Gentle Dew Drop

ജനുവരി 21, 2020

കുഞ്ഞാട്: തകർക്കപ്പെടാനാവാത്ത ദേവാലയം

ലോകം മുഴുവനും വേണ്ടി ഒരു അടയാളമാകുവാനും, അങ്ങനെ ലോകം മുഴുവനും ക്രിസ്തുവിന്റെ പ്രകാശത്തിൽ നടക്കുവാനുമായാണ് ഒരാളിൽ പരിശുദ്ധാത്മ സാന്നിധ്യം നിറയുന്നത്. പ്രാവിന്റെ രൂപത്തിലോ അഗ്നിനാളമായോ അത് കാണപ്പെട്ടേക്കാം. എന്നാലും ഉടൻതന്നെ വെളിപ്പെടുന്നതും തേടുന്നതുമായ മറ്റൊരു യാഥാർത്ഥ്യം പാപം വഹിക്കേണ്ട കുഞ്ഞാടിന്റെ രൂപം കൂടി അതിൽ ഉണ്ടെന്നതാണ്.

പാപമെന്നത് കൃപയുടെ അഭാവമാണ്. ആ ശൂന്യതയിൽനിന്നാണ് വേദനകളും, മുറിവുകളും അകൽച്ചകളും ഉണ്ടാവുന്നത്. അവയെ 'വഹിക്കുവാൻ' കഴിയുകയെന്നത് അഭിഷേകത്തിന്റെ തന്നെ അടയാളമാണ്. അതുകൊണ്ടാണ് ക്രിസ്തുവിനു അത് സാധ്യമായത്. കനിവോടെയും അലിവോടെയും അപരരെ പുണരാനായത്. അവരുടെ പാപങ്ങൾ/വേദനകൾ ക്രിസ്തുവിന് അവരിലേക്കുള്ള വാതിലുകളായിരുന്നു, അവന്റെ മുറിവുകൾ അവർക്ക് അവനിലേക്കുള്ള തുറന്ന കവാടവും. ക്രിസ്തുവിന്റെ ഓരോ സമീപനത്തിലും അത് പ്രകടവുമാണ്. അതേ മനോഭാവത്തോടെയേ നമുക്കും പാപങ്ങൾ വഹിക്കാനാകൂ. നമ്മോടു കോപിക്കുന്നവരും, നമ്മെ തിരസ്കരിക്കുന്നവരും അനീതികാട്ടുന്നവരും അത് ചെയ്യുന്നത് അവരിലുള്ള കൃപാശൂന്യതകൊണ്ടാണ്. സമൂഹത്തിൽ ചിലർ അന്യായമായി സഹിക്കുന്നതും ആരുടെയൊക്കെയോ കൃപാശൂന്യതകൊണ്ട് തന്നെ. നമ്മിൽ നിന്നും അത്തരം സമീപനങ്ങൾ ഉണ്ടെങ്കിൽ അതും  അഭാവം തന്നെ.

ലഭ്യമായ കൃപകളിൽ നിന്നുകൊണ്ട് മറ്റുള്ളവരുടെ കൃപാശൂന്യതകളെ വഹിക്കാൻ തുറവിയുണ്ടാവുകയെന്നതാണ് ക്രിസ്തുവെന്ന നല്ല സമരിയാക്കാരന്റെ വഴി. ദൈവത്തിന്റെ കുഞ്ഞാടെന്നതും അങ്ങനെ തന്നെ.

പരിശുദ്ധാത്മാവിലുള്ള ജീവിതം അതിലൗകികമായ ഒരു മായികലോകമല്ല. വിസ്മയങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സ്വപ്നലോകവുമല്ല. പരിശുദ്ധാത്മാവ് നയിക്കുന്നത് വരണ്ട യാഥാർത്ഥ്യങ്ങളിലേക്കാണ്. തീർച്ചയായും തെളിനീരിന്റെ ഉത്ഭവസ്ഥാനങ്ങൾ ആത്മാവ് നമുക്ക് കാണിച്ചു തരും. എന്നാൽ ഈ മരുഭൂ അവസ്ഥയെ മാറ്റിനിർത്താനാണ് പലപ്പോഴും നമ്മുടെ പരിശുദ്ധാത്മ വർണ്ണനകൾ പഠിപ്പിക്കുന്നത്. വരൾച്ചയും തളർച്ചയും കഠിനതയും കൃപ നിറഞ്ഞ കണ്ണുകളിലൂടെ കണ്ടുകൊണ്ടേ നമുക്ക് മുമ്പോട്ട് പോകാനാവൂ. അവയെയൊക്കെ പരിശുദ്ധാത്മാവ് അലിയിച്ചു കളയുന്ന ഈ  പ്രക്രിയ കടന്നാലേ പാപം വഹിക്കുന്ന കുഞ്ഞാടിലേക്കും, സത്യത്തിലേക്ക് ചൂണ്ടുവിരൽ കാണിക്കുന്ന പ്രവാചകനിലേക്കും സുഖപ്പെടുത്തുന്നവനിലേക്കും നമുക്ക് വളരാനാകൂ.

പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാവുകയും അയക്കപ്പെട്ടവരുമാണ് നമ്മൾ ഓരോരുത്തരുമെങ്കിൽ, ചുറ്റുമുള്ളവരുടെ പാപങ്ങളും അവയുടെ കയ്പ്പും വേദനയും വഹിക്കുവാനും കൂടി അത് വിളിക്കുന്നുണ്ട്. അങ്ങനെയേ നമുക്കു ഒരു പരിശുദ്ധ കൂട്ടായ്മയാകാനാകൂ. എങ്കിലേ നമുക്കും ഒരേ ശരീരമാകാനാകൂ, തകർക്കപ്പെടാനാകാത്ത ദേവാലയമാകാനാകൂ.

ജനുവരി 06, 2020

ഭീതിയാണോ ദൈവം

ഞങ്ങൾ: സർവശക്തനും പിതാവുമായ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവം: പച്ചക്കള്ളം!  

നൂറ്റാണ്ടുകൾക്കു മുമ്പ് ആരെങ്കിലും കൊല്ലപ്പെടുകയോ അടക്കപ്പെടുകയോ ചെയ്തിരിക്കാൻ സാധ്യതയുള്ളതിനാലും, ഏതെങ്കിലും സമയത്ത് ആരെങ്കിലും എന്തെങ്കിലും മന്ത്രം ജപിച്ച വസ്തുക്കൾ കുഴിച്ചിട്ടിരിക്കാൻ സാധ്യതയുള്ളതിനാലും,  നിങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തിനും  പറമ്പിനും  പ്രേത-പിശാച് ബാധയും,  അവ മൂലം അവിചാരിതമായ അനിഷ്ടങ്ങളും ഉണ്ടാവുന്നെന്നും, നിങ്ങൾ  കയറുന്ന ബസിലോ ട്രെയിനിലോ ഫ്ലൈറ്റിലോ മുമ്പെന്നോ കയറിയവർ തിന്മയുടെ സ്വാധീനത്തിലായിരുന്നവരായിരിക്കാൻ സാധ്യതയുള്ളതിനാൽ അവയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിശുദ്ധീകരിക്കേണ്ടതുണ്ടെന്നും വ്യഗ്രതപ്പെടുന്ന നിങ്ങൾ ഞാൻ തന്നെയാണ് സകലതും സൃഷ്ടിച്ചതെന്നും പരിപാലിക്കുന്നതെന്നുമാണ് വിശ്വസിച്ചു ഏറ്റുപറയുന്നതെന്ന് ഞാൻ വിശ്വസിക്കണമോ? മറ്റുദൈവങ്ങളും അന്യദൈവങ്ങളും ദിവസേന നൂറാവർത്തി വിഷയമാക്കുന്ന നിങ്ങളാണോ ഏകദൈവത്തിൽ വിശ്വസിക്കുന്നത്. 


അപകടഭീതിയും സംശയങ്ങളുമാണ് നിങ്ങൾ രൂപപ്പെടുത്തി പാലിച്ചുപോരുന്നത്. അതിനിടയിൽ എന്നെ ഒന്ന് പരാമർശിക്കുന്നുവെന്നു മാത്രം. വ്യഗ്രത നിങ്ങളെ അടിമപ്പെടുത്തിയിരിക്കുന്നു. 'ഇതൊക്കെ ചെയ്തില്ലെങ്കിൽ എന്തെങ്കിലും അപകടം വന്നേക്കുമോ' എന്ന ഭീതിയാണ് നിങ്ങളെക്കൊണ്ട് നിങ്ങളുടെ 'ഭക്തപ്രവൃത്തികൾ' ചെയ്യിക്കുന്നത്.

