ഉപവാസം ഭക്താനുഷ്ഠാനമല്ല,
നീതി നിഷേധിക്കപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.
സ്വർഗ്ഗരാജ്യത്തെ ഏറ്റവും ഇടുക്കി ചുരുങ്ങിയതാക്കുന്ന മതലഹരിയിലാണ് ഈ കഴിഞ്ഞ ഏതാനം വർഷങ്ങളിലൊക്കെയും ക്രിസ്മസും ഈസ്റ്ററുമെല്ലാം കടന്നു പോയത്. ഹേറോദേസിന്റെ കൊട്ടാരവിരുന്നിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് പൊലിമ ലഭിക്കുന്നതായി ഇക്കാലങ്ങളിൽ കാണപ്പെടുന്നു.
സ്വർഗരാജ്യത്തിൻ്റെ വിശാലത തന്നെയാണ് അതിൻ്റെ വാതിലുകളെ ഇടുങ്ങിയവയാക്കുന്നത്. ക്രിസ്തുവെന്ന വിരുന്നിൽനിന്നു ഭക്ഷിക്കുവാൻ, വിരുന്നിനെത്തുന്ന സകലരെയും സ്വീകരിക്കുവാനുള്ള ഹൃദയം അനിവാര്യമാണ്. ബെത്ലെഹെമിലെ കുടുംബത്തിന്റെ വിസ്തൃതിയും അതാണ്. മാതാവും ജോസഫും, ജ്ഞാനികളും, ആട്ടിടയരും, മാലാഖമാരും, നക്ഷത്രങ്ങളും ... അകൽച്ചകളെ ആഘോഷമാക്കിയവരല്ല. അകൽച്ചകളെ പവിത്രീകരിച്ചവരുമല്ല. ആരെയെങ്കിലും അന്യരായി കാണുന്ന ഹൃദയം കൊണ്ട് കാലിത്തൊഴുത്തിലെ മനുഷ്യാവതാരം സ്വന്തമാക്കാനാവില്ല.
'കർത്താവേ, വരേണമേ' എന്ന പ്രാർത്ഥനയോട്, 'വൈകരുതേ' എന്നു കൂടെ ചേർക്കാറുണ്ട്.
കർത്താവിനെ വരവിനെ തിളങ്ങുന്ന മേഘങ്ങളിൽ പ്രതീക്ഷിക്കുന്ന നമ്മൾ, നമ്മിൽത്തന്നെ ഒട്ടും തന്നെ വൈകാതെ സംഭവിക്കേണ്ട രൂപാന്തരണമായി ആഗ്രഹിക്കാത്തതെന്തേ? ക്രിസ്തു നൽകിയ കൃപയാൽ, ഒരു ക്രിസ്തുവായി ജനിക്കാൻ 'ഒട്ടും വൈകാതെ' എന്ന തിടുക്കം, സഭയിലോ സമൂഹത്തിന്റെ, നമ്മുടെ സ്ഥാപനങ്ങളിലോ, വ്യക്തികളിലോ ഉൾക്കൊള്ളുന്നുണ്ടോ?
'നമ്മുടെ' ദൈവവും 'നമുക്കായുള്ള' അനുഗ്രഹങ്ങളും 'മറ്റു' ദൈവങ്ങളും, 'നമ്മുടെ' ദൈവത്തിനു അവരോടുള്ള എതിർപ്പും, ഈ ദൈവങ്ങളുടെ ആളുകളോട് നമ്മുടെ ദൈവത്തിനുള്ള സമീപനവും വരച്ചിടുന്ന വേർതിരിവുകളുടെ ദൈവശാസ്ത്രത്തേക്കാൾ മ്ലേച്ഛമായി ദൈവത്തെ അവതരിപ്പിക്കുന്ന രീതിയില്ല. അനേക ദൈവങ്ങളിൽ യാഹ്‌വെ നമ്മുടെ ദൈവമെന്നതിൽ നിന്ന് യാഹ്‌വെ ദൈവങ്ങളുടെ ദൈവമായതും, യാഹ്‌വെ മാത്രം ദൈവമായതുമായ പ്രക്രിയ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ ഓരോ ഘട്ടവും 'നമ്മളെയും' 'മറ്റുള്ളവരെയും' എങ്ങനെ കാണാൻ ശ്രമിച്ചു എന്നതും ശ്രദ്ധിക്കണം.
