Gentle Dew Drop

ജൂൺ 12, 2022

ത്രിത്വരഹസ്യത്തിൽ നമ്മൾ എവിടെയാണ്?

‘തന്നെത്തന്നെ ശൂന്യനാക്കുകയും’ തന്റെ ത്യാഗം അനുഷ്ഠിക്കുവാൻ പഠിപ്പിക്കുകയും ചെയ്ത മിശിഹാ തന്നെയാണ് ആരാധ്യനായ ത്രിത്വത്തെ അറിയാനും സ്തുതിക്കാനുമായി നമുക്കുള്ള വാതിൽ. അതുകൊണ്ടുതന്നെ രക്ഷയെ അനുഭവമാക്കി അടുത്തറിയുന്നത് ത്രിത്വത്തെക്കുറിച്ചും, ത്രിത്വത്തെക്കുറിച്ചുള്ള ധ്യാനം രക്ഷയെക്കുറിച്ചും കൂടുതൽ ആഴങ്ങൾ പകർന്നു നൽകും. ഭാഷയിലുള്ള അവ്യക്തതകൾ സൃഷ്ടിച്ചിട്ടുള്ള ഭിന്നിപ്പുകൽ നമുക്ക് അറിയാവുന്നതാണ്. അതേ അവ്യക്തതകൾ, ത്രികോണത്തിലും വൃത്തത്തിലും ത്രിത്വത്തെ ചിത്രീകരിച്ചു രഹസ്യമാക്കി തുടരുന്നു. ദൈവം സംവദിക്കുന്നത് അവിടുത്തെ സ്വഭാവമായ ജീവനിലൂടെയാണ് (being). ദൈവിക ആളുകളിലെ സൃഷ്ടിക്കുക, അയക്കപ്പെടുക, പുറപ്പെടുക തുടങ്ങിയ പ്രത്യേക കർമ്മങ്ങൾ ഈ സ്വഭാവത്തെ അടിസ്ഥാനമാക്കി കാണണം. അപ്പോൾ അവരുടെ ബന്ധവും ഐക്യവും കൂട്ടായ്മയും തുടരുന്നതും വികസിക്കുന്നതുമായ ബന്ധമായി ധ്യാനിക്കുവാൻ നമുക്ക് കഴിയും.

ത്രിത്വമെന്നത് സ്നേഹത്തെക്കുറിച്ചാണ്. ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ നിന്നാണ് സൃഷ്ടി രൂപമെടുത്തത്. ജീവദായകമായ ഒരു തരംതാഴ്ത്തൽ (condescension) അതേ സ്നേഹത്തിന്റെ ഭാഗമായി ദൈവം സ്വീകരിച്ചു. ആ സ്നേഹം വചനമെന്ന ദൈവജ്ഞാനത്തിലൂടെ സകലവും സൃഷ്ടിച്ചു. ഈ സ്നേഹം വെളിപ്പെടുത്താനായി വചനം മനുഷ്യനായി. ആന്തരികമായി വസിക്കുന്ന പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടുന്ന ഒരു ജീവിതത്തിലേക്ക് ആ സ്നേഹം നമ്മെ നയിക്കുന്നു. വേറെവിടെയോ നമ്മിൽ നിന്ന് അകന്നിരിക്കുന്ന രഹസ്യമായല്ല, നമ്മെയും ലോകത്തെയും കൂടി ഉൾക്കൊള്ളുന്ന സത്യമായാണ് പരിശുദ്ധാത്മാവ് ത്രിത്വത്തെ നമുക്കായി വെളിപ്പെടുത്തുന്നത്. “എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ചു അവൻ നിങ്ങളോടു പ്രഖ്യാപിക്കും.” ഈ 'പ്രഖ്യാപനം' ത്രിത്വയ്ക ദൈവത്തിന്റെ നമ്മിലേക്കുള്ള ഹൃദയ വികാസമാണ്. ആ ഐക്യവും കൂട്ടായ്മയും നമ്മെകൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.

ദൈവം ലോകത്തെ എന്തിനു സ്നേഹിച്ചു എന്നതിനേക്കാൾ, ലോകം രൂപപ്പെട്ടതുതന്നെ കൃപയും ജീവനും നിസീമമായി പകർന്നു കൊണ്ട് ദൈവത്തിന്റെ സ്നേഹത്തിൽ നിന്നാണ് എന്ന് ധ്യാനിക്കാം. രക്ഷയെ, മോചനദ്രവ്യം നൽകേണ്ട ഒരു പാപമോചന പ്രക്രിയക്കും മീതെ, സ്വാഭാവികമായ ജീവദായക പ്രക്രിയയായി കാണുന്ന ധ്യാനം ത്രിത്വത്തിലുള്ള നമ്മുടെ വളർച്ചയെയും ലക്ഷ്യത്തെയും ഫലദായകത്വത്തെയും മുൻനിർത്തിയുള്ള കൂടുതൽ ആഴങ്ങൾ നൽകിയേക്കാം. 'അവനിലൂടെ സൃഷ്ടിക്കപ്പെട്ട ദൃശ്യവും അദൃശ്യവുമായ സമസ്തവും' ത്രിത്വത്തിന്റെ സ്നേഹാലിംഗനത്തിനുള്ളിൽ ഒരു കൂട്ടായ്മയായി പരിപൂർണ ജീവനിലേക്കു രൂപാന്തരപ്പെടുന്നു എന്നത് ദൈവത്തെയോ ക്രിസ്തുവിനെയോ ഒരു കേന്ദ്രബിന്ദുവായി കാണുന്ന ഗണിതസങ്കല്പത്തെക്കാൾ ആഴമുള്ളതാണ്.

ത്രിത്വത്തിന്റെ ഹൃദയത്തിലേക്ക് തുറക്കപ്പെടുന്ന സത്യമാണ് സ്വാതന്ത്ര്യം നൽകുന്നത്. ആ സത്യം ദൈവത്തെക്കുറിച്ചും സർവ്വപ്രപഞ്ചത്തെക്കുറിച്ചുമാണ്. അപ്പോഴാണ് ആ ത്രിത്വയ്ക ഐക്യവും കൂട്ടായ്മയും നമ്മെയും കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും പ്രേഷിതത്വത്തിന്റെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്. നമ്മിലോരോരുത്തരിലും ജീവന്റെ ഉറവയായി നിലകൊള്ളുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അറിയുക എന്നതാണ് ആദ്യ പടി. എത്രയോ ബലഹീനരോ, തകർന്നവരോ ആവട്ടെ, സാന്ത്വനദാതാവായി ശക്തിപ്പെടുത്തുന്നവനായി, ജീവൻ നിറക്കുന്നവനായി ആത്മാവ് ഉള്ളിലുണ്ട്. നമ്മുക്കായി മാത്രമല്ല അടുത്തുള്ളവർക്കു വേണ്ടിക്കൂടി. അങ്ങനെ പരിശുദ്ധാത്മാവിൽ നമ്മൾ ഒന്നായിച്ചേരുന്ന ക്രിസ്തുശരീരത്തെ ആഴത്തിൽ അറിയുവാനും ക്രിസ്തുവിൽ കൂടുതൽ ഒന്നാകുവാനും, അങ്ങനെ നമ്മിൽ ക്രിസ്തു അർപ്പിക്കുന്ന ദൈവാരാധനയുടെ ഭാഗമാകുവാനും കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