ദൈവശാസ്ത്രപരമായ ദർശനത്തിലെ സങ്കുചിതത്വമാണ് 'ഏകീകരിക്കപ്പെട്ട' 'പരമ്പരാഗത-അപ്പസ്തോലിക' ശൈലിയുടെ പോരായ്മ. അത് ഇവിടെ സീറോമലബാർ സഭയിൽ മാത്രമല്ല, ആഗോളതലത്തിലും വീണ്ടും പ്രബലപ്പെടുന്നുമുണ്ട്. കർദിനാൾ സാറയും സംഘവും ഈ 50 -50 രീതി ഒരു സമവായ ക്രമമെന്ന നിലയിൽ വര്ഷങ്ങള്ക്കു മുമ്പേ മുന്നോട്ടു വെച്ചതുമാണ്. സമവായ ശൈലികൾ സഭയെ മുന്നോട്ടു നയിക്കുമോ എന്ന ചോദ്യം നിലനിൽക്കെ തന്നേ, പരമ്പരാഗത-പുരോഗമന വാദങ്ങളിലെ രാഷ്ട്രീയം അധികാര-സാമ്പത്തിക താല്പര്യങ്ങൾ തുടങ്ങിയവ അവഗണിക്കാനാവില്ല.
'ആധുനികലോകത്തെ' state-church വിടവും അധികാര സംഘർഷങ്ങളും യൂറോപ്പിലുണ്ടാക്കിയ (പൊതുവെയും സഭയിലും) മാറ്റങ്ങൾ ശ്രദ്ധാർഹമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മാനവീയ മൂല്യങ്ങളായി ഉയർത്തിപ്പിടിച്ചവർ ഈ മൂല്യങ്ങൾ സഭയിൽ കാണാതെ പോയത്, ആ സഭയുടെ ശൈലിയെ എതിർക്കാൻ വളരെയേറെപ്പേരെ പ്രേരിപ്പിച്ചു. മതരഹിത സമൂഹം, പക്ഷേ അവർ ആഗ്രഹിച്ചത് സാധിച്ചോ എന്നത് ചരിത്രത്തിന്റെ ആത്മവിചിന്തനത്തിനും വിധേയമാകണം. മറുഭാഗത്ത് സഭയുടെ അധികാരം നഷപ്പെട്ടിട്ടില്ല എന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ പലതാണ്. നീതി സമാധാനം സഹവർത്തിത്വം എന്ന തലങ്ങളിൽ നിർണ്ണായകമായ ആഹ്വാനങ്ങൾ സഭ ചെയ്തപ്പോഴും 'ക്രിസ്തുസാമ്രാജ്യ' വാദികൾ അധികാരത്തിന്റെ ഭാഷയും സ്വപ്നങ്ങളും തുടർന്നുപോന്നു. പൊതുസ്വഭാവമുള്ള നീതി സമാധാനം സഹവർത്തിത്വം എന്നിവയെ പ്രത്യക്ഷമായും പരോക്ഷമായും അവർ എതിർക്കുകയും ചെയ്തു. ക്രിസ്തുസാമ്രാജ്യത്തിൽ 'മറ്റുള്ളവർക്ക്' സ്ഥാനമില്ലല്ലോ. മേല്പറഞ്ഞ അധികാരഭാഷയുടെ ഏറ്റവും ശക്തമായ ഉപകരണങ്ങളായിരുന്നു സാന്മാര്ഗികതയും ആരാധനാക്രമവും.
