Gentle Dew Drop

ജൂൺ 11, 2019

രക്ഷ

രാജവാഴ്ചയുടെ അധികാരചിഹ്നങ്ങളും മുദ്രാവാക്യങ്ങളും മേൽക്കോയ്മ സ്ഥാപിച്ച് ആധിപത്യം ഉറപ്പിക്കുമ്പോൾ, ക്രിസ്തു തന്നെക്കുറിച്ചും താൻ പകർന്നു നൽകുന്ന രക്ഷയെക്കുറിച്ചും അത്തരം ഒരു സമീപനരീതി സ്വീകരിച്ചിട്ടേയില്ല. ക്രിസ്തു, കുരിശ് , 'ക്രിസ്തു ഏകരക്ഷകൻ' എന്ന ഏറ്റുപറച്ചിൽ അത്തരം ആധിപത്യങ്ങളെ അർത്ഥം വയ്ക്കുമ്പോൾ അത് ക്രിസ്തുദർശനത്തിൽനിന്നു മാറി നമ്മുടെ തന്നെ ഉൾമോഹങ്ങളെ  കാണിക്കുന്നുണ്ട്. ക്രിസ്തുവും, ക്രിസ്തു തുറന്നു തന്ന രക്ഷയും, വ്യക്തിയും യാഥാർത്ഥ്യവും എന്നതിലുപരി ബിംബിതമാക്കപ്പെടുന്ന ചില ആദർശങ്ങളായി അവിടെ രൂപാന്തരപ്പെടുന്നുണ്ട്. ക്രിസ്തു ഏകരക്ഷകൻ എന്ന സത്യത്തിൽ 'മറ്റാരിലും രക്ഷയില്ല' എന്ന ആവിഷ്കരണം ഒന്നൊന്നായി മറ്റെല്ലാറ്റിനേയും മാറ്റി നിർത്താൻ നിർദ്ദേശിക്കുമ്പോൾ, 'ക്രിസ്തു രക്ഷാദായകൻ' എന്നത്  വിസ്തൃതവും കൂടുതൽ ഉൾകൊള്ളുന്നതുമാണ്. അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യർക്ക് പ്രകാശമായിരുന്നു എന്ന് യോഹന്നാന്റെ വാക്കുകൾ അങ്ങനെ ഒരു വാതിൽ തുറക്കുന്നുണ്ട്. രക്ഷ, വീണ്ടെടുപ്പ് ... ജീവദായകത്തിന്റെ പല മാനങ്ങളാണ്. അവിടെ ഏകജീവദായകനാണ് ക്രിസ്തു. മനുഷ്യാവതാരത്തിനും മുമ്പ് തന്നെ വചനരൂപിയായിരുന്ന ക്രിസ്തു ജീവദായകനാണ്. ആ പ്രക്രിയകളെക്കുറിച്ച് ഒരുവേള ധ്യാനിച്ചിട്ടുവേണം ക്രിസ്തുവിന്റെ രക്ഷയെ മുദ്രാവാക്യമാക്കേണ്ടത്. ജനിതക പരിണാമങ്ങളിലും, സാംസ്കാരികരൂപാന്തരങ്ങളിലും, സാമൂഹികവളർച്ചയിലും ക്രിസ്തുവിൽനിന്നു പുറപ്പെടുന്ന ജീവാംശമുണ്ട്. ക്രിസ്തുവില്ലാതെ ജീവനും വെളിപാടുമില്ല. മാംസരൂപമെടുക്കുന്നതിനു മുമ്പുതന്നെ ഈ ജീവൻ രക്ഷാദായകമായിത്തന്നെ വെളിപ്പെട്ടിട്ടുമുണ്ട്. അവനിലാണ് ജീവൻ. മേൽക്കോയ്മ ഉറപ്പിക്കേണ്ട ആവശ്യം ക്രിസ്തുവിനില്ല. അവനിലാണ് സകലതും ആയിരിക്കുന്നതും, ചരിക്കുന്നതും, ചലിക്കുന്നതും. പലരും, പല കാലങ്ങളിൽ പല രീതിയിൽ ആ ജീവതത്വത്തെ അറിഞ്ഞിട്ടുണ്ട്, വഴിയെന്നും, ധ്വനിയെന്നും, വചനമെന്നും, മൈത്രിയെന്നും, ജ്ഞാനമെന്നും ധ്യാനിച്ചിട്ടുമുണ്ട്. അത്തരം പ്രചോദനങ്ങളിലേക്കുകൂടി ഹൃദയം തുറക്കാതെ, ബിംബിതമാക്കപ്പെടുന്ന 'ക്രിസ്തുരക്ഷ'യിൽ തലമുറകളെ മുമ്പോട്ട് നയിക്കാനുള്ള ജീവസ്പന്ദനങ്ങൾ ഉണ്ടാവില്ല. ഇതുൾക്കൊളളാനായെങ്കിലേ ക്രിസ്തുവിൽ ഏകശരീരമായ സഭയെയും, അതിന്റെ കാതോലിക സ്വഭാവത്തെയുംകുറിച്ചുള്ള ധാരണകൾക്കും വ്യക്തതയുണ്ടാകൂ.
ഒരു മതചിന്തയും, വ്യക്തിസഭയും, വിശ്വാസവും സ്വയം മാറി നിന്നുകൊണ്ട് വളർത്തപ്പെടുന്നില്ല. ഓരോ വിശ്വാസവും സംസ്കാരവും അതിന്റേതായ ഉൾകാഴ്ചകളും പ്രചോദനങ്ങളും ദർശനങ്ങളും പകർന്നുനല്കുന്നതിനോടൊപ്പം, പ്രാപഞ്ചികമായ തീർത്ഥാടനസമൂഹത്താൽ പഠിപ്പിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ സമഗ്രതയിലാണ് കൃപയും ക്രിസ്തുചൈതന്യവും പ്രവർത്തിക്കുന്നത്. അപ്പോഴേ അത് കാതോലികവും ജീവദായകവുമാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