Gentle Dew Drop

ഫെബ്രുവരി 01, 2020

ആത്മാവുള്ളവർക്ക് ആത്മവിമർശനം ആകാം

വിശ്വാസങ്ങളിലെ മൗലികഘടകങ്ങളെ ചേർത്തുപിടിച്ച് ഇന്നിന്റെ പരിസ്ഥിതിയിൽ വളരുവാനാണ് നമുക്ക് സ്വന്തം വിശ്വാസങ്ങളിൽ നല്ല ബോധ്യങ്ങൾ വേണ്ടത്. പകരം ചില രാഷ്ട്രീയ ആദർശങ്ങളിലേക്കും അത്തരം സമീപനരീതികളിലേക്കും ചുരുങ്ങിപ്പോകുന്നതാവരുത് ക്രിസ്തീയ വിശ്വാസം. സഭ ലോകത്തിനു അടയാളമാകുന്ന ഒരു സമൂഹമാകുന്നത്,  ക്രിസ്തുസമീപനങ്ങൾ സ്വന്തം ബോധ്യങ്ങളാക്കാൻ ആത്മധൈര്യം നേടിയവരും പക്വതയുള്ള മനുഷ്യരുമായിത്തീരാൻ നമുക്കും പുതുതലമുറക്കും കഴിയുമ്പോഴാണ്. എന്നാൽ ക്രിസ്തീയത ആദര്ശമായി മാറുകയും, ക്രിസ്‌തുജീവിതം ഏതാനം നിഷ്ഠകളിലേക്കു ചുരുങ്ങിപ്പോവുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് ഉള്ളിലുണ്ടാവേണ്ടിയിരുന്ന ക്രിസ്തുചൈതന്യം തന്നെയാണ്.

സാംസ്കാരികമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പല ഘട്ടങ്ങളിലും മതമൗലികത വളർന്നുവന്നിട്ടുണ്ട്. ഇന്നത്തെ തീവ്രവാദമതമൗലികതയും ന്യൂ എയ്‌ജ് കാല്പനികതയും അത്യാധുനികകാലത്തെ മതാവിർഭാവത്തിന്റെ രണ്ടു വശങ്ങളാണ്. തനിമ നഷ്ടപ്പെടുന്നു എന്ന് ഭയക്കുന്ന ദേശങ്ങളും സംസ്കാരങ്ങളും ഭാഷകളും മതങ്ങളും ഇവയെ രാഷ്ട്രീയവത്കരിക്കുകയെന്നത് സ്വയം നിലനിർത്താനയി ഉപയോഗിക്കുന്ന എളുപ്പവഴിയാണ്. എന്തുകൊണ്ടോ ഒരു ഗോളാന്തര പ്രതിഭാസമായി, അല്ലെങ്കിൽ സാംസ്‌കാരിക പ്രവണതയായി ഇവ നമ്മുടെ വിചിന്തന വിഷയമാവാറില്ല. വിശ്വാസത്തിനുമുപരി മതം ഇന്ന്  രാഷ്ട്രീയ ആയുധമാവുകയാണ്. അതിനു വേണ്ടിവരുന്ന  കപടതകളെ  പ്രശംസിക്കുന്നവർ അതേ സമയം മറ്റൊരു വിഭാഗത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് യുക്തിയുമല്ല നീതിയുമല്ല. മതം അതിനു കാരണമാകുന്നുണ്ടെങ്കിൽ മതത്തിനുള്ളിൽ തന്നെ അതിനെ തിരിച്ചറിയുകയും തിരുത്തുകയും വേണം. മറ്റു മതത്തിലെ കുറവുകൾ കൂടുതൽ പ്രചരിക്കപ്പെടുമ്പോൾ സ്വന്തം മതത്തിൽ അനാരോഗ്യപരമായി വളരുന്ന മൗലികവാദം നോക്കിക്കണ്ടു തിരുത്തുന്നില്ലെങ്കിൽ സ്വന്തം വിശ്വാസത്തോടും വിശ്വാസികൾ അനീതി കാണിക്കുകയാണ്. വിശ്വാസത്തിന്റെ മൂല്യങ്ങളിലേക്ക് നടന്നു കൊണ്ടാണ് നവീകരണം സംഭവിക്കേണ്ടത്. മറ്റൊരു സമൂഹത്തെ ഇകഴ്ത്തുവാനോ തകർക്കുവാനോ ലക്‌ഷ്യം വച്ചുള്ള ഒരു പ്രയത്നവും  നവീകരണമല്ല.