അധികാരപ്രമാണികളും പുരോഹിതരും ഉൾപ്പെടുന്ന വിശുദ്ധലോകവും, വിയർപ്പിന്റെയും മണ്ണിന്റെയും അഴുക്കുള്ള പാപികളുടെ ലോകവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കിയാണ് ക്രിസ്തു സുവിശേഷം അവതരിപ്പിച്ചത്. ദൈവരാജ്യത്തിന്റെ താക്കോലും വീക്ഷണവുമാണ് സുവിശേഷം. സുവിശേഷം സ്വന്തമാക്കാതെ ഒരു അധികാരസ്ഥാനവും ദൈവരാജ്യത്തിന്റെ താക്കോലാകുന്നില്ല. എല്ലാവരും ദൈവമക്കളാണെന്ന് പഠിപ്പിച്ച ക്രിസ്തുവിന് ദൈവരാജ്യനീതിയും സമാധാനും തേടുക എന്നതാണ് ആരാധനയുടെയും ദൈവബന്ധത്തിന്റെയും കാതൽ. ക്രിസ്തുവിൽ ഒരു ശരീരമായി ദൈവമക്കളാണ് ബലിയർപ്പിക്കുന്നത്. ആരാധയർപ്പിക്കുന്ന ക്രിസ്തുവിന്റെയും ആരാധിക്കുന്ന ജനത്തിന്റെയും കൗദാശിക അടയാളമാണ് പുരോഹിതൻ. പുരോഹിതൻ ഒരു മധ്യവർത്തിയല്ല. അയോഗ്യരും പാപികളുമായ ജനത്തിനുവേണ്ടി ദൈവികത്വം ഉൾകൊള്ളുന്ന പുരുഷൻ ചെയ്യുന്ന പരികർമ്മങ്ങളല്ല ആരാധന. മഹിമയുടെ ആ അതിവിശുദ്ധസ്ഥലം ജനത്തിൽ നിന്ന് അകലെയല്ല, അവർക്കിടയിലാണ് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ആരാധനാക്രമണങ്ങളുടെ രാഷ്ട്രീയം ക്രിസ്‌തുതത്വങ്ങളെ എത്രമാത്രം ഉൾകൊള്ളുന്നു എന്നത് നേതൃത്വത്തിന്റെയും വിശ്വാസികളുടെ ആത്മാർത്ഥമായ ആത്മവിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്. അത് സംഭവിക്കുന്നില്ലെങ്കിൽ മാർപ്പാപ്പയെയും പ്രതിനിധികളെയും പോലും ഉൾക്കൊള്ളിക്കുന്ന നാടകങ്ങൾ അവതരിപ്പിക്കാം. ഭാഷയും ഉള്ളടക്കവും ഉദ്ദേശ്യവും ഒന്ന് തന്നെയാവുകയും അത് ആവർത്തിക്കുകയും ചെയ്യപ്പെടുമ്പോൾ ദൈവാരൂപിയോ അനുസരണയെന്ന പുണ്യമോ മാർപാപ്പയെ അല്ല യഥാർത്ഥ ഉറവിടമെന്നത് പകൽ പോലെ തെളിവുള്ളതാണ്. മാർപാപ്പ പറഞ്ഞത് എന്ന ആമുഖ ശൈലി തന്നെ അർത്ഥശൂന്യമാക്കിക്കളഞ്ഞു പുതിയ ഉത്തരവുകൾ.
സുവിശേഷത്തെ ഉപേക്ഷിച്ചുകളഞ്ഞ സഭക്ക് ദൈവരാജ്യനീതി ഉൾപ്പെടാത്ത രാഷ്ട്രീയസമീപനങ്ങളോട് ഒത്തുപോകുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. മനുഷ്യരെ തുല്യരായി കാണാൻ കഴിയാത്ത, ജാതിമത വിഭാഗീയത അസ്തിത്വ സത്തയായ സേനകളിൽ അംഗമാകുവാൻ മടിയുമുണ്ടാവില്ല. അധികാരസംവിധാനങ്ങളെ ഉയർത്തിപ്പിടിക്കാൻ കുർബാനയും ആരാധനയും ഉപകരണമാക്കുന്ന ഭരണക്രമത്തിനു സുവിശേഷമൂല്യങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിൽക്കുന്നവയാണ്. ദൈവമക്കളുടെ സ്വാതന്ത്ര്യം അവർക്കു ഇടർച്ചയാണ്.
