കേരളത്തിലെ വാർത്തകളും വിവാദങ്ങളും അടുത്ത് കാണാൻ ആവശ്യമായത് അവ ഏത് കൂട്ടത്തിന്/പാർട്ടിക്ക് ലാഭമുണ്ടാക്കുന്നു എന്നതാണ്. അറിഞ്ഞോ അറിയാതെയോ തലവെച്ചുകൊടുക്കുന്ന ഓരോ സങ്കുചിത സമവാക്യവും നമ്മുടെ സാമൂഹിക പരിസ്ഥിതിയെ പുനർനിർവചിക്കുന്നയാവുകയാണ് ഈ കാലത്ത്. മാനുഷിക അവകാശങ്ങൾ, മതപരമായ അവകാശങ്ങൾ, സാമുദായിക അവകാശങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവ കൂട്ടിക്കുഴക്കാനാവും വിധം നിർവചിക്കപ്പെടാതെ നിൽക്കുന്നവയാണോ? ആണെങ്കിൽ അവ പരിഹരിക്കപ്പെടണം.
സാമുദായികമായി നിൽക്കുമ്പോഴും എന്തുകൊണ്ടാണ് സമൂഹമായി ചിന്തിക്കാനും സംസാരിക്കാനും നമുക്ക് കഴിയാത്തത്?കോവിഡും പേവിഷബാധയും പോലെ എല്ലാവരും കരുതിയിരിക്കേണ്ട ഒരു സമയമാണിത്. സാമൂഹിക സാംസ്‌കാരിക എഞ്ചിനീറിങ് നടത്തുന്ന പൈശാചിക സത്വങ്ങൾ സകലതും മലിനപ്പെടുത്തുകയാണ്. രാഷ്ട്രീയപാർട്ടികളാവട്ടെ, മതങ്ങളാവട്ടെ, 'അവർക്കു' നോവുന്ന പോലെ നയങ്ങൾ രൂപപ്പെടുത്തിയെങ്കിലേ അവിടെ പ്രകോപിതരാവുന്നവരിൽ സാമൂഹിക മേൽക്കോയ്മ ഏല്പിക്കാൻ കഴിയൂ. ഒരു ബോഡ് വെയ്ക്കുന്നതും, വസ്ത്രം ധരിക്കുന്നതും, ഭക്ഷണശീലയുമെല്ലാം ഇതിൽ ഘടകങ്ങളാണ്. എളുപ്പം ഭയക്കുകയും വേദനിക്കുകയും ചെയ്യുന്ന ഏങ്ങലുകളും, ഞങ്ങളുടേതായ ചട്ടവട്ടങ്ങൾ എന്നും എവിടെയും വെള്ളവും വായുവും പോലെ ദൈവനിശിതങ്ങളാണ് എന്ന കടുംപിടുത്തങ്ങളും അധികാരത്തിനായുള്ള സാമൂഹിക അധീശത്വങ്ങൾക്കായുള്ള മുറവിളികളാണ്. അകൽച്ചകൾക്കായുള്ള സാധൂകരണത്തിനായി ദൈവത്തെയും ദൈവത്തിന്റേതായി കല്പിക്കപ്പെട്ട സമ്പ്രദായങ്ങളെയും ഉയർത്തിക്കാണിക്കുന്നത് ദൈവദൂഷണമാണ്. സത്തയില്ലാതെ വിലപേശപ്പെടുന്ന മാനവിക/ജനാധിപത്യ/ മതേതര മൂല്യങ്ങളും അതിൽത്തന്നെ മൃതമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