(ധ്യാനമില്ലാത്ത)  'ധ്യാനങ്ങൾ' ബോധവത്കരണ സംരംഭങ്ങളാകുമ്പോൾ ആളുകളിൽ ഉറച്ചു പോകുന്നതും ഇത്തരം മതസംസ്‌കാര (religious culture) പ്രവണതകളാണ്. ഏതാനം 'ധ്യാനങ്ങൾ' (ബോധവൽക്കരണ സെമിനാർ) അപരരെ സംശയിക്കാൻ പ്രേരിപ്പിക്കുകയും ഭീതി ജനിപ്പിക്കുന്നതുമായിത്തീർന്നിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനമാണോ അവയുടെ യഥാർത്ഥ ഉദ്ദേശ്യം എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കൂടെ പഠിക്കുന്നവരെ, കൂടെ യാത്ര ചെയ്യുന്നവരെ, കൂടെ കളിക്കുന്നവരെ അങ്ങനെ കാണുവാനാണോ നമ്മൾ പരിശീലിപ്പിക്കേണ്ടത്? അങ്ങനെയാണോ ക്രിസ്തു നമ്മളെ പഠിപ്പിച്ചത്? ആത്മീയതയുടെ അടയാളം പരസ്പര വിശ്വാസ്യതയും സമാധാനവും ഒത്തൊരുമയുമാണ്. തമ്മിലടിപ്പിക്കുന്ന പാരമ്പര്യങ്ങളിലും അടയാളങ്ങളിലും ഒരു ആത്മീയസത്തയും ഉൾച്ചേർന്നിട്ടില്ല.

ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയത്തിലായി അന്യമതത്തിലുള്ളവരെ സ്വീകരിക്കുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ എത്രമാത്രം ശ്രമം നടത്തിയിട്ടുണ്ടെന്നത് മാത്രം അറിയില്ല. ഇത് സാംസ്കാരികമാറ്റത്തിന്റെ ഭാഗമാണോ? എങ്കിൽ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. സഹപാഠികൾ ബ്രെയിൻ വാഷ് നടത്തുന്നതാണോ? എങ്കിൽ നമ്മുടെ മതബോധനങ്ങളും ഒരു കുറവുമില്ലാത്ത ധ്യാനങ്ങളും അവയിലൂടെ ഇടവിടാതെ ഹൃദ്ദിസ്ഥമാക്കപ്പെടുന്ന ബൈബിൾ വാക്യങ്ങളുടെയും ഫലം എവിടെയാണ്? മയക്കുമരുന്നോ പ്രണയനാട്യത്തിലൂടെയോ വഞ്ചിക്കപ്പെടുന്നുണ്ടോ? ഇവയിലും ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. ബന്ധങ്ങളിലെ possessiveness, commodification ഇവ കൂടി കണക്കിലെടുത്തു കൊണ്ട് വേണം ഇത് മനസിലാക്കാൻ.

'അമിതമായി 'ആത്മീയവൽക്കരിക്കപ്പെട്ട' നമ്മുടെ ആൺകുട്ടികളുടെ പെരുമാറ്റങ്ങളിൽ അപകർഷതയും കുറ്റബോധവും പക്വതക്കുറവും നമ്മുടെതന്നെ പെൺകുട്ടികൾ കാണുന്നുണ്ടോ?  അടുത്തിടപഴകാൻ ആൺകുട്ടികൾ അകാരണമായ അതിരുകൾ സൂക്ഷിക്കുന്നുണ്ടോ? ഇത് വസ്തുതയാണെങ്കിൽ, സൗഹൃദങ്ങളിൽ പോലും അനർഹതയാണ് കാണപ്പെടുന്നതെങ്കിൽ ഇത്തരത്തിലുള്ളവർ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞ് വരാവുന്ന സംഘർഷങ്ങളെ അധികം വൈകാതെ കാണാനാകും. എത്രനാൾ മറ്റുള്ളവരെ പഴിചാരും?

മന്ത്രവാദം ചെയ്ത വസ്ത്രങ്ങളിട്ടും മന്ത്രം ജപിച്ച ശേഷം ഫോൺ ചെയ്തും കുട്ടികളെ മറ്റുള്ളവർ വശീകരിക്കുന്നുണ്ടോ? എത്ര കുർബാന കൂടുകയും പിശാചുക്കളെ ഓടിക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികൾ ഇന്ന്, എന്നിട്ടും മന്ത്രധ്വനിയെ ചെറുക്കാൻ ഉള്ളിൽ ഉണ്ടാവേണ്ട പരിശുദ്ധാത്മാവിനു ശക്തിയില്ലെന്നാണോ? അതോ ഒരുപക്ഷെ നമ്മുടെ ആത്മീയ ചേഷ്ടകൾ പരിശുദ്ധാത്മാവിന്  യഥാർത്ഥത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നാണോ?