ചക്രവർത്തിമാരുടെ ഭരണകാലം കഴിഞ്ഞു എന്ന തിരിച്ചറിവിലേക്ക് സഭ ഇനിയെങ്കിലും കടക്കേണ്ടതുണ്ട്. മാനവിക സമുദ്ധാരണം, വിമോചനം സ്വാതന്ത്ര്യം തുടങ്ങിയ പ്രക്ഷുബ്ധതകളിൽ നിന്ന് കടന്നു, പ്രകൃതിയെ മുഴുവൻ ഉൾകൊള്ളുന്ന ലോകക്രമത്തിലേക്ക് മനുഷ്യദർശനം അകക്കണ്ണ് തുറന്നു കഴിഞ്ഞു. അപ്പോഴാണ്, ക്രിസ്തുരാജ്യത്തിന്റെ അധികാര സങ്കുചിതത്വങ്ങളിലേക്കു 'സഭ' സ്വയം അടച്ചിടുന്നത്. മധ്യവർത്തിയും ആരാധ്യനുമാകുന്ന ചക്രവർത്തിയും അതിന്റെ പ്രതീകമായ പൗരോഹിത്യവും ക്രിസ്തു പഠിപ്പിച്ചതല്ല. ആ വീക്ഷണത്തിലൂന്നിയ ആരാധനാശൈലികൾ ക്രിസ്തുചൈതന്യത്തിലേതുമല്ല. സാമ്രാട്ടുഭരണം നാട്ടുരാജാക്കന്മാർക്കുള്ള ഇടം അനുവദിക്കാത്തതുകൊണ്ടാണ് നേതൃത്വം കർക്കശമനോഭാവവും കൗടില്യവും കൗശലവും സ്വീകരിക്കുന്നത്. നീതിയും സമാധാനവും മാറ്റിനിർത്തുന്നത്. വിഭാഗീയവും വിഷലിപ്തവുമായ ആഖ്യാനങ്ങളെ പുണരുവാനും നുണകൾ അംഗീകരിക്കുവാനും പ്രചരിപ്പിക്കാനും മനസാകുന്നത്. താൻ ഒരു ക്രിസ്തീയ വിശ്വാസിയാണെന്നും, ജാതിമേൽക്കോയ്മയും മതവിഭാഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തോടു പരിപൂർണ്ണ വിശ്വസ്തനാണെന്നും ഒരു മടിയുമില്ലാതെ പറയാൻ ഒരാൾക്ക് കഴിയുന്നതെങ്ങനെയാണ്? വിശ്വാസത്തിന്റേതെന്നു കരുതപ്പെടുന്ന സംവിധാനം അതിനു അംഗീകാരം നൽകി സാധൂകരിക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ.
അവസരങ്ങൾ സാധ്യതകൾ അപകടങ്ങളായി അന്ത്യകാസകളായി വരുന്നുണ്ട്. religious tourism, കമനീയമായി ഉയർത്തിയ ആരാധനാലയങ്ങളെ കാഴ്ചവസ്തുക്കളാക്കുമ്പോൾ പുണ്യങ്ങളെ ബലികഴിച്ചിട്ടേ ആസ്വാദനത്തിന്റെ പാത്രങ്ങളിലേക്കു ഇട്ടു കൊടുക്കാനാകൂ. Assimilation പ്രക്രിയ വിശ്വാസത്തിനും സഭാചരിത്രത്തിനും പാരമ്പര്യത്തിനും പുതിയ അധ്യായങ്ങൾ ചേർത്തുവയ്ക്കുമ്പോൾ അവയെ നിശബ്ദം അംഗീകരിക്കാം. അത് കുറെ വര്ഷങ്ങളായി വണക്കമാസസമയത്തും മറ്റും ചെയ്തുതുടങ്ങിക്കഴിഞ്ഞു. ലാഭവും പ്രശസ്തിയും ആകർഷകമാകുമ്പോൾ, കീഴ്പ്പെട്ടു കൊടുക്കുകയും വിശ്വാസവും മൂല്യങ്ങളും അടിയറവു വയ്ക്കുകയും ചെയ്യേണ്ടി വന്നേക്കാം.
