ക്രിസ്തുവിനെ അടുത്ത് കണ്ട് ധ്യാനിച്ച് തുടങ്ങിയാൽ അറിയാവുന്ന ലളിതമായ ചില ജീവിതക്രമങ്ങളാണ് ദൈവമെന്തെന്നു പറഞ്ഞു തരുന്നത്. മറ്റുള്ളവരെ വിധിച്ചും ചീത്ത വിളിച്ചും, സ്വയം വിലപിച്ചും പാഴാക്കുന്നത് എത്ര വർഷങ്ങളാണ്? സ്വീകരിക്കപ്പെടാതെ പോയ കൃപകൾ എത്രയാണ്!
ഇരുളും പ്രകാശവുമൊക്കെ ഒരു യാത്രയിലുണ്ട്.
ഇരുൾ കാണുമ്പോൾ ദീപം തെളിക്കുകയോ
വേണ്ട വെളിച്ചമുണ്ടെന്നു ഉറപ്പാക്കുകയോ ആണ് വേണ്ടത്.
ഇരുളിനെ പഴിക്കുകയോ, കൂട്ടമായി അപലപിക്കുകയോ ചെയ്തിട്ട് ഉപകാരമില്ല.
എന്റെ വിശ്വാസവും ചിന്തകളും തീർക്കുന്ന കുമിളക്കപ്പുറം എല്ലാം ഇരുളാണെന്നു കരുതുന്നത് കുമിളയുടെ സുരക്ഷക്കപ്പുറത്തേക്കു നോക്കാൻ ധൈര്യപ്പെടാത്ത കൊണ്ടാണ്.
ഇരുളിന് പകരാൻ കഴിയുന്ന വെളിച്ചം ഉണ്ടെന്നുറപ്പാണെങ്കിൽ ഉള്ളിൽ വെളിച്ചമുണ്ടെന്നറിയാമെങ്കിൽ അത് കുട്ട കമിഴ്ത്തി മറയ്ക്കുകയും പുറത്തേക്കിറങ്ങില്ലെന്നു പ്രതിജ്ഞയെടുക്കുകയുമല്ല ചെയ്യേണ്ടത്.
കാത്തോലികമായ മനോഭാവം കൊണ്ടേ ദൈവസ്വഭാവം തിരിച്ചറിയാനാകൂ. എന്നാൽ കത്തോലിസിസമോ കാതോലിക്കരോ അത് മനസിലാക്കിയിട്ടുണ്ടെന്ന് തീർച്ചയാക്കാനാവില്ല. സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുന്ന ഒരു സ്വകാര്യ കൂട്ടമായി ശുദ്ധരായ 'നമ്മളെ' കണ്ടു കൊണ്ട് മറ്റു കൂട്ടങ്ങൾക്കൊക്കെ അയിത്തം കല്പിക്കുന്നത് രക്ഷയുടെ അനുഭവമല്ല, വിശ്വാസത്തിന്റെ കൗദാശികമാനവുമല്ല.
യുക്തിവാദം വിമർശിക്കുന്നതും നിരീശ്വരവാദം തിരസ്കരിക്കുന്നതുമായ ദൈവസ്വഭാവങ്ങൾ എന്താണ്? ദൈവത്തെക്കുറിച്ച് വിശ്വാസികൾക്കുള്ള ചില സൂപ്പർ അവകാശവാദങ്ങളാണ് പലപ്പോഴും വിമർശന വിധേയമാകുന്നത്. അത്തരം ദൈവങ്ങളാണ് തിരസ്കരിക്കപ്പെടുന്നത്. ആചാരസംരക്ഷണവും ദൈവസംരക്ഷണവുമാണ് വിശ്വാസവും ധാര്മികതയുമായി കണക്കാക്കപ്പെടുന്നതെങ്കിൽ കുമിളകൾക്കുള്ളിലെ സുരക്ഷയെക്കുറിച്ചുള്ള ഭീതിയാണ് നമ്മെ നയിക്കുന്നത്.
ക്രിസ്തുവിനെ അടുത്ത് കണ്ട് ധ്യാനിച്ച് തുടങ്ങിയാൽ അറിയാവുന്ന ലളിതമായ ചില ജീവിതക്രമങ്ങളാണ് ദൈവമെന്തെന്നു പറഞ്ഞു തരുന്നത്. മറ്റുള്ളവരെ വിധിച്ചും ചീത്ത വിളിച്ചും, സ്വയം വിലപിച്ചും പാഴാക്കുന്നത് എത്ര വർഷങ്ങളാണ്? സ്വീകരിക്കപ്പെടാതെ പോയ കൃപകൾ എത്രയാണ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