സ്വന്തം മതഗ്രന്ഥങ്ങളെ കൂടുതൽ അടുത്തറിയാൻ കഴിയുന്ന മാർഗ്ഗങ്ങൾ തുറവിയോടെ സ്വീകരിക്കുക. ചരിത്രത്തോടും സംസ്കാരത്തോടും ബന്ധപ്പെടുത്തി, അവയുടെ വളർച്ചയും വികാസവും മനസിലാക്കാൻ ശ്രമിക്കുക. കാലഹരണപ്പെട്ടവയെക്കുറിച്ചു പുനർവിചിന്തനം നടത്താൻ ധൈര്യപ്പെടുക.
മറ്റുള്ളവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അവ സൂക്ഷിക്കുന്ന മൂല്യങ്ങളെയും അടുത്തറിയാൻ പരിശ്രമിക്കുക.
സാമൂഹികമായി നിലനിൽക്കുന്ന സംഘർഷങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നിരവധിയായ ഘടകങ്ങളെ ക്രിയാത്മകമായ രീതിയിൽ വിലയിരുത്തി സാധിക്കുന്ന പരിഹാരങ്ങൾക്കു ശ്രമിക്കുക.
രാഷ്ട്രീയമായ ലാഭങ്ങൾക്കു വേണ്ടി വിശ്വാസത്തെ ഉപയോഗിക്കുന്നവരെ അത് ഏതു വിശ്വാസത്തെയാണോ അതിന്റെ മത നേതാക്കൾ തന്നെ തള്ളിപ്പറയാനുള്ള ആർജ്ജവം രൂപപ്പെടുത്തുക. അത് സാമൂഹികവും സാമുദായികവുമായ കൂട്ടം ചേരലുകളെ ഒഴിവാക്കാനുള്ള നിർദ്ദേശത്തോടുകൂടിത്തന്നെ.
സങ്കീർണമായ പശ്ചാത്തലങ്ങളിൽ വാർത്തെടുക്കപ്പെടുന്നതാണ് തീവ്രവാദ നിലപാടുകൾ. സംശയം, വെറുപ്പ്, പക, ശത്രുത, യുടെ ആസൂത്രിതമായ വളർച്ചയാണ് അത്തരം ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നത്. വിശ്വാസത്തിന്റെയോ ദേശീയതയുടെയോ വംശീയതയുടെയോ പേരിൽ അവയെ ന്യായീകരിക്കുവാനാവില്ല. അത്തരം സംഭവങ്ങളുടെ പേരിൽ ഒരു വിശ്വാസി സമൂഹത്തെ (അത് ക്രിസ്ത്യാനിയോ, ഹിന്ദുവോ മുസ്ലിമോ ആവട്ടെ) മുഴുവൻ പഴിചാരാനോ കുറ്റം വിധിക്കാനോ ശ്രമിക്കരുത്. മൗലികവാദത്തിലേക്കും തീവ്രവാദത്തിലേക്കും ചായുന്ന നേരിയ ലക്ഷണങ്ങൾ പോലും എങ്ങനെ യഥാർത്ഥ ഭക്തിയിലും വിശ്വാസത്തിലും നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞു തിരുത്താൻ മതനേതാക്കൾക്കു കഴിയണം.
മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം ഏതാണൊ, അത് ഏത് സമൂഹത്തിലേതാണെങ്കിലും ഏതു മതത്തിലേതാണെങ്കിലും തിരിച്ചറിയപ്പെടുകയും തിരുത്തപ്പെടുകയും വേണം. കത്തിയും ബോംബുമല്ല ആദ്യ ഘട്ടം വെറുപ്പും ശത്രുബോധവുമാണ്. അത് എപ്രകാരം കൈകാര്യം ചെയ്യപ്പെടുന്നു, അവയുടെ ഉറവിടങ്ങൾ, അതിലേക്കു നയിക്കുന്ന ഘടകങ്ങൾ എന്നിവ പരിശോധിക്കാൻ ആഗോള തലത്തിൽ ശ്രമിക്കണം.
