Gentle Dew Drop

നവംബർ 30, 2024

'നമ്മുടെ' ദൈവവും 'നമുക്കായുള്ള' അനുഗ്രഹങ്ങളും

 'നമ്മുടെ' ദൈവവും 'നമുക്കായുള്ള' അനുഗ്രഹങ്ങളും 'മറ്റു' ദൈവങ്ങളും, 'നമ്മുടെ' ദൈവത്തിനു അവരോടുള്ള എതിർപ്പും, ഈ ദൈവങ്ങളുടെ ആളുകളോട് നമ്മുടെ ദൈവത്തിനുള്ള സമീപനവും വരച്ചിടുന്ന വേർതിരിവുകളുടെ ദൈവശാസ്ത്രത്തേക്കാൾ മ്ലേച്ഛമായി ദൈവത്തെ അവതരിപ്പിക്കുന്ന രീതിയില്ല. അനേക ദൈവങ്ങളിൽ യാഹ്‌വെ നമ്മുടെ ദൈവമെന്നതിൽ നിന്ന് യാഹ്‌വെ ദൈവങ്ങളുടെ ദൈവമായതും, യാഹ്‌വെ മാത്രം ദൈവമായതുമായ പ്രക്രിയ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ ഓരോ ഘട്ടവും 'നമ്മളെയും' 'മറ്റുള്ളവരെയും' എങ്ങനെ കാണാൻ ശ്രമിച്ചു എന്നതും ശ്രദ്ധിക്കണം.

ഈ വേർതിരിവിന് തികച്ചും പുതുതായ മുഖം നൽകിയ പ്രവണതയാണ് ഇവാൻജെലിക്കലിസം. സുവിശേഷം പ്രസംഗിക്കുക, ലോകം മുഴുവനെയും ശിഷ്യത്വപ്പെടുത്തുക എന്നതിന് യേശുവിനുണ്ടായിരുന്ന ഉൾക്കാഴ്ചയിൽനിന്നും വ്യത്യസ്തമായി ശരികളുടെയും വിശ്വാസത്തിന്റെയും ദൈവബന്ധത്തിന്റെയും പുതിയ വ്യാഖ്യാനങ്ങൾ അത് കൊണ്ടുവന്നു. കൂടുതൽ അടുത്ത പഠനത്തിൽ അവ ഏറെയും രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നെന്നും കാണാൻ കഴിയും. പരിശുദ്ധാത്മാവിന്റെ സ്വാതന്ത്ര്യത്തിൽ തുടങ്ങി വച്ച ധ്യാനകേന്ദ്രങ്ങളും പ്രമുഖക്രിസ്തീയ ചാനലുകളും ഇവാൻജെലിക്കലിസത്തിന്റെ വക്താക്കളായതിനു പിന്നിൽ അതിന്റെ സ്വാധീനശക്തി മാത്രമല്ല രാഷ്ട്രീയ സ്വഭാവം കൂടിയാണെന്ന് പതിയെ തെളിയിക്കപ്പെടുന്നുമുണ്ട്. എന്നാൽ അതിനു കീഴ്വഴങ്ങിയ നേതൃത്വമാണ് ഏറ്റവും വലിയ പരാജയം.
വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ 'തങ്ങൾ' മാത്രമാണ് ശരിയെന്നു കരുതുന്ന അസഹിഷ്ണുത പരിശുദ്ധിയുടെ കുത്തക ഏറ്റെടുക്കുന്ന തലത്തിലേക്ക് നയിക്കുന്നുണ്ട്. വിശ്വാസത്തിന്റെയും സാന്മാര്ഗികതയുടെയും അവയെക്കുറിച്ചുള്ള തീക്ഷണതയുടെയും പേരിൽ സ്വയം വിശുദ്ധരാക്കുകയും മറ്റുള്ളവരെ പാപികളാക്കുകയും ചെയ്യുന്ന പ്രവണത ശക്തമായുണ്ട്. ഈ സമീപനരീതി ക്രിസ്ത്യാനികളെക്കുറിച്ചാണെങ്കിൽ മറ്റുള്ളവരെക്കുറിച്ചു പഠിപ്പിക്കപ്പെടുന്ന രീതികൾ വിചിത്രമായതാണ്.
വിശ്വാസം ഉൾകൊള്ളാൻ മാത്രം പ്രദീപ്തമായിരുന്നില്ല 'മറ്റുള്ളവർ' എന്നത് അവരുടെ നിറവും സ്ഥലവും അടിസ്ഥാനപ്പെടുത്തി അളന്ന് ക്രിസ്തീയതക്ക് കുത്തക നിർമ്മിച്ചവർ ഏതു സുവിശേഷത്തെയാണ് പാലിച്ചു പോന്നത്? ഈ 'മറ്റുള്ളവർ' മുഴുവൻ പിശാചിന്റെ സ്വാധീനത്തിലുള്ളവരാണെന്ന വാദഗതിയാണ് ഇന്ന് പ്രബലപ്പെടുന്നത്. ഈ ആശയങ്ങളും, സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ, സാമ്രാജ്യശക്തികളുടെ സമീപനങ്ങൾ, കോളനിവത്കരണസമയത്തെ വീക്ഷണങ്ങൾ എന്നിങ്ങനെ പല ഘട്ടങ്ങളായി കാണേണ്ടതും ഇന്ന് എന്തുകൊണ്ട് ആര് എപ്പോൾ ഇവയെ പുറത്തെടുക്കുന്നു എന്നും ശ്രദ്ധിക്കേണ്ടത് ആത്മീയമായുള്ള കരുതലിന്റെ ഭാഗമാണ്.
'നമ്മുടെ' രീതികളുടെയും സമ്പ്രദായങ്ങളുടെയും ശരികളെ അധികാര ഉപകരണങ്ങളായി രൂപപ്പെടുത്തുന്നതിനായി അതിനു ദൈവികത്വം ആരോപിച്ചു വെളിപാടുകളാക്കപ്പെടാറുണ്ട്. ദൈവത്തിന്റെ സ്വഭാവവുമായി ഒരുബന്ധവുമില്ലാത്ത അത്തരം 'വെളിപാടുകൾ' എല്ലാക്കാലത്തും വേർതിരിവുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. ദൈവഹൃദയത്തേക്കാൾ, മതപ്രചാരകർ ആശ്ലേഷിക്കുന്നത് ഈ കപടവെളിപാടുകളെയാണെന്നത് ദൗർഭാഗ്യകരമാണ്. സുവിശേഷത്തിന്റെ സാധ്യത പോലുമില്ലാത്ത അത്തരം മനോഭാവങ്ങളെ ദൈവികമായി പഠിപ്പിക്കാൻ എങ്ങനെ അവർക്കു കഴിയുന്നു!
ക്രിസ്തുവോ സുവിശേഷമോ ഈ രീതികൾ പഠിപ്പിച്ചില്ല എന്ന് തിരിച്ചറിയണം.

