Gentle Dew Drop

മാർച്ച് 28, 2022

ജീവനിലുള്ള പ്രത്യാശ

മാനുഷികമോ ദൈവികമോ ആയ കരുണ, ദയ, നന്മ എന്നിവക്കൊന്നും ഒരു സ്ഥാനവുമില്ലാത്തതാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട മതവും, വാണിജ്യവത്കരിക്കപ്പെട്ട് ചൂഷണോപാധിയാകുന്ന മതവും. അത്തരം അനീതിയെ നേരിട്ട് മനുഷ്യന്റെയും ദൈവത്തിന്റെയും സ്നേഹത്തെയും ആലിംഗനങ്ങളെയും ഉയർത്തിപ്പിടിച്ചവർ ആരും ബലിയിലേക്ക് നടന്നടുത്തിട്ടുണ്ട്. രക്ഷയുടെ സുവിശേഷത്തിന് കച്ചവടമൂല്യമില്ല, ജീവനെക്കുറിച്ചുള്ള പ്രത്യാശയാണ് അതിലുള്ളത്. മോചനദ്രവ്യത്തിന്റെ സുവിശേഷത്തിന് വലിയ വാണിജ്യസാധ്യതയുണ്ട്. പാപത്തിന്റെയും ശാപത്തിന്റെയും ചുമടുകളും പരിഹാരങ്ങളും സുവിശേഷത്തിന്റെ സന്ദേശമേയല്ല. സുവിശേഷം തുറന്നു നൽകുന്ന സ്വാതന്ത്ര്യത്തെ വ്യക്തമാക്കാൻ അതിന്റെ മറുവശം കൂടി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ മറുപുറം സുവിശേഷത്തെ മറച്ചുകളയുന്നതാവരുത്. 

ജീവന്റെ ഉറവിടവും പൂർണ്ണതയും ആയ ദൈവം, ജീവന്റെ വൃക്ഷം, അതിൽ നമുക്കുള്ള പങ്കുചേരൽ ഇവയൊക്കെ ധ്യാനിച്ചു ഹൃദയം തുറക്കുമ്പോൾ ദൈവം അകലെയല്ല എന്ന് മനസിലാകും. നിരാശ തളർത്തിക്കളഞ്ഞ കിടപ്പിൽ നിന്നെണീറ്റു നടക്കാൻ ശക്തി പകരുന്നത് ആ ജീവനിലുള്ള പ്രത്യാശയാണ്. ഉണർവും, നടപ്പും കുതിപ്പും പതിയെയാവാം. എങ്കിലും ക്ഷതവും, മുറിവും, വ്രണവും, മരപ്പും ആ ജീവന്റെ സ്പർശത്തിൽ പുതിയ നിറവ് കാണും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