വിധവ കൊടുത്ത ചെമ്പു നാണയങ്ങൾക്ക് എന്ത് വിലയാണുണ്ടായിരുന്നത്? ആ സ്ത്രീ ഒരു ക്രിസ്തുശിഷ്യയായി യേശുവിന്റെ പിറകെയുണ്ടായിരുന്നോ? ഉണ്ടായിരിക്കില്ല. ഉപേക്ഷിക്കാൻ റാണിയുടെ മുകുടമോ വിലപിടിച്ച രത്നശേഖരമോ അവൾക്കില്ലായിരുന്നു. ചെമ്പുനാണയങ്ങളുടെ വില നാണയമൂല്യമല്ല ഉദാരതയുടെയും ആശ്രയബോധത്തിന്റെയും വിലയാണ്.
ഉപേക്ഷിക്കപ്പെടുന്ന നാണയമൂല്യം വെച്ചു ദൈവരാജ്യത്തിന്റെ പ്രഥമസ്ഥാനീയരുടെ എണ്ണം നൽകുന്ന പ്രവണത പലവിധത്തിൽ വർധിക്കുകയാണ്. ദൈവരാജ്യം എന്താണ്? ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ എന്താണ്? ദൈവരാജ്യത്തിന്റെ പുണ്യങ്ങൾ ഞാൻ കണ്ടത് ഏതാനം സാധാരണക്കാരിലാണ്. ഈ അടുത്ത കാലത്തു 'സുവിശേഷവേല'ക്കു നല്കപ്പെട്ടിട്ടുള്ള നിർവചനത്തെ അടിസ്ഥാനമാക്കിയാൽ അവരൊക്കെ ലൗകികരായിരുന്നു. റബ്ബർക്കുഴി കുത്താനും തെങ്ങിന് തടമെടുക്കാനും മാത്രമറിയാമായിരുന്നവർക്ക് ഉപേക്ഷിക്കാൻ ഒരുപാടൊന്നും ഉണ്ടായിരുന്നില്ല. നന്മയുടെ മനുഷ്യരായിരുന്നു അവർ എന്നതിന് സംശയവുമില്ല. വായിക്കാൻ ബൈബിൾ പോലുമില്ലാതെ അവർ ജീവിച്ചിരുന്ന സുവിശേഷമുണ്ട്. ദൈവരാജ്യത്തിന്റെ പ്രവൃത്തികൾ അവർ ചെയ്തിരുന്നോ?എന്നും കൂടെ വസിച്ച ദൈവം ജനത്തിനിടയിലൂടെ 'കടന്നുപോയി' കൃപകൾ വർഷിച്ചുപോന്നു. എന്നാൽ കൂടാരങ്ങളുടെ ശക്തമായ അതിരുകൾ ഈ കൃപകളെ എന്നും തടഞ്ഞു നിർത്തി. പരിശുദ്ധനായ ദൈവം അപ്രാപ്യമായിരിക്കേണ്ടതിനു മോശ വിദൂരതയിൽ ദൈവത്തിന്റെ കൂടാരമൊരുക്കി.
നന്മയുടെ സൗന്ദര്യം ആന്തരിക വിളക്കായി തെളിയുകയും സമാധാനം ആനന്ദത്തിലേക്ക് ഫലദായിത്തമായി നയിക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിനെ കാത്തിരിക്കുന്ന വിവേകം. അല്പനേരത്തേക്കു മാത്രം ഒരു ആളലുണ്ടാക്കുന്ന കരിമരുന്നുവസ്തുക്കളാവുകയാണ് രാഷ്ട്രീയവും മതവും സാമൂഹികസേവനങ്ങളുമെല്ലാം. ഏറ്റവും ഇടുങ്ങിയ കൂടാരങ്ങളിലേക്ക് ദൈവത്തെ ഒതുക്കി നിർത്താമെന്നു കരുതുന്നതാണ് ആധുനികആത്മീയതയുടെയും മതങ്ങളുടെയും ദുരന്തം.