ക്രിസ്ത്യൻ പെൺകുട്ടികൾ ആരോടാണ് മനസ് തുറക്കേണ്ടത്? അവരെ (അവരുടെ പ്രണയം ഉൾപ്പെടെ) മനസിലാക്കാനും വേണ്ടവിധം വഴികാണിച്ചു കൊടുക്കാനും  ആരുണ്ട്? കുമ്പസാരത്തിലോ കൗൺസിലിംഗ് ലോ സൂചിപ്പിച്ചാൽ താക്കീതുകളും ശകാരങ്ങളും ശാപഭീതിയും നല്കപ്പെടുന്നതിനാൽ തങ്ങളുടെ ഉള്ളിനെ ഉള്ളിൽത്തന്നെ ഒതുക്കി നിർത്തുന്ന കുട്ടികളുണ്ട്. അതേ 'ആത്മീയ' കാഴ്ചപ്പാടുകൾ സ്വീകരിച്ച ഭവനങ്ങളും അവരുടെ തുറന്നു പറയലിന്  ഒരിക്കലും വേദിയാവില്ല.

ക്രിസ്തുശിഷ്യത്വം ഉപേക്ഷിച്ച സഭ വിദ്വേഷം സ്വയംരക്ഷയാക്കുന്ന അപകടവും ഈ പശ്ചാത്തലത്തിലുണ്ട്. ആരാണ് രക്ഷിക്കപ്പെടുന്നത്? സ്വീകരിച്ചിട്ടുള്ള വിശ്വാസത്തിലും ലഭ്യമായ ശുശ്രൂഷകളിലും വിശ്വാസികൾ മുമ്പോട്ട് പോകുന്നു. കുറേയേറെപ്പേരെങ്കിലും ഒരു നിസംഗമനോഭാവത്തിലേക്കു പോയിട്ടുമുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്തീയമായ നിലപാടുകളിലേക്ക് എത്ര മാത്രം അവർ നയിക്കപ്പെടുന്നുണ്ട്? കുഞ്ഞുങ്ങളുടെ വ്യക്തിഭാവങ്ങളിൽ സങ്കുചിത മതപാരമ്പര്യ ഘടകങ്ങളോ അതോ ക്രിസ്തുവിന്റെ മനോഭാവങ്ങളോ വളരുന്നത്?

നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന അവസ്ഥയിൽ (പലപ്പോഴും സാങ്കല്പിക ഭയം) നിലനില്പിനായി ഉയർത്തിക്കൊണ്ടുവരുന്ന സങ്കല്പമാണ് ഒരു 'ശത്രു.' 'ശത്രു'വില്ലെങ്കിൽ 'നമ്മൾ' ഒരുമിക്കില്ല. ഇന്ത്യയിൽ ചിലർ പാകിസ്ഥാനെ പൊതു ശത്രുവാക്കുമ്പോൾ, നമ്മളിൽ ചിലർ മുസ്ലിം നെ ശത്രുവാക്കുന്നു.

വംശീയഹത്യകളെ, മതാടിസ്ഥാനത്തിലുള്ള അക്രമം ആയിക്കാണുന്നതു ശരിയായ അവലോകനം അല്ല. സിറിയയിലും മറ്റും തീവ്രവാദികൾ കൂടുതലും കൊലപ്പെടുത്തിയത് മുസ്ലിങ്ങളെത്തന്നെയാണ്. തേൾ വാലിൽ വഹിക്കുന്ന വിഷം പോലെ അമേരിക്കൻ രാഷ്ട്രീയം ഉയർത്തിവിടുന്ന വിഷം ചുമന്നുകൊണ്ട് നടക്കുന്നവരാകരുത് നമ്മൾ. ഇന്ന് രാഷ്ട്രീയലാഭമുണ്ടെങ്കിലും നമ്മുടെ പ്രതികരണങ്ങളും നിലപാടുകളും എന്ത് ക്രിസ്തീയ സാക്ഷ്യമാണ് നൽകുന്നതെന്ന് ധ്യാനിക്കുന്നത് നല്ലതാണ്.

