കുടുംബത്തെ നിർവചിക്കുന്നതിലും ബന്ധങ്ങളെ നിയന്ത്രിതമാക്കുന്നതിലും മതങ്ങൾ ഇന്നും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരിക പ്രതിച്ഛായയിലേക്ക് അനുരൂപരാക്കാൻ ശ്രമിക്കുന്നതിനേക്കാൾ ജീവിതസംഘർഷങ്ങളിലെ മനുഷ്യന് ജീവിക്കാനുള്ള ശക്തി നൽകും വിധം കാലോചിതമായ പുനർവായനകളും സമീപനങ്ങളും സ്വീകരിക്കേണ്ടത് മതങ്ങൾ വിശ്വാസികളോട് കാണിക്കേണ്ട ദൈവിക സമീപനമാണ്.
വിവാഹബന്ധങ്ങൾക്കായി നിരവധി പേർ matrimonials ആശ്രയിക്കുന്നവരാണ്. അതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബങ്ങൾപരസ്പരം ബന്ധപ്പെടുകയും വിവാഹം നിശ്ചയിക്കുകയും ചെയ്യുന്നു. കുടുംബങ്ങളുടെ പരസ്പരമുള്ള ഇഷ്ടം, ജോലികളുടെ പൊരുത്തം തുടങ്ങിയവയൊക്കെ ഒത്തു നോക്കാൻ അവർക്കു കഴിഞ്ഞേക്കും. എന്നാൽ വിവാഹിതരാവേണ്ടവരുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചോ കൂട്ടുകെട്ടുകളെക്കുറിച്ചോ അറിയാനോ അന്വേഷിക്കാനോ വേണ്ടത്ര കഴിയാറുണ്ടോ എന്നത് പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. അവരുടെ വീഡിയോ സംഭാഷണങ്ങൾ വേണ്ടത്ര സത്യം വിനിമയം ചെയ്യാറുമില്ല. വിവാഹിതരായി ജീവിതത്തിലേക്ക് കടക്കുമ്പോൾ മാസങ്ങൾക്കുള്ളിൽത്തന്നെ രൂപപ്പെടുന്ന പൊരുത്തക്കേടുകളിൽ ചിലത് പരിഹരിക്കാനാവാത്തത് തന്നെയാണ്. ചിലതിലെങ്കിലും പറയപ്പെട്ടവയിൽ സത്യത്തിന്റെ അഭാവം മൂലം വഞ്ചിക്കപ്പെട്ടെന്നും, സ്വാർത്ഥതാല്പര്യങ്ങൾ വച്ചുകൊണ്ടുള്ള ആലോചനകൾ ആയിരുന്നെന്നും തിരിച്ചറിയുന്നത് പതിയെയാണ്. ആ ബന്ധങ്ങളുടെ തുടർച്ച ദമ്പതികളുടെ നന്മയെ ഉറപ്പാക്കുന്നില്ലെങ്കിൽ, ഒരു കുടുംബ നിർമിതി തീർത്തും അസാധ്യമാണെകിൽ ഏതു വിധേനയാണ് വ്യക്തികളായും ദമ്പതികളായും അവർ മുമ്പോട്ട് പോകേണ്ടത്?
വ്യക്തിത്വത്തിന്റെ പക്വതയിൽ നിന്ന് പരസ്പരം പങ്കുവയ്ക്കുന്ന അനുഭവത്തിൽ ലൈംഗികതയെ കാണാൻ ഉള്ള മനസൊരുക്കം ഇനിയും പലർക്കും ലഭിക്കാറില്ല. അസംതൃപ്തമായ ബന്ധങ്ങളും, മാറ്റിനിർത്തപ്പെടുന്ന അഭിലാഷങ്ങളും, പങ്കാളിയോടുള്ള ആദരവിന്റെയും അറിവിന്റെയും അഭാവവും, പങ്കാളിയുടെ താല്പര്യങ്ങളെ അറിയാൻ പോലും താല്പര്യപ്പെടാതിരിക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നത് സത്യമാണ്. മതങ്ങളുടെ അതിരുകളും അരുതുകളും മനുഷ്യാന്തസ്സിനെ തളർത്തും വിധമുള്ള നിർവ്വചനങ്ങൾ കുടുംബത്തിനോ വ്യക്തിബന്ധങ്ങൾക്കോ ലൈംഗികതക്കോ നൽകരുത്. അസംതൃപ്തവും അനാരോഗ്യകരവുമായ ബന്ധങ്ങൾ വ്യത്യസ്തമായ പല രീതികളിലാവാം പ്രകടമാകുന്നത്. അവയെ മനസിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടത് മതപരമായ വ്യാഖ്യാനങ്ങൾ വച്ചുകൊണ്ടല്ല. പങ്കു വയ്ക്കാനും പരിഹാരം തടയാനും കഴിയുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ വളരെ നന്നാണ്. കൗൺസിലിംഗ് ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ അതിനായി പ്രോത്സാഹിപ്പിക്കുകയും വേണം. വേണ്ടവിധം മനസിലാക്കിക്കഴിഞ്ഞതിനു ശേഷം അർത്ഥപൂര്ണമായി മുന്നോട്ടു നടക്കാനുള്ള കരുത്തിനായി മതങ്ങളും കൂടെയുണ്ടാവണം. വികലമായ ഉപദേശങ്ങളും വിവേകശൂന്യമായ പ്രസംഗങ്ങളും ഒഴിവാക്കപ്പെടണം.
