Gentle Dew Drop

ജനുവരി 20, 2019

കാനായിലെ ഏഴാം കൽഭരണി

സംഹിതകൾക്കും ആചാരങ്ങൾക്കും പരമാവധി സാധ്യമാക്കാവുന്ന ദൈവാനുഭവത്തിന്റെ അപൂർണ്ണതയാണ് ആറു കൽഭരണികൾ. അവയെയും യോഗ്യമാം വിധം നിറക്കാൻ കഴിയുന്ന ജീവജലസ്രോതസ് അടുത്തുതന്നെയുണ്ട്.
"ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവർ എന്റെയടുത്തു വരട്ടെ"

കൽഭരണികൾ നിറഞ്ഞു, കലവറക്കാർ അത് ആഘോഷമാക്കി.
കൽഭരണിയുടെ മേന്മകൾ ....
തെളിനീരിന്റെ അരുവികൾ ഉള്ളിലുണ്ടായിരുന്നിട്ടും എന്തിനുവേണ്ടിയാണു best brand വെള്ളം അന്വേഷിച്ചു നടന്നത്? ഓടിത്തളർന്ന് ഒരിറ്റു വെള്ളമന്വേഷിക്കുമ്പോൾ വെള്ളക്കുപ്പികൾ കാലിയായി കാണപ്പെടും.
കൽഭരണികളും ശൂന്യമായിട്ടുണ്ടാകും.

"നിങ്ങൾ എന്നിൽനിന്ന് കുടിക്കുവിൻ."
നിങ്ങൾ നിറയപ്പെടും, നിങ്ങളിൽനിന്ന് നിർഗളിക്കപ്പെടുകയും ചെയ്യും.
വാക്കുകളില്ലാതെ തന്നെ അവൻ പറയുന്നുണ്ട്, സ്വയം തുറക്കുന്നുമുണ്ട്.
തുറന്നു നിറയുക, തുറന്നു കേൾക്കുക.

ഉൾതുറവിക്ക് മാർഗ്ഗദർശനം നൽകുന്ന ദൈവസ്വരം കേൾക്കാൻ ഉൾകാതുകൾ തുറന്നുവെക്കണം.
നമ്മൾ വാക്കുകളിൽ പരതുമ്പോൾ വാക്കുകളില്ലാതെ അവൻ  ഹൃദയത്തിൽ എത്രയോ മന്ത്രിക്കുന്നു.
ഒരുപക്ഷെ പുറത്തെ പരസ്യവചനങ്ങൾ കേൾക്കാൻ കൂടുതൽ ഇമ്പമുള്ളതാവാം,
എങ്കിലും ജീവജലം ഏഴാം കൽഭരണിയിലാണ്, അതൊരു ഹൃദയഭാഷയാണ്.
----------------------
ഉദ്ദേശ്യങ്ങളിൽനിന്ന് മൂല്യങ്ങളെ അറിയാം, മൂല്യങ്ങളിൽ നിന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ സംസ്കാരത്തെയും. ഉപഭോഗസംസ്കാരം, മതത്തിന്റെ സാംസ്കാരികഘടനകളിലേക്കും ഇഴചേർക്കപ്പെട്ടിട്ടുണ്ട്. കാര്യലാഭം, വേഗത്തിലുള്ള അനുഗ്രഹം, ഇവിടെയുള്ള പ്രത്യേക അത്ഭുതം തുടങ്ങിയവ പരസ്യകലയുടെ തന്ത്രങ്ങളുമായി കൂട്ടിവായിക്കാവുന്നതാണ്. വിപണി ഉപഭോക്താക്കളുടെ താല്പര്യങ്ങൾ പഠിക്കുന്നുണ്ട്. അവയുപയോഗിച്ച് അവർ ആളുകളെ പരസ്യങ്ങളിൽ ആകർഷിച്ചടുപ്പിക്കുന്നു. പല ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ചിട്ടും അതൃപ്തരായി തുടരുന്നു. 'Bombing the city' കളിക്കുന്നപോലുള്ള ഒരു ഉദ്യമം.  ആത്മീയയാത്ര അങ്ങനെയാകരുത്. 