നവംബർ 09, 2024

ചെമ്പുനാണയങ്ങളുടെ വില

വിധവ കൊടുത്ത ചെമ്പു നാണയങ്ങൾക്ക് എന്ത് വിലയാണുണ്ടായിരുന്നത്? ആ സ്ത്രീ ഒരു ക്രിസ്തുശിഷ്യയായി യേശുവിന്റെ പിറകെയുണ്ടായിരുന്നോ? ഉണ്ടായിരിക്കില്ല. ഉപേക്ഷിക്കാൻ റാണിയുടെ മുകുടമോ വിലപിടിച്ച രത്നശേഖരമോ അവൾക്കില്ലായിരുന്നു. ചെമ്പുനാണയങ്ങളുടെ വില നാണയമൂല്യമല്ല ഉദാരതയുടെയും ആശ്രയബോധത്തിന്റെയും വിലയാണ്.

ഉപേക്ഷിക്കപ്പെടുന്ന നാണയമൂല്യം വെച്ചു ദൈവരാജ്യത്തിന്റെ പ്രഥമസ്ഥാനീയരുടെ എണ്ണം നൽകുന്ന പ്രവണത പലവിധത്തിൽ വർധിക്കുകയാണ്. ദൈവരാജ്യം എന്താണ്? ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ എന്താണ്? ദൈവരാജ്യത്തിന്റെ പുണ്യങ്ങൾ ഞാൻ കണ്ടത് ഏതാനം സാധാരണക്കാരിലാണ്. ഈ അടുത്ത കാലത്തു 'സുവിശേഷവേല'ക്കു നല്കപ്പെട്ടിട്ടുള്ള നിർവചനത്തെ അടിസ്ഥാനമാക്കിയാൽ അവരൊക്കെ ലൗകികരായിരുന്നു. റബ്ബർക്കുഴി കുത്താനും തെങ്ങിന് തടമെടുക്കാനും മാത്രമറിയാമായിരുന്നവർക്ക് ഉപേക്ഷിക്കാൻ ഒരുപാടൊന്നും ഉണ്ടായിരുന്നില്ല. നന്മയുടെ മനുഷ്യരായിരുന്നു അവർ എന്നതിന് സംശയവുമില്ല. വായിക്കാൻ ബൈബിൾ പോലുമില്ലാതെ അവർ ജീവിച്ചിരുന്ന സുവിശേഷമുണ്ട്. ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ അവർ ചെയ്തിരുന്നോ?

പ്രാർത്ഥനയുടെയും ഭക്തിയുടെയും തിരുനാളുകളുടെയും ആർഭാടങ്ങളിൽ നന്മ നഷ്ടപ്പെടുന്ന സമൂഹത്തിൽ നാണയമൂല്യം തന്നെയാണ് അനുഗ്രഹങ്ങളുടെയും സുവിശേഷത്തിന്റെ തന്നെയും അർത്ഥം. അറിഞ്ഞോ അറിയാതെയോ അത് ഉദാത്തവൽക്കരിക്കപ്പെടുന്നുമുണ്ട്.