കൂടാരങ്ങൾ തുറന്ന് ക്രിസ്തുവിലേക്കു പ്രവേശിക്കാൻ മനസാകുന്ന സകലരെയും മറയില്ലാത്ത വിശുദ്ധസ്ഥല സാധ്യതയിലേക്കു അവൻ നയിക്കുന്നു. ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ് - മണവറയുടെ ആനന്ദം.
നിങ്ങൾ എന്റെ മഹത്വത്തിനായി സഹനങ്ങളും ത്യാഗങ്ങളും ഏറ്റെടുക്കൂ, ഞാൻ നിങ്ങളെയും ലോകത്തെയും അനുഗ്രഹിക്കും എന്ന് പറയുന്ന ദൈവത്തോട് യോജിപ്പില്ല.
പരിഹാരങ്ങളുടെ ഭക്തിയിൽ സംതൃപ്തിയുണ്ടാകുമ്പോൾ ...
നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും ജനിപ്പിക്കാത്ത ഉപവാസങ്ങളും പരിഹാരങ്ങളും വ്യർത്ഥമാണ്. നീതിയുടെ പ്രവൃത്തികളും പരസഹായവും ലക്ഷ്യമാക്കാത്ത ഉപവാസങ്ങൾ ക്രിസ്തീയമായി ശൂന്യമാണ്. അത്തരം പരിഹാരങ്ങൾ ആഗ്രഹിക്കാതെ, ദിനംപ്രതിയായുള്ള കുര്ബാനകളും ആരാധനകളും ദൈവത്തിന്റെ മനം മടുപ്പിക്കും. അനുരഞ്ജനത്തിനും സമാധാനത്തിനും ഇടം കൊടുക്കാതെ എന്തെല്ലാം കപടതകളാണ് പരിഹാരങ്ങളുടെ പേരിൽ ദൈവമുഖം വികൃതമാക്കുന്നത്.
നീതിയും സത്യവും തുറന്നു തരുന്ന സ്വാതന്ത്ര്യമാവണം പരിഹാരങ്ങളുടെ ലക്‌ഷ്യം. കാരണം, അവയുടെ സത്ത നീതിയാണ്, ദൈവപ്രീതിയല്ല. ഉദ്ദേശ്യ നിവൃത്തിക്കായുള്ള ഉപവാസങ്ങൾ മനുഷ്യനിർമ്മിതമാണ്. മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും പീഡിതരുടെ നുകമഴിക്കുകയും അനാഥർക്കു തുണയാവുകയും ചെയ്യുന്നത് സാമൂഹിക (അതിനാൽ ലൗകികവും) പ്രവൃത്തി മാത്രമാണെന്ന് പറയുന്നവരുണ്ട്. നീതിയുടെ സ്വാതന്ത്ര്യമുള്ള ആത്മീയതയിൽ നിന്നേ അപരരുടെ സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കാൻ കഴിയൂ എന്ന സത്യം അവർ മാറ്റി നിർത്തുന്നു.
ദൈവത്തെ അറിയുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദൈവജനം വിശ്വാസത്തിന്റെ പ്രകടരൂപമായി കണക്കാക്കേണ്ടതാണ് നീതിയുടെ പ്രവൃത്തികൾ. വെറുപ്പും അക്രമവും ശേഷിപ്പിച്ച നാശനഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ട് ക്രിസ്തുആഗ്രഹിക്കുന്ന സ്നേഹസംസ്കാരം രൂപപ്പെടുത്തുകയാണ് ആ നീതിപ്രവൃത്തി. നീതി ആഗ്രഹിക്കുന്ന ക്രിസ്തീയ സാന്മാർഗിക ബോധം, തിന്മയെ പരിപോഷിപ്പിക്കുന്ന സംവിധാനങ്ങളെ എതിർക്കുകയെന്നത് യേശുവിന്റെ സ്നേഹത്തോടുള്ള പ്രതികരണമാണ്. രക്ഷകന്റെ ഹൃദയം ആഗ്രഹിക്കുന്ന യഥാർത്ഥ പരിഹാരപ്രവൃത്തിയും അതുതന്നെയാണ് (Ref Dilixir nos 184).