ജനുവരി 11, 2019

ഇത് വാങ്ങി ഭക്ഷിക്കുവിൻ

കൃതജ്ഞത ഹൃദയത്തിനു വലിയ ആഴം നൽകുന്നുണ്ട്
നല്കപ്പെട്ടതിനൊക്കെയും ഉള്ള സ്വീകാര്യതയാണത്,
മധുരമായതിനും കയ്പുള്ളതിനും.

നല്കപ്പെട്ടതാണെന്നുള്ള ബോധ്യം അത്  നൽകുന്നുണ്ട്
നല്കപ്പെട്ടതിലെല്ലാം ത്യാഗമുണ്ടെന്ന തിരിച്ചറിവും.
കൃതജ്ഞതയിലെ സത്ത ആ ത്യാഗത്തിനു നൽകുന്ന മൂല്യമാണ്.

കൃതജ്ഞത ഉണരാതെ ബലികളെ ഗ്രഹിക്കാനാവില്ല
കൃതജ്ഞതയില്ലാതെ ത്യാഗം ചെയ്യാനുമാവില്ല.
"പിതാവിന്റെ ഇഷ്ടം നിറവേറ്റുകയാണ്‌ എന്റെ ഭക്ഷണം"

ജീവിതവും, ജീവിതത്തിലേക്ക് വന്നവയും വന്നവരും
സ്വീകരിക്കപ്പെട്ടിട്ടുണ്ടോ?
നല്കപ്പെട്ടവ എന്നതിലുള്ള കൃതജ്ഞത അതിലുണ്ടോ?
 ________________

എന്നും നൽകപ്പെടുന്ന എത്രയോ ബലികൾക്കുമേലെ കൈവച്ചുകൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്!
കൃതജ്ഞത വലിയ തുറവിയാണ്.
കയ്‌പേറിയ കടന്നുപോകലുകൾ കൃതജ്ഞതയോടെ പൂർത്തിയാക്കേണ്ടതുണ്ട്
പിതാവ് എനിക്ക് നൽകുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?
ഈ കൃതജ്ഞത കണ്ണുനീരിനിടയിലും സൗഖ്യദായകമാണ്,
കൃതജ്ഞത ഇന്നലെയുടെ നീറുന്ന ഭാരങ്ങളെ മാറ്റിക്കളയുന്നുമുണ്ട്.


നൽകപ്പെടുന്ന ധന്യതകൾ എത്രയോ ഏറെയാണ്!
ഓരോ ധാന്യമണിയും, പഴവും,
ഓരോ തുള്ളി വെള്ളവും ... എന്തും അർപ്പിക്കപ്പെടുന്നുണ്ട്
അവയിലൊക്കെയും, ത്യാഗവും മരണവുമുണ്ട്.
വാങ്ങി ഭക്ഷിക്കുവിൻ, വാങ്ങിക്കുടിക്കുവിൻ എന്ന് അവ പറയുന്നുമുണ്ട്
അവയൊന്നും പാഴാക്കപ്പെടരുത്
കൃതജ്ഞതയുടെ കുട്ടകളിൽ ശേഖരിക്കപ്പെടേണ്ടവയാണവ.
അവയാണ് നാളെകളിൽ ഉള്ളിലെ സമൃദ്ധി.
കൃതജ്ഞതയിൽ സംതൃപ്തിയുണ്ട്,
അവിടെ അത്യാഗ്രഹമില്ല, അതിക്രമവുമില്ല.
സ്വീകരിക്കപ്പെടേണ്ടതിലും അധികത്തിലേക്കുള്ള കടന്നുകയറ്റം ത്യാഗങ്ങൾക്കു വിലവയ്ക്കുന്നില്ല, പകരം, ബലികളെ കുപ്പയിലെറിയുന്നു
വിലക്കപ്പെട്ട കനികളാണവ.

