടോ എന്നതാണ് പ്രധാനം.

ഒത്തിരി പ്രാർത്ഥിച്ചതുകൊണ്ട്  സ്വയം പ്രാർത്ഥനയാകുന്നില്ല, സാരമറിയാതെ പ്രാർത്ഥിക്കുമ്പോൾ അത് ഭക്തിപ്രവർത്തനമായിമാറുകയും ഭക്തികുറഞ്ഞവനെ ശത്രുവായി കാണാൻ വഴിയാകുകയും ചെയ്തേക്കാം.

ശത്രു നമ്മൾ തന്നെയോ ദൈവം തന്നെയോ ആണെങ്കിലും മേല്പറഞ്ഞവ തന്നെ നമ്മൾ ചെയ്യും.

ശത്രു അപകടപ്പെടുത്തേണ്ടതില്ല, ശത്രു ഉണ്ടെന്ന തോന്നൽ തന്നെ സ്വയം അപകടപ്പെടുത്തലാണ്.

ഒരു ശത്രുത ഇരുഭാഗവും അർഹിക്കുന്നുണ്ടോ എന്നതാണ് അർത്ഥവത്തായ ഒരു കാര്യം.
നീതിയെന്നത് ഒരുഭാഗത്തിന്റെ തകർച്ചയല്ല, ഇരുഭാഗത്തിന്റെയും വളർച്ചയാണ്. ശിക്ഷയും ശകാരവും, സാമൂഹികനീതി മാത്രമേ സാധ്യമാക്കുന്നുള്ളു.

ക്ഷമയെന്നത്, വെറുതെ വിട്ടുകളയുക എന്നതല്ല.അങ്ങനെ അവയൊന്നും തള്ളിക്കളയാനാകില്ല എന്നതാണ് സത്യം.
മുറിവുകൾ സുഖപ്പെടണം, വേദനകൾക്ക് ആശ്വാസമുണ്ടാകണം. അതിനായി ആത്മാർത്ഥമായ ആഗ്രഹമുണ്ടാകണം എന്നതാണ് പ്രധാനം. ആഗ്രഹം പതിയെ പ്രാർത്ഥനയാകുകയും  വേണം.