തിരുത്തണം തിരുത്തണം തിരുത്തുക തന്നെ വേണം എന്ന് നമ്മളൊക്കെ ആവർത്തിക്കുന്നു. ഈ തിരുത്തലിന്റെ രീതി എന്താണ്? കൈക്കരുത്തോ? ഉന്മൂലനമോ? ചുട്ടെരിക്കലോ? അങ്ങനെ മതമൗലികവാദമോ തീവ്രവാദമോ പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർക്ക് തിരുത്തൽ നിർദ്ദേശിക്കാൻ ആധികാരികതയുള്ള ഏതു മതമാണുള്ളത്? ഏതു രാഷ്ട്രമോ സംഘടനയോ ആണുള്ളത്?
ആയുധവില്പനയും ആയുധമത്സരവും സാമ്പത്തികവളർച്ചയുടെ പ്രധാന ഘടകങ്ങളായി കരുതുന്ന വൻശക്തികൾക്കു സംഘർഷങ്ങളും ആവശ്യമാണ്. തീവ്രവാദ സംഘങ്ങളുടെ വളർച്ചയിൽ അവരുടെ പങ്ക് പറയപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? തീവ്രവാദം സാമൂഹികവും സാമ്പത്തികവുമായ ധ്രുവീകരണഫലമായി കരുതാമെങ്കിൽ മതം അതിനു പിൻബലം നൽകാൻ ഉപയോഗിക്കപ്പെടുന്ന വൈകാരികഘടകം മാത്രമാണ്. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങൾ വേണ്ടവിധം പരിഗണിക്കപ്പെടുന്നെങ്കിൽ, ഐക്യരാഷ്ട്രസംഘടന പോലെയുള്ള സംഘടനകൾ വന്ശക്തികൾക്കു അടിയറവു പറയാതെ ഒരു പക്ഷെ പരിഹാരശ്രമങ്ങൾ നടത്താമായിരുന്നു. അത് പോലെ നിഷ്പക്ഷവും ആധികാരികവുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഭരണകൂടങ്ങൾ ഇല്ല എന്ന് തന്നെയാണ് പ്രധാന കാര്യം. ഒരു വശത്തു നിയന്ത്രിക്കാൻ ശ്രമിക്കുകയും മറുവശത്ത് സമാനമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌താൽ ഫലത്തിൽ എന്താവും?
അഹിതമായ എന്തെങ്കിലും സംഭവിച്ചാൽ സമാധാനം നിലനിർത്താനും സാധാരണ അവസ്ഥയിലേക്കു തിരിച്ചു വരാനും രാഷ്ട്രീയക്കാരും മതനേതാക്കളും വേണ്ട ആത്മാർത്ഥതയോടെ പരിശ്രമിക്കുക. കുറ്റമാരോപിക്കാനും പക പോക്കാനുമുള്ള അവസരം കിട്ടിയതായി കാണുന്നത് പോലുള്ള സമീപനങ്ങൾ ഒഴിവാക്കുക.
രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന മതസംവിധാനങ്ങളിൽ ഇവ തീർത്തും അവഗണിക്കപ്പെടും എന്നത് തീർച്ചയാണ്. എങ്കിലും സാധാരണക്കാരായവർക്കു ഒരു ശ്രമം ആകാം. പ്രതികരിക്കുക, പ്രതിഷേധിക്കുക എന്നതൊക്കെ ശരിയാണ്. അതിന്റെ വിവിധ തലങ്ങൾ, ആളുകൾ ഏറ്റെടുക്കുന്ന രീതി ഇവ തിരുത്തലിനേക്കാൾ വിപരീതഫലമാണ് സൃഷ്ടിക്കുന്നതെങ്കിൽ എന്ത് ചെയ്യും? അതുകൊണ്ടാണ് മൂല്യാധിഷ്ടിതമായ ഒരു സമൂഹസൃഷ്ടി ആഗ്രഹിക്കുന്ന ഡയനാമിക്സ് ഒരു സമൂഹമായി കണ്ടെത്തേണ്ടത്. അത്തരം ചില കാര്യങ്ങളാണ് പോസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്.
----------------
സഹപാഠിയെ തല്ലുകൊള്ളിക്കാൻ അവൻ ഒരു തെറ്റ് ചെയ്യാൻ കാത്തിരിക്കുന്ന ചില മനോഭാവങ്ങൾ നമുക്കുണ്ട്. അത്തരം 'ജാഗ്രതയും' ഉണർവും തിരുത്താനുള്ള ആഹ്വാനവും ക്രിയാത്മകമല്ല.