മുഖങ്ങൾ കൂടുതൽ അടുത്തടുത്തുവരുമ്പോൾ ചിലപ്പോഴെങ്കിലും നമ്മെത്തന്നെ സ്വയം കടന്നുപോകുന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് പറയാറ്. മറക്കപ്പെടുന്ന മുഖങ്ങൾ മുഖംമൂടികളാണ്. ആർദ്രതയിൽ അലിയാത്ത മുഖങ്ങൾ വരണ്ടു സ്വയം നഷ്ടപ്പെടും. എന്നാൽ ഓരോ മുഖവും നമ്മുടെ ആന്തരികതയിൽ ഉണ്ടാക്കുന്ന സ്പന്ദനങ്ങളെ അറിയേണ്ടതുണ്ട്. നടക്കുന്ന പാതകളിലും അലച്ചിലുകളിലും ആയിത്തീരേണ്ട ഒരു രൂപമായി നമ്മുടെ ജീവിതാവസ്ഥകളിലേക്ക് അലിഞ്ഞുചേരുകയും പതിയെ തെളിഞ്ഞുകിട്ടുകയും ചെയ്യുന്ന ഒരു ക്രിസ്തുമുഖമുണ്ട്. നമ്മുടെ മുഖം അതിൽ കാണുമ്പോൾ നമുക്കായുള്ള ഒരു പുതിയ രൂപവും വ്യാഖ്യാനവും നമുക്ക് ലഭിക്കും. ചിതറിക്കപ്പെട്ടുപോകുന്ന മുഖചിത്രങ്ങളെ കൂട്ടിവെച്ചുകൊണ്ട് ക്രിസ്തു നമ്മോടു പറയാറുണ്ട് "ഭയപ്പെടേണ്ട, ഇത് ഞാനാണ്." അത് ഒരു ആഴമാണ്, വരച്ചെടുക്കാവുന്ന ഒരു ആകാരത്തിനപ്പുറം ഹൃദയത്തിന്റെ ഒരു ജീവാനുഭവം. അതുകൊണ്ട് ക്രിസ്തുമുഖം മനോഹരമായ ഒരു ചിത്രത്തിനപ്പുറം സകലത്തിലേക്ക് നമ്മെ ചേർത്തുനിർത്തുന്ന വചനാംശമാണ്. നമ്മുടെയും മുഖങ്ങൾ അലിഞ്ഞു ചേരുന്നതാകുമ്പോഴാണ് വചനാംശമുള്ളതാവുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