ജനുവരി 05, 2020

രാജാക്കൾ തിരിച്ചു നടന്ന വഴി

ജ്ഞാനികളായ രാജാക്കന്മാർ ഉണ്ണിയേശുവിനെ ആരാധിച്ചു മടങ്ങി.

ആ ശിശുവിലെ ദിവ്യസാന്നിധ്യം അവർ തിരിച്ചറിഞ്ഞു, അവരുടെ അന്വേഷണത്തിന്റെ വഴികളുടെ പൂർത്തീകരണവും അവർ കണ്ടു. അധികാരങ്ങളുടെയും ജീവന്റെയും,
സൗഖ്യത്തിന്റെയും ആരോഗ്യത്തിന്റെയും,
സൗന്ദര്യത്തിന്റെയും സത്യത്തിന്റെയും,
ഉറവിടമായി, നിയന്താവായി ആ  സാന്നിധ്യം വീണ്ടും അവരെ നയിച്ചു.

മുന്നോട്ട് നയിക്കുന്ന ദീപങ്ങൾക്ക് അഗ്നിസ്ഫുലിംഗമാണ്  ദിവ്യസാന്നിധ്യത്തിന്റെ ഓരോ തിരിച്ചറിവും.
അവനെ അനുഗമിക്കുവാനും അവനിൽ അർപ്പിക്കപ്പെടുവാനും...
സുവിശേഷങ്ങളിലെ അത്ഭുതങ്ങളും സൗഖ്യങ്ങളും അവയ്ക്ക്  വഴിനൽകുന്നുണ്ട്.
അവനെ തിരിച്ചറിയുവാനും അവനിൽ വിശ്വസിക്കുവാനും ഹൃദയത്തിന്  ഒരു ക്ഷണം.

സൃഷ്ടിയിലും, മനുഷ്യാവതാരത്തിലും, രക്ഷാകരകർമത്തിലും, സകലത്തിന്റെയും പൂർത്തീകരണത്തിലും ആ ദിവ്യസാന്നിധ്യത്തിന്റെയും, നമ്മുടെതന്നെ പങ്കിന്റെയും സാന്നിധ്യത്തിന്റെയും തിരിച്ചറിവ്.
വെളിപ്പെട്ടവയും, അഗ്രാഹ്യമായ ദൈവജീവപ്രവൃത്തികളും ചരിത്രത്തിന്റെ ഒരു നിമിഷത്തേക്ക് ബന്ധിച്ചു നിർത്താവുന്നതല്ല. അത് ജീവിക്കുന്നതും തുടരുന്നതും സകല സൃഷ്ടവസ്തുക്കളെയും ചേർത്തുനിർത്തുന്നതുമാണ്.
ആ രഹസ്യങ്ങളിലേക്ക് നമ്മെത്തന്നെ ഉൾച്ചേർത്തുവയ്ക്കുന്നതുതന്നെയാണ് ആത്മാവിലും സത്യത്തിലുമുള്ള ആരാധനാഭാവം.

രാജാക്കന്മാർ തിരിച്ചുനടന്ന വേറിട്ട വഴിയും അതുതന്നെയാവണം.
_________________________ 
ആന്തരിക മനോഭാവമായിത്തീരാത്ത ആരാധനയും സ്തുതിഗീതങ്ങളും വെറും വാക്കുകളും പ്രകടനങ്ങളുമായിത്തീരുന്നതുകൊണ്ടാണ് അവ ഫലം കാണാത്തത്.
ആനന്ദമില്ലാതെ എങ്ങനെ സ്തുതിക്കും? സമാധാനവും ശാന്തതയുമില്ലാതെ എങ്ങനെ ഹൃദയത്തിൽനിന്ന് ആരാധിക്കും?
കൃതജ്ഞത അതിൽത്തന്നെ സ്വീകാര്യതയും സമർപ്പണവും ഉൾച്ചേർക്കുന്നുണ്ട്. അങ്ങനെ നന്ദി പ്രകാശിപ്പിക്കാൻ കഴിഞ്ഞാൽ ഉള്ളിൽ സ്വാതന്ത്ര്യം ലഭ്യമാകും, ആനന്ദം നിറയും, സമാധാനവും ഉണ്ടാകും.

See Followed, believed, worshiped @ Epiphany 2020