ജോലിക്കായി വിദേശരാജ്യങ്ങളിലായിരിക്കുന്ന കുടുംബാംഗങ്ങളെ കേൾക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ ധൂർത്തിൽ ജീവിക്കുകയും പണത്തിനായി അവരെ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. കടം തീർക്കാനും വീടുവയ്ക്കാനുമായി വിവാഹാലോചന നടത്തുന്നവരുമുണ്ട്. സ്വഭാവദൂഷ്യമുള്ള മക്കൾക്ക് കുടുംബമുണ്ടാക്കുവാൻ ലഹരി നൽകി നശിപ്പിച്ചു വിവാഹം നടത്തുകയും, അത് സ്വീകരിക്കാനാവാതെ മാനസിക അസ്വസ്ഥതയിൽ ജീവിക്കുകയും ചെയ്യുന്നവരുണ്ട്. ആദിമുതലേ നിശ്ചയിക്കപ്പെടുകയും അന്ത്യം വരെ തുടരേണ്ടതുമായ ദൈവനിശ്ചയം അല്ല ഇവിടെയൊക്കെ പ്രവർത്തിക്കുന്നത്.
ഈ മേഖലകളിലൊക്കെയും ആദരിക്കപ്പെടാത്ത, കേൾക്കപ്പെടാത്ത, കാണപ്പെടാത്ത ജീവിതങ്ങൾ പലപ്പോഴും സ്ത്രീകളുടേതാണ്. നിസ്സഹായതയും 'അപമാനവും' അവർക്ക് ഭാരമായി ജീവിതത്തിനർഹമായ ചുവടുവയ്പുകൾക്കു കെൽപ്പില്ലാതാവുന്നെങ്കിൽ അതേ നിസ്സഹായതയും 'അപമാനവും' നിലനിർത്തുന്ന സംവിധാനങ്ങളായല്ല മതങ്ങൾ പ്രവർത്തിക്കേണ്ടത്.
സാമൂഹിക പ്രശ്നങ്ങളായ ഇവയെ എന്തിനാണ് മതങ്ങളുടെ ശ്രദ്ധയിലേക്കെടുക്കേണ്ടത്? മതങ്ങൾ മുന്നോട്ടു വയ്ക്കുകയും പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ധാർമികതയിൽ ഈ സാഹചര്യങ്ങളോടുള്ള വ്യക്തവും മനുഷ്യത്വപൂര്ണവുമായ നിലപാടുകൾക്ക് ശക്തമായ സ്ഥാനം ലഭിച്ച മതിയാകൂ. ആദർശരൂപികളായ മതധാര്മികതകൾക്കു മുമ്പിൽ ജീവിതങ്ങൾ എരിഞ്ഞും വിങ്ങിയും തീരേണ്ടതല്ല. സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാനുള്ള അവകാശം മനുഷ്യാന്തസ്സിന്റെ ഭാഗം തന്നെയാണ്. മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന നീതിയായി മതങ്ങൾ അവയെ വായിച്ചെടുക്കുകയും വ്യക്തികളുടെ നന്മക്കായി പൊളിച്ചെഴുതു നടത്തുകയും വേണം. വ്യക്തികളുടെ പരസ്പരമുള്ള ബഹുമാനത്തിനും സ്നേഹത്തിനും അവർക്കാവശ്യമായ ഒരുക്കം നൽകാൻ മതങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അവ അതിന്റെ ധർമ്മം നിർവഹിക്കുന്നുണ്ട്. അല്ലെങ്കിൽ, നിര്വചനങ്ങളിലേക്കൊതുക്കി നിർത്തപ്പെടുന്ന വിശ്വാസമാണെങ്കിൽ അത് സമൂഹമെന്ന നിലയിലോ കുടുംബമെന്ന നിലയിലോ അവരെ സഹായിക്കില്ല. വ്യക്തികളുടെ ജീവിത പശ്ചാത്തലങ്ങളിലെ രൂപവത്കരണം മനസിനേക്കാൾ ബൃഹത്തായ രൂപീകരണം വ്യക്തികളിൽ നടത്തുന്നതുകൊണ്ട്, മതങ്ങൾ സമഗ്രമായ ഒരു സംവിധാനമായി പരിപോഷിപ്പിക്കുന്നതാവണം.
