Gentle Dew Drop

ജൂൺ 06, 2019

ദൈവത്തിന്റെ പ്രവൃത്തികൾ

ദൈവകൃപയോ പരിശുദ്ധാത്മാവിന്റെ ഇടപെടലുകയോ ഓരോരുത്തരിലെയും വ്യക്തിസ്വഭാവത്തിലെ സവിശേഷതയനുസരിച്ചാണ് അവരിൽ പ്രവർത്തിക്കുന്നത്. വ്യക്തിയും കൃപയും തമ്മിൽ സജീവവും സക്രിയവുമായ സമ്പർക്കങ്ങൾ നടക്കുമ്പോഴേ ഓരോരുത്തരിലേയും ദൈവഹിതം പൂർത്തിയാകൂ. അത്തരത്തിൽ നിവർത്തിയാക്കപ്പെടുന്ന പ്രവൃത്തികൾ ദൈവഹിതം തന്നെയെന്നും സാരം.

സ്വാഭാവികമായ പ്രചോദനങ്ങളിൽ നിന്നാവില്ല എല്ലാവരും അവരവരുടെ തൊഴിൽമേഖലകളിലുള്ളത്. സ്വായത്തമാക്കിയ കഴിവുകളിലൂടെയാണെങ്കിലും നമ്മുടെ ആത്മാർത്ഥതയിലും അർപ്പണമനോഭാവത്തിലും ദൈവകൃപ പ്രവർത്തിക്കുക തന്നെ ചെയ്യും.

ഒരു വസ്തുവിൽ മാത്രം ദൈവത്തിന്റെ സകല നന്മകളും പ്രകടമാക്കാൻ കഴിയാത്തതുകൊണ്ടാണ് വൈവിധ്യങ്ങളിൽ സൃഷ്ടി വെളിപ്പെടുന്നത്. അതുപോലെ തന്നെ ഒറ്റ പ്രവൃത്തിയിൽ ദൈവപ്രവൃത്തിയുടെ തരവും തോതും ആഴവും പ്രകടമാവാത്തതുകൊണ്ടാണ് വിഭിന്നങ്ങളായ പ്രവൃത്തികളുടെ നൈപുണ്യം നമ്മിലും ദൈവം പലരിലായി പകർന്നു നൽകിയത്. അങ്ങനെ നന്മയും പരസ്പരാശ്രയത്വവും ഉൾച്ചേരുന്ന പ്രവൃത്തികളെല്ലാം ദൈവത്തിന്റെ പ്രവൃത്തികൾ തന്നെയാണ്.

മതം, ഭക്തി, ആരാധനാലയങ്ങൾ മുതലായവയെ മാത്രം ബന്ധപ്പെടുത്തി ദൈവപ്രവൃത്തികളെ മനസിലാക്കുന്നത് ഉചിതമല്ല.'ഞാൻ ദൈവത്തിന്റെ പ്രവൃത്തികൾ' ചെയ്തപ്പോൾ ദൈവം എന്നെ അനുഗ്രഹിച്ചു, 'ദൈവവേലക്കായി' ഇറങ്ങിത്തിരിക്കുന്നു എന്നൊക്കെയുള്ള 'അതിമഹത്തരമായ' തലക്കെട്ടുകൾക്കടിയിൽ മതവും മതഗ്രന്‌ഥങ്ങളും  മാത്രം ഉൾപ്പെടുന്ന പ്രവൃത്തികളാകുമ്പോൾ വികലമായ കാഴ്ചപ്പാടുകളെ അവ തുറന്നു വയ്ക്കുന്നുണ്ട്. ഏറ്റവും സ്വാധീനമുള്ള 'ആത്മീയ'മാധ്യമങ്ങൾ  പോലും ഇത്തരം സമീപനം ദൃഢീകരിക്കുമ്പോൾ സാർവത്രികമായ ദൈവവിളിയെയും ജീവിതത്തിന്റെ പ്രതിബദ്ധതയുടെ ആന്തരികവിശുദ്ധിയേയും അവ ഒരുപാടു ചുരുക്കിക്കളയുന്നു എന്നതാണ് സത്യം. വിശ്വസുന്ദരി സന്യാസിനിയാകുമ്പോഴും, ലോകപ്രസിദ്ധ ഫുട്ബോൾ കളിക്കാരൻ വൈദികനാകുമ്പോഴും മാത്രമല്ല മനുഷ്യർ ദൈവവഴിയേ നടക്കുന്നത്. സന്യാസവും പൗരോഹിത്യവുമെന്നപോലെ തന്നെ കാർഷികവേലയും അധ്യാപനവും, ആതുരസേവനവും, ....... ദൈവവഴികളാണ്. അവയെല്ലാം ത്യാഗം ആവശ്യപ്പെടുന്നുമുണ്ട്. സന്യാസവും പൗരോഹിത്യവും ധ്യാനകേന്ദ്രങ്ങളിലെ ശുശ്രൂഷയും  ....  ദൈവപ്രവൃത്തികളും, മറ്റു പ്രവർത്തനമേഖലകൾ ലോകവഴികളും ആണെന്ന് ധരിച്ചു വയ്ക്കുന്നത് ദൈവഹിതത്തിനെതിരായ വ്യാഖ്യാനങ്ങളാണ്.

സുവിശേഷം വാക്കുകളിൽ ഒതുങ്ങുമ്പോൾ അത് ഒരു വിവാഹപ്പന്തലിലെ അലങ്കാരങ്ങൾ പോലെയേ ആകുന്നുള്ളു.ആവേശം അതിശയം തിളക്കം എല്ലാം ഉണ്ട്, അലങ്കരിക്കുന്നവർക്കും കാണുന്നവർക്കും. സുവിശേഷം നിത്യേനയുള്ള ഭക്ഷണത്തിലെ ഉപ്പുരസം പോലെയാവണം, അത് ഒരു ദിവസത്തേക്കുള്ള ആകർഷണമല്ല, പതിയെ നമ്മെ ബലപ്പെടുത്താനുള്ളതാണ്. അത് സമഗ്രമായി പ്രവർത്തിക്കുന്ന പല ഘടകങ്ങളുടെ ഫലമാണ്. മതപ്രസംഗങ്ങളിൽ സുവിശേഷം കുറഞ്ഞുവരികയാണ്. നല്ല വാക്കുകൾ, നല്ല ഉദാഹരണങ്ങൾ, കരുതലുകളുടെ നിമിഷങ്ങൾ .... നമ്മെ സുവിശേഷം അറിയിക്കട്ടെ. പല ദൈവപ്രവൃത്തികൾ നമ്മെ ഏകോപിപ്പിക്കട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