അധികാരത്തിന്റെ നുകം വെച്ചുകൊടുത്തുകൊണ്ട് ഒരു കൂട്ടരെ മുട്ടുകുത്തിച്ചു നടപ്പിലാക്കപ്പെടുന്നത് ദൈവാരാധനയല്ല, സ്വയം വിഗ്രഹമാക്കപ്പെടുന്ന ആരാധനയാണ്. അധികാരത്തിന്റെ പൂജയാണത്. അംഗീകരിക്കുന്നെന്നു പറഞ്ഞ് അത് ആഘോഷിക്കുന്നിടത്ത് ഈ പൂജയുടെ കളങ്കമുണ്ടാകും. "എന്റെ ഓർമ്മക്കായി" ചെയ്യേണ്ടിയിരുന്നത്, ഒരു അധികാരവിജയത്തിന്റെ ഓർമ്മ നുകർന്ന് കൊണ്ടാകും അനുഷ്ഠിക്കപ്പെടുക.
ഈ അധികാരസംവിധാനം വാഴ്ത്തപ്പെടുന്നത് അടിസ്ഥാനപരമായ ചില തെറ്റുകളിന്മേലാണ്. ഒന്ന്, സത്യം, അധികാരത്തിൽ നിശ്ചിതമായ ഒന്നാണ് എന്ന അനുമാനം. അധികാരകേന്ദ്രത്തിൽ നിന്ന് വരുന്നതെന്തും സത്യമാണെന്നും അത് അതേപടി പാലിക്കപ്പെടേണ്ടതാണെന്നുമുള്ള അബദ്ധധാരണ ആത്മീയതയുടെയും മതത്തിന്റെയും ഭാഷ്യങ്ങളിൽ സാധൂകരിക്കപ്പെടുന്നത് തിന്മ തന്നെയാണ്. അധികാരം സത്യം പാലിക്കുമ്പോൾ മാത്രമാണ് നീതിയും സമാധാനവും ഉണ്ടാവുന്നത്. ദൈവത്തെ ചേർത്തുപറയപ്പെടുന്നവയിലെല്ലാം, പ്രത്യേകിച്ച് അത് അധികാരവും ജനപ്രിയതയും കൂടിക്കലർന്നതാവുമ്പോൾ, സത്യമുണ്ടെന്ന മിഥ്യാധാരണയാണ് മറ്റൊരു തെറ്റ്. അവിടെ പറയപ്പെടുന്ന ദൈവം സത്യദൈവമാണെന്നു വിശ്വാസികളെ ധരിപ്പിക്കാൻ അധികാരത്തിനും അതിനെ പ്രകീർത്തിക്കുന്ന ഭക്തിപ്രസ്ഥാനങ്ങൾക്കും കഴിയുകയും ചെയ്യുന്നു. അവിടെ നീതീകരിക്കപ്പെടുന്നതും, പ്രകീർത്തിക്കപ്പെടുന്നതും, വിധിക്കപ്പെടുന്നവയും ഈ ചട്ടക്കൂടിനുള്ളിൽ നിർവചിക്കപ്പെടുന്നതനുസരിച്ചാണ്.
അധികാരഭാഷക്കു വശപ്പെടാത്തവർ വിമതരാക്കപ്പെട്ടപ്പോൾ, അധികാരത്തിന്റെ ഭാഗത്തു ശരികൾ മാത്രമാണ് നിരത്തപ്പെട്ടത്. പൂർണതയും വിശുദ്ധിയും അവരുടെ പക്ഷത്തു മാത്രമായി. സഭയും കുടുംബങ്ങളും വേദന അനുഭവിച്ചപ്പോൾ അധികാരത്തിനു അത് വേദനയാവുന്നില്ല. കാരണം അധികാരത്തിന്റെ കടുംപിടുത്തത്തെ പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു. അതിന്റെ വലിയ വില ഇന്നും നിഷേധിച്ചുകൊണ്ട് തിന്മയെ പരിശുദ്ധമാക്കുകയാണ്.
അധികാരത്തിന്റെ ആത്മീയതയും ശരീരഭാഷയും ആഹ്വാനങ്ങളും ക്രിസ്തുശരീരത്തിന്റെ അടയാളങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുശരീരമായി ആരാധിക്കാൻ കഴിയുന്നില്ലെന്നാണ്, അതിനു അനുവദിക്കാൻ അധികാരത്തിനു മനസ്സില്ലെന്നതാണ് ആരാധനാക്രമത്തിന്റെ ശുഷ്കത. സുവിശേഷത്തിനും ക്രിസ്തുവിനും മൂല്യം നൽകാത്ത അധികാരങ്ങൾ ഏതു ദൈവരാജ്യമാണ് വിഭാവനം ചെയ്യുന്നത്. അവർ വരച്ചിടുന്ന ദൈവാരാജ്യത്തിനു മേല്പറഞ്ഞ അധികാരത്തിന്റെയും ദൈവചിത്രത്തിന്റെയും ഭക്തിയുടെയും മനോഹര വർണ്ണങ്ങളാണ്. പാരമ്പര്യം പൈതൃകം പ്രേഷിതപ്രവൃത്തികൾ, സംഭാവനകൾ .... വാക്കുകൾ കൊണ്ട് അലംകൃതമാകുന്ന സൗധങ്ങളുടെ പിറകിൽ ആഴത്തിലുള്ള മുറിവുകളും ദുർഗന്ധങ്ങളും അടക്കപ്പെട്ടുകഴിഞ്ഞു. ആവർത്തിച്ചുള്ള സ്വയം പ്രകീർത്തനങ്ങളിൽ വെളിപ്പെടുന്നത് ആത്മശൂന്യതയാണ്. എങ്കിലും അതിൽ അഭിരമിക്കുന്ന പാവകളാക്കപ്പെടുകയാണ് വിശ്വാസികൾ.
അധികാരം കർക്കശമായ പാരമ്യത അവകാശപ്പെടുമ്പോഴും ഏറ്റവും ദയനീയമാം വിധം അത് ഇരുമ്പു നുകം വഹിച്ചു വിധേയപ്പെടുന്നു എന്നതാണ് പരിതാപകരമായ വിരോധാഭാസം. സമൂഹമാധ്യമങ്ങളിലൂടെ വൈകാരിക-വിചാര-വിശ്വാസ ധ്രുവീകരണം നടത്തുന്ന ഏതാനം സംഘങ്ങൾക്ക് വിധേയപ്പെട്ടിരിക്കുകയാണ് അത്. തങ്ങളല്ല ഈ സംഘങ്ങളാണ് ആലോചിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതെന്നും ജനത്തിന് മുമ്പിലും മാർപാപ്പയ്ക്ക് മുമ്പിലും ഏറ്റുപറയുകയാണ് വീണ്ടും ജനനം ആഗ്രഹിക്കുന്നെങ്കിൽ അധികാരത്തിനു ചെയ്യാനുള്ളത്.
ക്രിസ്തു കരങ്ങൾ വിടർത്തി പ്രാർത്ഥിച്ചു: " സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" ആ വിസ്തൃതിയുടെ സ്വാതന്ത്ര്യത്തിൽ ദൈവബന്ധം അനുഭവിക്കുന്നതിലേക്ക് നയിക്കത്തക്കവണ്ണം ആരാധനാക്രമങ്ങൾ തുറവിയുള്ളതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