മറുവശത്ത്, 'ലൗകികം' എന്ന് വിധിക്കപ്പെടുന്ന മേഖലയാണ് സുവിശേഷത്തിന്റെ ഭാഷയനുസരിച്ച് 'ഈ ചെറിയവരിൽ എളിയവരു'ടെയും 'കുഞ്ഞുങ്ങളു'ടെയും ലോകം. 'ദൈവിക'മെന്നു അലംകൃതഭാഷ നൽകി ആഘോഷിക്കപ്പെടുന്നിടത്താണ് കൂടുതൽ ലൗകികതയും ജഡികതയും നിറഞ്ഞിരിക്കുന്നതും. കാരണം അവ ഓരോരുത്തരുടെയും മനോഭാവത്തിലാണ്. ശക്തനും സമ്പന്നനുമായ ഒരാൾ കൈയിൽ ബൈബിൾ ഉയർത്തിപ്പിടിച്ചാൽ അയാൾ ക്രിസ്തുസാക്ഷിയായി കാണപ്പെടും. മനുഷ്യനെ അമർച്ച ചെയ്യുകയും ആയുധവിൽപ്പന ചെയ്യുകയും ചെയ്‌താൽ പോലും അയാൾ ന്യായീകരിക്കപ്പെടും. ആ അളവുകോൽ സൃഷ്ടിക്കുന്ന സുവിശേഷം സദ്വാർത്തയല്ല, ദുഷിച്ച വാർത്തയാണ്.

ഇട്ടുകളഞ്ഞ പൊൻനാണയങ്ങളുടെ തിളക്കം നോക്കി ദൈവരാജ്യത്തിൽ വലിയസ്ഥാനം നൽകുന്ന മിശിഹാ ഒരു കോർപ്പറേറ്റ് ഉല്പന്നമാണ്. വില നല്കുന്നതനുസരിച്ചു അനുഗ്രഹിക്കുന്ന ദൈവവും കോർപ്പറേറ്റ് മാനേജരാണ്. അത്തരമൊരു ദൈവവരാജ്യത്തിനു നീതിയും സമാധാനവും ആനന്ദവും നൽകാൻ കഴിയില്ല. ഉപേക്ഷിച്ചതിന് കൂടുതൽ വില നല്കുന്നതുകൊണ്ടാണ് ഉപേക്ഷിച്ചതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടതിന്റെ മേന്മയോ മൂല്യമോ അല്ല, ഒരാളുടെ ശിഷ്യതയിൽനിന്നുള്ള ഫലദായിത്വമാണ് ദൈവരാജ്യപ്രവൃത്തിയുടെ മാനദണ്ഡം.

നവംബർ 03, 2024

മണവറയുടെ ആനന്ദം

 എന്നും കൂടെ വസിച്ച ദൈവം ജനത്തിനിടയിലൂടെ 'കടന്നുപോയി' കൃപകൾ വർഷിച്ചുപോന്നു. എന്നാൽ കൂടാരങ്ങളുടെ ശക്തമായ അതിരുകൾ ഈ കൃപകളെ എന്നും തടഞ്ഞു നിർത്തി. പരിശുദ്ധനായ ദൈവം അപ്രാപ്യമായിരിക്കേണ്ടതിനു മോശ വിദൂരതയിൽ ദൈവത്തിന്റെ കൂടാരമൊരുക്കി. 

നന്മയുടെ സൗന്ദര്യം ആന്തരിക വിളക്കായി തെളിയുകയും സമാധാനം ആനന്ദത്തിലേക്ക് ഫലദായിത്തമായി നയിക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിനെ കാത്തിരിക്കുന്ന വിവേകം. അല്പനേരത്തേക്കു മാത്രം ഒരു ആളലുണ്ടാക്കുന്ന കരിമരുന്നുവസ്തുക്കളാവുകയാണ് രാഷ്ട്രീയവും മതവും സാമൂഹികസേവനങ്ങളുമെല്ലാം. ഏറ്റവും ഇടുങ്ങിയ കൂടാരങ്ങളിലേക്ക് ദൈവത്തെ ഒതുക്കി നിർത്താമെന്നു കരുതുന്നതാണ്  ആധുനികആത്മീയതയുടെയും മതങ്ങളുടെയും ദുരന്തം.

കൂടാരങ്ങൾ തുറന്ന്  ക്രിസ്തുവിലേക്കു പ്രവേശിക്കാൻ മനസാകുന്ന സകലരെയും മറയില്ലാത്ത വിശുദ്ധസ്ഥല സാധ്യതയിലേക്കു അവൻ നയിക്കുന്നു.  ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്  - മണവറയുടെ ആനന്ദം.