സകലതും പരസ്പരം സംസാരിക്കുന്നുണ്ട്
പരസ്പരം ചെയ്ത ത്യാഗത്തിന്റെയും സ്വീകാര്യതയുടെയും കഥ
ഈ കഥകൾ അറിഞ്ഞെങ്കിലെ വിശുദ്ധബലികളെ ഭക്തിയോടെ സമീപിക്കാനാകൂ.
അപ്പവും വെള്ളവും കൊണ്ട് മാത്രമല്ല, അവ വന്ന വഴികൾ  പറഞ്ഞുതരുന്ന കൃതജ്ഞതാസ്തോത്രങ്ങളും,   അർപ്പണ രഹസ്യവും അറിഞ്ഞുകൊണ്ടാണ് മനുഷ്യൻ ജീവിക്കേണ്ടത്.
യഥാർത്ഥ ബലികൾ കാണേണ്ടതിനായി മനുഷ്യർ ദേവാലയങ്ങൾ വിട്ടു പുറത്തു വരട്ടെ, ചുറ്റും ജീവന്റെ ബലികൾ കാണുവാൻ കണ്ണുകൾ തുറക്കപ്പെടട്ടെ.

ജനുവരി 06, 2019

കൊട്ടാരത്തിൽ തമ്പടിച്ച ജ്ഞാനികൾ

വേറെയും രാജാക്കന്മാർ  ഉണ്ടായിരുന്നു -
ചിലർ വിവേകികളും, ചിലർ വിവേകരഹിതരും.
വിവേകരഹിതർ കൊട്ടാരത്തിൽ തമ്പടിച്ചു,
തിരഞ്ഞു സമയം കളയുന്നതെന്തിന്?

അപ്രിയമായ സാന്നിധ്യങ്ങൾ തകർത്തുകളയണം,
സാധ്യമായ എല്ലാറ്റിനെയും നശിപ്പിക്കുക.
മതിലുകൾക്കുള്ളിലെ ജ്ഞാനം ശക്തികൾക്ക് വഴി പറഞ്ഞു കൊടുക്കുന്നു,
വിവേകരാഹിത്യത്തിന്റെ തലമുറ അതിനെ പാടിപുകഴ്ത്തുന്നു,
സിംഹഗർജ്ജനമെന്നും ഇടിമുഴക്കം എന്നൊക്കെ അവർ അതിനെ വിളിക്കുന്നു,
കൂട്ടിലകപ്പെട്ടിട്ടുണ്ടോ എന്ന് സിംഹവും പരിവാരവും കണ്ണുതുറന്നു നോക്കട്ടെ.

ശക്തികേന്ദ്രങ്ങളിൽ തമ്പടിക്കുന്ന ജ്ഞാനികൾ ഉണ്ട് -
നക്ഷത്രങ്ങളെ വലവീശിപ്പിടിക്കാനും,
പൂക്കളെ വിരിയിക്കാനും,
ഭാവിക്കുവേണ്ടി സ്വർഗമുണ്ടാക്കാനും അവർ ശ്രമിക്കുന്നു,
ആഘോഷിക്കുന്നു...
ദീപാലങ്കാരങ്ങളുടെ ശോഭയിൽ നക്ഷത്രങ്ങൾ കാണാൻ വയ്യാതായി,
പൂക്കൾ ഇറുത്തെടുത്ത  ചെടികൾ തളിർക്കാതെയായി,
പാടത്തു വിത്തുമുളക്കാതെയായി...
ഒരു വിലാപം ഉയർന്നു കേൾക്കാം -
ഭൂമി അവളുടെ  സന്താനങ്ങളെക്കുറിച്ച് കരയുന്നു
അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം,
എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.

വിലാപം പേമാരിയായി പെയ്തിറങ്ങി,
കൊട്ടാരത്തിന്റെ മേൽക്കൂരകൾ തകർത്തു,
അടിത്തറകൾ വിറച്ചു.
മതിലുകൾക്കുള്ളിലെ അഴുക്കുകളിൽ അവ ജീർണ്ണിക്കുന്നു,
കൊട്ടാരക്കെട്ടിലെ ഇരുളുകൾ  ചുരുളുകളിൽ പോലും  മങ്ങലേല്പിച്ചു.
മതിലകത്തെ ജ്ഞാനികൾ വീണ്ടും പറഞ്ഞു:
ധനവും ശക്തിയും നൽകൂ,
നമുക്ക് സാദ്ധ്യതകൾ നോക്കാം ,
അങ്ങകലെ എവിടെയോ താരങ്ങളിൽ നമുക്ക് പാർക്കാം.