ഉപ്പിന് ഉറ കെട്ടുപോയാൽ ...
കുടുംബങ്ങളും യുവജനങ്ങളും കുട്ടികളും അഭിമുഖീകരിക്കുന്ന ജീവിതപശ്ചാത്തലങ്ങളിലേക്കു വിശ്വാസം മൂല്യവ്യവസ്ഥിതിയായും സന്മാർഗബോധമായും കാലോചിതമായി പരിഭാഷ ചെയ്യേണ്ടവരാണ് സഭാനേതൃത്വം. അതിനുള്ള പ്രാവീണ്യം മെത്രാന്മാർക്കും പുരോഹിതർക്കും മതബോധനാധ്യാപകർക്കും ഉണ്ടാവേണ്ടതുമാണ്. എന്നാൽ ഇന്ന് കാര്യക്ഷമതയില്ലായ്മയുടെ കുടക്കീഴിൽ സുരക്ഷയുടെ ആസ്വാദനത്തിലാണ് ഈ നേതൃത്വം ഏർപ്പിട്ടിരിക്കുന്നത്. നമ്മൾ ശരിയാണ്, നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണ് നമ്മൾ മാത്രമാണ് ശരി തുടങ്ങിയ ആത്മവഞ്ചനാ സൂക്തങ്ങളിൽ കഴിവുകേടുകളെ മറച്ചു പിടിച്ച് സൃഷ്ടിക്കപ്പെടുന്ന മായിക ലോകത്ത് ധാർമ്മികരായി പുളകമണിയുന്ന വിശ്വാസിഗണവും. കാലഘട്ടത്തോടുള്ള ആശയസംവാദം ദുഷ്കരമായതു കൊണ്ട് സങ്കുചിതമായ വൈകാരിക തലത്തിലേക്ക് വിശ്വാസി സമൂഹത്തെ തളച്ചിടുകയാണ്. നന്മ-തിന്മ-ദൈവം-പിശാച് വൈരുദ്ധ്യതയുടെ മതാഖ്യാനങ്ങൾ, ഭക്തിലഹരി, പാരമ്പര്യ മതമൗലികവാദം ഇവയൊക്കെ ആസ്വാദ്യമായ ഇടത്താവളങ്ങളാണ്. ഒരു മതം അതിന്റെ ആന്തരികപ്രേരണയെ ഒരു കാലഘട്ടത്തിനായി എങ്ങനെ സന്നിവേശിപ്പിക്കുന്നു എന്നത് അതിന്റെ ഫലപ്രദമായ അസ്തിത്വമാണ്. അവഗണിക്കപ്പെടുന്നത് അതാണ്.
ഭക്തിയും പാരമ്പര്യങ്ങളും ദൈവാന്വേഷണത്തിന്റെ മാര്ഗങ്ങളാകേണ്ടതിനു പകരം അവയെ ലഹരിയാക്കുകയും വിഗ്രഹങ്ങളാക്കുകയും ചെയ്തതിൽ വിശ്വസ്ത-ഭക്ത-സഭാ ചാനലുകൾക്കും സമൂഹമാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. കവലചർച്ചകളുടെ മൂല്യബോധം പോലുമില്ലാത്ത 'പ്രബോധനങ്ങളിൽ' സത്യം ഇല്ലായെന്ന് ഉറപ്പിച്ചു പറയാൻ പോലും കഴിയാത്തത് നേതൃത്വത്തിന്റെ കാര്യക്ഷമതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. സമൂഹ മാധ്യങ്ങളിലെ content പിന്നീട്, നിയമമായും അച്ചടക്കനടപടിയായും ഔദ്യോഗിക റിപ്പോർട്ടുകളായി പരിണമിക്കുമ്പോൾ നേതൃത്വത്തിനുള്ള വിശ്വാസ്യതയാണ് നഷ്ടമാകുന്നത്.