ശ്രദ്ധാർഹമായ ഏതാനം ചില മേഖലകൾ കൂടി:
ഒരേ മതങ്ങൾക്കുള്ളിൽത്തന്നെ പങ്കാളികളെ കണ്ടെത്തുന്നവരാണ് കൂടുതൽ എങ്കിലും മതങ്ങൾക്കതീതമായി സ്ഥായിയായ ബന്ധങ്ങൾ കണ്ടെത്തുന്നവരുണ്ട്. അവരുടെ ദൈവാനുഭവങ്ങൾക്കൂടി പങ്കുവയ്ക്കുവാനും പരസ്പരം വളർത്തുവാനും കഴിയുന്ന വിധം മതനേതൃത്വങ്ങൾ എങ്ങനെ സ്വയം ഒരുക്കുന്നു? മതങ്ങളുടെ വേർതിരിവുകളേക്കാൾ മനുഷ്യരെന്ന അടിസ്ഥാന യാഥാർത്ഥ്യത്തിൽ നിന്ന് കുടുംബങ്ങളുടെ രൂപീകരണ സാധ്യതകൾ ഭാവന ചെയ്യാനാകുമോ? ഒരു വ്യക്തിയെന്ന നിലയിൽ പരസ്പരം സ്വീകരിക്കുവാനും ശാരീരികവും വൈകാരികവുമായ വ്യത്യസ്തതകളെ മനസിലാക്കുവാറും വിലമതിക്കുവാനും വേണ്ട പരിശീലനം ചെറുപ്പം മുതലേ നൽകുവാൻ മതങ്ങൾക്ക് ആരോഗ്യപരമായ സംവിധാനങ്ങൾ സാധ്യമാണോ.
മക്കൾ ലഹരിക്കോ തെറ്റായ പ്രവണതകൾക്കോ വിധേയമാണെന്ന് അറിഞ്ഞാൽ അവരെ സ്വീകരിക്കാനും വേണ്ട കരുതൽ നൽകുവാനും മാതാപിതാക്കളെ പ്രാപ്തരാക്കുവാൻ മതങ്ങൾ എത്ര മാത്രം ഒരുങ്ങിയിട്ടുണ്ട്? അതേപോലെ തന്നെ വ്യത്യസ്തമായ ലൈംഗിക അഭിവാഞ്ജ പ്രകടിപ്പിക്കുന്ന ഒരു കുഞ്ഞിനെ വിധിച്ച് ഉപേക്ഷിച്ചു കളയാതെ കൂടെ നടക്കാനുള്ള പരിശീലനം മാതാപിതാക്കൾക്ക് കൊടുക്കാൻ മതങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?
മതങ്ങൾക്ക് താല്പര്യം അവയുടെ പ്രതീകങ്ങളും ആചാരങ്ങളുമാണ്. എന്നാൽ അവ മനുഷ്യാവസ്ഥകളെ പ്രത്യേകിച്ച് സ്വന്തം മതവിഭാഗത്തിനുള്ളിലെ അനീതികളെ കാര്യമായെടുക്കുന്നില്ലെങ്കിൽ 'നദിയിലൊഴുകുന്ന പൊങ്ങുതടി പോലെ' മതങ്ങളും അർത്ഥശൂന്യമായി മാറും.