Gentle Dew Drop

ജനുവരി 21, 2020

കുഞ്ഞാട്: തകർക്കപ്പെടാനാവാത്ത ദേവാലയം

ലോകം മുഴുവനും വേണ്ടി ഒരു അടയാളമാകുവാനും, അങ്ങനെ ലോകം മുഴുവനും ക്രിസ്തുവിന്റെ പ്രകാശത്തിൽ നടക്കുവാനുമായാണ് ഒരാളിൽ പരിശുദ്ധാത്മ സാന്നിധ്യം നിറയുന്നത്. പ്രാവിന്റെ രൂപത്തിലോ അഗ്നിനാളമായോ അത് കാണപ്പെട്ടേക്കാം. എന്നാലും ഉടൻതന്നെ വെളിപ്പെടുന്നതും തേടുന്നതുമായ മറ്റൊരു യാഥാർത്ഥ്യം പാപം വഹിക്കേണ്ട കുഞ്ഞാടിന്റെ രൂപം കൂടി അതിൽ ഉണ്ടെന്നതാണ്.

പാപമെന്നത് കൃപയുടെ അഭാവമാണ്. ആ ശൂന്യതയിൽനിന്നാണ് വേദനകളും, മുറിവുകളും അകൽച്ചകളും ഉണ്ടാവുന്നത്. അവയെ 'വഹിക്കുവാൻ' കഴിയുകയെന്നത് അഭിഷേകത്തിന്റെ തന്നെ അടയാളമാണ്. അതുകൊണ്ടാണ് ക്രിസ്തുവിനു അത് സാധ്യമായത്. കനിവോടെയും അലിവോടെയും അപരരെ പുണരാനായത്. അവരുടെ പാപങ്ങൾ/വേദനകൾ ക്രിസ്തുവിന് അവരിലേക്കുള്ള വാതിലുകളായിരുന്നു, അവന്റെ മുറിവുകൾ അവർക്ക് അവനിലേക്കുള്ള തുറന്ന കവാടവും. ക്രിസ്തുവിന്റെ ഓരോ സമീപനത്തിലും അത് പ്രകടവുമാണ്. അതേ മനോഭാവത്തോടെയേ നമുക്കും പാപങ്ങൾ വഹിക്കാനാകൂ. നമ്മോടു കോപിക്കുന്നവരും, നമ്മെ തിരസ്കരിക്കുന്നവരും അനീതികാട്ടുന്നവരും അത് ചെയ്യുന്നത് അവരിലുള്ള കൃപാശൂന്യതകൊണ്ടാണ്. സമൂഹത്തിൽ ചിലർ അന്യായമായി സഹിക്കുന്നതും ആരുടെയൊക്കെയോ കൃപാശൂന്യതകൊണ്ട് തന്നെ. നമ്മിൽ നിന്നും അത്തരം സമീപനങ്ങൾ ഉണ്ടെങ്കിൽ അതും  അഭാവം തന്നെ.

ലഭ്യമായ കൃപകളിൽ നിന്നുകൊണ്ട് മറ്റുള്ളവരുടെ കൃപാശൂന്യതകളെ വഹിക്കാൻ തുറവിയുണ്ടാവുകയെന്നതാണ് ക്രിസ്തുവെന്ന നല്ല സമരിയാക്കാരന്റെ വഴി. ദൈവത്തിന്റെ കുഞ്ഞാടെന്നതും അങ്ങനെ തന്നെ.

പരിശുദ്ധാത്മാവിലുള്ള ജീവിതം അതിലൗകികമായ ഒരു മായികലോകമല്ല. വിസ്മയങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സ്വപ്നലോകവുമല്ല. പരിശുദ്ധാത്മാവ് നയിക്കുന്നത് വരണ്ട യാഥാർത്ഥ്യങ്ങളിലേക്കാണ്. തീർച്ചയായും തെളിനീരിന്റെ ഉത്ഭവസ്ഥാനങ്ങൾ ആത്മാവ് നമുക്ക് കാണിച്ചു തരും. എന്നാൽ ഈ മരുഭൂ അവസ്ഥയെ മാറ്റിനിർത്താനാണ് പലപ്പോഴും നമ്മുടെ പരിശുദ്ധാത്മ വർണ്ണനകൾ പഠിപ്പിക്കുന്നത്. വരൾച്ചയും തളർച്ചയും കഠിനതയും കൃപ നിറഞ്ഞ കണ്ണുകളിലൂടെ കണ്ടുകൊണ്ടേ നമുക്ക് മുമ്പോട്ട് പോകാനാവൂ. അവയെയൊക്കെ പരിശുദ്ധാത്മാവ് അലിയിച്ചു കളയുന്ന ഈ  പ്രക്രിയ കടന്നാലേ പാപം വഹിക്കുന്ന കുഞ്ഞാടിലേക്കും, സത്യത്തിലേക്ക് ചൂണ്ടുവിരൽ കാണിക്കുന്ന പ്രവാചകനിലേക്കും സുഖപ്പെടുത്തുന്നവനിലേക്കും നമുക്ക് വളരാനാകൂ.

പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാവുകയും അയക്കപ്പെട്ടവരുമാണ് നമ്മൾ ഓരോരുത്തരുമെങ്കിൽ, ചുറ്റുമുള്ളവരുടെ പാപങ്ങളും അവയുടെ കയ്പ്പും വേദനയും വഹിക്കുവാനും കൂടി അത് വിളിക്കുന്നുണ്ട്. അങ്ങനെയേ നമുക്കു ഒരു പരിശുദ്ധ കൂട്ടായ്മയാകാനാകൂ. എങ്കിലേ നമുക്കും ഒരേ ശരീരമാകാനാകൂ, തകർക്കപ്പെടാനാകാത്ത ദേവാലയമാകാനാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