Gentle Dew Drop

ഒക്‌ടോബർ 05, 2025

വ്യാകുല മാതാവിന്റെ ഭക്തി

മാതാവിന്റെ ഏഴു ദുഃഖങ്ങളെക്കുറിച്ചാണ് വ്യാകുല മാതാവിന്റെ ഭക്തിയനുസരിച്ച് ധ്യാനിക്കുന്നത്. മനുഷ്യരുടെ എക്കാലത്തെയും യാതനകൾ ക്രിസ്തുവിന്റെ മുറിവുകളാണെങ്കിൽ മാതാവിന്റെ ദുഖങ്ങളും പരിഹരിക്കപ്പെടാത്തതും ആശ്വസിപ്പിക്കപ്പെടാത്തതുമാകും. റാമായിൽ ബാബിലോണിന്റെ ക്രൂരതയിൽ തന്റെ മക്കളെക്കുറിച്ചു വിലപിക്കുന്ന റാഹേലും,  യേശു രക്ഷപ്പെട്ടെങ്കിലും ഹേറോദേസിന്റെ ക്രൂരതയിൽ അന്ന് കൊല്ലപ്പെട്ട ശിശുക്കളും മറിയത്തിന്റെ വേദനകളായിരുന്നില്ലേ?  മറിയത്തിന്റെ വേദനകളെ മനസ്സിലാക്കാനും വണങ്ങാനും മറിയത്തെ നമ്മുടെ അമ്മയായി സ്വീകരിക്കാനും അമ്മയിൽ നിന്നുള്ള വാക്കുകളെന്ന വണ്ണം കേൾക്കാനും തയ്യാറാവുക എന്നതാണ് ആവശ്യമായുള്ളത്.  ഇതാ നിന്റെ അമ്മ എന്നത് ദൈവശാസ്ത്രചർച്ചകൾക്കപ്പുറം ഈ കേൾവിയാണ്. വണക്കമാണ് എന്ന് പറയുമെങ്കിലും എന്തും ചെയ്യാൻ കഴിയുന്ന യുദ്ധം നയിക്കുന്ന വിജയിയായ സർവ്വശക്തയായ ഒരു ദൈവികഭാവം നമ്മുടെ ഭക്തികൾ പല കാലങ്ങളിലും മാതാവിന് നൽകിയിട്ടുണ്ട്. എഴ്വ്യാകുലങ്ങളെക്കുറിച്ചു പോലും അവയിൽനിന്ന് എന്ത് നമുക്ക് കിട്ടാനാകും എന്നാണ് ഘോഷിക്കപ്പെടുന്നത്.  അനിശ്ചിതത്വത്തിന്റെയും, വേര്പാടിന്റെയും മർദ്ദനത്തിന്റെയും കൊലയുടെയും അനുഭവമാണ് നേർക്കാഴ്ചകളായും ആ വ്യാകുലതകൾ മാതാവിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. മാതാവിനെ കേൾക്കാൻ ശ്രമിക്കാം, അന്ന് യേശുവിന്റെ സമയത്ത് സഹിച്ചതും, ഇന്ന് നമ്മുടെ സമയത്ത് അറിയുന്ന വേദനകളും ... ലോകത്തിന്റെ വ്യാകുലതകളെ കാണാതെ ഭക്തിയുടെ ആവരണങ്ങളിൽ മറയ്ക്കാനും  കുരിശിലേയോ മാതാവിന്റെയോ വേദനകളെക്കുറിച്ച് സ്വയം അപലപിക്കാനോ ലോകത്തെ കുറ്റം വിധിക്കാനും ശ്രമിക്കുന്ന ആത്മീയ ശൈലികളാണ് നമുക്ക് പരിചിതവും ആശ്വാസ്യവും. മാതാവിന്റെ കണ്ണുനീരിലും സുഗന്ധത്തിലും തൈലത്തിലും പ്രത്യക്ഷീകരണത്തിലും നമ്മൾ അത്ഭുതങ്ങൾ കാണാറുണ്ട്. അവയിലെ ആശ്വാസത്തെ സ്വീകരിക്കാനോ, വേദനകളെ കണ്ടറിഞ്ഞു സാന്ത്വനിപ്പിക്കാനോ നമ്മുടെ ഭക്തികൾ നമ്മുടെ ഹൃദയങ്ങളെ ഒരുക്കിയിട്ടുണ്ടോ? മാതാവിന്റെ രൂപത്തിന് ചുറ്റുമുള്ള ഭക്തികാര്യങ്ങൾ അമ്മക്കോ മക്കൾക്കോ സാന്ത്വനമാകുന്നില്ല. ഓർമ്മിക്കപ്പെടാനുള്ള ചരിത്രനിമിഷങ്ങളായി അവസാനിക്കുന്നവയല്ല മറിയത്തിന്റെ വ്യാകുലതകൾ, അവ ആവർത്തിക്കപ്പെടുന്നവയാണ്.  തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുന്ന അമ്മമാരുണ്ട്, വിശന്നു കരയുന്ന കുഞ്ഞുങ്ങളുണ്ട്, തീർത്തും അപരിചിതമായ ഒരു ലോകത്തേക്ക് ചിതറിക്കപ്പെടുന്ന കുഞ്ഞുങ്ങളുണ്ട്,  യുദ്ധവും സംഘർഷങ്ങളും പലായനവും നിർബന്ധിത കുടിയൊഴിപ്പിക്കലും ഇനിയൊരിക്കലും കണ്ടുമുട്ടാത്ത വിധം തകർത്തുകളയുന്ന കുടുംബങ്ങൾ, ആ വ്യാകുലതകൾ നമ്മുടേതാവുന്നുണ്ടോ, സഭയെന്ന നിലയിൽ അത് നമ്മൾ അറിയുന്നുണ്ടോ? അതോ കപട മതരാഷ്ട്രീയത്തിന്റെ കാസ നുകർന്ന് അവയെ പവിത്രീകരിക്കുകയാണോ? അമ്മയെ ആശ്വസിപ്പിക്കുകയെന്നാൽ മക്കൾക്ക് വേണ്ടി കരുതലുണ്ടാവുക എന്നാണ്.  നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുമ്പോൾ, ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോൾ മാതാവിന്റെ വ്യാകുലതകളെ ആശ്വസിപ്പിക്കുകയാണ്. പ്രത്യക്ഷീകരണങ്ങൾക്കും അടയാളങ്ങൾക്കും ഉപരിയായി കൺമുമ്പിലുള്ള കണ്ണീരണിഞ്ഞ മുഖങ്ങളെ കാണാനാണു വ്യാകുല മാതാവിന്റെ ക്ഷണം. ജീവനുള്ള വിശ്വാസം അറിയാൻ നമുക്ക് കഴിയും, ജീവിക്കുന്ന ദൈവത്തെയും. 

🎬

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