പൊതു താൽപര്യങ്ങൾ ആണ് ഇന്ന് ഭിന്ന ഭാഷകളിലെയും മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകളെ ഒരുമിച്ചു കൊണ്ടു വരുന്നത്. പുതുതലമുറയുടെ ജീവിത സാഹചര്യങ്ങളിലും കൂടുതൽ അടുത്തുള്ള ഇടപെടലുകൾ ഉണ്ടെന്നത് കൊണ്ടു തന്നെ അവർക്കിടയിലെ പ്രണയബന്ധങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. സ്വതന്ത്ര മനസ്സോടെ അത്തരം ബന്ധങ്ങൾ ഉറപ്പിക്കുന്നവരെ മാറ്റിനിർത്താതെ അവരുടെ ആരോഗ്യപരമായ ജീവിതം ഉറപ്പാക്കേണ്ടത് ആണ് യഥാർത്ഥത്തിൽ മതനേതൃത്വങ്ങൾ ചെയ്യേണ്ടത്. മതാന്തരപ്രണയങ്ങളെ ലവ് ജിഹാദ് ആയി നിർവചിക്കുന്നതിൽ തെറ്റുണ്ട്.

മതം മാറ്റാൻ ഒരു മതത്തിന്റെ അജണ്ടയുടെ പശ്ചാത്തലത്തിൽ അന്യമതങ്ങളിലെ യുവതികളെ പ്രണയം നടിച്ചു വശപ്പെടുത്തുവാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലവ് ജിഹാദ്. ബലപ്രയോഗമോ വഞ്ചനയോ നടക്കുന്നുണ്ടെങ്കിൽ അവയെ വേണ്ടവിധം അവലോകനം ചെയ്യാൻ മതങ്ങൾക്ക് ഒന്നിച്ചു നിൽകാനാവുമോ. നേതൃത്വങ്ങൾ പ്രാപ്തരല്ലെങ്കിൽ അതിനു കഴിയുന്ന ആളുകളെ ഏൽപിക്കാൻ തയ്യാറാവേണ്ടതില്ലേ? പരസ്പരവിദ്വേഷം വച്ചുപുലർത്തുന്നതിനുപകരം ഒന്നിച്ചിരിക്കാനും, അത് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ പരിഗണന നൽകിക്കൊണ്ട് സംഭാഷണ വിഷയമാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ? സംഘർഷസാധ്യതയുള്ള സാഹചര്യങ്ങളിൽ പരസ്പര സംഭാഷണങ്ങൾക്കുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയാണ് സമാധാന സ്നേഹികളായ, മതസത്ത അറിഞ്ഞിട്ടുള്ള നേതൃത്വങ്ങൾ ചെയ്യേണ്ടത്. സ്വന്തം നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇത്തരം സാഹചര്യങ്ങളെ ധ്രുവീകരണത്തിലേക്കു നയിക്കാനുള്ള പൈശാചികപ്രവണതകൾ സമൂഹത്തിന് നന്മ പകരുന്നില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മതാധികാരികളുമായുള്ള ബന്ധത്തെ സ്വന്തം ആത്മാഭിമാനമാക്കിത്തീർക്കുകയും, ആ പ്രതിച്ഛായയിൽ നിന്ന് നേട്ടങ്ങൾ കണ്ടുകൊണ്ട് സ്വന്തം പദ്ധതികൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരുണ്ട്. മതാധികാരികൾക്കും ഇവരിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാവാമെന്നതുകൊണ്ട് ഇത്തരക്കാരെ തിരുത്താൻ അവർ താൽപര്യപ്പെടാറില്ല. ആർക്കൊക്കെയോ എതിരെയുള്ള വ്യക്തിപരമായ പ്രതികാര ചിന്തകളെ മതമെന്ന ഭാഷ നൽകി ആകർഷികവും വിശ്വസനീയവും ആക്കിതീർക്കുന്നു. മതമെന്ന ഭാഷ സ്വന്തം വ്യഗ്രതകൾക്ക് പുതിയൊരു തനിമയും ഊർജ്ജവും നല്കുന്നു. ഉളളിൽ കണ്ട പ്രതികാരചിന്ത ഒരു സമൂഹത്തിന് മുഴുവനായി പകർന്നു നൽകാൻ കഴിയുകയാണ് ഇവിടെ.

ബോധവത്കരണത്തിലും മനഃസാക്ഷിരൂപീകരണത്തിലും ശക്തമായ ഉപകരണമാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങൾ. അവയിലെ ഉള്ളടക്കങ്ങളിലെ സത്യാവസ്ഥകൾ തിരിച്ചറിയാനും കാണിച്ചു കൊടുക്കാനും അധ്യാപകർക്കും, മതനേതാക്കന്മാർക്കും കഴിയുന്നുണ്ടോ എന്നത് ചോദ്യം തന്നെയാണ്. ദൈവസ്വരത്തിനുമപ്പുറം, ഏതാനം മതഭ്രാന്തന്മാർക്ക്/ അല്ലെങ്കിൽ മതം വിഷമാക്കിയവർക്ക് ചെവി കൊടുക്കുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്, മതത്തിലും രാഷ്ട്രീയത്തിലും. അവരുടെ ആക്ഷേപങ്ങൾ സ്വകാര്യമായിക്കരുതാനാവില്ല, കാരണം അവ പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തുകയോ, അവഹേളിക്കുകയോ, ആരോപണവിധേയരാക്കുകയോ ചെയ്യുന്നുണ്ട്. ഗൗരവതരമായ കുറ്റങ്ങൾ സൂചിപ്പിക്കുമ്പോൾ, അവയുടെ അടിസ്ഥാന വസ്തുതകൾ അന്വേഷണവിധേയമാക്കുവാൻ പൊതുസമൂഹത്തിനു മുമ്പിൽ നൽകുവാനും അവർക്കു കടമയുണ്ട്.

വ്യഗ്രതകൾ ഭ്രമങ്ങളാവുമ്പോൾ ആവർത്തിച്ചവതരിപ്പിച്ച കളളങ്ങളും ബോധ്യമുള്ള യാഥാർത്ഥ്യങ്ങൾ ആയി തെളിഞ്ഞ് നിന്നേക്കാം. മറ്റുള്ളവർ കള്ളം പറയുകയാണെന്ന് ആവും ഇവരുടെ ഭാഷ്യം.
ഇത്തരം രോഗങ്ങളിൽ നിന്ന് ലഭിക്കുന്ന താത്കാലിക ലാഭങ്ങൾക്ക്‌ വേണ്ടി ഇത്തരക്കാരെ ഉപയോഗിക്കുന്നത് മതാധികാരികൾ ഇവരോടും സമൂഹത്തോടും കാണിക്കുന്ന അനീതിയാണ്. അവരെ സുഖപ്പെടുത്തി ബലപ്പെടുത്തേണ്ടവരാണ് അധികാരികൾ. കാര്യലാഭത്തിന് വേണ്ടി ഉപയോഗിക്കാതെ അലിവോടെ ആശ്വസിപ്പിക്കാൻ മനസുണ്ടാവണം അവർക്ക്.

മതം ജീവനിലേക്കു നയിക്കേണ്ട വെളിച്ചമാണ്. എന്നാൽ അതിനെ സാമ്പത്തിക ലാഭത്തിനും രാഷ്ട്രീയപ്രീണനത്തിനുമുള്ള വഴികളാക്കാൻ തീർത്തും എളുപ്പമാണ്, കാരണം വിശ്വാസം ജനത്തിന് പ്രിയപ്പെട്ടതാണ്. വിശ്വാസമാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അബദ്ധധാരണകളിലാണ് മതം ലഹരിയാകുന്നതും, അതും കടന്ന് രോഗമാകുന്നതും. മാരകമായ വൈറസ് ബാധ പോലും വ്യക്തികളെയാണ് ഇല്ലായ്മ ചെയ്യുന്നത്. മതം രോഗവും ഭ്രാന്തുമാവുമ്പോൾ അത് ജനിതകരോഗങ്ങൾ പോലെ തലമുറകളെ വെറുപ്പിലേക്കും അകൽച്ചയിലേക്കും തള്ളിവിട്ടേക്കാം. കീഴ്പെടുത്തലിന്റെയും പ്രതികാരത്തിന്റെയും ഭാഷ നമ്മുടെ നിലപാടുകളിലും പ്രതികരണങ്ങളിലും കടന്നുവരുമ്പോൾ അവ വാളുകളേക്കാൾ അപകടം നിറഞ്ഞതാണ്. അത്തരം  അപകടകരമായ അവസ്ഥയിലേക്ക് നമ്മളും കടന്നു വന്നിട്ടുണ്ടെന്ന് എത്രയും വേഗം തിരിച്ചറിയുന്നത് നല്ലതാണ്.

"നിങ്ങളും അതുതന്നെ ചെയ്യുന്നെങ്കിൽ നിങ്ങള്ക്ക് എന്ത് മേന്മയാണുള്ളത്? അമറ്റുള്ളവരും അതുതന്നെ ചെയ്യുന്നുണ്ടല്ലോ." യേശു എന്ന് പേരുണ്ടായിരുന്ന ഒരാൾ പറഞ്ഞതാണ്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