ഉണ്ണിമിശിഹായെ കണ്ട ജ്ഞാനികൾ ഉള്ളിൽ പറഞ്ഞു:
ജ്ഞാനികളൊക്കെയും കൊട്ടാരം വിട്ട് പുറത്തു വന്നിരുന്നെങ്കിൽ!
തെളിനീരുള്ള ഉറവകൾ ഇനിയുമുണ്ട്,
പുതുമയുള്ള തളിരുകളുമുണ്ട്,
നീലിമയുള്ള ആകാശം ഇനിയുമുണ്ട്,
വിനീതർ ഭൂമി അവകാശമാക്കും.

ജനുവരി 04, 2019

കാത്തിരിക്കുന്നു അവനായ്, പതിവുപോലെ

"ഞാൻ അവനെ കാത്തിരുന്നു
ഞാൻ അവനെ അന്വേഷിച്ചു,
അവൻ എന്റെ അടുത്തേക്ക് വന്നു
ഞാൻ അവനെ തിരിച്ചറിഞ്ഞില്ല
അവൻ എന്നോട് പറഞ്ഞു അവൻ എന്നെ കണ്ടിരുന്നു
അവനുവേണ്ടി കാത്തിരിക്കുന്നതും, അന്വേഷിക്കുന്നതും.
എന്തുകൊണ്ടാണ് ഞാൻ അവനെ തിരിച്ചറിയാതിരുന്നത്?
ഞാൻ അവനെ തിരിച്ചറിഞ്ഞില്ല
കാരണം,
അവൻ അത്രമാത്രം പരിചിതനായി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല: നഥാനയേൽ

ഓരോ ദിവസവും പതിവ് പോലെതന്നെ
പതിവുപോലെ എന്നും കാണുന്ന ആളുകൾ
എന്നും ചെയ്യുന്ന ജോലികൾ
ദിനത്തിന്റെ സന്തോഷങ്ങളും വേദനകളും പോലും ഒന്ന് തന്നെ
അതിനിടെ അവൻ കടന്നു പോകുന്നു.
കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന എന്നെ കണ്ടു കൊണ്ടുതന്നെ
എല്ലാം പതിവ് പോലെ,
കിണർ, തീരം, പതിവ് പോലെ കയറുന്ന മല
കല്യാണവീടും കൽഭരണികളും
യാത്രചെയ്യുന്ന വാഹനം, പൂജയർപ്പിക്കുന്ന ദേവാലയം...
അവൻ എന്നെ കടന്നു പോയി
കാരണം
അത്ര പരിചിതരൂപത്തിൽ അവനെ കാണാൻ മാത്രം ഞാൻ ഒരുങ്ങിയിട്ടില്ലായിരുന്നു

കോണിപ്പടി, ഒരു പ്രത്യേക വൃക്ഷം, സ്തൂപം, പിരമിഡ് ...
കൂടിക്കാഴ്ചയുടെ അടയാളങ്ങൾ
പതിവ് പോലെ ഒരു ദിനം, പതിവ് പോലെ ഒരു നിമിഷം,
എന്നാൽ ആ കൂടിക്കാഴ്ച
അതെല്ലാം മാറ്റിക്കളയുന്നു
എന്റെ ജീവിതവും ദൈവജീവനും
അറിഞ്ഞ ജീവിതവും അതിന്റെ മാനങ്ങളും
ജീവിതവും അതിലെ അറിയാത്ത രഹസ്യങ്ങളും
നസ്രത്തിൽനിന്ന് നല്ല ഫലങ്ങൾ വിളയുന്നു

ആ കാത്തിരിപ്പും അന്വേഷണവും
അവനെ തിരിച്ചറിയാൻ
എനിക്കുവേണ്ടിയുള്ള മിശിഹാ
എന്നിലുള്ള മിശിഹാ

അതിരുകളില്ലാതെ സ്നേഹിച്ചു തുടങ്ങുക
ദൈവമനുഷ്യ സംപ്രീതയിൽ വളരാൻ
ആ സ്നേഹം ദൈവവും മനുഷ്യരുമായുള്ള നമ്മുടെ ബന്ധങ്ങളിൽ യാഥാർത്ഥ്യമാകുവാൻ ജ്ഞാനം നമ്മെ നയിക്കട്ടെ

_______________
See also As Usual at the Fig Tree